2007, ഡിസംബർ 31, തിങ്കളാഴ്‌ച

നവവത്സരാശംസകള്‍!

പൂത്തുലഞ്ഞ ജമന്തിപ്പൂക്കളോടും ഡിസംബറിന്റെ മഞ്ഞണിഞ്ഞ പ്രഭാതങ്ങളോടും വിടചൊല്ലി രണ്ടായിരത്തി ഏഴ് ചരിത്രത്തിന്റെ ഭാഗമായി മാറുന്നു.
പുതിയ പ്രതീക്ഷകളും ആശങ്കകളും മനസ്സിലൊതുക്കി രണ്ടായിരത്തി എട്ട് നമുക്ക് മുന്നില്‍ മന്ദസ്മിതം തൂകി നില്‍ക്കുന്നു.
ഗിരികളും ഗര്‍ത്തങ്ങളും സമതലങ്ങളും മറികടന്ന് നമ്മുടെ ജീവിതയാത്ര ഒരുവര്‍ഷം കൂടി പൂര്‍ത്തിയാക്കിയിരിക്കുന്നു. പുതിയ ശുഭപ്രതീക്ഷയുടെ പുതുപുലരികളിലേക്ക്‌ നമുക്ക്‌ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാം.

മദ്യലഹരിയില്‍ ഉന്മത്തരായി ആഭാസനൃത്തം ചവിട്ടി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന വിഢികളെ നമുക്ക്‌ കാണാം. മദ്യവില്‍പ്പന പുതുവത്സരാഘോഷനാളുകളില്‍ സകല റെക്കോര്‍ഡുകളും മറികടക്കുന്നത്‌ നമ്മുടെനാടിന്റെ പോക്കിനെക്കുറിച്ച്‌ നമ്മെ വ്യാകുലപ്പെടുത്തുന്നു. ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തിനായി ഇത്തരക്കാര്‍ ഏത്‌ പിശാചിനെയാണാവോ ഉപാസിക്കുന്നത്‌?.
ഒരുപുതുവത്സരാഘോഷം പടര്‍ത്തിയ തീ ഒരുവന്‍ വ‌ര്‍‌ഗ്ഗീയ‍കലാപവും കൂട്ടക്കൊലയുമെല്ലാമായിമാറിയ സംഭവം നമ്മുടെ നാട്ടില്‍നിന്നധികം ദൂരമില്ലാത്ത ഒരു ദേശത്ത്‌ നടന്നത്‌ ഇത്തരം വഴിവിട്ട ആഘോഷങ്ങള്‍ നമ്മെ എവിടെകൊണ്ട്‌ ചെന്നെത്തിക്കുമെന്ന് നമ്മെ ചിന്തിപ്പിക്കണം.

സത്യത്തില്‍ സാധാരണയില്‍ കവിഞ്ഞ ഒരാഘോഷവും പുതുവത്സരദിനം അര്‍ഹിക്കുന്നില്ല. പക്ഷെ നമുക്കെല്ലാം അതൊരു ഓര്‍മ്മപ്പെടുത്തല്‍ ദിനമാവണം.
നമ്മുടെ ജീവിതത്തില്‍ നിന്നും ഒരു വര്‍ഷംകൂടി പടിയിറങ്ങിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലിന്റെ ദിനം, ആയുസ്സില്‍ ഒരിക്കലും തിരികെലഭിക്കാത്ത ഒരുവര്‍ഷം കൂടി നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിയലിന്റെ ദിനം. ധൂര്‍ത്തും അസാന്മാ‌ര്‍‌ഗ്ഗികതയും കൊണ്ട്‌ കൂത്താടേണ്ട ദിനമല്ലഇത്.

പോയ വര്‍ഷം നാം എന്തെല്ലാം ചെയ്തുവെന്ന് കണക്കെടുക്കേണ്ട സമയമാണിത്‌, വരും വര്‍ഷം എങ്ങിനെ ജീവിക്കണമെന്ന് പ്ലാന്‍ ചെയ്യേണ്ട ദിനമാണിത്‌.
പോയ വര്‍ഷത്തെ എല്ലാ അനുഭവങ്ങളും വിചിന്തനം ചെയ്യുക. നന്മയില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടോ? തെറ്റുകള്‍ പറ്റിയിട്ടുണ്ടോ? വഞ്ചിതരായിട്ടുണ്ടോ? ധൂര്‍ത്തോ അസാന്മാ‌ര്‍‌ഗ്ഗികതയോ സംഭവിച്ചിട്ടുണ്ടോ? എങ്കില്‍ ഇതൊന്നും പുതിയ വര്‍ഷം ആവര്‍ത്തിക്കുകയില്ലെന്ന് നമുക്ക്‌ ശപഥം ചെയ്യാം. പോയവര്‍ഷം ചെയ്തതിനേക്കാളേറെ നന്മകള്‍ പുതിയവര്‍ഷം ചെയ്യുമെന്ന് നമുക്ക്‌ തീര്‍ച്ചപ്പെടുത്താം. അങ്ങിനെ നിറഞ്ഞമന‌സോടെ വിശുദ്ധിയോടെ നമുക്കീ പുതുവര്‍ഷത്തെ വരവേല്‍ക്കാം.

അത്യാഹിതങ്ങളോ, ദുര്‍നിമിത്തങ്ങളോ ഇല്ലാത്ത ഒരു പുതുവര്‍ഷം സര്‍വ്വശക്തന്‍ നമുക്ക്‌ പ്രധാനം ചെയ്യട്ടെ! പ്രതിസന്ധികളും അരക്ഷിതാവസ്ഥകളുമില്ലാത്ത സന്തോഷകരമായ ഒരു പുതുവര്‍ഷം നല്‍കി കരുണാമയന്‍ നമ്മെ അനുഗ്രഹിക്കട്ടെ!.
ഏവര്‍ക്കും പടിക്കല്‍ വിചാരവേദിയുടെ നവവത്സരാശംസകള്‍!

2007, ഡിസംബർ 18, ചൊവ്വാഴ്ച

ബലിപെരുന്നാള്‍ ആശംസകള്‍!

ഇബ്രാഹീം നബിയുടെ ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓര്‍മ്മകളില്‍ ഒരിക്കല്‍ കൂടി ബലിപെരുന്നാള്‍.

ഏവര്‍ക്കും പടിക്കല്‍വിചാരവേദിയുടെ
ബലിപെരുന്നാള്‍ ആശംസകള്‍

2007, നവംബർ 12, തിങ്കളാഴ്‌ച

ഉപേക്ഷിക്കൂ... ഈ വിഭാഗീയവെറി!

മനുഷ്യര്‍ വ്യത്യസ്ഥകോണുകളില്‍ ചിന്തിക്കുന്നവരാണ്‌. ഒരാളുടെ ചിന്തയുമായി മറ്റൊരാളുടെ ചിന്ത യോജിക്കണമെന്നില്ല.

അമ്മയെതല്ലിയവനെതല്ലിയാലും അതില്‍ രണ്ടഭിപ്രായമുണ്ടാകും എന്ന് നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുതന്നെയുണ്ട്‌. അതുകൊണ്ടുതന്നെ ഏതൊരുമതമായാലും പ്രത്യായശാസ്ത്രമായാലും രാഷ്ട്രീയമായാലും അതിന്റെയെല്ലാം ഉള്ളില്‍ വിഭാഗീയതകള്‍ സ്വാഭാവികമാണ്‌.

വിശാലമായ കാഴ്ചപ്പാടുകളും അനുഷ്ടാനങ്ങളും ആചാരങ്ങളും നിയമങ്ങളുമുള്ള മതമാകുമ്പോള്‍ തീര്‍ച്ചയായും അതില്‍ വിവിധ ചിന്താധാരകള്‍ ഉടലെടുക്കും. അതുകൊണ്ടുതന്നെ ഇത്തരം വിഭാഗീയതകളെ അസഹിഷ്ണുതയോടെ കാണുന്നത്‌ യുക്തിസഹമല്ല.

എന്റെവിശ്വാസമേ ഭൂമിയില്‍ എല്ലാവര്‍ക്കും പാടുള്ളൂ അല്ലാത്തവരെല്ലാം നശിക്കേണ്ടതാണ്‌ എന്ന് കരുതുന്നതാണ്‌ ഫാഷിസം. നെഞ്ചത്ത്‌ കൈവച്ചുനോക്കൂ നമ്മുടെയെല്ലാം ഉള്ളില്‍ ഇത്തരം ഒരു ഫാഷിസ്റ്റ്‌ ഇല്ലേ? ഉണ്ടെന്നാണ്‌ ഉത്തരമെങ്കില്‍ നാം സ്വയം ചികിത്സിക്കാന്‍ ഇനിയും വൈകിക്കൂടാ.

തന്റെ സഹജീവി മറ്റൊരു ആശയം വച്ചുപുലര്‍ത്തുന്നത്‌ പൂര്‍‌ണ്ണമായും അവന്റെ ആശയം ശരിയാണ്‌ എന്ന വിശ്വാസത്തിലായിരിക്കും. നമ്മുടെ ചിന്തയില്‍ ഒരുപക്ഷേ അവന്റെ ആശയം പിന്തിരിപ്പനായിരിക്കാം. അതുപോലെ അവന്റെ ചിന്തയില്‍ നമ്മുടെ ആശയവും പിന്തിരിപ്പനായിരിക്കാം. ഇത്‌ ഒരിക്കലും രണ്ട്‌കൂട്ടരുടെയും ചിന്തയിലെ വൈകല്യമല്ല. ഓരോരുത്തര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ രണ്ട്‌ വിധത്തിലായതുകൊണ്ടാണ്‌.

അപ്പോള്‍ രണ്ട്‌ ആശയങ്ങള്‍ തമ്മില്‍ സ്വാഭാവികമായും ആശയസംഘട്ടനമുണ്ടാകാം പക്ഷേ ഇത്‌ ആശയപരമായി മാത്രമായിരിക്കണം. ഒരിക്കലും വ്യക്തിപരമായിരിക്കരുത്‌. പരസ്പര സ്‌നേഹബന്ധത്തെയോ ബഹുമാനത്തെയോ ഇത്‌ ബാധിക്കരുത്‌.

സംവാദങ്ങള്‍ ആരോഗ്യകരമാണ്‌ പക്ഷേ അത്‌ വെല്ലുവിളികളാവരുത്‌. സ്വന്തം ആശയം മറ്റുള്ളവരില്‍ പ്രബോധനം ചെയ്യലാവാം എന്നാല്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കലാവരുത്‌. മറുവിഭാഗത്തെ അധിക്ഷേപിക്കലാവരുത്‌.

നമ്മുടെ നാട്ടില്‍ ഈ വിഭാഗീയത സംഘട്ടനാത്മകമായിരിക്കുന്നു. ഇതര ആശയക്കാരനെ കാണുന്നത്‌ പോലും പലര്‍ക്കും വെറുപ്പാണ്‌. ഒരാളെ പരിചയപ്പെടുമ്പോള്‍ അയാളാരാണെന്നതിനേക്കാളേറെ അവനേത്‌ വിഭാഗക്കാരനാണ്‌ എന്നന്വേഷിക്കുന്നവരായിരിക്കുന്നു നമ്മളില്‍ പലരും. സഹായം വേണ്ടവനെ സഹായിക്കുന്നവര്‍‌പോലും വിഭാഗീയത നോക്കുന്നു. എന്തിന്‌ അപകടപ്പെടുകയോ മരണപ്പെടുകയോ ചെയ്താല്‍ പോലും അവന്‍ തന്റെവിഭാഗക്കാരനല്ലെങ്കില്‍ സന്തോഷിക്കുന്ന ദുഷിച്ചമനസ്സുള്ളവര്‍ വരേ നമുക്കിടയിലുണ്ട്‌.

ഏതുവിഭാഗക്കാരനായാലും അവന്‍ നമ്മുടെ നാട്ടുകാരനോ അയല്‍ വാസിയോ ആണ്‌, സര്‍വ്വോപരി അവനൊരു മനുഷ്യനാണ്‌ എന്ന് ചിന്തിക്കുന്ന മനുഷ്യത്വമുള്ള ഒരു മനസ്സ്‌ നമുക്കെല്ലാം ഉണ്ടാകേണ്ടിയിരിക്കുന്നു.

ഏത്‌ മനുഷ്യനും ഏത്‌ വിശ്വാസവും വച്ച്‌ പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട്‌. മറ്റൊരുത്തന്റെ വിശ്വാസം പിഴച്ചതാണെങ്കില്‍ അതിന്‌ നമുക്ക്‌ ഉത്തരവാദിത്തമില്ല. വേണമെങ്കില്‍ നമുക്ക്‌ നമ്മുടേത്‌ ശരിയാണെന്ന് പറഞ്ഞുകൊടുക്കാം. അതവന്‌ സ്വീകാര്യമല്ലെങ്കില്‍ അതവന്റെ സ്വന്തം കാര്യമായി നമുക്ക്‌ കണക്കാക്കാം. അതിനപ്പുറം അവനെ ഭീഷണിപ്പെടുത്താനോ അധിക്ഷേപിക്കാനോ ആക്രമിക്കാനോ നമുക്ക്‌ അവകാശമില്ല.

അവന്റെ വിശ്വാസം പിഴച്ചതാണെങ്കില്‍ നഷ്ടം അവനല്ലേ? നമുക്കെന്ത്‌ ചേതം? പിന്നെന്തിനാണ്‌ നാം പരസ്പരം കടിച്ചുകീറുന്നത്‌? വിദ്വേഷത്തോടെ അന്യനെനോക്കുന്നത്‌? അവരും നമ്മളുമായി അകലുന്നത്‌?.

യഥാര്‍ത്ഥ സംവാദങ്ങള്‍ വിവിധ ആശയങ്ങള്‍ തമ്മിലുണ്ടാകുന്നത്‌ ഗുണകരമാണ്‌. എന്നാല്‍ അത് പരസ്പരം താറടിക്കാനോ ചെളിവാരി എറിയുവാനോ ആവരുത്‌. പ്രതിപക്ഷബഹുമാനത്തോടെയും സ്‌നേഹത്തോടെയും ആവണം . മറ്റുള്ളവര്‍ക്ക്‌ സത്യം തിരിച്ചറിയുവാനുള്ള വേദികളാവണമത്‌. അല്ലാതെ ഓരോരുത്തരുടേയും മൃഗീയ വാസനകളെത്രത്തോളമെന്ന് കാണിക്കുവാനുള്ള വേദികളാവരുത്‌. ഇങ്ങനെ എഴുതാന്‍ കാരണം അടുത്തകാലത്തായി പലയിടങ്ങളിലും നടന്ന സംവാദങ്ങളുടെ അവസ്ഥ കണ്ടതുകൊണ്ടാണ്‌ (കാണാത്തവര്‍ക്ക് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സംവാദങ്ങളുടെ ഒരു ഏകദേശരൂപം പിടികിട്ടും യൂട്യൂബ് കാണുന്നവര്‍ ഈതമ്മിലടിക്കുന്ന വിഭാഗങ്ങള്‍ മാത്രമല്ല എന്നകാര്യം അത്തരം വീഡിയോകള്‍ അപ്‌ലോഡ് ചെയ്തവരൊന്നും ചിന്തിക്കാഞ്ഞിട്ടല്ല. അന്യനെ താറടിക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തരുത് എന്നചിന്തയാണവരെ അതിന് പ്രേരിപ്പിച്ചത്. )

സത്യം മനസ്സിലാക്കണമെന്ന ഉദ്ദേശത്തോടെ‌ ഏതെങ്കിലും ഒരു സംവാദം നടന്നിട്ടുണ്ടോ? പുറമെ വാചകമടി അങ്ങിനെയൊക്കെ ആയിരിക്കുമെങ്കിലും യഥാര്‍ത്ഥ ഉദ്ദേശം അവനവന്‌ ജയിക്കണം എന്നത്‌ മാത്രമല്ലേ? അതിന്‌ സഭ്യതയുടെ ഏത്‌ സീമയും ലംഘിക്കുവാന്‍ ആര്‍ക്കും ഒരു മടിയും ഉണ്ടാകുന്നില്ല.ഇത്തരം സംവാദങ്ങള്‍ അതില്‍ സംവദിക്കുന്നവരെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തുകയേ ഉള്ളൂ.

എല്ലാവരോടും ‘സഹിഷ്ണുത‘യോടെ(ഇഷ്ടമില്ലാത്തതിനെ ഇഷ്ടമില്ലാതെതന്നെ അംഗീകരിച്ചുകൊണ്ട്) ജീവിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല. അതുകൊണ്ട്‌ വിഭാഗീയ വിഷം മനസ്സിലേറ്റി മറ്റുള്ളവരെ ശത്രുക്കളായി കാണാതിരിക്കുക. നമ്മളെല്ലാം ഒന്നാണ്‌. നമുക്കിടയിലുള്ള വിവിധ വിശ്വാസങ്ങള്‍ നമ്മുടെഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്‌. നമ്മുടെ സ്വാതന്ത്ര്യം അന്യന്റെ മൂക്കിന്റെ തുമ്പത്തവസാനിക്കണം. പരസ്പരം ശത്രുത വെച്ച്‌ പുലര്‍ത്താതെ സ്‌നേഹത്തോടെ സമാധാനത്തോടെ നമുക്ക്‌ ജീവിക്കാം.

---------------------------------------

2007, നവംബർ 9, വെള്ളിയാഴ്‌ച

ഹര്‍ത്താല്‍ ദുരിതം

വളരെ ആശാവഹമായ ഒരു കാര്യമായിരുന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് കോടതി ബന്ദ്‌ നിരോധിച്ചത്‌.

പക്ഷേ അത്‌ ചാരായം നിരോധിച്ചപ്പോള്‍ ചാരായം പായ്കറ്റിലായ പോലെ ബന്ദിനെ ഹര്‍ത്താലെന്ന പുതിയപായ്കറ്റിലാക്കി നമ്മുടെ രാഷ്ട്രീയക്കാരും മറ്റും ഇടക്കിടെ ജനത്തിനെ ബുദ്ദിമുട്ടിക്കാന്‍ പ്രയോഗിക്കുന്നു.

തങ്ങളുടെ ശക്തികാണിക്കുവാനും സാന്നിധ്യമറിയിക്കുവാനും ഇടക്കിടെ ഇങ്ങിനെ ചിലകലാപരിപാടികള്‍ നടത്തണമെന്നാണ്‌ അവര്‍ ധരിച്ചുവശായിരിക്കുന്നത്‌.

സത്യത്തില്‍ ഒരു ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഒരുപാട്‌ ജനപിന്തുണയൊന്നും വേണ്ട. അവിടെയും ഇവിടെയുമായി രണ്ട്‌ കല്ലെടുത്തെറിഞ്ഞാല്‍ മതി,അല്ലെങ്കില്‍ എറിയുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ മതി. ഈ ഒരു ഭീഷണിയില്ലെങ്കില്‍ കേരളത്തില്‍ ഒരുബന്ദ്‌ പോലും വിജയിക്കില്ല.

ചില്ലിക്കാശ്‌ ചെലവില്ലാതെ വിയര്‍‌പ്പൊഴുക്കാതെ കേവലം ഒരുപത്രക്കുറിപ്പിലൂടെ ഏത്‌ ഈര്‍ക്കിളിപാര്‍ട്ടിക്കും വിജയിപ്പിക്കാവുന്ന പ്രാകൃതമായ ഒരു സമരതോന്ന്യാസമായി അധപതിച്ചിരിക്കുന്നു ഹര്‍ത്താലുകള്‍.

ഈഹര്‍ത്താലുകള്‍ കൊണ്ട്‌ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ കഷ്ടപ്പാടല്ലാതെ എന്തെങ്കിലും ഒരു ഗുണം ഉണ്ടായിട്ടുണ്ടോ?

ഒരുഹര്‍ത്താല്‍ കൊണ്ട്‌ എന്തുമാത്രം നഷ്ടമാണ്‌ നമ്മുടെ സര്‍ക്കാറിനും സാമ്പത്തിക മേഖലക്കും ഉണ്ടാകുന്നത്‌? കിട്ടുന്ന വരുമാനം കൊണ്ട്‌ സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ ശംബളം കൊടുക്കാന്‍ പോലും തികയാതെ കടമെടുക്കുന്ന ഒരു സര്‍ക്കാറാണ്‌ നമ്മുടേത്‌.

കരാറുകാര്‍ക്ക്‌ കൊടുക്കാന്‍ പണമില്ല, സര്‍ക്കാറാശുപത്രികളില്‍ മരുന്നില്ല,ദുരിതാശ്വാസത്തിന്‌ വകയില്ല,ഇങ്ങിനെകഷ്ടപ്പെടുന്നസര്‍ക്കാറാണ്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടതും വലതുമായി നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നത്‌.

ഭരണയന്ത്രം തിരിക്കുന്നവര്‍ നാം നിയോഗിച്ച തൊഴിലാളികളാണ്‌. സത്യത്തില്‍ ഭരണകര്‍ത്താക്കള്‍ നമ്മളാകുന്ന ജനങ്ങളാണ്‌. അതുകൊണ്ട്‌ നാംതന്നെ നമുക്ക്‌ നഷ്ടങ്ങള്‍ വരുത്തിക്കൂടാ.

സമരങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുനേരെയും സ്ഥാപനങ്ങള്‍ക്ക്‌ നേരെയും അക്രമം അഴിച്ചുവിടല്‍ ചിലര്‍ക്ക്‌ പുണ്യകര്‍മ്മം പോലെയാണ്‌. ആര്‍ക്കാണിതിന്റെ നഷ്ടമെന്ന് ചിന്തിക്കാന്‍ തലച്ചോറുകള്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ പണയപ്പെടുത്തിയവര്‍ക്കൊന്നുമാകുന്നില്ല.

കെ. എസ്‌. ആര്‍.ടി. സി.ബസ്സ്‌ ഒരുദിവസം ഓടിയില്ലെങ്കില്‍ അതിന്റെ നഷ്ടം നമുക്ക് തന്നെയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നാല്‍ തൊഴിലാളികള്‍ക്ക്‌ പണിയെടുക്കാതെ ശംബളം കൊടുക്കാന്‍ നമ്മുടെയെല്ലാം നികുതിപ്പണത്തില്‍ നിന്നാണ്‌ പണം പോകുന്നത്‌. ഓരോ ഹര്‍ത്താലിനും ഇതുപോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടവും ഒടുക്കേണ്ടത്‌ നമ്മള്‍ തന്നെ.

അങ്ങനെ വികസനത്തിന്‌ പണമില്ലാതെ ഭരണകര്‍ത്താക്കള്‍ നമ്മളെത്തന്നെ ലോകബാങ്കിനും ഐ.എം.എഫിനും എ.ഡി.ബി ക്കുമെല്ലാം പണയം വെച്ച്‌ തല്‍ക്കാലം രക്ഷപ്പെടും. ഇതിന്റെയെല്ലാം പരിണതഫലം അനുഭവിക്കേണ്ടത്‌ നമ്മളെല്ലാവരുമായിരിക്കും.

അതുകൊണ്ട്‌ ആര്‌ ആഹ്വാനം ചെയ്താലും ഹര്‍ത്താല്‍ വിജയിപ്പിക്കുക എന്ന ഇരിക്കും കൊമ്പ്‌ മുറിക്കുന്ന പണി നാം നിര്‍ത്തേണ്ടിയിരിക്കുന്നു. ഓരോ ഹര്‍ത്താല്‍ പ്രഖ്യാപനവും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായികണ്ട് നാം അതിനെതിരെ പ്രതികരിക്കെണ്ടിയിരിക്കുന്നു.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവന്റെയൊന്നും അമ്മയോ ഭാര്യയോ ഒന്നും ചികിത്സകിട്ടാതെ നടുറോഡില്‍ കിടന്ന് മരിക്കേണ്ടി വരില്ല. നഷ്ടങ്ങളെന്നും ഇവര്‍ കഴുതകളെന്ന് വിളിക്കുന്ന ജനത്തിന്‌ മാത്രമായിരിക്കും.

2007, നവംബർ 6, ചൊവ്വാഴ്ച

വേദനകളുടെ ഒരാഴ്ച.

കഴിഞ്ഞവാരം മൂന്ന് അസ്വാഭാവിക മരണങ്ങളാണ്‌ നമ്മുടെ നാട്ടിലുണ്ടായത്‌.

ചക്കാല പോക്കര്‍ക്കായുടെ മകന്‍ മനാഫ്‌ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന്റെ മുമ്പേ നമുക്കെല്ലാവര്‍ക്കും പ്രിയങ്കരനായ സാഹിബ്‌ മുഹമ്മദ്ക്കയുടെ മരണവും ഒരു അപകടത്തിന്റെ രൂപത്തില്‍ സംഭവിക്കുകയുണ്ടായി. ഒരുദിവസത്തിന്‌ ശേഷം വീണ്ടും പാലക്കല്‍ വെച്ച്‌ മറ്റൊരു വാഹനാപകടത്തില്‍ ചെറാശേരി അസീസ്‌ക്കയുടെ മകന്‍ മുഹമ്മദ്‌ അഷ്‌റഫും ദാരുണമായി മരണപ്പെടുകയുണ്ടായി.

നമ്മുടെ നാട്ടിന്‌ വേണ്ടപ്പെട്ട ഈ മൂന്ന് വ്യക്തിത്വങ്ങളും അകാലത്ത്‌ നമ്മെ വിട്ട്‌ പിരിഞ്ഞ്‌ പോയി.

നമ്മുടെ നാട്ടിന്റെ നായകസ്ഥാനത്ത്‌ നിലയുറപ്പിച്ചിരുന്ന ആദരണീയനായ സാഹിബ്‌ മുഹമ്മദ്‌ക്ക യുടെ നിര്യാണം നമ്മുടെ നാട്ടിന്‌ വന്‍ നഷ്ടംതന്നെയാണ്‌. രാഷ്ട്രീയ രംഗത്തെ കര്‍മ്മയോഗിയായിരുന്ന അദ്ദേഹം നമ്മുടെ നാട്ടിന്റെ പുരോഗതിക്ക്‌ വേണ്ടി അര്‍പ്പിച്ച സേവനങ്ങള്‍ നിസ്തുല്യമാണ്‌. ആസേവനങ്ങള്‍ അദ്ദേഹത്തെ എന്നെന്നും നമ്മുടെ മനസ്സുകളില്‍ ജീവിപ്പിക്കും.

അതുപോലെ മനാഫ്‌ നമ്മുടെ നാട്ടുകാരുടെ യെല്ലാം ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയായിരുന്നു. കളങ്കമില്ലാത്ത ആസ്‌നേ‌ഹിതനും നമുക്ക്‌ ഒരുപിടി നല്ല ഓര്‍മ്മകളും വേര്‍പാടിന്റെ നൊമ്പരവുംതന്ന് യാത്രയായി.

നമ്മുടെ നാട്ടിലെ പുതിയതലമുറയിലെ ശ്രദ്ദേയനായ വ്യക്തിയായിരുന്നു മുഹമ്മദ്‌ അഷ്‌റഫ്‌.
പ്രയത്നശാലിയും നിരവധി സുഹൃത്‌ സഞ്ചയവുമുള്ള ആനല്ല സുഹൃത്തും എന്നെന്നേക്കുമായി നമ്മോട്‌ വിടപറഞ്ഞു.

നമ്മില്‍നിന്ന് വിട്ട്‌പിരിഞ്ഞ ഈ മൂന്ന് വ്യക്തിത്വങ്ങളുടെയും വേര്‍പാടില്‍ പടിക്കല്‍ വിചാരവേദി അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. സര്‍വ്വശക്തന്‍ അവര്‍ക്കും നമുക്കും പരലോക വിജയം നല്‍കട്ടെ.
മരിച്ചുപോയവരുടെ കുടുമ്പങ്ങള്‍ക്ക്‌ ക്ഷമയും സമാധാനവും നല്‍കട്ടെ. കരുണാമയന്‍ ഇവരുടെ വേര്‍പാട്‌ തീര്‍ത്ത എല്ലാ ആഘാതങ്ങളില്‍നിന്നും അവരുടെ ബന്ധുമിത്രാദികളെ രക്ഷിക്കട്ടെ.

അപകടമരണങ്ങളില്‍നിന്ന് ജഗനിയന്താവ്‌ നമ്മളെയെല്ലാവരെയും കാത്ത്‌ രക്ഷിക്കട്ടെ!.

നമ്മുടെ നാട്ടില്‍ ഒരുപാട്‌ ജീവിതങ്ങള്‍ ബൈക്കുകള്‍ തട്ടിയെടുത്തു. അതുകൊണ്ട്‌ തന്നെ ബൈക്കുകള്‍ നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നത്തെകുറിച്ച്‌ പടിക്കല്‍ വിചാരവേദി മുമ്പ്‌ പ്രസിദ്ധീകരിച്ച ‘വേണോ നമുക്കീ മരണത്തിന്റെ ഇരുചക്രരഥം?‘ എന്ന പോസ്റ്റ്‌ കൂടുതല്‍ വിചിന്തനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. വായിക്കാത്തവര്‍ മുകളിലെ ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ വായിക്കുക.

2007, ഒക്‌ടോബർ 30, ചൊവ്വാഴ്ച

മനാഫ്...പ്രിയപ്പെട്ട മനാഫ്...വിട!

ദാരുണമായ മറ്റൊരു ദുരന്തം കൂടി ചക്കാല പോക്കര്‍ക്കായുടെ കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു.

ജ്യേഷ്ഠന്റെ മരണത്തിന്റെ മുറിവുണങ്ങും മുമ്പ്‌ അനിയന്റെ മുന്നിലേക്കും മരണം രംഗബോധമില്ലാത്ത കോമാളിയായി കടന്നുവന്നു.

രണ്ട്‌ പിഞ്ചുമക്കളെ അനാധരാക്കി, തന്നോടൊപ്പം ജീവിതം തുടങ്ങി മൂന്നാണ്ട്‌പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ വിധവയാക്കി, മനാഫിന്‌ ഒരാള്‍ക്കും മാറ്റിയെഴുതാനാവാത്ത, സമയമെത്തിയാല്‍ ഒരാളെയും ഒരുസെക്കന്റ്‌പോലും പിന്തിക്കപ്പെടാത്ത സര്‍വ്വശക്തന്റെ വിധിക്ക്‌ കീഴ്പ്പെടേണ്ടിവന്നു.

കുടുംബക്കാരെയും കൂട്ടുകാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി മനാഫ്‌ കാണാമറയത്ത്‌ നിന്നും നമ്മോട്‌ വിടചൊല്ലി.

സുസ്‌മേരവദനനായി എല്ലാസഹജീവികളോടും ഇടപെട്ട, യുവത്വത്തിന്റെ തിന്മകളില്‍നിന്നെല്ലാം അകന്ന് ജീവിച്ച നല്ലവനായ ആകൂട്ടുകാരന്‍ അവന്റെ യഥാര്‍ത്ഥ ജീവിതം ആരംഭിച്ചുകഴിഞ്ഞു.

സര്‍വ്വശക്തന്‍ അവന്റെ പുതിയജീവിതം സന്തോഷകരമാക്കട്ടെ!. അവന്റെയും നമ്മുടെയും സര്‍വ്വപാപങ്ങളും കരുണാമയന്‍ പൊറുക്കുമാറാവട്ടെ! അവനോടൊത്ത്‌ സ്വ‌ര്‍‌ഗ്ഗീയസൌഭാഗ്യങ്ങളനുഭവിക്കാന്‍ സര്‍‌വ്വേശ്വരന്‍ നമുക്കും ഭാഗ്യം നല്‍കട്ടെ! അവന്റെ കുടുംബത്തെ എന്നെന്നും കാരുണ്യവാന്‍ കാത്തുരക്ഷിക്കട്ടെ! അവരുടെ ഹൃദയങ്ങളില്‍ അവന്‍ ക്ഷമയും സമാധാനവും ചൊരിയട്ടെ!

ഇനിയൊരു സൌഹൃതസംഭാഷണത്തിന്‌, ഒരു ഒത്തുകൂടലിന്‌ മനാഫ്‌ നമ്മളോടൊപ്പമുണ്ടാവില്ല. നമ്മുടെനാട്ടിന്റെ ആ സല്‍പുത്രന്‌, നമ്മുടെയെല്ലാം കൂട്ടുകാരന്‌ നമുക്ക്‌ വിടനല്‍കാം...
സുഹൃത്തേ... ഞങ്ങള്‍ക്കും വൈകാതെവന്നെത്താനുള്ള നിന്റെലോകത്ത്‌ നിനക്ക്‌ നിത്യശാന്തിനേരുന്നു!

വാക്കുകള്‍ക്കതീതമായ ഞങ്ങളുടെ അനുശോചനങ്ങള്‍.

2007, ഒക്‌ടോബർ 17, ബുധനാഴ്‌ച

ചൂഷിതര്‍

ഉപഭോഗ സംസ്കാരം നമ്മളെ ചൂഷിതരാക്കിമാറ്റിയിരിക്കുന്നു.
നമ്മുടെ പണം തന്ത്രങ്ങളിലൂടെ പിടുങ്ങി തടിച്ചുകൊഴുക്കുന്നവര്‍ തടിച്ചുകൊഴുത്തുകൊണ്ടേയിരിക്കുന്നു.

അവശ്യ വസ്തുക്കളെല്ലാം വിലകൊടുത്ത്‌ വാങ്ങേണ്ട ഇന്നത്തെ അവസ്ഥയില്‍ ഓരോദിവസവും നാം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പരസ്യങ്ങളിലും കോര്‍പ്പറേറ്റ്‌ തട്ടിപ്പുകളിലും വഞ്ചിതരാകുന്നവര്‍ നിരവധിയാണ്‌.

ആംവേയും കോണിബയോയും അവസാനം RMP യുമെല്ലാം നമ്മുടെ നാട്ടില്‍ നിന്ന്പോലും പലരെയും പറ്റിക്കുകയുണ്ടായി. അധ്വാനമൊന്നുമില്ലാതെ ലഭിക്കുന്ന കമ്മീഷനുകളുടെ ഗുണിതങ്ങളുടെ മോഹിപ്പിക്കുന്ന കണക്കുകള്‍കാണിച്ച്‌ എം.ബി.എ ക്കാരന്റെ നാട്യത്തില്‍ 'സിനര്‍ജി' യും 'സ്റ്റാറ്റജി' യും പ്രസംഗിക്കുന്ന കോട്ടും ടൈയും കെട്ടിയ ബിസിനസ്‌ പേക്കോലങ്ങളുടെ വാക്കുകള്‍ കേട്ട്‌ കണ്ണ് മഞ്ഞളിച്ച്‌ പണം നഷ്ടപ്പെട്ടവര്‍ക്ക്‌ ആകാര്യം നാണക്കേടോര്‍ത്ത്‌ പുറത്ത്‌ പറയാന്‍പോലും പറ്റാത്ത അവസ്ഥയാണ്‌.

ലോകത്ത്‌ ഒരുകമ്പനിയും സ്വയം നന്നാവാനല്ലാതെ നമ്മളെ നന്നാക്കാന്‍ വരില്ലെന്ന് തിരിച്ചറിയാന്‍ പറ്റാത്തതാണ്‌ ഇത്തരം ചതികളില്‍പലരും വീണുപോകാന്‍ കാരണം.

ബൈക്കും പൊന്നും വീട്ടുപകരണങ്ങളും കാണിച്ച്‌ വ്യാമോഹിപ്പിച്ച്‌ ചിട്ടിയില്‍ ചേര്‍ത്ത്‌ വന്‍തുകകൊയ്തെടുത്ത്‌ പണം നല്‍കിയവരുടെ കണ്ണില്‍ പൊടിയിടാന്‍ അടച്ച പണത്തിന്റെ പത്തിലൊന്ന് പോലുമില്ലാത്ത 'സമ്മാനങ്ങള്‍' നല്‍കുന്ന തരികിടക്കാരും നമ്മുടെ നാട്ടില്‍ വിലസുന്നു.

ഏറ്റവും കൂടുതല്‍ നമ്മുടെ സ്ത്രീജനങ്ങള്‍ വഞ്ചിതരാകുന്നത്‌ ടെക് സ്റ്റയില്‍സുകളിലാണ്‌. വന്‍പരസ്യങ്ങളും വര്‍‌ണ്ണപ്പൊലിമകളും നല്‍കുന്ന ടെക് സ്റ്റയില്‍സുകള്‍ കൊള്ളലാഭത്തിന്റെ ആശാന്മാരാണ്‌. 200 രൂപാ മുതലുള്ള ഒരു വസ്ത്രം 500 രൂപക്ക്‌ വിറ്റാല്‍ ചെലവാകുന്നതിനേക്കാളേറെ അതേവസ്ത്രം 800 രൂപയിലധികം വിലയിട്ട്‌ വിറ്റാല്‍ ചെലവാകുമെന്നാണ്‌ ഒരു ടെക്സ്റ്റയില്‍സുഹൃത്ത്‌ പറഞ്ഞത്‌.

വിലകൂടുന്നത്‌ ഗുണനിലവാരത്തിന്റെ രഹസ്യമായിപലരും കരുതുന്നു. കൂടാതെ എന്തെങ്കിലും ഫ്രീ ഉണ്ടായാല്‍ പലരും കണ്ണുമടച്ച്‌ വാങ്ങുന്നു. രണ്ട്‌ സാധനത്തിന്റെ വിലകൂട്ടിയാണ്‌ ഒന്നിന്‌ വിലയിടുന്നത്‌. എന്നിട്ട്‌ ഒന്നെടുത്താല്‍ മറ്റേത്‌ ഫ്രീയാകുന്നു.

ഇത്തരത്തില്‍ ഒരുതമാശയുണ്ട്‌.നൂറ്‌ രൂപയുടെ സാരിയുടെ പരസ്യം കണ്ട്‌ വാങ്ങാന്‍ പോയ ഭാര്യ ആയിരം രൂപയുടെ സാരിയും വാങ്ങിതിരിച്ചുവന്നത്‌ കണ്ട്‌ ഭര്‍ത്താവ്‌ കാര്യമന്വേഷിച്ചപ്പോള്‍ ഭാര്യപറഞ്ഞത്‌ ഇപ്രകാരമാണത്രേ!.
'നൂറ്‌ രൂപയുടെ സാരിക്കൊപ്പം ഒന്നും ഫ്രീ ഇല്ല, ആയിരം രൂപയുടെ സാരിവാങ്ങിയപ്പോള്‍ ഒരു ബ്രാ സൗജന്യമായി കിട്ടി!'
ഇതാണ്‌ ഇന്നത്തെ ഉപഭോക്തൃ മനസ്സ്‌!.

പതിനഞ്ചും അന്‍പതുമെല്ലാം ശതമാനം കിഴിവ്‌ നല്‍കുന്നതും ഇതേതന്ത്രത്തിലാണ്‌ അല്ലാതെ ഉപഭോക്താക്കളെ നന്നാക്കാനല്ല.

അതുപോലെ യാതൊരു പോഷകചേരുവകളുമില്ലാത്ത വിഷാംശം കലര്‍ന്ന കുപ്പിപാനീയങ്ങള്‍ വന്‍ പരസ്യങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നു. രാസവസ്തുക്കളടങ്ങിയ ബേക്കറി പലഹാരങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് നാം പ്രിയപ്പെട്ട അതിഥികളെ സല്‍ക്കരിക്കുന്നു,

കാര്‍‌ബൈഡ്‌ പോലുള്ള മാരകവിഷങ്ങള്‍ പുരട്ടിയ പഴങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് നാം നമ്മുടെ അരുമമക്കളെ ഊട്ടുന്നു, (ഭോപ്പാലില്‍ ആയിരങ്ങളുടെ മരണത്തിന് കാരണമായവാതകദുരന്തം വിതച്ചത് ഈ കാര്‍‌ബൈ‌ഡ് നിര്‍മ്മാണശാലയായിരുന്നു)

കുരുഡാന്‍പോലുള്ള മാരകവിഷമുള്ള വളങ്ങള്‍ വലിച്ചെടുത്ത്‌ വളര്‍ന്ന പച്ചക്കറികള്‍ കഴിച്ച്‌ നാം നമ്മുടെ ആരോഗ്യം കാക്കുന്നു.
(കുരുഡാന്‍ എന്ന വളമിട്ട്‌ വളര്‍ന്ന ചെടിയുടെ ഇലതിന്ന പ്രാണികള്‍ നിമിഷങ്ങള്‍ക്കകം ചത്തുവീഴുമത്രെ!. മനുഷ്യന്‍ താരതമ്യേന വലുതായത്‌കൊണ്ട്‌ ചാകുന്നില്ലെങ്കിലും മനുഷ്യന്റെ ആന്തരാവയവങ്ങക്കെയെല്ലാം അത്‌ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കും.)

ഇതെല്ലാം തിന്ന് വളരുന്നവര്‍ അവസാനം എത്തിപ്പെടുന്നതോ മറ്റൊരു ചൂഷണകേന്ത്രമായ ആശുപത്രികളിലും!. പിന്നീട്‌ അവര്‍ ഏറ്റെടുക്കും കാര്യങ്ങള്‍. സ്കാന്‍,ടെസ്റ്റ്‌,ന്യൂക്ലിയാര്‍ മെഡിസിന്‍,സര്‍ജറി, ഐ.സി.യു, ഐ.സി.സി.യു...... അങ്ങനെ അകാലത്ത്‌ പരലോകം പൂകുന്നഹതഭാഗ്യാരായി നാം മാറിക്കൊണ്ടിരിക്കുന്നു.

എല്ലാവര്‍ക്കും പണമേവേണ്ടൂ മാനുഷികമൂല്യങ്ങളെല്ലാം പ്രസംഗിക്കുവാനുള്ളത്‌ മാത്രമാണ്‌, പ്രവര്‍ത്തിക്കുവാനുള്ളതല്ല എന്നതാണ്‌ എല്ലാവരുടെയും മനസ്സിലിരിപ്പ്‌.

കൊന്നോ കഴുത്തറുത്തോ എങ്ങിനെയെങ്കിലുമാവട്ടെ പണമുണ്ടാക്കണം അതിനപ്പുറത്താര്‍ക്കും ചിന്തയില്ല.

സ്വയം കൃഷിചെയ്ത്‌ ജീവിക്കാന്‍ അല്‍പ്പം മണ്ണ് പോലും ആര്‍ക്കുമില്ല. ഉള്ള വയലുകള്‍ കൂടിനികത്തി അവിടെ കോണ്‍ക്രീറ്റ്‌കൃഷിനടത്താന്‍ തുനിയുകയാണെല്ലാവരും.

അണ്ണാച്ചികള്‍ കയറ്റിവിടുന്ന വിഷം തിന്നുവാന്‍ തന്നെയാണ്‌ എല്ലാവര്‍ക്കും വിധി. കടുത്ത കീടനാശിനികളിട്ട്‌ കൃഷിചെയ്യുന്നതിനെ തമിഴകത്തെ ഒരു പരിസ്തിഥിപ്രവര്‍ത്തകന്‍ ചോദ്യം ചെയ്തപ്പോള്‍ അണ്ണന്മാര്‍ പറഞ്ഞമറുപടി നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്‌.
'ഇതെല്ലാം കേരളാവിലേക്ക്‌ അണ്‌പ്പര്‍ത്‌ക്കാ നമ്പള്‍ക്ക്‌ എതും വരാത്‌!' (ഇതെല്ലാം കേരളത്തിലേക്ക്‌ കയറ്റിവിടാനുള്ളതാണ്‌ നമുക്കൊന്നും വരില്ല)

കണ്ണ് തുറന്നിട്ടും വലിയ കാര്യമൊന്നുമില്ല. പിന്നെ നാം എന്ത്‌തിന്നും?.

ഇത്തിരിയെങ്കിലും സ്ഥലമുള്ളവര്‍ അവിടെ മുരിങ്ങയും ചീരയും പയറും ചേമ്പും ചേനയുമെല്ലാം കൃഷിചെയ്താല്‍ അത്രയെങ്കിലും നമ്മുടെ ആരോഗ്യം കാക്കാം. അതുകഴിച്ച്‌ ബാക്കിവാങ്ങിയാല്‍മതിയല്ലോ മാര്‍ക്കറ്റിലെ വിഷം!

2007, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ഈദ് മുബാറക്!

മുപ്പത്‌ നാളത്തെ വ്രതവിശുദ്ധിയുടെ ചൈതന്യവുമായി ശവ്വാല്‍ ചന്ദ്രിക വിണ്ണിലുയര്‍ന്നു.
നമ്മുടെ സല്‍കര്‍മ്മങ്ങളെല്ലാം സര്‍വ്വശക്തന്‍ സ്വീകരിക്കുമാറാവട്ടെ.

ത്യാഗത്തിന്റെയും സഹനത്തിന്റെയും നാം നേടിയ പാഠങ്ങളുള്‍ക്കൊണ്ട്‌ ഇനിയുള്ള ജീവിതം നന്മ നിറഞ്ഞതാക്കാന്‍ നമുക്ക്‌ സര്‍ വ്വേശ്വരാനുഗ്രഹമുണ്ടാവട്ടെ.

ഈ ചൈതന്യം അടുത്ത റംസാന്‍ വരെ നിലനിര്‍ത്താന്‍ നമുക്ക്‌ പരിശ്രമിക്കാം. മരമോ മണ്ഡൂകമോ ആക്കാതെ നമുക്ക്‌ മര്‍ത്യജന്മവും സന്മാര്‍ഗ്ഗവും തന്ന സര്‍വ്വശക്തന്‌ നന്ദിചെയ്യുന്നവരായി നമുക്ക്‌ മാറാം.

ഈ ഈദുല്‍ ഫിത്വര്‍ദിനം നമുക്കും നമ്മുടെ കുടുംബത്തിനും നാട്ടുകാര്‍ക്കുമെല്ലാം ഐശ്വര്യസമ്പന്നമായിരിക്കട്ടെ!

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ്‌ ആശംസകള്‍!

2007, സെപ്റ്റംബർ 8, ശനിയാഴ്‌ച

പുണ്യവസന്തം.

റംസാനിന്റെ പുണ്യനാളുകള്‍ സമാഗതമാകുന്നു. വിശ്വാസികളുടെ ഹൃദയത്തില്‍ ആഹ്ലാദവും അതിരറ്റ ദൈവഭക്തിയും നിറയുന്ന നാളുകള്‍.

ഓരോപുണ്യങ്ങള്‍ക്കും അനേകമടങ്ങ്‌ പ്രതിഫലം ലഭിക്കുന്ന അപൂര്‍വ്വദിനരാത്രങ്ങള്‍!. ചെയ്തുപോയ തെറ്റുകള്‍ പൊറുപ്പിക്കാന്‍ സര്‍വ്വശക്തന്‍ കനിഞ്ഞുനല്‍കിയ അപൂര്‍വ്വാവസരം!.

ലൈലത്തുല്‍ ഖദ്‌ര്‍ എന്ന ആയിരം മാസങ്ങളേക്കാള്‍ സ്രേഷ്ടമായ ഒരൊറ്റരാവ്‌ ഉള്‍ക്കൊള്ളുന്ന കരുണാമയന്റെ കാരുണ്യം കരകവിഞ്ഞൊഴുകുന്ന നാളുകള്‍....
പരനൂറ്റാണ്ടുകള്‍ ഭൂമിയില്‍ ജീവിച്ച ആദിമമനുഷ്യര്‍ ചെയ്തപുണ്യങ്ങളോടൊപ്പം അറുപതോ എഴുപതോ ശരാശരി ആയുസ്സുള്ള പ്രവാചകാനുയായികള്‍ക്കെത്താന്‍ ലോകരക്ഷിതാവ്‌ നല്‍കിയ അസുലഭമുഹൂര്‍ത്തം.


റംസാന്‍ നമ്മുടെ ജീവിതത്തിലെ കേവലം ഒരുമാസമല്ല.അതില്‍ ചെയ്യുന്ന പുണ്യങ്ങള്‍ അനേകം മടങ്ങായാണ്‌ വിശ്വാസിയുടെ കണക്കില്‍ വരവ്‌ വെക്കപ്പെടുന്നത്‌.അതുകൊണ്ട്‌ വിശ്വാസികള്‍ റംസാനിലെ ഓരോ സെക്കന്റിനേയും അമൂല്യമായി കരുതുന്നു.

നന്മകള്‍ക്ക്‌ അനേകമടങ്ങ്‌ പുണ്യമുള്ളത്‌പോലെ തിന്മകള്‍ക്ക്‌ അനേകമടങ്ങ്‌ ശിക്ഷയും ലഭിക്കും.ഒരു കൊച്ചുതെറ്റായാലും അത്‌ അനേകമാസങ്ങള്‍ ചെയ്ത കൊടും പാപമായേക്കാം.


റംസാനിലെ പകല്‍ വ്രതമനുഷ്ടിക്കല്‍ വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാണ്‌. വ്രതം ആത്മശുദ്ധീകരണത്തിനുള്ള മാര്‍‌ഗ്ഗമാണ്‌. അതിന്‌ ശാരീരികമായി ഒരുപാട്‌ ഗുണങ്ങളുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ആഗുണങ്ങള്‍ക്ക്‌ വേണ്ടിയാവരുത്‌ വിശ്വാസി വ്രതമനുഷ്ടിക്കുന്നത്‌. സര്‍വ്വശക്തന്റെ കല്‍പ്പന അനുസരിച്ച്‌ അവന്റെ പ്രീതിനേടുക മാത്രമാവണം അവന്റെലക്ഷ്യം.

ഒരു വര്‍ഷത്തില്‍ ഒരുമാസം വ്രതമനുഷ്ടിച്ചാല്‍ ശാശ്വതമായ ഒരു സുഭിക്ഷജീവിതം ലഭിക്കുമെങ്കില്‍ അതുപേക്ഷിക്കുന്നവനേക്കാള്‍ വിഢി ആരുണ്ട്‌?.

ഒരു ഉച്ചഭക്ഷണം മാത്രമേ സത്യത്തില്‍ നമുക്ക്‌ ഉപേക്ഷിക്കേണ്ടതുള്ളൂ. പ്രാതല്‍ അത്താഴസമയത്തും വൈകുന്നേര ഭക്ഷണം നോമ്പ്‌ തുറക്കുമ്പോഴും നാം കഴിക്കുന്നുണ്ടല്ലോ!

പക്ഷെ ദൈവ കല്‍പ്പനക്ക്‌ എതിരുചെയ്യുവാന്‍ നമ്മെ സദാപ്രേരിപ്പിക്കുന്ന പിശാചിന്റെ തോഴനായ നമ്മുടെ ദേഹേഛ നമുക്കത്‌ കഠിനമായി തോന്നിക്കുന്നു.നോമ്പുകാരന്‍ ഭക്ഷണമുപേക്ഷിക്കുന്നതിനേക്കാളേറെ വിഷമിക്കുന്നത്‌ ഈദേഹേഛയെ കീഴ്പ്പെടുത്തുന്നതിലാണ്‌.

സര്‍വ്വശക്തനിലുള്ള അചഞ്ചലമായ വിശ്വാസമുള്ളവന്‌ ഇതൊന്നുമൊരു ബുദ്ധിമുട്ടാവുകയില്ല. വിശ്വാസത്തില്‍ ചാഞ്ചല്യമുള്ളവര്‍ക്ക്‌ നിസ്സാരകാരണങ്ങള്‍ മതിയാകും നോമ്പുപേക്ഷിക്കുവാനും നിസ്കാരം ഉപേക്ഷിക്കുവാനുമെല്ലാം.

പലരും നോമ്പുപേക്ഷിക്കാന്‍പല പല കാരണങ്ങളും കണ്ടെത്തും. എന്നാല്‍ യുദ്ധത്തില്‍ മാരകമായി മുറിവേറ്റ്‌ മരണത്തോട്‌ മല്ലടിക്കുമ്പോള്‍ വെറും സുന്നത്ത്‌നോമ്പെടുത്ത സ്വഹാബികള്‍പോലും ആനോമ്പുപേക്ഷിച്ച്‌ സൂര്യാസ്തമയത്തിന്‌മുമ്പ്‌ അവസാനതുള്ളിദാഹജലം കുടിക്കാന്‍ തയ്യാറായിരുന്നില്ല എന്ന് നാം‍ ഓര്‍ക്കണം.

സത്യത്തില്‍ ഈ നശ്വരലോകത്ത്‌ സമ്പാദിച്ചുകൂട്ടാനല്ല അല്ലാഹുനമ്മെ ഇങ്ങോട്ട്‌ പടച്ചുവിട്ടത്‌. അവനെ ആരാധിക്കാന്‍ വേണ്ടിമാത്രമാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ സംശയലേശമില്ലാതെ പ്രഖ്യാപിച്ചതാണ്‌.എന്നാല്‍ നമുക്കിന്ന് ആരാധനകള്‍ തികച്ചുംഒരു സൈഡ് ബിസിനസ്സാണ്.

അതുകൊണ്ട്‌ പരിശുദ്ധറംസാനിലെങ്കിലും നാം അവന്റെകല്‍പ്പനകള്‍ക്ക്‌ മുന്‍‌തൂക്കം നല്‍കണം.ഒരു ഉച്ചഭക്ഷണം പോലും അല്ലാഹുവിന്റെ കല്‍പ്പനക്ക്‌ വഴങ്ങി ഉപേക്ഷിക്കാന്‍ കഴിയാത്തവന്‌ അവന്റെ ഭൂമിയില്‍ അവന്‍ തന്ന ഭക്ഷണംകഴിച്ച്‌, അവന്‍തന്ന വെള്ളം കുടിച്ച്‌ അവന്‍തരുന്ന വായുശ്വസിച്ച്‌ ജീവിക്കാനെന്തവകാശമാണുള്ളത്‌?.

‘ഹോട്ടെല്‍ പെട്ടെന്നു‘കളിലും‘ റംസാന്‍ സ്പെഷല്‍ ‘കഞ്ഞി-പൂള‘കളിലുമെല്ലാം കയറി റംസാനിന്റെ പകലുകളെ നശിപ്പിക്കുന്നവര്‍ നശിപ്പിക്കുന്നത്‌ അവനവന്റെ ഒരിക്കലും അവസാനിക്കാത്ത പാരത്രികജീവിതത്തെതന്നെയാണ്‌.


നാം പട്ടിണികിടന്നത്‌ കൊണ്ട്‌ സര്‍വ്വശക്തന്‌ എന്തെങ്കിലും ഗുണമുണ്ടായിട്ടല്ല.മറിച്ച്‌ അവന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നവര്‍‌ക്കേ അവന്റെ സ്വ‌ര്‍‌ഗ്ഗം ലഭിക്കൂ എന്നതിനാല്‍ നോമ്പ്‌ ഉപേക്ഷിക്കുന്നത്‌ കൊണ്ട്‌ നഷ്ടം നോമ്പുപേക്ഷിക്കുന്നവന്‌മാത്രമാണ്‌.

എല്ലാവരും നോമ്പെടുക്കുന്നത്‌ കൊണ്ട്‌ നിര്‍ബന്ധിതനായി നോമ്പെടുത്തത്‌കൊണ്ടോ മറ്റുള്ളവര്‍ കാണാന്‍‌വേണ്ടി നോമ്പെടുത്തത്‌കൊണ്ടോ ഒരു പ്രയോജനവുമില്ല.കാരണം നോമ്പെടുത്തവന്റെ വയറ്റിലേക്കല്ല സര്‍വ്വശക്തന്‍ നോക്കുക അവന്റെ ഹൃദയത്തിലേക്കാണ്‌.

നോമ്പെടുത്ത്‌ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ചെയ്യുന്നവന്റെയും കാണുന്നവന്റെയും കേള്‍ക്കുന്നവന്റെയും പറയുന്നവന്റെയുമെല്ലാം നോമ്പ്‌ നിശ്ഫലമാകും.


നിര്‍ബന്ധമായ ആരാധനകള്‍ കൃത്യസമയത്ത്‌ തന്നെ നിര്‍വ്വഹിക്കുക, ഫര്‍ള്‌ നിസ്കാരങ്ങള്‍ ജമാഅത്തായിതന്നെനിര്‍വ്വഹിക്കുക,സുന്നത്ത്‌ നിസ്കാരങ്ങളും ദിക്‍ര്‍,ദുആകളെല്ലാം വര്‍ദ്ധിപ്പിക്കുക തറാവീഹ്‌ പോലുള്ള പുണ്യകൂമ്പാരങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക,പരിശുദ്ധ ഖുര്‍ആന്‍ അതിന്റെ സര്‍വ്വാദരവുകളോടെയും പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുക. നിശ്ചയം നമ്മുടെ ജീവിതം പുണ്യങ്ങള്‍കൊണ്ട്‌ സമ്പന്നമാവും.

കഴിഞ്ഞ പതിനൊന്ന് മാസം നാം ആസ്വദിച്ച സകല വിനോദങ്ങളെയും ഈ ഒരുമാസം ഉപേക്ഷിക്കാന്‍ നാം തയ്യാറാവണം. ടെലിവിഷന്‍ ഷോകള്‍, സംഗീതം,തമാശകള്‍,വിനോദത്തിന്‌ വേണ്ടിയുള്ള ഇന്റര്‍‌നെറ്റ് ഉപയോഗം,തുടങ്ങിയ എല്ലാ നേരംകൊല്ലികളെയും നമുക്കൊരുമാസം ഉപേക്ഷിക്കാം.

പൂ‌ര്‍‌ണ്ണമായി ഈമാസത്തെ സര്‍‌വ്വേ‌ശ്വരന്‌ സമര്‍പ്പിക്കാം. നമ്മുടെ ജീവിതോപാധിയായ തൊഴിലുകള്‍ ചെയ്യുന്നതും ഒരു ആരാധനതന്നെയാണ്‌.അതുകൊണ്ട്‌ അതിനിടക്ക്‌ നിര്‍ബന്ധിത ആരാധനകള്‍ മുടങ്ങാതിരിക്കാനും തെറ്റുകള്‍ കടന്നുകൂടാതിരിക്കാനും ശ്രദ്ധിക്കുക.


റംസാന്‍ മാസത്തില്‍ മാത്രം പൂര്‍‌ണ്ണ ആരാധനകളില്‍ മുഴുകുന്നവരെ 'റംസാനില്‍മാത്രം പടച്ചോനെ പേടിക്കുന്നവര്‍' എന്ന് പലരും പരിഹസിക്കാറുണ്ട്‌.ഒരിക്കലും അങ്ങിനെ ചെയ്തുകൂടാ കാരണം റംസാനിനെ ബഹുമാനിച്ചത്‌ കൊണ്ട്‌മാത്രം സ്വര്‍‌ഗ്ഗത്തില്‍ കടക്കുന്നവരുണ്ട്‌. എന്നാല്‍ റംസാനില്‍ നേടിയ ആത്മവിശുദ്ധി അടുത്ത റംസാന്‍വരെ നിലനിര്‍ത്തുന്നവരാണ്‌ യഥാര്‍ത്ഥ വിജയികള്‍


കാരുണ്യവും പാപമോചനവും നരകമോചനവും മര്‍ത്യര്‍ക്ക്‌ സ‌ര്‍‌വ്വേശ്വരന്‍ കനിഞ്ഞ്‌ നല്‍കുന്ന ഈമുപ്പത്‌ നാളുകള്‍ നാം ഒരിക്കലും പാഴാക്കരുത്‌.

ഒരിക്കലും പിന്നീടാവാം എന്ന് നീട്ടിവെക്കരുത്‌ അടുത്തറംസാന്‍ വരെ നമുക്ക്‌ ആയുസ്സുണ്ടാകുമോ എന്ന് നമുക്കാര്‍ക്കും ഉറപ്പിക്കാനാവില്ല.പെട്ടെന്ന് പിടികൂടുന്ന ഒരു രോഗത്തിനപ്പുറമോ ഒരുവാഹനത്തിന്റെ കറങ്ങുന്ന ചക്രത്തിനപ്പുറമോ നമുക്കെല്ലാം ആയുസ്സ്‌ ബാക്കിയുണ്ടാകുമോ എന്നാര്‍ക്കറിയാം!.

അതുകൊണ്ട്‌ ഈറംസാന്‍ മുപ്പത്‌ നാളും ആരാധനകള്‍കൊണ്ട്‌ നിറക്കുക. വിശ്രമമെല്ലാം റംസാന്‌ ശേഷത്തേക്ക്‌ നീട്ടിവെക്കുക എല്ലാതെറ്റുകളും തെറ്റിലേക്ക്‌ നീങ്ങുന്നകാര്യങ്ങളും വര്‍ജ്ജിക്കുക.ഉള്ളുരുകി പ്രാര്‍ത്ഥിച്ച്‌ പാപങ്ങളെ പൊറുപ്പിക്കുക.അങ്ങിനെ ഈറംസാന്‍ നമ്മുടെ ജീവിതത്തിലെ നന്മനിറഞ്ഞ ഒരു യുഗമാവട്ടെ!.

പരിശുദ്ധ റംസാന്‍ നല്ല നിലയില്‍ സര്‍വ്വശക്തന്‌ മുന്നില്‍ നമുക്ക് വേണ്ടി സാക്ഷിനില്‍ക്കട്ടെ!പൂ‌ര്‍‌ണ്ണമായി റംസാന്‍ പുണ്യങ്ങള്‍കൊണ്ട്‌ സമ്പന്നമാക്കാന്‍ സര്‍വ്വശക്തന്‍ നമുക്ക്‌ തൗഫീക്‌ നല്‍കി അനുഗ്രഹിക്കട്ടെ!

എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍!

2007, ഓഗസ്റ്റ് 26, ഞായറാഴ്‌ച

ഓണാശംസകള്‍!....



വട്ടിയും തൂക്കി പൂവേപൊലിപാടി പൂപറിക്കുന്ന കുട്ടികളെയൊന്നും നമ്മുടെനാട്ടില്‍ കാണില്ലെങ്കിലും മലയാളിമനസ്സുകള്‍ ജാതിമത ഭേതമന്യേ ഓണനാളുകളില്‍ ഗൃഹാദുരത്വത്തിന്റെ പൂക്കള്‍കൊണ്ട് മനസ്സിലും മുറ്റത്തും പൂക്കളങ്ങള്‍ തീര്‍ക്കാറുണ്ട് .

സമൃദ്ധിയും സമാധാനവും നിലനിന്ന ഒരു കാലത്തിന്റെയും ജനപ്രിയനായ ഒരു ഭരണാധികാരിയുടെയും സങ്കല്‍പ്പങ്ങളാണ് ഓണം നമ്മുടെ മനസ്സിലെത്തിക്കുന്നത്. അങ്ങിനെയുള്ള ഒരുകാലത്തിനായുള്ള പ്രതീക്ഷകളും പ്രാര്‍ത്ഥനകളുമാണ് നമ്മുടെ മനസ്സില്‍ വിരിയുന്നത്.

പൂക്കളങ്ങള്‍ നമ്മുടെ കലാബോധത്തിന്റെയും സാംസ്കാരിക വിശുദ്ധിയുടെയും സമാധാനത്തിന്റെയും‌പ്രതീകങ്ങളാണ്.

നമ്മളെല്ലാം ഒന്നാണെന്നും എല്ലാവരും സന്തോഷത്തൊടെ ജീവിക്കണമെന്നും ഉപദേശിക്കാന്‍ ഉടലോടെ മഹാബലി എത്തുമോ എന്നതിനേക്കാളേറെ അങ്ങിനെ ഒരു മാവേലിമന്നന്‍ നമ്മുടെയെല്ലാം മനസ്സുകളില്‍ വരണം.

അങ്ങിനെ എല്ലാവരെയും ഒന്നായി കാണാന്‍ നമുക്ക് കഴിയണം. കള്ളവും ചതിയുമില്ലാത്ത,കൊള്ളയും കൊലയുമില്ലാത്ത,വെല്ലുവിളികളും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ലകാലത്തിനായി നമുക്ക് കാത്തിരിക്കാം.

എല്ലാവര്‍ക്കും ഓണാശംസകള്‍!

2007, ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഭാര്യമാര്‍ ഒളിച്ചോടുമ്പോള്‍....

കഴിഞ്ഞതിനു മുമ്പത്തെ പോസ്റ്റില്‍ തീപാറുന്ന ചര്‍ച്ച നടന്ന ബഹുഭാര്യത്വത്തെ ക്കുറിച്ചുള്ള ചര്‍ച്ചയില്‍(വിഷയം അതായിരുന്നില്ലെങ്കിലും) സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവരെ വേദനിപ്പിക്കാതിരിക്കേണ്ടതിനെക്കുറിച്ചും അവരുടെ വികാരങ്ങളെ മാനിക്കേണ്ടതിനെക്കുറിച്ചുമെല്ലാം ഒരു മാരത്തോണ്‍ ചര്‍ച്ചതന്നെ നടക്കുകയുണ്ടായി.

സ്ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യത്തോടൊപ്പം സംരക്ഷണവും വേണം. അതിന്‌ അവര്‍ക്ക്‌ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌. ഈ നിയന്ത്രണങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനല്ല. മറിച്ച്‌ അവരുടെ ജീവിതം തട്ടിപ്പറിക്കാനെത്തുന്ന പിശാചുക്കളില്‍നിന്ന് അവളെ രക്ഷിക്കാനാണ്‌. ‘behind every successful man there is a woman‘ എന്നാണല്ലോ. ഓരോ വിജയിയായ പുരുഷന്റെ പിന്നിലും ഒരുസ്ത്രീ ഉണ്ടാകും.

സ്ത്രീകള്‍നല്‍കുന്ന സ്‌നേഹമായിരിക്കും പുരുഷന്റെ ഊര്‍ജ്ജമായിമാറുന്നത്‌. പരാജിതനായി തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ സ്‌നേഹത്തോടെ ആശ്വസിപ്പിക്കുന്ന ഭാര്യ അയാളെ പുതിയ വിജയത്തിന്റെ സോപാനത്തിലെത്തിക്കും. പുരുഷമനസ്സിലെ പ്രതിസന്ധിയുടെ പര്‍വ്വതങ്ങളെ മഞ്ഞാക്കി ഉരുക്കിക്കളയാന്‍ സ്ത്രീയുടെ ഒരുപുഞ്ചിരിമതിയാകും. തെറ്റുകളിലൂടെ അധാര്‍മ്മികനായി സഞ്ചരിക്കുന്ന പുരുഷനെ ധാര്‍മ്മികതയുടെ മകുടോദാഹരണമാക്കാനും സ്ത്രീക്കാകും.

പക്ഷേ ഇതിനൊരു മറുവശമുണ്ട്‌. പുരുഷന്റെ എല്ലാ ഉന്നതികളെയും തകര്‍ത്ത്‌ തരിപ്പണമാക്കാന്‍ ഭാര്യ എന്ന സ്ത്രീയുടെ വീര്‍ത്തമുഖത്തിനാവും. അവളുടെ തലയണ മന്ത്രംകാരണം അതുവരെ തന്റെ എല്ലാമെല്ലാമായിരുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയുമെല്ലാം പുരുഷന്‌ നഷ്ടന്മായേക്കാം. തനിക്കും മക്കള്‍ക്കും അന്നം തേടി മണലാരണ്ണ്യത്തില്‍ കഷ്ടപ്പെടുന്ന ഭര്‍ത്താക്കന്മാരെ വരേ വഞ്ചിക്കുന്ന എത്രയോ ഭാര്യമാരുടെ കഥകള്‍ നാം പത്രങ്ങളില്‍ വായിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ കൊന്ന് ശരീരം കഷ്‌ണങ്ങളാക്കി വിവിധസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയും ഒരു ഗള്‍ഫുകാരനായ ഭര്‍ത്താവിനെ വഞ്ചിച്ച്‌ മറ്റൊരുത്തന്റെ പഞ്ചാരവാക്ക്‌ വിശ്വസിച്ച്‌ ഇറങ്ങിപ്പുറപ്പെട്ടവളായിരുന്നെന്ന് നാം പത്രത്തില്‍ വായിച്ചു. ഭര്‍ത്താവിനെ വഞ്ചിച്ചതിള്ള ശിക്ഷ അവള്‍ക്ക്‌ കിട്ടിയതാണത്‌. ഇതുതന്നെയാണ്‌സ്ത്രീകള്‍ക്ക്‌ നിയന്ത്രണങ്ങളില്ലാതിരുന്നാലുള്ള പരിണതഫലം.

ഭര്‍ത്താവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്ന സ്ത്രീ ഭര്‍ത്താവ്‌ യുഗങ്ങള്‍തന്നെ തന്നോട്‌ വിട്ടുനിന്നാലും അദ്ദേഹത്തെ വഞ്ചിക്കാന്‍ തയ്യാറാവില്ല. സ്‌നേഹമില്ലാത്ത ഭാര്യമാര്‍ ഒളിച്ചോടി വെട്ടിമുറിക്കപ്പെടുന്നത്‌ തന്നെയാണ്‌ നല്ലത്‌.

എന്നാലും ഭര്‍ത്താക്കന്മാര്‍ വിദേശത്ത്‌ ദീര്‍ഘനാള്‍ നിന്ന് ഭാര്യമാരുടെ ക്ഷമ പരീക്ഷിക്കരുത്‌. ബാക്കിയാകുമോ എന്ന് ഒരു ഉറപ്പുമില്ലാത്ത നാളത്തേക്ക്‌ കൊട്ടാരങ്ങള്‍ പണിയുന്നതിന്‌ വേണ്ടി ഇന്നിന്റെ ജീവിതം ഹോമിക്കരുത്‌. നല്ല സാമ്പത്തികശേഷിയും സൗകര്യങ്ങളുമുള്ള പ്രവാസികള്‍ ഭാര്യമാരെ കൂടെകൂട്ടാന്‍ മടികാണിക്കരുത്‌. അത്‌ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും പണത്തിനേക്കാള്‍ വലുതാണ്‌ ജീവിതമെന്നവര്‍ തിരിച്ചറിയണം.

ഗള്‍ഫുകാരുടെ ഭാര്യമാര്‍ക്കുനേരെ വലവിരിച്ചുനടക്കുന്ന ഒരുപാട്‌ ചൂഷകരായ സൗഹൃതത്തിന്റെയും പ്രണയത്തിന്റെയും ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ എല്ലായിടത്തും നടക്കുന്നുണ്ട്‌. ഗള്‍ഫ്‌ വിധവകളെന്നറിയപ്പെടുന്ന ഗള്‍ഫുകാരുടെ ഭാര്യമാര്‍ പെട്ടെന്ന് തങ്ങളുടെ കെണിയിലകപ്പെടുമെന്നവര്‍ കണക്കുകൂട്ടുന്നു. പഞ്ചാരവാക്കുകളും ചില്ലറ സേവനങ്ങളും ചെയ്തുകൊണ്ടാണവര്‍ രംഗത്തുവരുന്നത്‌. പലസ്ത്രീകളും ഇത്തരം കെണികളില്‍ വീണുപോകുന്നു.

സ്‌നേഹവും സൗഹൃദവുമെല്ലാം വച്ചുനീട്ടുമ്പോള്‍ അത്‌ തിരസ്കരിക്കാന്‍ അപക്വമതികളായ സ്ത്രീകള്‍ക്കാവില്ല. ഇത്‌ മുതലെടുക്കുന്ന ഇവരിലെ പുറമെ യുള്ള ആട്ടിന്‍തോലിനകത്തെ ചെന്നായ പതുക്കെ പതുക്കെ പുറത്തുവരുന്നു. അത്‌ ഒരുപക്ഷെ സ്ത്രീ തിരിച്ചറിയുമ്പോഴേക്കും അവള്‍ ഒരിക്കലും രക്ഷപ്പെടാനാവാത്ത കെണിയിലകപ്പെട്ടുകഴി‍ഞ്ഞിരിക്കും.

എന്നാല്‍ പക്വമതികളായ സ്ത്രീകള്‍ ഈ ചെന്നായ്ക്കളെ പെട്ടെന്ന് തിരിച്ചറിയുന്നു. അത്തരം സ്ത്രീകളുടെ ശക്തമായ ഒരു നോട്ടം മതി ഏതു ചെന്നായമനസ്സും ഭസ്മമാവാന്‍!.

മേല്‍പറഞ്ഞ സ്ത്രീ വെട്ടിമുറിക്കപ്പെട്ട്‌ ഉപേക്ഷിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കാണാതായ സ്ത്രീകളെക്കുറിച്ചറിയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗള്‍ഫില്‍നിന്നുമാത്രം ഇരുപതിലധികം ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചുവത്രെ!. ഭര്‍ത്താക്കന്മാര്‍ കൂടെയില്ലാത്ത ഭാര്യമാര്‍ വളരെ യധികം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ജാഗ്രതകുറവുള്ള സ്ത്രീകളെ അവരുടെ വീട്ടുകാര്‍ ജാഗ്രതയോടെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ നമ്മുടെ നാട്ടില്‍ അടുത്തകാലത്തായൊരു സംഭവമുണ്ടായത്‌ പക്ഷെ ഗള്‍ഫുകാരുമായി ബന്ധപ്പെട്ടകാര്യമായിരുന്നില്ല. അത്‌ നാട്ടില്‍ ജോലിചെയ്യുന്ന ഒരാളുടെ കുടുംബത്തിലാണുണ്ടായത്‌. അതുകൊണ്ട്‌ ഗള്‍ഫുകാരായാലും നാട്ടുകാരായാലും സ്ത്രീകളെ നിയന്ത്രിക്കേണ്ട രീതിയില്‍ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ പക്വമതികളായി സ്വയം ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നവരാകേണ്ടിയിരിക്കുന്നു.

അവരെ വഴിപിഴപ്പിക്കാന്‍ നടക്കുന്ന പൈശാചിക മനസ്സുള്ളവരുടെ ശ്രമങ്ങളെ മുളയിലേ കണ്ടെത്തി നുള്ളിക്കളയണം, സ്വന്തക്കാരനെന്നോ ബന്ധുക്കാരനെന്നോ പണച്ചാക്കെന്നോ നോക്കാതെ അത്തരക്കാരെ താക്കീത്‌ ചെയ്യാനും വേണ്ടിവന്നാല്‍ കയ്കാര്യം തന്നെ ചെയ്യാനും നാം നട്ടെല്ല് കാണിക്കണം. അല്ലെങ്കില്‍ ഇതുപോലെ യുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

കുംഭമാസ നിലാവ്‌ പോലെയാണ് സ്ത്രീകളുടെ മനസ്സ്‌ എപ്പോഴും തെന്നിമാറിക്കൊണ്ടിരിക്കും അതിനെ അവര്‍ക്ക്‌ നിയന്ത്രിക്കുക പ്രയാസമാണ്‌. അതുകൊണ്ട്‌ മതവും സമൂഹവും അവള്‍ക്ക്‌ നല്‍കിയ നിയന്ത്രണങ്ങളെ പാലിക്കുകയേ നിവൃത്തിയുള്ളൂ. തെറ്റുകളിലെത്തിപ്പെടുന്നതിനുള്ള വഴികള്‍പോലും അടച്ചുകളയുകയാണ്‌ മതം ഇതിന്‌ നിര്‍ദ്ദേശിക്കുന്നമാ‌ര്‍‌ഗ്ഗംഅതുതന്നെയാണ്‌ ശരിയായ മാ‌ര്‍‌ഗ്ഗവും.

സ്വന്തം വീട്ടില്‍ അന്യപുരുഷന്മാര്‍ക്ക്‌ അമിതമായ സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുക. തന്റെ ഭാര്യയും മക്കളുമെല്ലാം നല്ല'സോഷ്യലാണ്‌' എന്ന് പറയുന്നവര്‍ ഓര്‍ക്കുന്നില്ല. തങ്ങള്‍ തിന്നുന്നത്‌ ഉപ്പാണ്‌ വൈകാതെ വെള്ളം കുടിക്കേണ്ടിവരുമെന്ന്.

വിശ്വാസികളുടെ മാതാക്കളായ പ്രവാചകപത്നിമാരോട്‌ പോലും മറയില്ലാതെ സംസാരിക്കരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിക്കുമ്പോള്‍ അതെല്ലാം യാഥാസ്തികതയാണെന്ന് കരുതുന്നവര്‍ക്ക്‌ ശിക്ഷനല്‍കാന്‍ ദൈവം പരലോകംവരേ പോലും കാത്തുനില്‍ക്കുന്നില്ല എന്നതാണ്‌ നമ്മുടെ നാട്ടിലടക്കമുണ്ടായതടക്കമുള്ള സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌.

ഏതുമനുഷ്യനിലും ഒരു പിശാചുണ്ട്‌. അനുയോജ്യമായ സാഹചര്യത്തില്‍ അവന്‍ പുറത്തിറങ്ങും. അതുകൊണ്ട്‌ അവന്‌ അനുയോജ്യമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയേ വഴിയുള്ളൂ.

'ഒരു സ്ത്രീയും ഒരു പുരുഷനും ഒരിക്കലും ഒറ്റക്കാവില്ല , അവര്‍ക്കിടയിലൊരു പിശാചിന്റെ സാന്നിധ്യമില്ലാതെ' എന്ന സത്യം പരിഷ്കാരികള്‍ക്ക്‌ പിന്തിരിപ്പനായിരിക്കാം.

അന്യ സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചിരുന്ന് സൊള്ളുന്നതും നൃത്തമാടുന്നതുമെല്ലാം അവര്‍ക്ക്‌ സാംസ്കാരിക നവോത്ഥാനമായിരിക്കാം. പക്ഷേ ഈ നവോത്ഥാനത്തിന്റെ പരിണതി ലൈംഗിക അരാജകത്വമായിരിക്കുമെന്ന് തിരിച്ചറിയാന്‍ ആധുനികതയുടെ തിമിരം ഭാധിച്ചവര്‍‌ക്കൊന്നുമാവില്ല.

കേരളത്തില്‍ സ്ത്രീപീഡനം വര്‍ദ്ധിക്കാന്‍ കാരണം മുംബെയിലെ പോലെ ലൈസന്‍സുള്ള വേശ്യാലയങ്ങളില്ലാത്തതുകൊണ്ടാണെന്ന വിചിത്രമായ കണ്ടെത്തലുകളില്‍ വരേ അവര്‍ എത്തിച്ചേരും.

കണ്‍നുതുറന്നു നോക്കൂ സ്ത്രീക്ക്‌ പൂ‌ര്‍‌ണ്ണമായുള്ള സ്വാതന്ത്ര്യം നല്‍കണം പക്ഷെ അത്‌ അന്യപുരുഷനുമുന്നില്‍ അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യമാവരുത്‌. എന്തൊക്കെ ന്യായീകരണങ്ങളുണ്ടായാലും അന്യ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സമ്പര്‍ക്കങ്ങളും സംസാരങ്ങളും സൗഹൃദങ്ങളുമെല്ലാം അപകടങ്ങള്‍ വരുത്തിയ ചരിത്രമേഉണ്ടായിട്ടുള്ളൂ.

പലരും 'സോഷ്യല്‍' എന്ന് ഓമനപ്പേരിട്ട്‌ വാഴ്ത്തുന്ന ഈ വര്‍‌‌ണ്ണക്കൂടിനകത്തെ അപകടം തിരിച്ചറിയാന്‍ നാം തയ്യാറാകണം. അതിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍‌ക്കൊ‌ക്കെ വേദനിച്ചാലും സ്വന്തം കുടും‌ബത്തിന്റെയും നമ്മുടെ സമൂഹത്തിന്റെയും കെട്ടുറപ്പിനെയോര്‍ത്ത്‌ അത്‌ സഹിച്ചേപറ്റൂ.

പടിഞ്ഞാറന്‍ സംസ്കാരത്തിലെ വൈകൃതങ്ങളെ മുഴുവന്‍ പരിഷ്കാരത്തിന്റെ പേരില്‍ നമ്മുടെ നാട്ടിലേക്ക്‌ പറിച്ചുനടാന്‍ ശ്രമിക്കുന്നവരാരായാലും അതിന്റെ പരിണതഫലം അനുഭവിക്കേണ്ടിവരും.

അതുകൊണ്ട്‌ നാമോരോരുത്തരും നമ്മുടെ കുടുംബത്തില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാതിരിക്കുക. ജാഗ്രതയോടെ ജീവിക്കുക. അല്ലെങ്കില്‍ ഭാര്യമാരും സഹോദരിമാരുമെല്ലാം ഇനിയും ഒളിച്ചോടിയേക്കാം.

വാല്‍കഷ്ണം:-
പിതാരക്ഷിതി കൗമാരേ
ഭര്‍ത്താരക്ഷിതി യവ്വനേ
പുത്രോരക്ഷിതി വാര്‍ദ്ദക്യേ
നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി!.
(കൗമാരത്തില്‍ പിതാവിനാലും യവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ദക്യത്തില്‍ മക്കളാലും സംരക്ഷിക്കപ്പെടേണ്ടവളാണ്‌ സ്ത്രീ; സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല.)
എന്ന് മനുസ്മൃതിപറഞ്ഞതിനെ വിമര്‍ശിക്കുന്നവരാണ്‌ മിക്ക സ്ത്രീവാദികളും ഈസംരക്ഷണമല്ലാതെ കയറൂരിവിടുന്ന സ്വാതന്ത്ര്യമാണോ അവര്‍ക്ക്‌ വേണ്ടത്‌?

2007, ഓഗസ്റ്റ് 15, ബുധനാഴ്‌ച

വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം.



സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെജീവിതം

പാരതന്ത്ര്യം മാനികള്‍ക്കു-

മൃതിയേക്കാള്‍ ഭയാനകം!


അറുപത്‌ സംവത്സരങ്ങള്‍ക്ക്‌ മുമ്പ്‌ അവര്‍ കെട്ടുകെട്ടി. ഒരു നൂറ്റാണ്ടിലധികം നമ്മെ അടിമകളാക്കി,നമ്മുടെ ധനം കൊള്ളയടിച്ച്‌ നമ്മെ തമ്മിലടിപ്പിച്ച്‌ ഭരിച്ച വെള്ളപ്പരിഷകള്‍ നാടുവിട്ടു!

നമ്മുടെ പഴയ ഭരണാധികാരികളുടെ പിടിപ്പുകേട്‌ മുതലെടുത്ത്‌ നമ്മുടെ ഭരണം കയ്യാളിയ അവരെ പുറത്താക്കാന്‍ നമ്മുടെ മുന്‍‌ഗാമികള്‍ രക്തവും ജീവനുമൊരുപാട്‌ നല്‍കേണ്ടിവന്നു. തൊള്ളായിരത്തി ഇരുപത്തിഒന്നില്‍ നമ്മുടെ നാട്ടുകാര്‍ വരേ ധീരോദാത്തമായ വീരസമരങ്ങള്‍ കാഴ്ച്ചവെച്ചു.

വയലുകളിലും വഴിയോരത്തും ഗുഡ്‌സ്‌ വാഗണിലുമെല്ലാം നമ്മുടെ പിതാമഹന്മാരുടെ മൃതശരീരങ്ങള്‍ കുന്നുകൂടി, ചോരച്ചാലുകളൊഴുകി,

പിന്നീട്‌ ഇന്ത്യയുടെ നാനാഭാഗത്തും ജാതി, മത, വര്‍‌ഗ്ഗ, ദേശ, ഭാഷാ, വര്‍‌ണ്ണ വ്യത്യാസമില്ലാതെ അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തിന്റെ അണക്കാന്‍ശ്രമിക്കുംതോറും ആളിക്കത്തിയ തീജ്വാലകള്‍ക്ക്‌ ഒരു വന്ദ്യ വയോദികന്‍ ലാളിത്യത്തിന്റെയും സഹനത്തിന്റെയു എണ്ണകൂടി പകര്‍ന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ വെള്ളപ്പിശാചുകള്‍ക്ക്‌ നാടുവിടേണ്ടി വന്നു.

ഇനിയുള്ള നാളുകളില്‍ ഈ ജനത സമാധാനത്തോടെ ജീവിക്കാതിരിക്കാനുള്ള സകല വര്‍‌ഗ്ഗീയ കൂടോത്രങ്ങളും ചെയ്തുവെച്ചുകൊണ്ട്‌ 1947 ആഗസ്ത്‌14 ന്‌ അര്‍ദ്ധരാത്രി കുറുക്കന്മാര്‍ ഓരിയിടുന്ന സമയത്ത്‌ നമ്മുടെ കയ്യില്‍ സ്വാതന്ത്ര്യം വച്ചുതന്നുകൊണ്ട്‌ അവര്‍ സ്ഥലം വിട്ടു.

വെട്ടിമുറിക്കപ്പെട്ടെങ്കിലും ചോരച്ചാലുകള്‍ ഒരുപാട്‌ ചിന്തപ്പെട്ടെങ്കിലും സ്വതന്ത്രമായ മണ്ണിലാണ്‌ ജീവിക്കുന്നതെന്ന ആശ്വാസത്തോടെ നമുക്ക്‌ കുറേനാള്‍ ജീവിക്കാനായി. പക്ഷേ നാം വീണ്ടും പഴയ പാരതന്ത്ര്യത്തിലേക്ക്‌ തിരിച്ചുപോവുകയാണോ?.

ലോക ബാങ്കിന്റെയും ഗാട്ട്‌ കരാറിന്റെയും കാണാചരടുകളില്‍ നമ്മെ ബന്ധനസ്ഥനാക്കിയ ഒരു കിളവന്‍ നമ്മുടെ ഭരണ ചക്രം കറക്കുന്നവനായിരിക്കുന്നു. ഒരു രാഷ്ട്രീയക്കാരന്‍ പോലുമായിരുന്നില്ലാത്ത ഈഉദ്യോഗസ്ഥ ദുഷ്‌പ്രഭുവിനെ നമ്മുടെ ഭരണ സിരാകേന്ദ്രത്തിലെത്തിച്ചതിന്‌ പിന്നിലെ യാങ്കികളുടെ പങ്ക്‌ ഇന്ന് അനാവൃതമായിക്കൊണ്ടിരിക്കുന്നു.

അയാള്‍ ധനകാര്യം കയ്യാളിയപ്പോള്‍ തന്നെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പകുതി നമുക്ക്‌ നഷ്ടപ്പെട്ടു. ഇപ്പോള്‍ അത്‌ പൂര്‍ത്തിയാക്കിയേ അടങ്ങൂ എന്ന വാശിയിലാണയാളെന്ന് തോന്നുന്നു. ആരൊക്കെ പിന്തുണ പിന്‍‌വലിച്ചാലും എന്തൊക്കെ സംഭവിച്ചാലും യാങ്കികള്‍ക്ക്‌ നമ്മുടെ പരമാധികാരം പണയപ്പെടുത്തുന്ന പുതിയ കരാറുമായി മുന്നോട്ട്‌ തന്നെ പോകുമെന്നയാള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇപ്പോള്‍ ഇടഞ്ഞ ഇടവും വലവുമെല്ലാം അയാള്‍ക്കും അയാളെ നിയന്ത്രിക്കുന്ന അധിനിവേഷ ഷൈലോക്കുമാര്‍ക്കും മുന്നില്‍ ഓഛാനിച്ച്‌ നില്‍ക്കുകയേ ഉള്ളൂ. കണ്ണില്‍ പൊടിയിടാനുള്ള പൊറാട്ടുനാടകങ്ങളാണെല്ലാം.

അതെ! ഒരിക്കല്‍ കൂടി നമ്മുടെ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടുകൊണ്ട്‌ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാന്‍ പോകുന്നു. ഇന്ന് നാം അനുഭവിക്കുന്ന ഈ പരിമിത സ്വാതന്ത്ര്യം കൂടി ഇനിയെത്രനാള്‍? എന്ന ആശങ്കയോടെ ഏവര്‍ക്കും നേരുന്നു

സ്വാതന്ത്ര്യ ദിനാശംസകള്‍!

2007, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

സ്ത്രീധനവും മാമൂലുകളും നമ്മളും...!

സ്വന്തം കുടുംബത്തിന്റെ ഭക്ഷണ,വസ്ത്ര,ചികിത്സാ,വിദ്യാഭ്യാസ ചെലവുകള്‍...സ്വന്തമായൊരു വീട്‌ തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക്‌ പണം കണ്ടെത്തുവാന്‍ തന്നെ പകലന്തിയോളം കഷ്ടപ്പെടുകയും നെട്ടോട്ടമോടുകയും പലപ്പോഴും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്നവരാണ്‌ നമ്മളില്‍പലരും.

മുകളിലെഴുതിയ ആവശ്യങ്ങളെല്ലാം ഓരോരുത്തര്‍ക്കും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളാണ്‌. എന്നാല്‍ ഇതിനുതന്നെ കഷ്ടപ്പെടുന്നവര്‍ക്ക്‌ തികച്ചും അനാവശ്യമായ കുറേ അനാചാരങ്ങള്‍ക്കും പണം കണ്ടെത്തേണ്ടിവരുന്നു. തന്മൂലം സുഭിക്ഷമായി കഴിഞ്ഞുകൂടാന്‍ വകയുള്ളവര്‍പോലും കടക്കാരായി മാറുന്നു.

നമ്മുടെ സമൂഹത്തില്‍ പുഴുക്കുത്തുകളായി നിലനില്‍ക്കുന്ന സ്ത്രീധനവും മാമൂലുകളുമാണ്‌ ഈ അനാചാരങ്ങളില്‍ പ്രധാനം. പെണ്‍കുട്ടിപിറന്നാല്‍ പുറമെ ചിരിക്കുമെങ്കിലും പഴയ ഡാര്‍‌ക്കേജിലെ അറബികളെപ്പോലെ മുഖം വിവര്‍ണ്ണമാകുന്നവരാണ്‌ പലരും.

ഉദ്ബോധനങ്ങളും ലേഖനങ്ങളും കേട്ടും വായിച്ചും മടുത്തിട്ടും സ്ത്രീധനം നമ്മുടെ സമൂഹത്തില്‍ ആര്‍ക്കും എതിര്‍ക്കാനാവാത്ത ഒരു സമ്പ്രദായമായി നിലനില്‍ക്കുന്നു. കാരണം ഒരുനിലക്കല്ലെങ്കില്‍ മറ്റൊരുനിലക്ക്‌ നാമെല്ലാം അതിന്റെ ഗുണഭോക്താക്കളോ ഇരകളോ ആയിരിക്കുന്നു.

സ്തീധനത്തിനെതിരെ വാചകക്കസര്‍ത്ത്‌ നടത്തുന്നവരെപ്പോലും പരിശോധിച്ചാല്‍ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്‌ എന്ന് മനസ്സിലാകും. സ്ത്രീധനത്തെ വെള്ളപൂശാന്‍ മതഗ്രന്ഥങ്ങളില്‍ പഴുത്‌തേടുന്നവരെ വരേ നമുക്കിന്ന് കാണാം. ചിലര്‍ സ്ത്രീധനം വാങ്ങുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ഉളുപ്പില്ലാതെ വാദിക്കാന്‍ വരേതയ്യാറാകുന്നു. മറ്റുചിലര്‍ സ്വര്‍‌ണ്ണമെത്രയും വാങ്ങാം പണംവാങ്ങിയാലേ സ്ത്രീധനമാകൂ എന്ന് വാദിക്കുന്നു. എന്നിട്ട്‌ നൂറോ നൂറ്റമ്പതോ പവനും വാങ്ങി ഞാന്‍ സ്ത്രീധനമൊന്നും വാങ്ങിയിട്ടില്ലെന്ന് മേനിപറയുന്നു.

പരസ്യമായി സ്ത്രീധനം വാങ്ങാത്ത ചിലര്‍ രഹസ്യമായി സ്വത്തോ ബിസിനസ്സ്‌ പങ്കാളിത്തമോഒക്കെ സ്വന്തമാക്കുന്നു. അധ്വാനിക്കാതെ കിട്ടുന്നപണം ഉപേക്ഷിക്കാന്‍ എത്രവലിയ ആദര്‍ശം പ്രസംഗിക്കുന്നവനുമാകുന്നില്ല.

അംഗുലീപരിമിതമായ ചിലര്‍ ഇതിന്‌ അപവാദമായേക്കാം. എന്നാല്‍ അവരെ ആകാര്യത്തില്‍ മാതൃകയാക്കാന്‍ മിനക്കെടാതെ അവര്‍ മറ്റേതോ വിശ്വാസക്കാരാണെന്നോ യോഗ്യതയില്ലാത്തവരാണെന്നോ ഒക്കെ പ്രചരിപ്പിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌.

യുവാക്കളില്‍ നല്ലൊരുവിഭാഗത്തിന്‌ സ്ത്രീധനത്തോട്‌ വിയോജിപ്പുണ്ടെങ്കിലും അവരുടെ മാതാപിതാക്കളുടെയും കാരണവന്മാരുടെയും നിര്‍ബന്ധങ്ങള്‍ക്കുമുന്നില്‍ അതെല്ലാം നിശ്ഫലമാകുന്നു.

സ്വന്തം ഭാര്യയോ,മരുമകളോ, സഹോദരപത്നിയോ ആകേണ്ടവളുടെ കുടുംബത്തെ ഒരുവിധ മനസ്സാക്ഷിക്കുത്തുമില്ലാതെ കൊള്ളയടിക്കാന്‍ ആര്‍ക്കും ഒരു മടിയുമില്ല. സ്ത്രീധനത്തിനെതിരെ ശബ്ദിച്ചവര്‍‌പോലും സ്വന്തം കാര്യം വരുമ്പോള്‍ അതിന്റെ വക്താക്കളാകുകയോ സ്വന്തക്കാര്‍ സ്ത്രീധനം വാങ്ങുമ്പോള്‍ മൗനമവലംബിക്കുകയോ ചെയ്യുന്നു. പിന്നെങ്ങനെയാണ്‌ ഈ വിപത്ത്‌ നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതാവുക?

ലോട്ടറി കിട്ടിയ പണം പോലെ ഒഴുകിപ്പോകുന്ന സ്ത്രീധനത്തിനുള്ള തുക കണ്ടെത്താന്‍ പെണ്ണിന്റെ രക്ഷിതാക്കള്‍ എത്രകഷ്ടപ്പെട്ടിരിക്കും? എത്രമനോവ്യഥയും അപമാനം പോലും സഹിച്ചിരിക്കും?തങ്ങളുടെ കയ്യില്‍ കിട്ടിയ സ്ത്രീധനത്തിനുപിന്നില്‍ എത്ര കണ്ണീരിന്റെ കഥകളുണ്ടായിരിക്കും? എന്നെല്ലാം ആര്‌ ചിന്തിക്കുന്നു? അപ്പം തിന്നാല്‍മതിയല്ലോ, കുഴിയെ‌‌‌ണ്ണണ്ട കാര്യമില്ലല്ലോ!

തനിക്കും ഭാവിയിലിങ്ങനെ ഒരു ഗതിവന്നുചേരുമെന്നും അതുകൊണ്ട്‌ ഈ വ്യവസ്ഥ നമ്മുടെ നാട്ടില്‍ നിന്നില്ലാതാവണമെന്നും ചിന്തിക്കുന്ന എത്രപേരുണ്ട്‌?

സ്ത്രീധനം വാങ്ങിയില്ലെങ്കില്‍ വിവാഹം പൊടിപൊടിക്കാന്‍ പറ്റില്ലെന്നാണ്‌ ചിലര്‍ക്ക്‌ പരിഭവം. ഒരുപെണ്ണിന്റെ പിതാവായിപ്പോയതിന്റെ പേരില്‍ ഒരുപാവം മനുഷ്യന്‍ തന്റെ ചോരനീരാക്കി ഉണ്ടാക്കിയ ജീവിത സമ്പാദ്യം മുഴുവന്‍ തട്ടിപ്പറിച്ചിട്ട്‌ വേണോ വിവാഹം മാമാങ്കമാക്കല്‍? ഒരുപക്ഷേ പലരില്‍നിന്നും കടംവാങ്ങിയും കിടപ്പാടം പണയം വെച്ചും അയാള്‍ നിങ്ങള്‍ക്ക്‌ തരേണ്ടിവന്നപണംകൊണ്ട്‌ വിവാഹം ആര്‍ഭാടമാക്കിയിട്ട്‌ വേണോ നാട്ടുകാരുടെ മുന്നില്‍ നിങ്ങളുടെ പത്രാസ്‌ കാണിക്കാന്‍?. വിവാഹം അല്‍പ്പം ലളിതമായിട്ട്‌ കഴിച്ചാല്‍ ദാമ്പത്യത്തിനെന്തെങ്കിലും കുഴപ്പം സംഭവിക്കുമോ? ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ഭമായ വിവാഹദിനത്തില്‍ സ്വന്തം ചെലവില്‍ കുറച്ചുപേര്‍ക്ക്‌ ഭക്ഷണമൊരുക്കാന്‍ ഗതിയില്ലാത്തവനെങ്ങനെയണ്‌ ഒരുപെണ്‍കുട്ടിയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുക? സ്വയം ഇതിനെങ്കിലും പ്രാപ്തനായിട്ട്‌ പോരെ വിവാഹം?

പെണ്‍കുട്ടികള്‍ വളരുംതോറും രക്ഷിതാക്കളുടെ മനസ്സമാധാനം നഷ്ടപ്പെടുന്ന ഈ അവസ്ഥ നമുക്കൊത്തൊരുമിച്ച്‌ ഇല്ലായ്മ ചെയ്തുകൂടെ?

സ്ത്രീധനം വാങ്ങുന്നവര്‍ക്ക്‌ താല്‍ക്കാലികമായി ചെറിയൊരു ഗുണം ലഭിച്ചേക്കാമെങ്കിലും സ്വന്തം മക്കള്‍ക്ക്‌ വേണ്ടിയോ സഹോദരിമാര്‍ക്ക്‌ വേണ്ടിയോ ഭാവിയില്‍അതിലേറെ ചെലവഴിക്കേണ്ടിയും വരുന്നു. മനുഷ്യന്റെ ധനവും മാനവും സമാധാനവുമെല്ലാം സ്ത്രീധനം നഷ്ടപ്പെടുത്തുന്നു.

എത്രയോ സഹോദരന്മാര്‍ സഹോദരിമാരെ കെട്ടിച്ചയക്കാന്‍ പണമുണ്ടാക്കാന്‍ വേണ്ടി അവിവിതമാര്‍‌ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവരികയും പലരും പിടിക്കപ്പെട്ട് ഇരുമ്പഴിയെണ്ണണ്ടിവരികയും ചിലര്‍ക്ക് ജീവന്‍ നഷ്ടമാവുകയുംവരേ ചെയ്യുന്നു?.

നാട്ടിലെ എല്ലാവരും ഒത്തൊരുമിച്ച്‌ ഇതിനെതിരെ പ്രവര്‍ത്തിച്ചെങ്കിലേ ഈ വിപത്ത്‌ നമ്മുടെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കാനാവൂ. എന്നാല്‍ മാത്രമേ ബാധ്യതകളും ആശങ്കകളുമില്ലാതെ നമുക്കൊരു സന്തോഷ ജീവിതം സാധ്യമാകൂ.

അതുപോലെത്തന്നെയാണ്‌ നമ്മുടെ നാട്ടിലെ മാമൂലുകളുടെയും കാര്യം. ബന്ധുക്കളെ പ്രസാദിപ്പിക്കാന്‍ പലസന്ദര്‍ഭങ്ങളിലും സ്വര്‍ണ്ണവും പലഹാരങ്ങളുമെല്ലാം കൊടുക്കേണ്ടിവരുന്നു. ഇത്‌ അങ്ങോട്ട്‌ കൊടുത്തതിനേക്കാള്‍ ഇങ്ങോട്ട്‌ കിട്ടണമെന്ന് കരുതികൊടുക്കുന്നവരും, എല്ലാവരും കൊടുക്കുന്നത്‌ കൊണ്ട്‌ ഗതിയില്ലെങ്കിലും കൊടുക്കേണ്ടിവരുന്നവരുമെല്ലാമുണ്ട്‌ .

മിക്കപ്പോഴും നല്‍കുന്ന സമ്മാനങ്ങള്‍കൊണ്ട്‌ പ്രത്യേക ഗുണമൊന്നും ഉണ്ടാകുന്നില്ല. മാത്രമല്ല തന്നവന്‌ അതിലധികം തിരിച്ചുനല്‍കേണ്ടിവരുന്നത്‌ ചിലപ്പോള്‍ വലിയ കഷ്ടപ്പാടുകളില്‍ നട്ടം തിരിയുമ്പോഴായിരിക്കും കൊടുക്കുന്നവനും വാങ്ങുന്നവനും യഥാര്‍ത്ഥത്തില്‍ ഇതൊരു നഷ്ടക്കച്ചവടം തന്നെയായിരിക്കും.

പ്രസവം വിവാഹം എന്നിവക്ക്‌ ശേഷമുള്ള മാമൂലുകളാണ്‌ ഏറെ അസഹനീയം. വിവാഹം കഴിഞ്ഞ്‌ മാസങ്ങളോളം പലഹാരക്കെട്ടുകളുമായി ബന്ധുവീടുകളില്‍ കയറിയിറങ്ങേണ്ട വധൂവരന്മാരുടെ ഗതികേട്‌!. രണ്ടുപേരെ സല്‍ക്കരിക്കേണ്ടതിന്‌ മറ്റൊരുകല്യാണതുല്യമായ സല്‍ക്കാരം നടത്തേണ്ട ബന്ധുക്കളുടെ അവസ്ഥ. വിവാഹം കഴിഞ്ഞ്‌ നട്ടെല്ലൊടിഞ്ഞ വധൂവീട്ടുകാരുടെ ബാക്കികൂടിഒടിക്കുന്ന വരന്റെ കൂട്ടുകാര്‍ക്കുവേണ്ടിയുള്ള പുതിയാപ്ല സല്‍ക്കാരം എന്ന തീറ്റമത്സരം!... പെണ്ണിന്‌ ഗര്‍ഭമായത്‌ മുതല്‍ പ്രസവിച്ച്‌ തൊണ്ണൂറ്‌ കഴിയുന്നത്‌ വരേയുള്ള മാമൂലുകളുടെ പ്രളയം. അങ്ങനെ ആപട്ടിക നീണ്ടുപോകുന്നു.

സത്യത്തില്‍ നമ്മുടെ സന്തോഷങ്ങളുടെ പേരില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതാന്‍ നമുക്കെന്താണ്‌ പറ്റാത്തത്‌? സ്‌നേഹത്തോടെ സമ്മാനങ്ങള്‍ കൊണ്ടുവരുന്നവരെ സ്‌നേഹത്തോടെതന്നെ ഒരുതവണ മടക്കിയാല്‍ നമ്മുടെ ഇടയില്‍ നിന്നും ഈഏര്‍പ്പാട്‌ എടുത്തുപോകില്ലേ?

ബന്ധുക്കളിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ പലരും തയ്യാറാകുന്നില്ല. ഇങ്ങനെ മാമൂലുകള്‍ക്കുവേണ്ടി ദുര്‍വ്യയം ചെയ്യുന്ന പണം ഓരോരുത്തരും തങ്ങളുടെ ബന്ധുമിത്രാദികളിലെ സാധുക്കളെ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാത്തവിധത്തില്‍ രഹസ്യമായിസഹായിക്കാന്‍ വിനിയോഗിച്ചാല്‍ നിശ്ശബ്ദമായി ദാരിദ്ര്യം നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചുനീക്കാന്‍ പറ്റില്ലെ?


ഇല്ലാത്തവനെ കൂടുതലില്ലാത്തവനാക്കുന്ന ഈ സ്ത്രീധനവും മാമൂലുകളും ഇല്ലായ്മചെയ്യാന്‍ ദൈവം സമ്പത്ത്‌ തന്ന് അനുഗ്രഹിച്ചവരും അല്ലാത്തവരുമെല്ലാം ഒരുമിച്ച്‌ ശ്രമിച്ചെങ്കിലേ സാധ്യമാകൂ. അതുകൊണ്ട്‌ നാമോരോരുത്തരും പ്രതിജ്ഞയെടുക്കുക.
‘ഞാന്‍ സ്ത്രീധനം വാങ്ങില്ല. ഈ മാമൂലുകളനുഷ്ടിക്കില്ല.! എന്റെ മക്കളേയോ സഹോദരങ്ങളെയോ ഞാനതിനനുവദിക്കില്ല.!‘
ഇതല്ലാതെ ഇതിനൊരു പ്രതിവിധിയുമില്ല. അല്ലാത്ത എഴുത്തും പ്രസംഗവുമെല്ലാം വൃഥാവാണ്‌.

വാല്‍കഷണം:- പെണ്‍കുട്ടികള്‍ പിറന്നാല്‍ സന്തോഷിക്കുന്ന,സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പുരനിറഞ്ഞ്‌ നില്‍ക്കേണ്ടിവരാത്ത, ഒരുസ്ത്രീയും സ്ത്രീധനത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടാത്ത, മാമൂലുകളുടെ നീരാളിപ്പിടുത്തത്തില്‍ശ്വാസം മുട്ടുന്നവരുടെയും അപമാനിതരാകുന്നവരുടെയും നൊമ്പരങ്ങളില്ലാത്ത ഒരു നല്ലകാലത്തിനായി ഇനിയും നാമെത്രനാള്‍ കാത്തിരിക്കണം?
'സംഗതി ഒക്കെ സര്യാണ്‌. പച്ചെ ഞമ്മക്ക്‌ കിട്ടാനുള്ളത്‌ ഞമ്മക്ക്‌ കിട്ടണം'
എന്ന് കരുതുന്നവര്‍ മണ്ണടിഞ്ഞ്‌ തീരുന്നത്‌വരേയോ?


2007, ജൂലൈ 24, ചൊവ്വാഴ്ച

തലയടിയുടെ പടിക്കല്‍ചരിതം.

തലയടി എന്നത്‌ ഒരു തൃശൂര്‍ ശൈലിയാണ്‌. അതായത്‌ തങ്ങള്‍ തിന്നതിന്റെ പണം മറ്റൊരുത്തനെക്കൊണ്ട്‌ കൊടുപ്പിക്കുന്ന ഏര്‍പ്പാട്‌. ഈ ഓസിതീറ്റക്ക്‌ ഇരയാകാത്തവര്‍ പടിക്കലങ്ങാടിയില്‍ വിരളമായിരിക്കും.

തലയടിയുടെ ആശാന്മാര്‍ക്കും ഇടക്ക്‌ തലവെച്ചുകൊടുക്കേണ്ടി വരുമെങ്കിലും നിത്യവും പലരില്‍നിന്നുമായി അതിന്റെ മുതലും പലിശയും കൂട്ടുപലിശയുമെല്ലാം അവര്‍ ഈടാക്കിയിരിക്കും.

നമ്മുടെ അയല്‍നാട്ടിലെ ഹോട്ടല്‍ വ്യാപാരത്തെ താങ്ങിനിര്‍ത്തുന്നത്‌ ഈ തലയടിസംഘങ്ങളാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഓരോ കാരണങ്ങള്‍ കണ്ടെത്തി തങ്ങളുടെ തീറ്റയുടെ ചെലവ്‌ തലയിലിടാന്‍ ഒരു ഇരയെയും തേടി നടക്കുന്ന സൗഹൃതകൊള്ളക്കാര്‍ക്ക്‌ തങ്ങള്‍ തിന്നുന്നതിന്റെ പണം കൊടുക്കേണ്ടിവരുന്നവന്‍ അത്‌ മനസ്സില്‍ ശപിച്ചുകൊണ്ടാണോ കൊടുക്കുന്നത്‌ എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല. തങ്ങളുടെ ആമാശയത്തില്‍ ഒരുത്തന്റെ മുതല്‌ കൂടി കയറിയതിലുള്ള ആശ്വാസത്തിലായിരിക്കും അവര്‍.

ഭാര്യ പെറ്റതിന്‌മുതല്‍ ബാപ്പമരിച്ചതിന്‌ വരേ ചെലവ്‌ ചെയ്യിക്കുന്നു.(ബാപ്പ മരിച്ചില്ലെ? ഇനി സ്വത്തെല്ലാം നിനക്കല്ലെ? എന്നുംചോദിച്ച്‌ ചെലവ്‌ ചെയ്യിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്‌.)

ഇനി ഒരു ഇരയെയും കിട്ടിയില്ലെങ്കില്‍ തലയടിക്കാര്‍ പുതിയ തന്ത്രം പയറ്റും. 'സൂപ്പറിടല്‍!' കൂടെയുള്ളവരുടെയെല്ലാം പേരെഴുതി നറുക്കിടും അതില്‍ ആര്‍ക്കാണോ നറുക്ക്‌ വീണത്‌ അയാള്‍ വേണം അവിടെയുള്ളവര്‍ടെ മുഴുവന്‍ തീറ്റയുടെചെലവും വഹിക്കാന്‍! നാണക്കേട്‌ ഭയന്ന് നറുക്ക്‌ വീണവന്‍ ചെലവ്‌ ചെയ്യേണ്ടിവരുന്നു.

ഒരുപക്ഷെ നറുക്ക്‌ വീണവന്‍ നാളെ വീട്ടിലേക്ക്‌ അരിവാങ്ങാന്‍ വെച്ചപണമായിരിക്കുംഹോട്ടലില്‍ കൊടുക്കേണ്ടിവരുന്നത്‌. എല്ലാവരും ഹോട്ടലിലിരുന്ന് കടിച്ചുകീറുമ്പോള്‍ നാളെ അരിവാങ്ങാന്‍ എവിടുന്ന് കടം വാങ്ങുമെന്നറിയാതെ പിടക്കുന്ന ഒരു ഹൃദയം അവര്‍ക്കിടയിലുണ്ടാകും.

മറ്റുള്ളവരുടെ കഫം തിന്നുന്ന, സൗഹൃദത്തിന്‌ വിലപറയുന്ന ഈ ഏര്‍പ്പാട്‌ നാം നിര്‍‌ത്തേണ്ടിയിരിക്കുന്നു.

ആവശ്യമില്ലാതെ അജീനാമോട്ടോ പോലുള്ള വിഷപദാര്‍ത്ഥങ്ങളടങ്ങിയ ഹോട്ടല്‍ ഭക്ഷണമാണെന്നറിയാമെങ്കിലും വെറുതെകിട്ടിയാല്‍കുമ്മായവും തിന്നുന്ന ഈ ആര്‍ത്തി നാം നിര്‍ത്തിയേതീരൂ.

മനസ്സറിഞ്ഞ്‌ ആരെങ്കിലും മറ്റുള്ളവരെ സല്‍ക്കരിക്കുന്നതോ,കൂട്ടുകാരന്റെ സാമ്പത്തികസ്ഥിതി അറിഞ്ഞ്‌ ബില്ല് പേ ചെയ്യുന്നതോ അല്ല തലയടി. നിര്‍ബന്ധിച്ചോ ആവശ്യപ്പെട്ടോ മറ്റൊരുത്തനെ കൊണ്ട്‌ ബില്‍ പേ ചെയ്യിക്കുന്നതാണ്‌. കൊടുത്തില്ലെങ്കില്‍ നാണക്കേടല്ലേ എന്നോര്‍ത്ത്‌ ഇരയാക്കപ്പെടുന്നവന്‍ പണം കൊടുക്കേണ്ടി വരുന്നു.

തന്മൂലം നമ്മുടെ സൗഹൃദങ്ങള്‍ ചെലവേറിയതാകുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കുന്നവര്‍ പിശുക്കന്മാരായി മുദ്രയടിക്കപ്പെടുന്നു. നാട്ടില്‍ കഷ്ടപ്പെട്ട്‌ അധ്വാനിക്കുന്നവന്റെ പണം ഒന്നിനും തികയാതെവരുന്നു. ഈ ദുരവസ്ഥ നാമൊന്ന് മനസ്സ്‌ വെച്ചാല്‍ നമുക്ക്‌ മാറ്റിയെടുക്കാന്‍ പറ്റുന്നതല്ലെ?.

അനാവശ്യമായ ഇത്തരം ശാപ്പാടുകള്‍ മൂലം ആരോഗ്യവും സമ്പത്തും സ്‌നേഹവും നഷ്ടപ്പെടുത്തണോ?
അതിക്രൂരമായി ഇങ്ങനെ ഇരയാക്കപ്പെട്ട ശേഷം പടിക്കലെ എല്ലാകമ്പനികളുമായും ബന്ധം വിഛേദിച്ച്‌ ഇന്നും കഴിയുന്ന ഒരുകാലത്തെ പടിക്കലെ സൗഹൃദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന ഒരു മാന്യ ദേഹത്തെ ഈവേളയില്‍ അനുസ്മരിക്കുകയാണ്‌. ഇന്നും അദ്ധേഹം മനസ്സില്‍ ആദുരനുഭവം കൊണ്ടുനടക്കുന്നുണ്ടെങ്കില്‍ സൗഹൃദത്തിന്റെ പേരില്‍ അവനോട്‌ നമ്മില്‍ ചിലര്‍ ചെയ്തത്‌ എന്തുമാത്രം കൊടിയപാപമായിരുന്നു എന്ന് നാം ഓര്‍ക്കണം. ഒരിക്കലും പണം കൊടുക്കേണ്ടിവന്നതായിരിക്കില്ല അദ്ധേഹത്തെ വേദനിപ്പിച്ചത്‌ തന്നെ ഇരയാക്കിയതിലെ ചതി തിരിച്ചറിഞ്ഞതായിരിക്കണം.

അതുകൊണ്ട്‌ നമ്മുടെ നാട്ടിലെ സൗഹൃദങ്ങള്‍ ഊഷ്മളമായി നിലനില്‍ക്കാന്‍ ഈ ചൂഷണം നാം നിര്‍‌ത്തേണ്ടിയിരിക്കുന്നു. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ അവനവന്റെ പണം അവനവന്‍ കൊടുക്കട്ടെ. അതൊരു കുറച്ചിലായി കാണേണ്ടതില്ല. സ്വന്തം ബില്ല് അന്യനെക്കൊണ്ട്‌ പേചെയ്യിക്കാതിരിക്കുക. സുഹൃത്ത് സാമ്പത്തിക പരാധീനത അനുഭവിക്കുന്നവനല്ലെങ്കില്‍ അവന്റെ ബില്ല് കയറി പേചെയ്യാതെയുമിരിക്കുക. അങ്ങനെ ഇതൊരു നാട്ടുനടപ്പായി മാറട്ടെ.

വാല്‍കഷണം:- എം.ടി. തന്റെ ഒരുകഥയില്‍ ഒരു സുഹൃത്തിനെ പരിചയപ്പെടുത്തുന്നുണ്ട്‌. അദ്ധേഹം തന്റെ സുഹൃത്തിനോടൊന്നിച്ച്‌ ബസ്‌ യാത്രചെയ്യുമ്പോള്‍ സുഹൃത്തിന്റെ ബസ്‌ചാര്‍ജ്ജായ എട്ടണകൂടി കണ്ടെക്ടറെ ഏല്‍പ്പിച്ചു. ബസ്സിറങ്ങി രണ്ടുപേരും നടന്നുപോകുമ്പോള്‍ സുഹൃത്ത്‌ തന്റെ ബസ്‌ചാര്‍ജ്ജായ എട്ടണ അദ്ധേഹത്തിനു കൊടുക്കുന്നു. വാങ്ങാന്‍ കൂട്ടാക്കാത്ത അദ്ധേഹത്തെ അത്‌ നിര്‍ബന്ധപൂര്‍വ്വം ഏല്‍പ്പിച്ചുകൊണ്ട്‌ സുഹൃത്ത്‌ പറയും
'സ്‌നേഹത്തിലേ എനിക്ക്‌ വിശ്വാസമുള്ളൂ. കടപ്പാടുകള്‍ വേണ്ടാ...
എട്ടണയായാലും കടപ്പാടാണ്‌. നമ്മള്‍തമ്മിലായാല്‍ കൂടി!'.

2007, ജൂലൈ 15, ഞായറാഴ്‌ച

വേണോ നമുക്കീ മരണത്തിന്റെ ഇരുചക്ര രഥം?

ഹെല്‍മെറ്റ്‌ ധരിക്കണോ വേണ്ടയോ എന്ന ചര്‍ച്ചയേക്കാള്‍ ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമാണ്‌ സദാസമയവും വാഹനങ്ങള്‍ ഇരമ്പിയോടുന്ന നാഷണല്‍ ഹൈവേ പതിനേഴിന്റെ ഇരുവശങ്ങളിലുമായി ജീവിക്കുന്ന പടിക്കല്‍കാര്‍ക്ക്‌ ബൈക്ക്‌ വേണോ വേണ്ടയോ എന്നത്‌.

പി.കെ. റഹീം മാസ്‌റ്ററെപ്പോലെയുള്ള നിസ്വാര്‍ത്ഥരായ പൊതുപ്രവര്‍ത്തകരെയടക്കം നമുക്ക്‌ നഷ്ടപ്പെടുവാനും നിരവധി യുവത്വങ്ങള്‍ അംഗവൈകല്യങ്ങളാല്‍ നരകിക്കുവാനും കാരണമായ രണ്ടേരണ്ട്‌ ചക്രത്തിന്മേലുള്ള ഈ ഞാണിന്മേല്‍കളി നമുക്കുവേണോ?

വീരസാഹസങ്ങള്‍ വിനോദങ്ങളാകുന്ന യുവത്വത്തിന്റെ ചോരത്തിളപ്പില്‍ കാണിക്കുന്ന സാഹസങ്ങള്‍ സ്വന്തം കുടുംബത്തെ തോരാകണ്ണീരിലാഴ്ത്തുമെന്നോ ഒരുപക്ഷെ സ്വന്തം ജീവിതം ഇരുളടഞ്ഞതാക്കുമെന്നോ പലരും ചിന്തിക്കാറില്ല.

'ഒരിക്കലും എത്താതിരിക്കുന്നതിലും നല്ലതല്ലേ അല്‍പ്പം വൈകിയെത്തുന്നത്‌?' എന്ന ട്രാഫിക്‌ മുന്നറിയിപ്പ്‌ മിക്കവരും സ്വന്തത്തോട്‌ ചോദിക്കാറുമില്ല.

ഇരുചക്രത്തിലാണ്‌ താന്‍ സഞ്ചരിക്കുന്നതെന്ന ബോധമില്ലാതെ മിന്നല്‍പിണറുകളായി പെണ്‍കിടാങ്ങളുടെ ഖല്‍ബുകളിലേക്ക്‌ തുളഞ്ഞുകയറാന്‍ വെമ്പുന്നവരെയും,തിരക്കിട്ട ജീവിതയാത്രയില്‍ എത്തിപ്പെടാനാവാത്തയിടങ്ങളിലെല്ലാം എത്തിപ്പെടാന്‍ ബൈക്കുകളെ ആശ്രയിക്കുന്നവരെയും,ബിസിനസ്സിന്റെ ഗോഥയില്‍ ഇരുചക്രരഥത്തിലേറി യുദ്ധം നയിക്കുന്നവരെയുമെല്ലാം ആയിര‍മായിരം പ്രതീക്ഷകളുടെ കനകസിംഹാസനത്തില്‍നിന്ന് മരണത്തിന്റെ നഷ്ടപ്പെടലിലേക്ക്‌ വലിച്ചെറിഞ്ഞുകൊണ്ട്‌ ബൈക്കുകള്‍ കൊലച്ചിരി ചിരിക്കുന്നു.

ദിവസവും ബൈക്കപകടവാര്‍ത്തകള്‍ പത്രത്തില്‍ വായിക്കുന്നവരും, പലപ്പോഴും നേരിട്ട്‌ കണ്ടിട്ടുള്ളവരും, ബൈക്കപകടത്തിന്‌ ഇരയായി ജീവന്‍ തിരിച്ചുകിട്ടിയവരുമെല്ലാം വീണ്ടും ബൈക്കിലേറി പറപറക്കുന്നത്‌ നമുക്ക്‌ കാണാം.

മഴയത്തോ വെയിലത്തോ സുഖകരമല്ലാത്ത യാത്രനല്‍കുന്ന, മിക്ക അപകടങ്ങളിലും ഒരു കണ്ണിയായി കാണപ്പെടുന്ന ഈ മരണവണ്ടി നല്‍കുന്ന ചെറിയ സൗകര്യം മാത്രം നോക്കി അതിനെ സ്വന്തമാക്കാനുള്ള ത്വര നമ്മുടെ യുവാക്കള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

ടാക്സികള്‍ വിളിച്ച്‌ അത്യാവശ്യയാത്രകള്‍ ചെയ്യേണ്ടിവന്നാലും ബൈക്കിനെ തീറ്റിപോറ്റാനുള്ള ചെലവ്‌ വച്ചുനോക്കുമ്പോള്‍ അതൊരിക്കലും സാമ്പത്തിക നഷ്ടമായിരിക്കില്ല.

വിലക്കുറവും ആകര്‍ഷണീയതയും,യുവത്വത്തിന്റെ എന്നും നിലനില്‍ക്കുന്ന ട്രെന്റ്‌ എന്ന ഖ്യാതിയും പെട്ടെന്ന് എവിടെയും പാഞ്ഞെത്താനുള്ള സൗകര്യവും ബൈക്കിനുണ്ടാകും. എന്നാല്‍ ഈഗുണങ്ങളെ യെല്ലാം മറികടക്കുന്നതാണ്‌ അതിന്റെ ദോഷങ്ങള്‍. കാരണം ബൈക്കിന്റെ ഏറ്റവും അടുത്ത ചങ്ങാതി മരണമാണ്‌.

ബൈക്കുകളില്‍ പരക്കം പായുന്നവര്‍ മാത്രമല്ല വളരെ ശ്രദ്ധയോടെ ബൈക്ക്‌ ഓടിക്കുന്നവരുടെ ജീവന്‍ വരെ നടുറോഡില്‍ ഹോമിക്കപ്പെടുന്നു.

എല്ലാവാഹനങ്ങളും അപകടങ്ങളുണ്ടാക്കുന്നില്ലേ? എന്തിനാണ്‌ ബൈക്കിനെ മാത്രം കുറ്റപ്പെടുത്തുന്നത്‌? എന്ന് ചോദിക്കുന്നവരുണ്ടാകും. ഒരിക്കലും മറ്റുവാഹനങ്ങള്‍പോലെയല്ല ബൈക്ക്‌. അതിന്റെ പുറത്ത്‌ കയറിയതുമുതല്‍ ഇറങ്ങുംവരെ ശരീരം മുഴുവന്‍ ബാലന്‍സ്‌ ചെയ്ത്‌ യാത്രചെയ്യേണ്ടതും ആയന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ പൂര്‍‌ണ്ണ ശ്രദ്ധയോടെ നിയന്ത്രിക്കേണ്ടതുമായ വെറും രണ്ട്‌ ചക്രത്തില്‍ ചലിക്കുന്നവാഹനമാണിത്‌.

അല്‍പ്പം പ്രാക്ടീസ്‌ ലഭിച്ചാല്‍ അനായാസം ഇത്‌ ചെയ്യാനാകുമെങ്കിലും ഏതുസമയവും എന്തും സംഭവിക്കാം.ചെറിയൊരു അശ്രദ്ധമാത്രം മതി അപകടം സംഭവിക്കാന്‍!.

മാത്രമല്ല പരിധിക്കപ്പുറത്തെവേഗതയിലോടുന്ന ബൈക്കിനെ പെട്ടെന്ന് പിടിച്ചുനിര്‍ത്താനാവില്ല. വലിയവാഹനങ്ങളോടിക്കുന്നവര്‍ ഈ കൊച്ചുബൈക്കിനെ വേണ്ടപോലെ ഗൗനിക്കുകയുമില്ല. ഇതുമൂലം എത്രയോ അപകടങ്ങളുണ്ടായിരിക്കുന്നു.

വാഹനങ്ങള്‍ ചീറിപ്പായുന്ന നമ്മുടെ ദേശീയപാതയിലാണ്‌ ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്നത്‌. ബൈക്ക്‌ ഇടിക്കുമ്പോള്‍ അതില്‍ യാത്രചെയ്യുന്നവര്‍ മറ്റുവാഹനങ്ങളിലെപോലെ സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ തെറിച്ചുപോവുകയും മരിക്കുകയോ മാരകമായി ക്ഷതമേല്‍ക്കുകയോ ചെയ്യാം. മറ്റുവാഹനങ്ങളെ അപേക്ഷിച്ച്‌ ചെറിയ അപകടം മതി ബൈക്ക് യാത്രക്കാരന്റെ ജീവന്‍ നഷ്ടമാവാന്‍. ഇതെല്ലാം ബൈക്കിനെ അപകടത്തിന്റെ കാര്യത്തില്‍ മറ്റുവാഹനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നു.

ബൈക്കും കൊണ്ട്‌ പറക്കുന്നവരുടെയെല്ലാം ഉള്ളില്‍ തന്റെ ഡ്രൈവിംഗിന്റെ കൃത്യതയെക്കുറിച്ചുള്ള അമിതവിശ്വാസമായിരിക്കും. പക്ഷെ അത്‌ തെറ്റായിരുന്നെന്ന് മനസ്സിലാകുമ്പോഴേക്കും ഒരുപക്ഷേ വീണ്ടും ബൈക്കോടിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും.

സ്‌നേഹനിധിയായ പിതാവോ,സഹോദരനോ തന്റെ പ്രിയപ്പെട്ട മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഏറെ സ്‌നേഹത്തോടെ സമ്മാനിക്കുന്ന ബൈക്കുകള്‍ അവരുടെ കൊലക്കയറായിരുന്നു എന്ന് തിരിച്ചരിയുമ്പോഴേക്കും നഷ്ടപ്പെടേണ്ടത്‌ നഷ്ടപ്പെട്ടിരിക്കും.

അതുകൊണ്ട്‌ ബൈക്ക്‌ വാങ്ങുകയോ വാങ്ങിക്കൊടുക്കുകയോ ചെയ്യുന്നതിന്‌ മുമ്പ്‌ ഏറ്റവും ചുരുങ്ങിയത്‌ ഒരു നൂറ്‌ വട്ടമെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.

വാല്‍കഷ്ണം:- എത്ര അപകടങ്ങള്‍ കണ്ടാലും കൊണ്ടാലും പിന്നെയും ജനം ബൈക്ക്‌ വാങ്ങും. അവര്‍ക്ക്‌ പറയാനുള്ളത്‌ ഇതാണ്‌.
'അപകടം പറ്റുന്നതും മരണപ്പെടുന്നതുമെല്ലാം അവരവരുടെ വിധിയാണ്, ബൈക്കില്‍ കയറിയില്ലെങ്കിലും അപകടപ്പെടാം'.
കഴുത്തില്‍ കയറിട്ട്‌ തൂങ്ങിയാല്‍ മരിക്കും എന്ന് എല്ലാവര്‍ക്കും അറിയാം അങ്ങിനെ മരിക്കുന്നതും മരിക്കുന്നവരുടെ വിധിതന്നെയായിരിക്കുമല്ലോ!.

2007, ജൂലൈ 5, വ്യാഴാഴ്‌ച

നാടിന് ലഹരിപിടിക്കുന്നു!. നാടുനന്നാക്കേണ്ടവര്‍ വീണ മീട്ടുന്നു!!...

ദുശ്ശീലങ്ങള്‍ മാന്ന്യതയുടെ ലക്ഷണമായികാണുന്ന കാലമായി മാറിയിരിക്കുകയാണിന്ന്. വലിയും കുടിയുമൊന്നുമില്ലാത്തവന്‍ അപരിഷ്കൃതനായി മുദ്രയടിക്കപ്പെടുന്നു.

മുമ്പ്‌ വിവാഹാലോചനകള്‍ നടക്കുമ്പോള്‍ ചെക്കന്‌ അല്‍പ്പം വെള്ളമടിയുണ്ടെന്നറിഞ്ഞാല്‍ അവനെത്രവലിയ പണക്കാരണാണെങ്കിലും വേണ്ടെന്ന് പറഞ്ഞിരുന്ന സ്ഥാനത്ത്‌ ഇന്ന് ചെറുപ്പക്കാരായാല്‍ അല്ലറചില്ലറ ദുശ്ശീലങ്ങളെല്ലാം ഉണ്ടാകും എന്ന് അഭിപ്രായപ്പെടുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങളെത്തിയിരിക്കുന്നു.

സ്വന്തം മകള്‍ക്ക്‌ അല്ലെങ്കില്‍ സഹോദരിക്ക്‌ ഒരു കുടിയനെ ഭര്‍ത്താവായികിട്ടുന്നതില്‍ ഉല്‍ക്കണ്ഠയില്ലാത്തവരായി നമ്മില്‍പലരും മാറിയിരിക്കുന്നു.

നമ്മുടെ നാട്ടില്‍ മിക്ക വിവാഹതലേരാത്രികളിലും അതീവ രഹസ്യമായും കാരണവന്മാരുടെ കണ്ണ്‌വെട്ടിച്ചും ചിലയിടങ്ങലില്‍ അല്‍പ്പസ്വല്‍പ്പം പരസ്യമായും മദ്യസല്‍ക്കാരങ്ങല്‍ നടത്തുന്നത്‌ പതിവായിട്ട്‌ നാളുകളേറെയായി. മുമ്പ്‌ ഒരാള്‍ തന്റെ വിവാഹം ക്ഷണിക്കാന്‍ ഇത്തരം ചെറുപ്പക്കാരുടെ അടുത്ത്‌ ചെന്നാല്‍ 'ഫുള്ളുണ്ടോ എന്നാല്‍ ഞങ്ങള്‍ വരാം' എന്നായിരുന്നു മറുപടി. ഇന്നത്‌ മാറി 'കെയ്‌സുണ്ടോ' എന്ന് ചോദിക്കുന്നിടത്തെത്തിയിരിക്കുന്നു. അതായത്‌ വിവാഹതലേന്ന് ഇവര്‍ക്കുവേണ്ടി ഒരുകെയ്സ്‌ മദ്യം കരുതണമെന്നതാണ്‌ ഇന്നത്തെ അലിഖിതനിയമം. പലചെറുപ്പക്കാരും മദ്യസേവയില്‍ ഹരിശ്രീ കുറിക്കുന്നതും ഇത്തരം വിവാഹതലേപാര്‍ട്ടികളില്‍നിന്നാണ്‌. കൂട്ടുകാര്‍ക്കിടയില്‍ ഞാനും മോശക്കാരനല്ല എന്ന് തെളിയിക്കേണ്ട അഭിമാനത്തിന്റെ പ്രശ്നമായാണ്‌ പലരും ഇതിനെ കാണുന്നത്‌.

ഇത്‌ വായിക്കുന്ന കാരണവന്മാര്‍ ഞെട്ടിയെന്നിരിക്കും നമ്മുടെ നാട്ടിലെ കാര്യംതന്നെയാണോ ഈപറയുന്നത്‌? എന്നവര്‍ അമ്പരക്കുന്നുണ്ടാകും. നിങ്ങള്‍ ഞെട്ടിയേതീരൂ. നിങ്ങളുടെമുന്നില്‍ മാന്ന്യരായി നടക്കുന്ന പലരുടെയും നിങ്ങള്‍കാണാത്തമുഖമാണിത്‌. യുവത്വത്തിന്റെ പുതിയ ട്രെന്റാണിതെല്ലാം.

സിഗരറ്റ്‌ വലിയോട്‌ പരിഷ്കൃതരായ പലചെറുപ്പക്കാരും വിമുഖത കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. കാരണം സിഗരറ്റ്‌ പരത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍, നാറ്റം തുടങ്ങിയവയെക്കുറിച്ച്‌ ബോധവാന്മാരായതുകൊണ്ടോ രഹസ്യമാക്കി വെക്കാന്‍ പറ്റാത്ത ഈ ദുശ്ശീലം ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഇല്ലാത്തതുകൊണ്ടോആയിരിക്കാം ഇങ്ങിനെ സംഭവിച്ചത്‌.

എന്നാല്‍ സിനിമകളില്‍നിന്നും പരസ്യങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്‌ ആരും കാണാതെ രണ്ട്‌ 'വീശിയാല്‍'ഞാനും എല്ലാത്തിനും പോന്നവനായി എന്ന ധാരണയും കൂട്ടുകാര്‍ക്കിടയില്‍ പേന്തുന്ന പെഗ്ഗിന്റെ എണ്ണം കൂടിയാല്‍ കിട്ടുന്ന കുപ്രസിദ്ധിയും പലരെയും മദ്യപാനത്തിലേക്കാകര്‍ഷിക്കുന്നു എന്നതാണ്‌ വസ്തുത. മിക്കവരും പറയുന്ന ന്യായവും രസകരമാണ്‌. 'എയ്‌! ഞാനങ്ങനെ ശീലമാക്കീട്ടൊന്നുല്ല്യ എടക്ക്‌ കമ്പനിക്ക്‌ എപ്പോഴേങ്കിലും ഒന്ന് '. ഈകമ്പനികള്‍ പിന്നീട്‌ ഇടക്കിടക്ക്‌ കൂടേണ്ടി വരുന്നതും പതുക്കെ പതുക്കെ തന്റെ ദുഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമെല്ലാം മദ്യ സേവ കൂടിയേതീരൂ എന്നനിലയിലേക്കെത്തുകയും ചെയ്യുന്നു.

മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മദ്യത്തിനെതിരായുള്ള ദൈവ ശാസന നന്നായി അറിയുന്നവരും പഠിച്ചവരുമാണ്‌ ഈ കമ്പനികൂടുന്നവരില്‍ അധികമാളുകളും എന്നതാണ്‌ ദുഖകരം. മദ്യപാനത്തിന്‌ യഥാര്‍ത്ഥ ശിക്ഷനല്‍കുന്നവന്‍ സര്‍വ്വ ശക്തനാണെന്നറിഞ്ഞിട്ടും അവര്‍ അവനെ ഭയപ്പെടാതെ അവനേക്കാള്‍ എത്രയോ ചെറിയ ശിക്ഷ നല്‍കാന്‍ കഴിയുന്ന നാട്ടുകാരെയോ വീട്ടുകാരെയോ ഭയപ്പെടുന്നു. കഠിനമായും ശാശ്വതമായും ശിക്ഷിക്കുന്ന ദൈവം ഇതെല്ലാം കണുന്നു എന്ന കാര്യം വിസ്മരിക്കുന്നു. കമ്പനിക്ക്‌ കുടിച്ചാലും കുടിശീലമാക്കിയാലും അവനില്‍ നിന്നും ഇളവുകളൊന്നും ലഭിക്കുകയില്ല എന്നകാര്യവും അവര്‍‌ക്കോര്‍മ്മ വരുന്നില്ല.

ധാര്‍മ്മികമായി വളരെ ഉന്നതിയില്‍ നിന്നിരുന്ന നമ്മുടെ നാട്ടിലെ യുവാക്കളില്‍ നല്ലൊരു വിഭാഗം ലഹരിയുടെ പുതുമേഖലകള്‍ തേടുകയാണ്‌. ചേളാരി നഗരമായി രൂപാന്തരപ്പെട്ടതോടെ മദ്യ-മയക്കുമരുന്നിന്റെ കൂടി കേന്ദ്രമായി മാറിയതിന്റെ ഫലം നമ്മുടെ നാടിനെകൂടി മലീമസമാക്കിക്കൊണ്ടിരിക്കുന്നു. നാടിനെ നശിപ്പിക്കുന്ന ഈ വിപത്തുകള്‍ കൊണ്ടുവരുന്നവരെയും വിതരണം ചെയ്യുന്നവരെയും കയ്യോടെ പിടികൂടി കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ഇതിന്റെ യെല്ലാം എജന്റായി പ്രവര്‍ത്തിക്കുന്നവരെയും വിവാഹ തലേ രാത്രികളില്‍ മദ്യസല്‍ക്കാരം നടത്തുന്നവരേയും നിരീക്ഷിച്ച്‌ മാതൃകാപരമായി ശിക്ഷിക്കാന്‍ ആര്‍ജ്ജവമുള്ളവര്‍ നമ്മുടെ നാട്ടില്‍ വളര്‍ന്നുവരേണ്ടിയിരിക്കുന്നു.

വിഭാഗീയത തലക്ക്‍പിടിച്ച്‌ മറുവിഭാഗം ചെയ്യുന്ന ചെറുതെറ്റുകളോ അവരുടെ നാക്കില്‍നിന്ന് മുമ്പെപ്പൊഴോ വീണുപോയ പിഴവുകളോ പോലും തേടിപ്പിടിച്ച്‌ കവലയില്‍ മൈക്ക്‌ കെട്ടി ഛര്‍ദ്ദിച്ച്‌ വിഷ്വല്‍ മീഡിയവരേ ഉപയോഗിച്ച്‌ വിഴുപ്പലക്കാന്‍ നാം കാണിക്കുന്ന മിടുക്കിന്റെ ചെറിയൊരംശം മതി നമ്മുടെ നാട്‌ നന്നാവാന്‍!.

അല്ലെങ്കിലും നാട്‌ നന്നാവാന്‍ ഇവിടെ ആര്‍ക്കാണ്‌ താല്‍പ്പര്യം?. എങ്ങിനെയെങ്കിലും എതിരാളിയെ കൊച്ചാക്കണം സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കണം അതിലപ്പുറമെന്ത്‌ പൊതുപ്രവര്‍ത്തനം?

നമ്മുടെ മനസ്സുകള്‍ ചീഞ്ഞുനാറിയിരിക്കുന്നു. സ്വന്തം കണ്‍മുന്നിലെ ജീര്‍‌ണ്ണതകള്‍ നോക്കാതെ ഒരു ഫലവുമില്ലാത്ത ഈ തര്‍ക്കങ്ങള്‍കൊണ്ട്‌ നമ്മളെന്ത്‌ നേടി?

ചിലര്‍ അവനവന്റെ മക്കളോ കുടുമ്പാംഗങ്ങളോ അത്തരം ചീത്തപ്രവര്‍ത്തിയൊന്നും ചെയ്യുന്നില്ലെന്ന് തെറ്റിദ്ധരിക്കുന്നു. അതെല്ലാം ആരാന്റെ മക്കളല്ലെ അവരെങ്ങിനെയെങ്കിലും ആയിക്കോട്ടെ നമുക്കൊന്നുമില്ല എന്ന് ചിന്തിക്കുന്നു. നാട്‌ മുഴുവന്‍ ചീഞ്ഞ്നാറുമ്പോള്‍ സ്വന്തം സിംഹാസനം മാത്രം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിച്ച്‌ അവസാനം പുഴുക്കടിയേറ്റ്‌ മരിച്ച പരീക്ഷിത്ത്‌ രാജാവിന്റെ ഗതിയായിരിക്കും ഇത്തരക്കാര്‍ക്കുണ്ടാവുക. അതുകൊണ്ട്‌ നമ്മെളെല്ലാം ഈവിപത്തിനെതിരെ ഉണര്‍‌ന്നേ പറ്റൂ.

ഇനി കയ്യിലെ കാശും മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുംപോലെ കുടിച്ചിട്ട്‌ എന്ത്‌ നേടുന്നു എന്ന് നോക്കാം. സിഗരറ്റും മദ്യവും മനുഷ്യനെ അടിമയാക്കുന്ന കാര്യത്തില്‍ തുല്ല്യരാണ്‌. ആദ്യമാദ്യം അത്‌ ചിലരസങ്ങളെല്ലാം നല്‍കുന്നുണ്ട്‌ എന്ന് തോന്നിക്കും പിന്നെപിന്നെ അതൊരു സുഖവും നല്‍കുന്നില്ല. പക്ഷേ അതില്ലാതിരുന്നാല്‍ അസ്വസ്ഥതകള്‍ തോന്നിക്കും. തന്റെ പ്രശ്നങ്ങള്‍ക്കെല്ലാം അത്‌കഴിച്ചാല്‍ പരിഹാരമുണ്ടാകുമെന്ന് തോന്നിക്കും. പ്രശ്നം സങ്കീര്‍‌ണ്ണമാവുകയല്ലാതെ മദ്യം പ്രശ്നപരിഹാരമാകുന്നില്ല. എന്നാല്‍ അതൊരു പ്രലോഭനമായി മനുഷ്യനെ വേട്ടയാടും. അങ്ങനെ പതുക്കെപതുക്കെ മദ്യം മനുഷ്യനെ തന്റെ അടിമയാക്കിമാറ്റും. ഒരു ഒഴിയാബാധപോലെ അതവനെ പിന്തുടരും.

കണ്ണിറുക്കി മൂക്ക്‌പൊത്തി തീവിഴുങ്ങുംപോലെ ഇത്‌ വിഴുങ്ങി ഉള്ള ബോധവും നഷ്ടപ്പെടുത്തി ചിലപ്പോള്‍ വാളുവെച്ച്‌ തലവേദനയും വാങ്ങി മാനം കപ്പല്‌കയറ്റിവിട്ടിട്ട്‌ എന്ത്‌ സായൂജ്യമാണ്‌ ലഭിക്കുന്നത്‌?. മദ്യം നിരോധിച്ച ദൈവത്തെ വെല്ലു‌വിളിച്ച സായൂജ്യമോ? അതോ തന്നെ മദ്യത്തിനടിമയാക്കിയ പിശാചിനെ സന്തോഷിപ്പിച്ച ആനന്ദമോ?

ഈതലവേദന നല്‍കുന്ന അല്‍പ്പനേരം മാത്രം ലഹരിനല്‍കുന്ന വസ്തുവല്ല യഥാര്‍ത്ഥ മദ്യം . യഥാര്‍ത്ഥമദ്യം നമു‍ക്കായി ദൈവം സ്വര്‍‌ഗ്ഗത്തില്‍ ഒരുക്കിയിട്ടുണ്ട്‌. അതുലഭിക്കുവാന്‍ നിങ്ങള്‍ ഭൂമിയിലെ ഈ നികൃഷ്ടമദ്യം ഉപേക്ഷിക്കണമെന്ന് പറയുമ്പോള്‍ അനശ്വരമായ സ്വര്‍‌ഗ്ഗത്തേക്കാളും അവിടുത്തെ സമാധാനത്തേക്കാളും ഞങ്ങള്‍ക്ക്‌ വലുത്‌ ഈ അല്‍പ്പനേരത്തെ ഇക്കിളിയാണ്‌ എന്ന് കരുതുന്നവന്‍ കുടിക്കട്ടെ! കുടിച്ച്‌ നശിക്കട്ടെ!. പക്ഷെ ഇതൊരു കീഴ്‌വഴക്കമോ ആചാരമോ ആക്കി മാറ്റി നിഷ്കളങ്കരായ യുവാക്കളെ ലഹരിയിലേക്ക് വലിച്ചിഴക്കരുത്. അവരെ ലഹരിക്കടിമകളാക്കാന്‍ നാം സമ്മതിക്കരുത്‌. കൂട്ടത്തില്‍ ഒരുത്തന്‍മദ്യപാനിയായാല്‍ ആകൂട്ടുകെട്ട് മൊത്തം മദ്യത്തിലേക്ക് പോകാന്‍ സമയം അധികം വേണ്ടിവരില്ല.

മദ്യം പോലെ മയക്കുമരുന്നും നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കുന്നു എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പാന്‍പരാഗ്‌ മുതല്‍ ബ്രൗണ്‍ ഷുഗര്‍ വരെ ഈകൊച്ചുനാട്ടില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്‌. ചെറിയൊരു സംഘമാണിതെന്ന് കരുതി നാം ഇത്‌ അവഗണിച്ചുകൂടാ. മുമ്പ്‌ മദ്യപിച്ചിരുന്നവരും ചെറിയൊരു സംഘമായിരുന്നു എന്നത്‌ നാം മറക്കരുത്‌. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രായോഗികമായ ചെറുത്ത്‌നില്‍പ്പ്‌ ജനകീയ കൂട്ടായ്മയാണ്‌. അതുകൊണ്ട്‌ നാമെല്ലാം ഉറക്കം വെടിഞ്ഞ്‌ ഇതിനെതിരെ രംഗത്ത്‌ വരണം.

തമ്മിലടിച്ച്‌ ദുഷിച്ച നമ്മുടെ മനസ്സ്‌ യഥാര്‍ത്ഥ ശത്രുവിനെതിരിച്ചരിഞ്ഞ് അതിനെതിരെ രംഗത്തിറങ്ങട്ടെ. ഒറ്റക്കെട്ടായി പ്രയത്നിച്ചാല്‍ നമുക്ക്‌ മമ്മുടെ നാടിനെ രക്ഷിക്കാം.

2007, ജൂലൈ 1, ഞായറാഴ്‌ച

ഒളിക്യാമറക്കാലം

ആധുനികയുഗം വിവരസാങ്കേതിക വിദ്യയുടെയും ഇലക്‌‍ട്രോണിക്‌‍സ്‌ ഉപകരണങ്ങളുടെയും മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കുമ്പോള്‍ നാം സദാ നമ്മുടെ കണ്ണുകള്‍ തുറന്നുവച്ചേതീരൂ. മനുഷ്യരെ നന്മയിലെത്തിക്കുന്നതും ഉപകാരപ്രതവുമായ പലതും ഈ മേഖലയിലുണ്ടെങ്കിലും അതിനേക്കാലേറെ മനുഷ്യനെ ചീത്തയാക്കുന്ന കാര്യങ്ങളാണ്‌ വിവര സാങ്കേതികരംഗത്ത്‌ വളര്‍ന്നുവരുന്നത്‌. മൂല്യച്യുതികളാണ്‌ പുതുലോകത്തിന്റെ മൂല്യങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്‌.

കമ്പ്യൂട്ടറും ഇന്റര്‍‌നെറ്റുമെല്ലാം പുതുയുഗത്തില്‍ ഒഴിച്ചുകൂടാനാകാത്തവയായി വളര്‍ന്നുവരികയായതിനാല്‍ നമ്മുടെ മക്കള്‍ക്കും അത്തരം വിദ്യനല്‍കല്‍ അത്യാവശ്യമായിവരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശ്രദ്ധ സദാസമയവും അവരില്‍ പതിയേണ്ടിയിരിക്കുന്നു. അവര്‍ വിസിറ്റ്‌ ചെയ്യുന്ന സൈറ്റുകള്‍ അവര്‍ചാറ്റുചെയ്യുന്ന സുഹൃത്തുക്കള്‍ എല്ലാം രഹസ്യമായി നിരീക്ഷിച്ചേപറ്റൂ.

സദാസമയം കമ്പ്യൂട്ടറിനുമുമ്പിലിരിക്കുന്ന മക്കളെ അവര്‍നന്നായിപഠിക്കുകയാണെന്ന് കരുതി ശ്രദ്ധിക്കാതിരിക്കരുത്‌. നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആളില്ലാത്തവരാണ്‌ അധാര്‍മ്മികതയുടെയും കുറ്റകൃത്യങ്ങളുടെയും ലോകത്തെത്തിപ്പെടുന്നത്‌.

ഇലക്‌‍ട്രോണിക്‌ വ്യവസായം നമുക്കെത്തിക്കുന്ന പുതിയപുതിയ കണ്ടുപിടുത്തങ്ങള്‍ പുതുതലമുറ അനാരോഗ്യകരമായ നിലയില്‍ ദുരുപയോഗം ചെയ്യുന്നു എന്നുനാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മൊബെയില്‍ ഫോണുകളും അവയില്‍ ഘടിപ്പിച്ചതും അല്ലാത്തതുമായ ക്യാമറകളും ഇന്ന് നമ്മുടെ സ്വകാര്യതകളെ വരെ ഒപ്പിയെടുത്ത്‌ മാലോകരെ കാണിച്ചേക്കാം .വിളഞ്ഞ ഏതെങ്കിലും ഒരു വിത്തിന്റെ കയ്യില്‍ ഇത്തരം ഉപകരണം കിട്ടിയാല്‍ എവിടെയും ഇത്‌ സംഭവിക്കാം. നമ്മള്‍ സുരക്ഷിതമെന്നുകരുതുന്ന നമ്മുടെ ചുമര്‍‌കെട്ടുകള്‍ക്കുള്ളിലുള്ള സ്വകാര്യതപോലും നമുക്കന്യമായിക്കൊണ്ടിരിക്കുന്നു.

നിഷ്കളങ്കരായ ഗ്രാമീണപെണ്‍കുട്ടികളുടെയും അമ്മമാരുടെയുമെല്ലാം മാനം ഇന്റര്‍നെറ്റിലൂടെ വിറ്റഴിക്കപ്പെടുന്നുവെന്ന് നാം ഞെട്ടലോടെ അറിയുന്നു. അറിവ്‌ കൂടുംതോറും മനുഷ്യന്‍ അധപതിച്ചുകൊണ്ടിരിക്കുന്നു.

സെക്സ്‌ ടൂറിസത്തിന്‌ വേരുറപ്പിക്കുവാന്‍ ഗ്രാമീണ നിഷ്കളങ്കതയെ പാകപ്പെടുത്തുവാന്‍ പറന്നുനടക്കുന്ന കഴുകദംഷ്ടങ്ങള്‍ക്ക്‌ കൈമെയ്‌ മറന്ന് സഹായം ചെയ്യുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇതിനെ നിയന്ത്രിക്കുകയോ അവര്‍ക്കതിന്‌ കഴിയുകയോ ഇല്ല. നമ്മള്‍ ഓരോരുത്തരും അതിന്‌ തയ്യാറാകണം.

സ്വന്തം മക്കളെമാത്രമല്ല നമ്മുടെ സമൂഹത്തെ തന്നെ ധാര്‍മ്മികമായി ഉദ്ധരിക്കാന്‍ നാം പാടുപെടേണ്ടിയിരിക്കുന്നു. കുട്ടികളിലെ അക്രമ അശ്ലീല വാസനകളെ 'സ്മാര്‍ട്ട്‌നെസ്‌' ആയികാണാതെ കര്‍ശനമായി നിയന്ത്രിക്കണം അല്ലെങ്കില്‍ അവര്‍ നമുക്ക്‌ കൈവിട്ടുപോകും സമൂഹത്തിനുമുമ്പില്‍ ഒരുചോദ്യചിഹ്നമായി അവര്‍മാറും.

ഇന്റര്‍‌നെറ്റിനെയും ആധുനികരീതികളെയും കുറ്റപ്പെടുത്തി നാം ഒരിക്കലും കൈകഴുകരുത്‌. ഇന്റര്‍‌നെറ്റ്‌ പുതുയുഗത്തിന്റെ അനിവാര്യതയാണ്‌.പുതുയുഗജീവികളിലെ ഭൂരിപക്ഷത്തിന്റെ അധാര്‍മ്മികത അതില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഇനിയുള്ളകാലത്ത്‌ നന്‍മപകര്‍ന്നുനല്‍കാനും ഇതിനോളം നല്ല മാ‌ര്‍‌ഗ്ഗം വേറെയില്ല എന്നും നാം മനസ്സിലാക്കണം.നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്റര്‍‌നെറ്റിലുണ്ട്‌. നല്ലത്‌ മാത്രം തിരഞ്ഞെടുക്കുക. തിന്മയെ കയ്യൊഴിയുക,അതിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക.

നമ്മുടെ മക്കളെ നന്മയുടെ വഴിയെ നടത്തുക, നാം നേര്‍വഴിക്ക്‌ നടന്നുകൊണ്ട്‌ അവരെ കൂടെനടത്തുക. നമ്മുടെ സമൂഹത്തെയും അങ്ങനെ നടത്താന്‍ പരിശ്രമിക്കുക.

2007, ജൂൺ 26, ചൊവ്വാഴ്ച

ബഹുമാനപ്പെട്ട ‘ഞാന്‍‘ അവര്‍കള്‍

നമ്മുടെ നാട്ടിലെ മിക്കവരെയും ബാധിച്ച ഒരു സ്വഭാവ വൈകൃതമാണ്‌ ഞാന്‍ എന്ന വികാരം. 'ജ്ജ്‌ ന്നതെയച്ചും അറ്യൂലാ', 'ജ്ജ്‌ ന്തേ ന്നക്കുറിച്ച്‌ വിജാരിച്ചത്‌?' 'ഞാനാരാന്നാ അന്റ വിജാരം?'തുടങ്ങിയ നാം നിത്യേന കേട്ടുകൊണ്ടിരിക്കുന്ന ഞാനെന്ന വാലില്ലാത്തവര്‍ നമുക്കിടയില്‍ വളരെ വിരളമായിരിക്കും.

എന്തിനും ഏതിനും ഞാന്‍ അവര്‍കളായിരിക്കണമെന്ന് പലര്‍ക്കും നിര്‍ബന്ധമാണ്‌.'ഓന്‍ അങ്ങനെ ഒരുകാര്യം തൊടങ്ങീട്ട്‌ ഓന്‍ ന്നോട്‌ ചോയ്ച്ചീലാ', 'ന്ന ഓന്‍ ബെക്കണ്ടോടത്ത്‌ ബെക്ക്‍‍ണ്‌ ല്ല്യാ' തുടങ്ങിയ പരാതികള്‍ പലപ്പോഴും കേള്‍ക്കുന്നവരാണ്‌ നാം.ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണമെന്നത്‌ ശരിയാണ്‌. പക്ഷേ ഇങ്ങനെ ബഹുമാനം ഇരന്നുവാങ്ങുന്നത്‌ ലജ്ജാവഹമല്ലേ?.

സത്യത്തില്‍ ഓരോമനുഷ്യനും ഓരോ സ്വതന്ത്രജീവിയാണെന്നത്‌ അംഗീകരിക്കാത്ത അപരിഷ്‌കൃതമായ വളരെ ഇടുങ്ങിയ മനസിന്റെ വികൃതിയാണിത്‌. ദൈവം കനിഞ്ഞുനല്‍കിയ സമ്പത്തോ ആരോഗ്യമോ വിദ്യാഭ്യാസമോ നമ്മെ കേമന്മാരാക്കുമോ?.

മാരകമായ ഒരുരോഗം നല്‍കി ദൈവം പരീക്ഷിച്ചാല്‍ ചികില്‍സിച്ച്‌ കുത്തുപാളയെടുത്ത്‌ പോകാവുന്നതോ ഭൂമിയുടെ പാളികളിലൊരു ചെറിയ ഇളക്കം തട്ടിയാല്‍ തകര്‍ന്ന് തരിപ്പണമാകുന്നതോ ആയ സമ്പത്തിന്റെ പേരിലാണോ നാം അഹങ്കരിക്കുന്നത്‌?.

ഒരു കൊതുക്‌ കടിച്ചാല്‍ വെടിതീരുന്ന, നേരെ നടന്നുപോകുമ്പോള്‍ ഒന്ന് മടക്കിചവിട്ടിയാല്‍ ഞൊണ്ടിനടക്കേണ്ടി വരുന്ന ആരോഗ്യമാണോ നമ്മെ അഹങ്കാരികളാക്കുന്നത്‌?.

നാലക്ഷരം പഠിച്ചതിന്റെ പേരില്‍ അഹങ്കരിക്കുന്നവരാണ്‌ പമ്പരവിഢികള്‍. അറിവിന്റെ ക്ഷേത്രകവാടം സ്വന്തം അജ്ഞതയെക്കുറിച്ചുള്ള തിരിച്ചറിവാണെന്നറിയാത്തവരാണവര്‍. എനിക്കൊന്നുമറിയില്ലെന്ന് സമ്മതിക്കാന്‍ നല്ല അറിവ്‌ വേണം എനിക്കറിയുന്നതിനേക്കാളേറെ അറിയാത്തവയാണെന്നറിയുന്നവനാണ്‌ അറിവുള്ളവന്‍. അവന്‌ അഹങ്കരിക്കാനാവില്ല.

പിന്നെ എന്തിന്റെ പേരിലാണ്‌ നാം അഹങ്കരിക്കുന്നത്‌? ഭൂമിയില്‍ അഹങ്കരിച്ചുനടന്നവരുടെയെല്ലാം അന്ത്യം ദയനീയമായിരുന്നു എന്നതിന്‌ നമുക്കുമുമ്പില്‍ എത്ര തെളിവുകളുണ്ട്‌?.

മറ്റുള്ളവര്‍ തന്നെ ഒരു മഹാനായികാണണമെന്ന് ബുദ്ധിയുള്ളവരാരും കരുതുകയില്ല. ഒരിക്കല്‍ പുകഴ്ത്തിയവര്‍ മറ്റൊരവസരത്തില്‍ തരം താഴ്ത്തുകയും പുഛിക്കുകയും ചെയ്യാന്‍ നിസ്സാരമായ കാരണങ്ങള്‍ മതി. അതുകൊണ്ട്‌ എന്തെങ്കിലും സല്‍പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ദൈവിക പ്രീതിക്കപ്പുറം സമൂഹത്തില്‍ നിന്നൊന്നും പ്രതീക്ഷിക്കരുത്‌.

ദൈവിക പ്രീതി പ്രതീക്ഷിക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും അത്‌ ലഭിക്കും. സമൂഹം തന്നെ മഹാനായികാണണമെന്ന് കരുതുന്നവര്‍ പലപ്പോഴും പരിഹാസ്യരാവുകയാണുണ്ടാവുക.

അതുപോലെത്തന്നെയാണ്‌ കുടുംബത്തെ സേവിക്കുന്നതും. മക്കള്‍ക്കോ കുടുംബ മിത്രാദികള്‍ക്കോ വാരിക്കോരി ക്കൊടുക്കുമ്പോള്‍ ഒരിക്കലും ഇതിന്‌ ഇവര്‍ തനിക്ക്‌ പ്രത്യുപകാരം ചെയ്യുമെന്നോ ഇവരെല്ലാം എന്നും ഇതിനെല്ലാം നന്ദിയുള്ളവരായിരിക്കുമെന്നോ കരുതാന്‍ പാടില്ല. ദൈവം തന്നെ ഏല്‍പ്പിച്ച കടമയാണ്‌ ഞാന്‍ നിര്‍വ്വഹിക്കുന്നതെന്നും ഇതിന്‌ ദൈവം പ്രതിഫലം നല്‍കുമെന്നും മാത്രമേ കരുതാവൂ.

കുടുംബത്തില്‍ നിന്നും തിരിച്ച്‌ പ്രതിഫലം പ്രതീക്ഷിക്കുന്നവര്‍ക്ക്‌ മിക്കപ്പോഴും നിരാശമാത്രമായിരിക്കും ലഭിക്കുക അവസാനം മക്കളെയും കുടുംബത്തെയും വെറുത്ത്‌ മരിക്കേണ്ടി വന്നവര്‍ ഒരുപാടുണ്ട്‌.

മറ്റുള്ളവരുടെ പ്രശംസ ലക്ഷ്യമാക്കിയോ സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ ലക്ഷ്യമാക്കിയോ ആവരുത്‌ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‌ വേണ്ടി നമുക്കാവുന്നത്‌ ചെയ്യണം അനീതികള്‍ക്കെതിരെ പ്രതികരിക്കണം സഹായം വേണ്ടവരെ സഹായിക്കണം അതിന്‌ പ്രതിഫലമായി ദൈവപ്രീതിയും നന്മചെയ്താലുള്ള സംതൃപ്തിയും മാത്രമേ പ്രതീക്ഷിക്കാവൂ.

2007, ജൂൺ 24, ഞായറാഴ്‌ച

ഒരു പെരുമഴക്കാലം കൂടി

നാട്ടില്‍ നല്ല മഴയാണ്‌.മഴവെള്ളത്തില്‍ കടലാസുതോണിയിറക്കിയ കാലവും,നിറഞ്ഞൊലിക്കുന്ന അരിച്ചാലിന്റെ ഓരത്തുകൂടെ കുഞ്ഞിക്കുടയും ചൂടി സ്കൂള്‍വിട്ടുവന്നിരുന്നകാലവുമെല്ലാം കൊടും ചൂടില്‍ പൊരിയുമ്പോഴും പ്രവാസിയുടെ മനസ്സിലേക്ക്‌ വിരുന്നുവരുന്ന കാലം.നാട്ടിലെ മഴ പ്രവാസിയുടെ മനസ്സിലാണ്‌ പെയ്തിറങ്ങുന്നത്‌.

ചേളാരി ചന്തയില്‍ നിന്നും വിത്തും തൈകളും വാങ്ങികൊണ്ടുവന്ന് നട്ടുപിടിപ്പിക്കാന്‍... കളിയാട്ടത്തിന്‌ പോകാന്‍... അങ്ങനെ അവന്റെ ആഗ്രഹങ്ങളുടെ പെരുമഴതുടരുകയാണ്‌.മഴകൊണ്ട്‌ പനിപിടിച്ചാല്‍ ചുട്ടപപ്പടവും കുറിയരിക്കഞ്ഞിയും കുടിച്ച്‌ പനി ആസ്വദിച്ചത്‌... ഭരണിയിലുപ്പിട്ട്‌ വച്ച ഉപ്പുമാങ്ങകൂട്ടി വറുതിയുടെ കര്‍ക്കിടത്തെ വരവേറ്റത്‌...അങ്ങിനെ അവന്റെ നഷ്ടസ്വര്‍ഗ്ഗങ്ങള്‍ ഏണ്ണിയാലൊടുങ്ങാത്തതാണ്‌.

'അതും ഇതും ഓര്‍ത്തിരിക്കാതെ നാല്‌ ചക്രം കൂടുതലുണ്ടാക്കാനുള്ള വഴിനോക്കെടാ' എന്ന് മറ്റുള്ളവരെ ഉപദേശിക്കുന്നവര്‍പോലും ഇടക്കിടെ ഇങ്ങിനെ ചില ഓര്‍മ്മകളില്‍ വീണുപോകുകയും വെറും ചക്രമുണ്ടാക്കുന്ന ജീവിതത്തോട്‌ അല്‍പ്പസമയത്തേക്കെങ്കിലും അവര്‍ക്ക്‌ മടുപ്പ്‌ തോന്നിയിട്ടുമുണ്ടാകാം.

ഇവിടെ വിശ്രമത്തിന്‍ അല്‍പ്പസമയം കിട്ടിയാല്‍ അത്‌ പൂര്‍‌ണ്ണമായി ഉറങ്ങിത്തീര്‍ത്ത്‌ ബാക്കിസമയം മുഴുവന്‍ ജോലിചെയ്ത്‌ ജലദോഷം മുതല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരെ പെനഡോളില്‍ അവസാനിപ്പിച്ച്‌ സമയവും ക്രമവും നോക്കാതെ കിട്ടിയത്‌ വാരിവലിച്ച്‌ തിന്ന് പരോളിലിറങ്ങുന്ന ജയില്‍പുള്ളിയെപ്പോലെ നാട്ടിലെത്തുന്ന ഏതാനും ദിനങ്ങള്‍മാത്രം ജീവിച്ചാല്‍ മതിയെന്ന് തീരുമാനിച്ചവരാണ്‌ പ്രവാസികളില്‍ നല്ലൊരു വിഭാഗവും. മനസ്സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും അവന്‍ നിഴല്‍ പോലെ കൊണ്ടുനടക്കാന്‍ പഠിച്ചിരിക്കുന്നു.അവസാനം മിക്കവരുടെയും സമ്പാദ്യത്തില്‍ കൂടുതലും രോഗങ്ങളായിരിമാറുന്നു.ഗള്‍ഫില്‍ നില്‍ക്കുന്ന വര്‍ഷങ്ങള്‍ കൂടുംതോറും കഴിക്കുന്ന മരുന്ന് കെട്ടിന്റെ ഭാരവും കൂടിവരുന്നു. ഇത്‌ അവരുടെ നിസ്സഹായത അവരില്‍ അടിച്ചേല്‍പ്പിച്ചതാകാം. പക്ഷെ പിരിമുറുക്കങ്ങളെ മനസ്സിലേറ്റാതെ സന്തോഷത്തോടെ പ്രശ്നങ്ങളെ നേരിടാന്‍ ശീലിക്കുകയും എന്തൊക്കെ സംഭവിച്ചാലും അതെല്ലാം സര്‍വ്വശക്തന്റെ മുന്‍ തീരുമാനപ്രകാരമാണ്‌ നടക്കുന്നതെന്ന് ചിന്തിക്കുകയും ഏതാപത്തിലും അവന്റെ സഹായം പ്രതീക്ഷിക്കുകയും ചെയ്താല്‍ നമ്മുടെ മനസ്സില്‍ എപ്പോഴും സന്തോഷം കളിയാടും നാട്ടുകാരുടെയും കൂട്ടുകാരുടെയും കൂട്ടായ്മകളില്‍ പങ്കാളികളായാല്‍ നാം ഒറ്റക്കല്ലെന്ന ബോധം നമ്മുടെ മനസ്സിനെ നിര്‍ഭയമാക്കും . നാമെല്ലാം അങ്ങനെ പക്വമായമനസ്സിന്റെ ഉടമകളായിത്തീരട്ടെ.

2007, ജൂൺ 22, വെള്ളിയാഴ്‌ച

ചെമ്മിണിക്കല്‍ മമ്മുദുകാക്ക

അങ്ങിനെ ചെമ്മിണിക്കല്‍ മമ്മുദുകാക്ക നമ്മോട്‌ വിടപറഞ്ഞു. ഒരുനൂറ്റാണ്ടോളം ജീവിച്ച ആസേവനത്തിന്റെ ആള്‍രൂപം മണ്‍മറഞ്ഞു.

പടിക്കല്‍മഹല്ലില്‍ മമ്മുദുകാക്കയെ അറിയാത്തവരായും ഓര്‍ക്കാത്തവരായും ആരുംതന്നെ ഉണ്ടാവില്ല. നിരവധിപേര്‍ക്ക്‌ അന്ത്യയാത്രചൊല്ലിയ, നിരവധിപേര്‍ക്ക്‌ ബര്‍സഖിന്റെ വീടുകള്‍പണിത കര്‍മ്മോത്സുകനായ മമ്മുദുകാക്ക, സമയമെത്തിയാല്‍ ആരെയും ഒരു നിമിഷം പോലും ബാക്കിവെക്കാത്ത സര്‍വ്വശക്തന്റെ വിളിക്കുത്തരമേകി. സ്വന്തമായുള്ള എല്ലാറ്റിനേക്കാളും പള്ളിയെ സ്‌നേഹിച്ച ആമഹാനുഭാവനോടൊപ്പം നമ്മെയും സര്‍വ്വശക്തന്‍ സ്വര്‍ഗ്ഗാവകാശികളാക്കട്ടെ.

പള്ളിക്കാട്ടിലെ പരേതാത്മാക്കളുടെ തോഴനായി ഇക്കാലമത്രയും കഴിച്ചുകൂട്ടിയ അദ്ധേഹം ഇന്ന് അവരിലൊരാളായി മാറി. നട്ടപ്പാതിരാക്കും ഒരു പാനീസിന്റെയോ ഓലച്ചൂട്ടിന്റെയോ വെളിച്ചത്തില്‍ പള്ളിക്കാട്ടിലൂടെ സഞ്ചരിച്ചിരുന്ന ആ നിര്‍ഭയത്തം അദ്ധേഹത്തിന്റെ ജീവിതമുദ്രയായിരുന്നു. ഒറ്റമുണ്ടും തോളിലൊരു തോര്‍ത്തുമുണ്ടുമണിഞ്ഞ്‌ ജീവിച്ച അദ്ധേഹം വസ്ത്രധാരണത്തിലെന്നപോലെ ജീവിതത്തിന്റെ എല്ലാമേഖലയിലും ആലാളിത്യം കാത്തുസൂക്ഷിച്ചിരുന്നു. ഉഛത്തില്‍ സംസാരിക്കുകയോ അനാവശ്യ വാഗ്വാദങ്ങളിലേര്‍പ്പെടുകയോ ഭൗതികമായ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയോ ചെയ്യാതെ സാത്വികനും സൗമ്യനുമായ മമ്മുദുകാക്കയുടെ നിര്യാണത്തില്‍ പടിക്കല്‍ വിചാരവേദി അനുശോചനം രേഖപ്പെടുത്തുന്നു.
അദ്ധേഹത്തിന്റെ കുടുംബ മിത്രാദികള്‍ക്ക്‌ സര്‍വ്വശക്തന്‍ ക്ഷമയും സമാധാനവും പ്രധാനം ചെയ്യട്ടെ.

2007, ജൂൺ 20, ബുധനാഴ്‌ച

ആമുഖം

പടിക്കല്‍ വിചാരവേദിക്ക്‌ കുറഞ്ഞനാളുകള്‍കൊണ്ടുതന്നെ വന്‍പിന്തുണയാണ്‌ പടിക്കല്‍ കാരായ പ്രവാസികളില്‍നിന്നും സ്വദേശികളില്‍നിന്നും ലഭിക്കുന്നത്‌.വിഭാഗീയതകള്‍ക്കതീതമായി പടിക്കലെ എല്ലാജനവിഭാഗങ്ങള്‍ക്കിടയിലും ഐക്ക്യവും സ്‌നേഹവും വളര്‍ത്താനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക്‌ എല്ലാവരുടെയും പിന്തുണ ഇനിയും ഞങ്ങള്‍പ്രതീക്ഷിക്കുകയാണ്‌.
ജോലിതേടി കടല്‍കടന്നവരും ഇന്ത്യയുടെ തന്നെ വിവിധകോണുകളില്‍ ജീവിക്കുന്നവരും നാട്ടുകാരുമായ എല്ലാപടിക്കല്‍കാരെയും ഒന്നിച്ചിരുത്താന്‍ പടിക്കല്‍ വിചാരവേദി ഒരുക്കുന്ന ഒരു വേദിയാണ്‌ ഈബ്ലോഗ്‌. ഇന്റര്‍നെറ്റുമായി ബന്ധമുള്ള എല്ലാ പടിക്കല്‍കാരും ഈബ്ലോഗുമായി സഹകരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇതില്‍ എഴുതുക. ഇതിലേക്ക്‌ ലേഖനങ്ങള്‍ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ padikkalvicharavedi@gmail.com എന്ന വിചാരവേദിയുടെ മെയിലിലേക്ക്‌ മെയില്‍ അയക്കുകയോ 02 6746195 എന്ന നമ്പറിലേക്ക്‌ ഫാക്സ്‌ ചെയ്യുകയോ ചെയ്യുക.
പടിക്കല്‍ വാര്‍ത്തകള്‍
‍ നാട്ടിലെ വിശേഷങ്ങള്‍ നെറ്റിലൂടെ അറിയിക്കുന്ന ഒരുബ്ലോഗാണിത്‌.ഇതിലേക്ക്‌ വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഇ.മെയില്‍ അയക്കുകയോ 00966 502637945(ജിദ്ദ) 00973 39849420(ബഹ്‌റൈന്‍)എന്നതില്‍ ഏതെങ്കിലും നമ്പറിലേക്ക്‌ SMSഅയക്കുകയോ വിളിച്ച്‌ അറിയിക്കുകയോ ചെയ്യുക.
പടിക്കല്‍ വീഡിയോ ചാനല്‍
യൂ ട്യൂബില്‍ പടിക്കല്‍ വിചാരവേദി ഒരുക്കുന്ന വീഡിയോ ചാനലാണിത്‌. പടിക്കലുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഞങ്ങള്‍ ഇതില്‍ പ്രക്ഷേപണം ചെയ്യും.favorites എന്ന സെക്ഷനില്‍ രസകരവും പഠനാര്‍ഹവുമായ വീഡിയോകള്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്‌.അത്യാവശ്യം സ്പീഡുള്ള ഇന്റര്‍നെറ്റ്‌ കണക്ഷനും ഫ്ലാഷ്‌ പ്ലെയറുമുള്ള കമ്പ്യൂട്ടറുകളില്‍ ഇത്‌ കാണാം.
മാഗസിന്‍
‍ പടിക്കല്‍ വിചാരവേദിയുടെ കീഴില്‍ നാട്ടിന്റെ ചരിത്രവും, നാട്ടുകാരുടെ അനുഭവങ്ങളും, ഓര്‍മ്മകളും, ലേഖനങ്ങളും,മറ്റുസാഹിത്യസൃഷ്ടികളുമെല്ലാം ഉള്‍പ്പെടുത്തി ഒരു മാഗസിന്‍ പ്രസിദ്ധീകരിക്കുന്നു. ഇതിലേക്ക്‌ നിങ്ങളുടെ രചനകള്‍ ഞങ്ങള്‍ക്കയച്ചുതരിക.ചരിത്രരചനയിലേക്ക്‌ നിങ്ങള്‍ക്കറിയുന്ന വിവരങ്ങള്‍ നല്‍കുക.നിങ്ങളുടെ രചനകള്‍ നല്‍കേണ്ട വിലാസം

Padikkal vicharavedi
C/o.Subairkottayi
PB.No:13538
Jeddah 21414
Kingdom of Soudi arebia
Fax: 026746195

Padikkal Vicharavedi
C/O Ummer K Chelari
Mullanmadakkal House
Po.Velimukku 676317
Malappuram Dt
Kerala