2007, സെപ്റ്റംബർ 8, ശനിയാഴ്‌ച

പുണ്യവസന്തം.

റംസാനിന്റെ പുണ്യനാളുകള്‍ സമാഗതമാകുന്നു. വിശ്വാസികളുടെ ഹൃദയത്തില്‍ ആഹ്ലാദവും അതിരറ്റ ദൈവഭക്തിയും നിറയുന്ന നാളുകള്‍.

ഓരോപുണ്യങ്ങള്‍ക്കും അനേകമടങ്ങ്‌ പ്രതിഫലം ലഭിക്കുന്ന അപൂര്‍വ്വദിനരാത്രങ്ങള്‍!. ചെയ്തുപോയ തെറ്റുകള്‍ പൊറുപ്പിക്കാന്‍ സര്‍വ്വശക്തന്‍ കനിഞ്ഞുനല്‍കിയ അപൂര്‍വ്വാവസരം!.

ലൈലത്തുല്‍ ഖദ്‌ര്‍ എന്ന ആയിരം മാസങ്ങളേക്കാള്‍ സ്രേഷ്ടമായ ഒരൊറ്റരാവ്‌ ഉള്‍ക്കൊള്ളുന്ന കരുണാമയന്റെ കാരുണ്യം കരകവിഞ്ഞൊഴുകുന്ന നാളുകള്‍....
പരനൂറ്റാണ്ടുകള്‍ ഭൂമിയില്‍ ജീവിച്ച ആദിമമനുഷ്യര്‍ ചെയ്തപുണ്യങ്ങളോടൊപ്പം അറുപതോ എഴുപതോ ശരാശരി ആയുസ്സുള്ള പ്രവാചകാനുയായികള്‍ക്കെത്താന്‍ ലോകരക്ഷിതാവ്‌ നല്‍കിയ അസുലഭമുഹൂര്‍ത്തം.


റംസാന്‍ നമ്മുടെ ജീവിതത്തിലെ കേവലം ഒരുമാസമല്ല.അതില്‍ ചെയ്യുന്ന പുണ്യങ്ങള്‍ അനേകം മടങ്ങായാണ്‌ വിശ്വാസിയുടെ കണക്കില്‍ വരവ്‌ വെക്കപ്പെടുന്നത്‌.അതുകൊണ്ട്‌ വിശ്വാസികള്‍ റംസാനിലെ ഓരോ സെക്കന്റിനേയും അമൂല്യമായി കരുതുന്നു.

നന്മകള്‍ക്ക്‌ അനേകമടങ്ങ്‌ പുണ്യമുള്ളത്‌പോലെ തിന്മകള്‍ക്ക്‌ അനേകമടങ്ങ്‌ ശിക്ഷയും ലഭിക്കും.ഒരു കൊച്ചുതെറ്റായാലും അത്‌ അനേകമാസങ്ങള്‍ ചെയ്ത കൊടും പാപമായേക്കാം.


റംസാനിലെ പകല്‍ വ്രതമനുഷ്ടിക്കല്‍ വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാണ്‌. വ്രതം ആത്മശുദ്ധീകരണത്തിനുള്ള മാര്‍‌ഗ്ഗമാണ്‌. അതിന്‌ ശാരീരികമായി ഒരുപാട്‌ ഗുണങ്ങളുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ആഗുണങ്ങള്‍ക്ക്‌ വേണ്ടിയാവരുത്‌ വിശ്വാസി വ്രതമനുഷ്ടിക്കുന്നത്‌. സര്‍വ്വശക്തന്റെ കല്‍പ്പന അനുസരിച്ച്‌ അവന്റെ പ്രീതിനേടുക മാത്രമാവണം അവന്റെലക്ഷ്യം.

ഒരു വര്‍ഷത്തില്‍ ഒരുമാസം വ്രതമനുഷ്ടിച്ചാല്‍ ശാശ്വതമായ ഒരു സുഭിക്ഷജീവിതം ലഭിക്കുമെങ്കില്‍ അതുപേക്ഷിക്കുന്നവനേക്കാള്‍ വിഢി ആരുണ്ട്‌?.

ഒരു ഉച്ചഭക്ഷണം മാത്രമേ സത്യത്തില്‍ നമുക്ക്‌ ഉപേക്ഷിക്കേണ്ടതുള്ളൂ. പ്രാതല്‍ അത്താഴസമയത്തും വൈകുന്നേര ഭക്ഷണം നോമ്പ്‌ തുറക്കുമ്പോഴും നാം കഴിക്കുന്നുണ്ടല്ലോ!

പക്ഷെ ദൈവ കല്‍പ്പനക്ക്‌ എതിരുചെയ്യുവാന്‍ നമ്മെ സദാപ്രേരിപ്പിക്കുന്ന പിശാചിന്റെ തോഴനായ നമ്മുടെ ദേഹേഛ നമുക്കത്‌ കഠിനമായി തോന്നിക്കുന്നു.നോമ്പുകാരന്‍ ഭക്ഷണമുപേക്ഷിക്കുന്നതിനേക്കാളേറെ വിഷമിക്കുന്നത്‌ ഈദേഹേഛയെ കീഴ്പ്പെടുത്തുന്നതിലാണ്‌.

സര്‍വ്വശക്തനിലുള്ള അചഞ്ചലമായ വിശ്വാസമുള്ളവന്‌ ഇതൊന്നുമൊരു ബുദ്ധിമുട്ടാവുകയില്ല. വിശ്വാസത്തില്‍ ചാഞ്ചല്യമുള്ളവര്‍ക്ക്‌ നിസ്സാരകാരണങ്ങള്‍ മതിയാകും നോമ്പുപേക്ഷിക്കുവാനും നിസ്കാരം ഉപേക്ഷിക്കുവാനുമെല്ലാം.

പലരും നോമ്പുപേക്ഷിക്കാന്‍പല പല കാരണങ്ങളും കണ്ടെത്തും. എന്നാല്‍ യുദ്ധത്തില്‍ മാരകമായി മുറിവേറ്റ്‌ മരണത്തോട്‌ മല്ലടിക്കുമ്പോള്‍ വെറും സുന്നത്ത്‌നോമ്പെടുത്ത സ്വഹാബികള്‍പോലും ആനോമ്പുപേക്ഷിച്ച്‌ സൂര്യാസ്തമയത്തിന്‌മുമ്പ്‌ അവസാനതുള്ളിദാഹജലം കുടിക്കാന്‍ തയ്യാറായിരുന്നില്ല എന്ന് നാം‍ ഓര്‍ക്കണം.

സത്യത്തില്‍ ഈ നശ്വരലോകത്ത്‌ സമ്പാദിച്ചുകൂട്ടാനല്ല അല്ലാഹുനമ്മെ ഇങ്ങോട്ട്‌ പടച്ചുവിട്ടത്‌. അവനെ ആരാധിക്കാന്‍ വേണ്ടിമാത്രമാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ സംശയലേശമില്ലാതെ പ്രഖ്യാപിച്ചതാണ്‌.എന്നാല്‍ നമുക്കിന്ന് ആരാധനകള്‍ തികച്ചുംഒരു സൈഡ് ബിസിനസ്സാണ്.

അതുകൊണ്ട്‌ പരിശുദ്ധറംസാനിലെങ്കിലും നാം അവന്റെകല്‍പ്പനകള്‍ക്ക്‌ മുന്‍‌തൂക്കം നല്‍കണം.ഒരു ഉച്ചഭക്ഷണം പോലും അല്ലാഹുവിന്റെ കല്‍പ്പനക്ക്‌ വഴങ്ങി ഉപേക്ഷിക്കാന്‍ കഴിയാത്തവന്‌ അവന്റെ ഭൂമിയില്‍ അവന്‍ തന്ന ഭക്ഷണംകഴിച്ച്‌, അവന്‍തന്ന വെള്ളം കുടിച്ച്‌ അവന്‍തരുന്ന വായുശ്വസിച്ച്‌ ജീവിക്കാനെന്തവകാശമാണുള്ളത്‌?.

‘ഹോട്ടെല്‍ പെട്ടെന്നു‘കളിലും‘ റംസാന്‍ സ്പെഷല്‍ ‘കഞ്ഞി-പൂള‘കളിലുമെല്ലാം കയറി റംസാനിന്റെ പകലുകളെ നശിപ്പിക്കുന്നവര്‍ നശിപ്പിക്കുന്നത്‌ അവനവന്റെ ഒരിക്കലും അവസാനിക്കാത്ത പാരത്രികജീവിതത്തെതന്നെയാണ്‌.


നാം പട്ടിണികിടന്നത്‌ കൊണ്ട്‌ സര്‍വ്വശക്തന്‌ എന്തെങ്കിലും ഗുണമുണ്ടായിട്ടല്ല.മറിച്ച്‌ അവന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നവര്‍‌ക്കേ അവന്റെ സ്വ‌ര്‍‌ഗ്ഗം ലഭിക്കൂ എന്നതിനാല്‍ നോമ്പ്‌ ഉപേക്ഷിക്കുന്നത്‌ കൊണ്ട്‌ നഷ്ടം നോമ്പുപേക്ഷിക്കുന്നവന്‌മാത്രമാണ്‌.

എല്ലാവരും നോമ്പെടുക്കുന്നത്‌ കൊണ്ട്‌ നിര്‍ബന്ധിതനായി നോമ്പെടുത്തത്‌കൊണ്ടോ മറ്റുള്ളവര്‍ കാണാന്‍‌വേണ്ടി നോമ്പെടുത്തത്‌കൊണ്ടോ ഒരു പ്രയോജനവുമില്ല.കാരണം നോമ്പെടുത്തവന്റെ വയറ്റിലേക്കല്ല സര്‍വ്വശക്തന്‍ നോക്കുക അവന്റെ ഹൃദയത്തിലേക്കാണ്‌.

നോമ്പെടുത്ത്‌ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ചെയ്യുന്നവന്റെയും കാണുന്നവന്റെയും കേള്‍ക്കുന്നവന്റെയും പറയുന്നവന്റെയുമെല്ലാം നോമ്പ്‌ നിശ്ഫലമാകും.


നിര്‍ബന്ധമായ ആരാധനകള്‍ കൃത്യസമയത്ത്‌ തന്നെ നിര്‍വ്വഹിക്കുക, ഫര്‍ള്‌ നിസ്കാരങ്ങള്‍ ജമാഅത്തായിതന്നെനിര്‍വ്വഹിക്കുക,സുന്നത്ത്‌ നിസ്കാരങ്ങളും ദിക്‍ര്‍,ദുആകളെല്ലാം വര്‍ദ്ധിപ്പിക്കുക തറാവീഹ്‌ പോലുള്ള പുണ്യകൂമ്പാരങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക,പരിശുദ്ധ ഖുര്‍ആന്‍ അതിന്റെ സര്‍വ്വാദരവുകളോടെയും പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുക. നിശ്ചയം നമ്മുടെ ജീവിതം പുണ്യങ്ങള്‍കൊണ്ട്‌ സമ്പന്നമാവും.

കഴിഞ്ഞ പതിനൊന്ന് മാസം നാം ആസ്വദിച്ച സകല വിനോദങ്ങളെയും ഈ ഒരുമാസം ഉപേക്ഷിക്കാന്‍ നാം തയ്യാറാവണം. ടെലിവിഷന്‍ ഷോകള്‍, സംഗീതം,തമാശകള്‍,വിനോദത്തിന്‌ വേണ്ടിയുള്ള ഇന്റര്‍‌നെറ്റ് ഉപയോഗം,തുടങ്ങിയ എല്ലാ നേരംകൊല്ലികളെയും നമുക്കൊരുമാസം ഉപേക്ഷിക്കാം.

പൂ‌ര്‍‌ണ്ണമായി ഈമാസത്തെ സര്‍‌വ്വേ‌ശ്വരന്‌ സമര്‍പ്പിക്കാം. നമ്മുടെ ജീവിതോപാധിയായ തൊഴിലുകള്‍ ചെയ്യുന്നതും ഒരു ആരാധനതന്നെയാണ്‌.അതുകൊണ്ട്‌ അതിനിടക്ക്‌ നിര്‍ബന്ധിത ആരാധനകള്‍ മുടങ്ങാതിരിക്കാനും തെറ്റുകള്‍ കടന്നുകൂടാതിരിക്കാനും ശ്രദ്ധിക്കുക.


റംസാന്‍ മാസത്തില്‍ മാത്രം പൂര്‍‌ണ്ണ ആരാധനകളില്‍ മുഴുകുന്നവരെ 'റംസാനില്‍മാത്രം പടച്ചോനെ പേടിക്കുന്നവര്‍' എന്ന് പലരും പരിഹസിക്കാറുണ്ട്‌.ഒരിക്കലും അങ്ങിനെ ചെയ്തുകൂടാ കാരണം റംസാനിനെ ബഹുമാനിച്ചത്‌ കൊണ്ട്‌മാത്രം സ്വര്‍‌ഗ്ഗത്തില്‍ കടക്കുന്നവരുണ്ട്‌. എന്നാല്‍ റംസാനില്‍ നേടിയ ആത്മവിശുദ്ധി അടുത്ത റംസാന്‍വരെ നിലനിര്‍ത്തുന്നവരാണ്‌ യഥാര്‍ത്ഥ വിജയികള്‍


കാരുണ്യവും പാപമോചനവും നരകമോചനവും മര്‍ത്യര്‍ക്ക്‌ സ‌ര്‍‌വ്വേശ്വരന്‍ കനിഞ്ഞ്‌ നല്‍കുന്ന ഈമുപ്പത്‌ നാളുകള്‍ നാം ഒരിക്കലും പാഴാക്കരുത്‌.

ഒരിക്കലും പിന്നീടാവാം എന്ന് നീട്ടിവെക്കരുത്‌ അടുത്തറംസാന്‍ വരെ നമുക്ക്‌ ആയുസ്സുണ്ടാകുമോ എന്ന് നമുക്കാര്‍ക്കും ഉറപ്പിക്കാനാവില്ല.പെട്ടെന്ന് പിടികൂടുന്ന ഒരു രോഗത്തിനപ്പുറമോ ഒരുവാഹനത്തിന്റെ കറങ്ങുന്ന ചക്രത്തിനപ്പുറമോ നമുക്കെല്ലാം ആയുസ്സ്‌ ബാക്കിയുണ്ടാകുമോ എന്നാര്‍ക്കറിയാം!.

അതുകൊണ്ട്‌ ഈറംസാന്‍ മുപ്പത്‌ നാളും ആരാധനകള്‍കൊണ്ട്‌ നിറക്കുക. വിശ്രമമെല്ലാം റംസാന്‌ ശേഷത്തേക്ക്‌ നീട്ടിവെക്കുക എല്ലാതെറ്റുകളും തെറ്റിലേക്ക്‌ നീങ്ങുന്നകാര്യങ്ങളും വര്‍ജ്ജിക്കുക.ഉള്ളുരുകി പ്രാര്‍ത്ഥിച്ച്‌ പാപങ്ങളെ പൊറുപ്പിക്കുക.അങ്ങിനെ ഈറംസാന്‍ നമ്മുടെ ജീവിതത്തിലെ നന്മനിറഞ്ഞ ഒരു യുഗമാവട്ടെ!.

പരിശുദ്ധ റംസാന്‍ നല്ല നിലയില്‍ സര്‍വ്വശക്തന്‌ മുന്നില്‍ നമുക്ക് വേണ്ടി സാക്ഷിനില്‍ക്കട്ടെ!പൂ‌ര്‍‌ണ്ണമായി റംസാന്‍ പുണ്യങ്ങള്‍കൊണ്ട്‌ സമ്പന്നമാക്കാന്‍ സര്‍വ്വശക്തന്‍ നമുക്ക്‌ തൗഫീക്‌ നല്‍കി അനുഗ്രഹിക്കട്ടെ!

എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍!