2007, നവംബർ 12, തിങ്കളാഴ്‌ച

ഉപേക്ഷിക്കൂ... ഈ വിഭാഗീയവെറി!

മനുഷ്യര്‍ വ്യത്യസ്ഥകോണുകളില്‍ ചിന്തിക്കുന്നവരാണ്‌. ഒരാളുടെ ചിന്തയുമായി മറ്റൊരാളുടെ ചിന്ത യോജിക്കണമെന്നില്ല.

അമ്മയെതല്ലിയവനെതല്ലിയാലും അതില്‍ രണ്ടഭിപ്രായമുണ്ടാകും എന്ന് നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുതന്നെയുണ്ട്‌. അതുകൊണ്ടുതന്നെ ഏതൊരുമതമായാലും പ്രത്യായശാസ്ത്രമായാലും രാഷ്ട്രീയമായാലും അതിന്റെയെല്ലാം ഉള്ളില്‍ വിഭാഗീയതകള്‍ സ്വാഭാവികമാണ്‌.

വിശാലമായ കാഴ്ചപ്പാടുകളും അനുഷ്ടാനങ്ങളും ആചാരങ്ങളും നിയമങ്ങളുമുള്ള മതമാകുമ്പോള്‍ തീര്‍ച്ചയായും അതില്‍ വിവിധ ചിന്താധാരകള്‍ ഉടലെടുക്കും. അതുകൊണ്ടുതന്നെ ഇത്തരം വിഭാഗീയതകളെ അസഹിഷ്ണുതയോടെ കാണുന്നത്‌ യുക്തിസഹമല്ല.

എന്റെവിശ്വാസമേ ഭൂമിയില്‍ എല്ലാവര്‍ക്കും പാടുള്ളൂ അല്ലാത്തവരെല്ലാം നശിക്കേണ്ടതാണ്‌ എന്ന് കരുതുന്നതാണ്‌ ഫാഷിസം. നെഞ്ചത്ത്‌ കൈവച്ചുനോക്കൂ നമ്മുടെയെല്ലാം ഉള്ളില്‍ ഇത്തരം ഒരു ഫാഷിസ്റ്റ്‌ ഇല്ലേ? ഉണ്ടെന്നാണ്‌ ഉത്തരമെങ്കില്‍ നാം സ്വയം ചികിത്സിക്കാന്‍ ഇനിയും വൈകിക്കൂടാ.

തന്റെ സഹജീവി മറ്റൊരു ആശയം വച്ചുപുലര്‍ത്തുന്നത്‌ പൂര്‍‌ണ്ണമായും അവന്റെ ആശയം ശരിയാണ്‌ എന്ന വിശ്വാസത്തിലായിരിക്കും. നമ്മുടെ ചിന്തയില്‍ ഒരുപക്ഷേ അവന്റെ ആശയം പിന്തിരിപ്പനായിരിക്കാം. അതുപോലെ അവന്റെ ചിന്തയില്‍ നമ്മുടെ ആശയവും പിന്തിരിപ്പനായിരിക്കാം. ഇത്‌ ഒരിക്കലും രണ്ട്‌കൂട്ടരുടെയും ചിന്തയിലെ വൈകല്യമല്ല. ഓരോരുത്തര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ രണ്ട്‌ വിധത്തിലായതുകൊണ്ടാണ്‌.

അപ്പോള്‍ രണ്ട്‌ ആശയങ്ങള്‍ തമ്മില്‍ സ്വാഭാവികമായും ആശയസംഘട്ടനമുണ്ടാകാം പക്ഷേ ഇത്‌ ആശയപരമായി മാത്രമായിരിക്കണം. ഒരിക്കലും വ്യക്തിപരമായിരിക്കരുത്‌. പരസ്പര സ്‌നേഹബന്ധത്തെയോ ബഹുമാനത്തെയോ ഇത്‌ ബാധിക്കരുത്‌.

സംവാദങ്ങള്‍ ആരോഗ്യകരമാണ്‌ പക്ഷേ അത്‌ വെല്ലുവിളികളാവരുത്‌. സ്വന്തം ആശയം മറ്റുള്ളവരില്‍ പ്രബോധനം ചെയ്യലാവാം എന്നാല്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കലാവരുത്‌. മറുവിഭാഗത്തെ അധിക്ഷേപിക്കലാവരുത്‌.

നമ്മുടെ നാട്ടില്‍ ഈ വിഭാഗീയത സംഘട്ടനാത്മകമായിരിക്കുന്നു. ഇതര ആശയക്കാരനെ കാണുന്നത്‌ പോലും പലര്‍ക്കും വെറുപ്പാണ്‌. ഒരാളെ പരിചയപ്പെടുമ്പോള്‍ അയാളാരാണെന്നതിനേക്കാളേറെ അവനേത്‌ വിഭാഗക്കാരനാണ്‌ എന്നന്വേഷിക്കുന്നവരായിരിക്കുന്നു നമ്മളില്‍ പലരും. സഹായം വേണ്ടവനെ സഹായിക്കുന്നവര്‍‌പോലും വിഭാഗീയത നോക്കുന്നു. എന്തിന്‌ അപകടപ്പെടുകയോ മരണപ്പെടുകയോ ചെയ്താല്‍ പോലും അവന്‍ തന്റെവിഭാഗക്കാരനല്ലെങ്കില്‍ സന്തോഷിക്കുന്ന ദുഷിച്ചമനസ്സുള്ളവര്‍ വരേ നമുക്കിടയിലുണ്ട്‌.

ഏതുവിഭാഗക്കാരനായാലും അവന്‍ നമ്മുടെ നാട്ടുകാരനോ അയല്‍ വാസിയോ ആണ്‌, സര്‍വ്വോപരി അവനൊരു മനുഷ്യനാണ്‌ എന്ന് ചിന്തിക്കുന്ന മനുഷ്യത്വമുള്ള ഒരു മനസ്സ്‌ നമുക്കെല്ലാം ഉണ്ടാകേണ്ടിയിരിക്കുന്നു.

ഏത്‌ മനുഷ്യനും ഏത്‌ വിശ്വാസവും വച്ച്‌ പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട്‌. മറ്റൊരുത്തന്റെ വിശ്വാസം പിഴച്ചതാണെങ്കില്‍ അതിന്‌ നമുക്ക്‌ ഉത്തരവാദിത്തമില്ല. വേണമെങ്കില്‍ നമുക്ക്‌ നമ്മുടേത്‌ ശരിയാണെന്ന് പറഞ്ഞുകൊടുക്കാം. അതവന്‌ സ്വീകാര്യമല്ലെങ്കില്‍ അതവന്റെ സ്വന്തം കാര്യമായി നമുക്ക്‌ കണക്കാക്കാം. അതിനപ്പുറം അവനെ ഭീഷണിപ്പെടുത്താനോ അധിക്ഷേപിക്കാനോ ആക്രമിക്കാനോ നമുക്ക്‌ അവകാശമില്ല.

അവന്റെ വിശ്വാസം പിഴച്ചതാണെങ്കില്‍ നഷ്ടം അവനല്ലേ? നമുക്കെന്ത്‌ ചേതം? പിന്നെന്തിനാണ്‌ നാം പരസ്പരം കടിച്ചുകീറുന്നത്‌? വിദ്വേഷത്തോടെ അന്യനെനോക്കുന്നത്‌? അവരും നമ്മളുമായി അകലുന്നത്‌?.

യഥാര്‍ത്ഥ സംവാദങ്ങള്‍ വിവിധ ആശയങ്ങള്‍ തമ്മിലുണ്ടാകുന്നത്‌ ഗുണകരമാണ്‌. എന്നാല്‍ അത് പരസ്പരം താറടിക്കാനോ ചെളിവാരി എറിയുവാനോ ആവരുത്‌. പ്രതിപക്ഷബഹുമാനത്തോടെയും സ്‌നേഹത്തോടെയും ആവണം . മറ്റുള്ളവര്‍ക്ക്‌ സത്യം തിരിച്ചറിയുവാനുള്ള വേദികളാവണമത്‌. അല്ലാതെ ഓരോരുത്തരുടേയും മൃഗീയ വാസനകളെത്രത്തോളമെന്ന് കാണിക്കുവാനുള്ള വേദികളാവരുത്‌. ഇങ്ങനെ എഴുതാന്‍ കാരണം അടുത്തകാലത്തായി പലയിടങ്ങളിലും നടന്ന സംവാദങ്ങളുടെ അവസ്ഥ കണ്ടതുകൊണ്ടാണ്‌ (കാണാത്തവര്‍ക്ക് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സംവാദങ്ങളുടെ ഒരു ഏകദേശരൂപം പിടികിട്ടും യൂട്യൂബ് കാണുന്നവര്‍ ഈതമ്മിലടിക്കുന്ന വിഭാഗങ്ങള്‍ മാത്രമല്ല എന്നകാര്യം അത്തരം വീഡിയോകള്‍ അപ്‌ലോഡ് ചെയ്തവരൊന്നും ചിന്തിക്കാഞ്ഞിട്ടല്ല. അന്യനെ താറടിക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തരുത് എന്നചിന്തയാണവരെ അതിന് പ്രേരിപ്പിച്ചത്. )

സത്യം മനസ്സിലാക്കണമെന്ന ഉദ്ദേശത്തോടെ‌ ഏതെങ്കിലും ഒരു സംവാദം നടന്നിട്ടുണ്ടോ? പുറമെ വാചകമടി അങ്ങിനെയൊക്കെ ആയിരിക്കുമെങ്കിലും യഥാര്‍ത്ഥ ഉദ്ദേശം അവനവന്‌ ജയിക്കണം എന്നത്‌ മാത്രമല്ലേ? അതിന്‌ സഭ്യതയുടെ ഏത്‌ സീമയും ലംഘിക്കുവാന്‍ ആര്‍ക്കും ഒരു മടിയും ഉണ്ടാകുന്നില്ല.ഇത്തരം സംവാദങ്ങള്‍ അതില്‍ സംവദിക്കുന്നവരെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തുകയേ ഉള്ളൂ.

എല്ലാവരോടും ‘സഹിഷ്ണുത‘യോടെ(ഇഷ്ടമില്ലാത്തതിനെ ഇഷ്ടമില്ലാതെതന്നെ അംഗീകരിച്ചുകൊണ്ട്) ജീവിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല. അതുകൊണ്ട്‌ വിഭാഗീയ വിഷം മനസ്സിലേറ്റി മറ്റുള്ളവരെ ശത്രുക്കളായി കാണാതിരിക്കുക. നമ്മളെല്ലാം ഒന്നാണ്‌. നമുക്കിടയിലുള്ള വിവിധ വിശ്വാസങ്ങള്‍ നമ്മുടെഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്‌. നമ്മുടെ സ്വാതന്ത്ര്യം അന്യന്റെ മൂക്കിന്റെ തുമ്പത്തവസാനിക്കണം. പരസ്പരം ശത്രുത വെച്ച്‌ പുലര്‍ത്താതെ സ്‌നേഹത്തോടെ സമാധാനത്തോടെ നമുക്ക്‌ ജീവിക്കാം.

---------------------------------------

2007, നവംബർ 9, വെള്ളിയാഴ്‌ച

ഹര്‍ത്താല്‍ ദുരിതം

വളരെ ആശാവഹമായ ഒരു കാര്യമായിരുന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് കോടതി ബന്ദ്‌ നിരോധിച്ചത്‌.

പക്ഷേ അത്‌ ചാരായം നിരോധിച്ചപ്പോള്‍ ചാരായം പായ്കറ്റിലായ പോലെ ബന്ദിനെ ഹര്‍ത്താലെന്ന പുതിയപായ്കറ്റിലാക്കി നമ്മുടെ രാഷ്ട്രീയക്കാരും മറ്റും ഇടക്കിടെ ജനത്തിനെ ബുദ്ദിമുട്ടിക്കാന്‍ പ്രയോഗിക്കുന്നു.

തങ്ങളുടെ ശക്തികാണിക്കുവാനും സാന്നിധ്യമറിയിക്കുവാനും ഇടക്കിടെ ഇങ്ങിനെ ചിലകലാപരിപാടികള്‍ നടത്തണമെന്നാണ്‌ അവര്‍ ധരിച്ചുവശായിരിക്കുന്നത്‌.

സത്യത്തില്‍ ഒരു ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഒരുപാട്‌ ജനപിന്തുണയൊന്നും വേണ്ട. അവിടെയും ഇവിടെയുമായി രണ്ട്‌ കല്ലെടുത്തെറിഞ്ഞാല്‍ മതി,അല്ലെങ്കില്‍ എറിയുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ മതി. ഈ ഒരു ഭീഷണിയില്ലെങ്കില്‍ കേരളത്തില്‍ ഒരുബന്ദ്‌ പോലും വിജയിക്കില്ല.

ചില്ലിക്കാശ്‌ ചെലവില്ലാതെ വിയര്‍‌പ്പൊഴുക്കാതെ കേവലം ഒരുപത്രക്കുറിപ്പിലൂടെ ഏത്‌ ഈര്‍ക്കിളിപാര്‍ട്ടിക്കും വിജയിപ്പിക്കാവുന്ന പ്രാകൃതമായ ഒരു സമരതോന്ന്യാസമായി അധപതിച്ചിരിക്കുന്നു ഹര്‍ത്താലുകള്‍.

ഈഹര്‍ത്താലുകള്‍ കൊണ്ട്‌ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ കഷ്ടപ്പാടല്ലാതെ എന്തെങ്കിലും ഒരു ഗുണം ഉണ്ടായിട്ടുണ്ടോ?

ഒരുഹര്‍ത്താല്‍ കൊണ്ട്‌ എന്തുമാത്രം നഷ്ടമാണ്‌ നമ്മുടെ സര്‍ക്കാറിനും സാമ്പത്തിക മേഖലക്കും ഉണ്ടാകുന്നത്‌? കിട്ടുന്ന വരുമാനം കൊണ്ട്‌ സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ ശംബളം കൊടുക്കാന്‍ പോലും തികയാതെ കടമെടുക്കുന്ന ഒരു സര്‍ക്കാറാണ്‌ നമ്മുടേത്‌.

കരാറുകാര്‍ക്ക്‌ കൊടുക്കാന്‍ പണമില്ല, സര്‍ക്കാറാശുപത്രികളില്‍ മരുന്നില്ല,ദുരിതാശ്വാസത്തിന്‌ വകയില്ല,ഇങ്ങിനെകഷ്ടപ്പെടുന്നസര്‍ക്കാറാണ്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടതും വലതുമായി നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നത്‌.

ഭരണയന്ത്രം തിരിക്കുന്നവര്‍ നാം നിയോഗിച്ച തൊഴിലാളികളാണ്‌. സത്യത്തില്‍ ഭരണകര്‍ത്താക്കള്‍ നമ്മളാകുന്ന ജനങ്ങളാണ്‌. അതുകൊണ്ട്‌ നാംതന്നെ നമുക്ക്‌ നഷ്ടങ്ങള്‍ വരുത്തിക്കൂടാ.

സമരങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുനേരെയും സ്ഥാപനങ്ങള്‍ക്ക്‌ നേരെയും അക്രമം അഴിച്ചുവിടല്‍ ചിലര്‍ക്ക്‌ പുണ്യകര്‍മ്മം പോലെയാണ്‌. ആര്‍ക്കാണിതിന്റെ നഷ്ടമെന്ന് ചിന്തിക്കാന്‍ തലച്ചോറുകള്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ പണയപ്പെടുത്തിയവര്‍ക്കൊന്നുമാകുന്നില്ല.

കെ. എസ്‌. ആര്‍.ടി. സി.ബസ്സ്‌ ഒരുദിവസം ഓടിയില്ലെങ്കില്‍ അതിന്റെ നഷ്ടം നമുക്ക് തന്നെയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നാല്‍ തൊഴിലാളികള്‍ക്ക്‌ പണിയെടുക്കാതെ ശംബളം കൊടുക്കാന്‍ നമ്മുടെയെല്ലാം നികുതിപ്പണത്തില്‍ നിന്നാണ്‌ പണം പോകുന്നത്‌. ഓരോ ഹര്‍ത്താലിനും ഇതുപോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടവും ഒടുക്കേണ്ടത്‌ നമ്മള്‍ തന്നെ.

അങ്ങനെ വികസനത്തിന്‌ പണമില്ലാതെ ഭരണകര്‍ത്താക്കള്‍ നമ്മളെത്തന്നെ ലോകബാങ്കിനും ഐ.എം.എഫിനും എ.ഡി.ബി ക്കുമെല്ലാം പണയം വെച്ച്‌ തല്‍ക്കാലം രക്ഷപ്പെടും. ഇതിന്റെയെല്ലാം പരിണതഫലം അനുഭവിക്കേണ്ടത്‌ നമ്മളെല്ലാവരുമായിരിക്കും.

അതുകൊണ്ട്‌ ആര്‌ ആഹ്വാനം ചെയ്താലും ഹര്‍ത്താല്‍ വിജയിപ്പിക്കുക എന്ന ഇരിക്കും കൊമ്പ്‌ മുറിക്കുന്ന പണി നാം നിര്‍ത്തേണ്ടിയിരിക്കുന്നു. ഓരോ ഹര്‍ത്താല്‍ പ്രഖ്യാപനവും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായികണ്ട് നാം അതിനെതിരെ പ്രതികരിക്കെണ്ടിയിരിക്കുന്നു.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവന്റെയൊന്നും അമ്മയോ ഭാര്യയോ ഒന്നും ചികിത്സകിട്ടാതെ നടുറോഡില്‍ കിടന്ന് മരിക്കേണ്ടി വരില്ല. നഷ്ടങ്ങളെന്നും ഇവര്‍ കഴുതകളെന്ന് വിളിക്കുന്ന ജനത്തിന്‌ മാത്രമായിരിക്കും.

2007, നവംബർ 6, ചൊവ്വാഴ്ച

വേദനകളുടെ ഒരാഴ്ച.

കഴിഞ്ഞവാരം മൂന്ന് അസ്വാഭാവിക മരണങ്ങളാണ്‌ നമ്മുടെ നാട്ടിലുണ്ടായത്‌.

ചക്കാല പോക്കര്‍ക്കായുടെ മകന്‍ മനാഫ്‌ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന്റെ മുമ്പേ നമുക്കെല്ലാവര്‍ക്കും പ്രിയങ്കരനായ സാഹിബ്‌ മുഹമ്മദ്ക്കയുടെ മരണവും ഒരു അപകടത്തിന്റെ രൂപത്തില്‍ സംഭവിക്കുകയുണ്ടായി. ഒരുദിവസത്തിന്‌ ശേഷം വീണ്ടും പാലക്കല്‍ വെച്ച്‌ മറ്റൊരു വാഹനാപകടത്തില്‍ ചെറാശേരി അസീസ്‌ക്കയുടെ മകന്‍ മുഹമ്മദ്‌ അഷ്‌റഫും ദാരുണമായി മരണപ്പെടുകയുണ്ടായി.

നമ്മുടെ നാട്ടിന്‌ വേണ്ടപ്പെട്ട ഈ മൂന്ന് വ്യക്തിത്വങ്ങളും അകാലത്ത്‌ നമ്മെ വിട്ട്‌ പിരിഞ്ഞ്‌ പോയി.

നമ്മുടെ നാട്ടിന്റെ നായകസ്ഥാനത്ത്‌ നിലയുറപ്പിച്ചിരുന്ന ആദരണീയനായ സാഹിബ്‌ മുഹമ്മദ്‌ക്ക യുടെ നിര്യാണം നമ്മുടെ നാട്ടിന്‌ വന്‍ നഷ്ടംതന്നെയാണ്‌. രാഷ്ട്രീയ രംഗത്തെ കര്‍മ്മയോഗിയായിരുന്ന അദ്ദേഹം നമ്മുടെ നാട്ടിന്റെ പുരോഗതിക്ക്‌ വേണ്ടി അര്‍പ്പിച്ച സേവനങ്ങള്‍ നിസ്തുല്യമാണ്‌. ആസേവനങ്ങള്‍ അദ്ദേഹത്തെ എന്നെന്നും നമ്മുടെ മനസ്സുകളില്‍ ജീവിപ്പിക്കും.

അതുപോലെ മനാഫ്‌ നമ്മുടെ നാട്ടുകാരുടെ യെല്ലാം ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയായിരുന്നു. കളങ്കമില്ലാത്ത ആസ്‌നേ‌ഹിതനും നമുക്ക്‌ ഒരുപിടി നല്ല ഓര്‍മ്മകളും വേര്‍പാടിന്റെ നൊമ്പരവുംതന്ന് യാത്രയായി.

നമ്മുടെ നാട്ടിലെ പുതിയതലമുറയിലെ ശ്രദ്ദേയനായ വ്യക്തിയായിരുന്നു മുഹമ്മദ്‌ അഷ്‌റഫ്‌.
പ്രയത്നശാലിയും നിരവധി സുഹൃത്‌ സഞ്ചയവുമുള്ള ആനല്ല സുഹൃത്തും എന്നെന്നേക്കുമായി നമ്മോട്‌ വിടപറഞ്ഞു.

നമ്മില്‍നിന്ന് വിട്ട്‌പിരിഞ്ഞ ഈ മൂന്ന് വ്യക്തിത്വങ്ങളുടെയും വേര്‍പാടില്‍ പടിക്കല്‍ വിചാരവേദി അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. സര്‍വ്വശക്തന്‍ അവര്‍ക്കും നമുക്കും പരലോക വിജയം നല്‍കട്ടെ.
മരിച്ചുപോയവരുടെ കുടുമ്പങ്ങള്‍ക്ക്‌ ക്ഷമയും സമാധാനവും നല്‍കട്ടെ. കരുണാമയന്‍ ഇവരുടെ വേര്‍പാട്‌ തീര്‍ത്ത എല്ലാ ആഘാതങ്ങളില്‍നിന്നും അവരുടെ ബന്ധുമിത്രാദികളെ രക്ഷിക്കട്ടെ.

അപകടമരണങ്ങളില്‍നിന്ന് ജഗനിയന്താവ്‌ നമ്മളെയെല്ലാവരെയും കാത്ത്‌ രക്ഷിക്കട്ടെ!.

നമ്മുടെ നാട്ടില്‍ ഒരുപാട്‌ ജീവിതങ്ങള്‍ ബൈക്കുകള്‍ തട്ടിയെടുത്തു. അതുകൊണ്ട്‌ തന്നെ ബൈക്കുകള്‍ നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നത്തെകുറിച്ച്‌ പടിക്കല്‍ വിചാരവേദി മുമ്പ്‌ പ്രസിദ്ധീകരിച്ച ‘വേണോ നമുക്കീ മരണത്തിന്റെ ഇരുചക്രരഥം?‘ എന്ന പോസ്റ്റ്‌ കൂടുതല്‍ വിചിന്തനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. വായിക്കാത്തവര്‍ മുകളിലെ ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ വായിക്കുക.