2010 ജനുവരി 6, ബുധനാഴ്‌ച

അണ്ണാച്ചി കോപം.

ശ്രീലങ്കൻ അണ്ണന്മാരുടെ ദണ്ണം വിറ്റ് അവർകളായി വിലസിയ അണ്ണന് എന്താണെന്നറിയില്ല ‘പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലേ‘ എന്നൊരുശങ്ക!.
അടുപ്പ് കാണുമ്പോഴേക്ക് തിളച്ചുമറിയുന്ന തമിഴ് വികാരം പുലിഅരസിയലുകളെല്ലാം മൊത്തമാ അരഞ്ചുപോയിട്ടും തണുത്തുറഞ്ഞുതന്നെ നിൽക്കുന്നത് കണ്ടിട്ടാണ് അണ്ണന് ഇങ്ങിനെ തോന്നിയത് എന്നകാര്യം ഏത് തമിൾതിരിയാത്തവനും തിരിഞ്ചവിഷയം!.

എന്തെങ്കിലും ഒരുകൊസറാകൊള്ളികത്തിച്ച് തമിൾമക്കളുടെ ‘രത്തം‘ തിളപ്പിച്ചുനിർത്തിയില്ലെങ്കിൽ നമ്മ എം.ഡി.എം.കെ യുടെ കാര്യം കട്ടപ്പൊകൈ' എന്ന് നിനച്ചിരിക്കുമ്പോഴാണ് അണ്ണന്റെ തലയിൽ വെള്ളിടിവെട്ടിയത്!.

അന്തകാലത്തെന്നോ കേരളത്തിലെ ഒരുപൈത്യക്കാരൻ രാജാവുമായി ഉണ്ടാക്കിയ കരാർപ്രകാരം കേരളത്തിനവകാശപ്പെട്ട മുല്ലപ്പെരിയാറിലെ ജലം കേരളത്തിൽ തന്നെ തടഞ്ഞുനിർത്തി നമ്മ അണ്ണാച്ചികൾ നമ്മൂരിലേക്ക് കണ്ടുവരുന്നുണ്ട്.

ഇക്കാലമത്രയും കൃഷിചെയ്യുവാനും കറന്റുണ്ടാക്കുവാനും വെള്ളമില്ലാതെ വലഞ്ഞിട്ടും കേരളക്കാരാരും കുറച്ചുവെള്ളവും ചോദിച്ച് കുടവുംതൂക്കി മുല്ലപ്പെരിയാറിലേക്ക് വന്നിട്ടില്ല. (അങ്ങിനെ ചോദിക്കാൻ നട്ടെല്ലുള്ളവാലിബന്മാരാരും കേരളം ഭരിച്ചിട്ടില്ല.) അതുകൊണ്ടുതന്നെ നനഞ്ഞിടം കുഴിക്കാൻ മിടുക്കന്മാരായ നമ്മൾ ജാംബവാന്റെ കാലത്ത് പണിത ആ അണക്കെട്ടിനുമുകളിൽ വീണ്ടും മണ്ണിട്ട് കിട്ടാവുന്നത്രയും വെള്ളം ഊറ്റിക്കൊണ്ടിരുന്നതാണ്.

നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും നോക്കാതെ പരസ്പരം പാരപണിതും ഗ്രൂപ്പ്കളിച്ചും ഇടതും വലതും മാറിമാറികളിക്കുന്ന കേരളത്തിലെ ഉടയോന്മാരാരോ മറക്കിരിക്കാൻ വന്നപ്പോഴാണെന്നുതോന്നുന്നു അബദ്ധത്തിൽ സംഗതികണ്ടുപിടിച്ചു. ഈമണ്ണാംകട്ട അണക്കെട്ട് ഏതുനിമിഷവും ഇടിഞ്ഞുപൊളിഞ്ഞുവീഴാം.വെള്ളം ഇനിയും പൊക്കിയാൽ അണപൊട്ടി കേരളാവിലെ ഒന്നുരണ്ടുജില്ലകൾ മൊത്തമായി ഡിലീറ്റായികിട്ടും!.

സംഗതിപൊല്ലാപ്പായി. കേരളം കരച്ചിലായി,പിഴിച്ചിലായി.....

അവസാനം കോടതിവിധിയും വന്നു. ‘അളവ്ക്ക് അധികമാ തണ്ണി തമിൾനാട് എടുക്കക്കൂടാത്!‘

അന്ത അളവെല്ലാം തിരുട്ടി കേരളത്തെ ഇന്തനാൾ വരെഏമാത്തി ഇരുന്തതാണ്.

അപ്പൊഴാണ് അന്ത അറിവുകെട്ടമുണ്ടങ്ങള് ശൊല്ലുന്നത് ഉങ്കളുക്ക് നമ്മ പുതുസ്സാ ഒരു അണകെട്ടിത്തരാമെന്ന്!

അവരെ വിടക്കൂടാത്!

പുതുസ്സാ അണ അവർകെട്ടിയാൽ കൊഞ്ചം തണ്ണി അവർക്കും കൊടുക്കവേണ്ടിവരും.അത് നടക്കക്കൂടാത്! നമ്മ സമ്മതിക്കക്കൂടാത്!!.

തമിൾ രക്തം തിളപ്പിക്കാൻ ഇതിൽകൂടുതൽ എന്തുവേണം?

ഇന്തവൈക്കോ അണ്ണാവുടെ തലയിൽ വൈക്കോലല്ലെന്ന് നാൻ കേരളാവുങ്കൾക്ക് കാട്ടിക്കൊടുക്കപ്പോറേൻ!‘

ഗ്രഹണിപിടിച്ച പിള്ളേർക്ക് ചക്കക്കൂട്ടാൻ കിട്ടിയപോലെ ആക്രാന്തത്തോടെ അണ്ണൻ തമിഴ് മക്കളെകൂട്ടി സമരത്തിനിറങ്ങി.

പെരിയനാക്കിനാലെ ആദ്യവെടിപൊട്ടിച്ചു.

അന്തമുല്ലപ്പെരിയാറിനെ തൊട്ടാൽ നാം കേരളത്തെ പട്ടിണിക്കിടുവേൻ! ഹ് ഹാ ഹഹഹാ! ജാഗ്രതൈ!.

ഈ അണ്ണാച്ചി ഗർജ്ജനം കേട്ട് വയസ്സ് എഴുപതോടടുത്തിട്ടും ഒരുയുവാവിന്റെ പ്രസരിപ്പോടെ ഇന്നും ആരോഗ്യവാനായി കൃഷിപ്പണിചെയ്ത് ജീവിക്കുന്ന ഏറനാട്ടിലെ ഒരു സീനിയർ കർഷകൻ ആത്മഗതം ചെയ്തതിങ്ങനെയാണ്.


ഇങ്ങിനെ ഒരു അണ്ണാച്ചിവൈക്കോൽ കുറേ മുമ്പ് നമ്മെ പേടിപ്പിച്ചിരുന്നെങ്കിൽ എത്രനന്നായിരുന്നു!.

തമിഴൻ യൂറിയകേറ്റിത്തരുന്ന പാളേങ്കോടൻ പഴവും മാരക രാസവളമിട്ട് കൃത്രിമമായി വിളയിച്ച പച്ചക്കറികളും ഹോർമോണും പ്രോട്ടീനും കയറ്റിവീർപ്പിച്ച ഇറച്ചിക്കോഴിയുമെല്ലാം തിന്ന് നിത്യരോഗികളും അകാലത്ത് വെടിതീരുന്നവരുമായി ഹോസ്പിറ്റലുകാർക്ക് കാശുണ്ടാക്കിക്കൊടുക്കുന്നവരായി മലയാളികൾ മാറാൻകാരണം ഇതുപോലുള്ള വൈക്കോലുകൾ തമിഴകത്ത് മുൻപേ ഇല്ലാത്തതുകൊണ്ടല്ലെ?

കൃഷിചെയ്യാനും കാലിയെയും കോഴിയേയും വളർത്താനും കേരളത്തിൽ എത്രയോ സ്ഥലമുണ്ട്. ഈപണിക്കൊന്നും സ്റ്റാറ്റസ് പോരാത്തതിനാൽ എല്ലാവരും ഐടിയുടേയും മെഡിസിന്റെയുംമറ്റു വൈറ്റ്കോളർ ഉഡായിപ്പുകളുടേയും പിന്നാലെ ഓടുകയും അതിന് ഗതിയില്ലാത്തവർ പാസ്പോർട്ടുമെടുത്ത് വിദേശത്ത് പോയി ദേഹണ്ണമോ മറ്റെന്ത് പണ്ടാരമായാലും ചെയ്ത് കാശുണ്ടാക്കുവാൻ പോവുകയും കൂലിവേലചെയ്യുവാൻ ഇറങ്ങിയവർ വിളവിന്റെ പത്തിരട്ടി കൂലിവാങ്ങി കൊള്ളക്കാരാവുകയും കർഷകർ പെട്ടെന്ന് കാശുണ്ടാക്കാൻ കൃഷിഭൂമിയിൽ റബറിന്റെ വിഷവിത്ത് നട്ട് തരികിടകൃഷിനടത്തുകയും ചെയ്തതുകൊണ്ടല്ലേ മലയാളിക്കീ ഗതിവന്നത്?

പട്ടിണികിടക്കേണ്ടിവന്നാൽ മലയാളിതാനേ തൂമ്പായെടുക്കും!. .ടിക്കും മറ്റുവ്യവസായങ്ങൾക്കും ഏക്കറുകൾ വാങ്ങിനൽകി അതിന് സകലതൊഴിൽനിയമങ്ങളും ബാധകമല്ലാത്ത ‘സെസ്‘ നൽകാനും തയ്യാറാകുന്ന സർക്കാർ കൃഷിക്കും ഇത്പോലെ പരിഗണന നൽകും. വ്യവസായികമായി കൃഷിയും കാലി, കോഴിവളർത്തലും തമിഴ്നാടിൽ വിജയകരമായി നടത്താമെങ്കിൽ സമൃദ്ധമായ പുഴകളും ഫലപുഷ്ടമായ മണ്ണുമുള്ള കേരളത്തിൽ എന്തുകൊണ്ട് പറ്റുകയില്ല?.കേരളത്തിലെ സർക്കാർ ഫാമുകളിലധികവും പൂട്ടിക്കിടക്കുകയോ തൊഴിലാളികൾ ഒപ്പിടുക എന്നജോലിമാത്രം ചെയ്ത് ശമ്പളം പറ്റുകയോ ചെയ്യുന്നവയാണ്. പട്ടിണികിടക്കേണ്ടിവന്നാൽ ഈ അവസ്ഥയൊക്കെമാറും. ആത്മാർത്ഥമായി തൊഴിൽ ചെയ്യുക എന്ന തൊഴിൽ മാന്യതമറന്ന് അയോഗ്യമായ അവകാശങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്നതൊഴിലാളികളും അവരെതലതിരിക്കുവാൻവേണ്ടിരാഷ്ട്രീയക്കാർ ഉണ്ടാക്കിയ സംഘടനകളും എല്ലാം യാഥാർത്ഥ്യങ്ങൾ തിരിച്ചറിയും. കൃഷിചെയ്ത് ദേഹത്ത് ചെളിപുരളുന്നതാണ് അന്തസ്സെന്ന് വൈറ്റ് കോളർ വണ്ണങ്ങളും തിരിച്ചറിയും. റബർപാൽ കുടിച്ചാൽ വിശപ്പ് മാറില്ലെന്ന് തിരിച്ചറിയുന്ന തരികിടകർഷകർ റബർ വെട്ടി വാഴയും വഴുതനയും വെണ്ടക്കയുമെല്ലാം കൃഷിചെയ്യും.

അങ്ങിനെ അണ്ണൻസ് കേരളാവുക്ക് അണുപ്പാൻ വീർപ്പിച്ച കോഴിയും തക്കാളി മത്തങ്ങ വെണ്ടക്കകളും വൈക്കോലണ്ണനും മക്കളും തന്നെ തിന്ന് കുമ്പവീർത്ത് ചാകും!.

വാൽ കഷണം:-

സ്മാർട്ട് സിറ്റിക്ക് അനുവദിച്ച സ്ഥലത്ത് മാത്രം പച്ചക്കറി കൃഷിചെയ്താൽ തെക്കൻ കേരളത്തിലേക്ക് തമിഴ് നാട്ടിൽ നിന്നും പച്ചക്കറിലോറികൾ പോകേണ്ടിവരില്ല!.

വിവരസാങ്കേതിക വിദ്യയല്ലനമുക്ക് ആദ്യം വേണ്ടത്.

ഉദരപൂരണ വിദ്യയാണ്!...........

2010 ജനുവരി 1, വെള്ളിയാഴ്‌ച

പുതുവത്സരാശംസകൾ!.....


പുതിയൊരു പുതുവർഷം കൂടി....
നിനവിന്റെ കൈലോസിൽ സന്തോഷ സന്താപങ്ങളുടെ നൂറു നൂറു പൂക്കൾ തുന്നിച്ചേർത്ത് ഒരു വർഷം കൂടി നമ്മെ വിട്ടുപോയി.

പകലോന്റെ കോപം തളർത്തിയ ഗ്രീഷ്മവും മഴനൂലുകളിൽ സംഗീതം പെയ്ത പെരുമഴക്കാലവും പൂക്കളുടെ കളിചിരികളിലുണർന്ന വസന്തവുമെല്ലാം കടന്ന് രണ്ടായിരത്തി ഒൻപത് എത്രപെട്ടെന്നാണ് നമ്മോട് യാത്ര ചോദിച്ചത്?.

ഒരായിരം പുതുപ്രതീക്ഷകളുടെ കനകച്ചെപ്പായ് രണ്ടായിരത്തിപത്ത് നമ്മുടെ മുന്നിൽ തുറക്കപ്പെടുകയാണ്. സന്തോഷകരമായ ഒരു പുതുവർഷത്തിനായി നമുക്ക് പ്രാർത്ഥിക്കാം. ഓരോ ചുവടും നമുക്ക് കരുതലോടെ മുന്നോട്ട് വെക്കാം.
ചതിക്കുഴികളേറെയുള്ളതാണ് നമ്മുടെ പാത. ചതിയോ വഞ്ചനയോ തീവ്രവാദമോ തീവ്രവാദ വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ ഭരണകൂടഭീകരതയോ മറ്റു അത്യാഹിതങ്ങളോ ഒന്നും നമ്മുടെ സ്വസ്ഥത കെടുത്താതിരിക്കട്ടെ.

ആണ്ടറുതികൾ ഭാവിയുടെ പ്രതീക്ഷകളുടെ പടിവാതിലുകളെന്നതിനേക്കാളേറെ നഷ്ടകാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ഒരു തിരിഞ്ഞുനോട്ടം നമുക്ക് നടത്താം. പോയവർഷത്തിലെ നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും നന്മതിന്മകളും ഒന്ന് കൂട്ടിക്കിഴിച്ചു നോക്കാം. ശിഷ്ടം പാപത്തിന്റെ നഷ്ടക്കണക്കുകൾ മാത്രമാണെങ്കിൽ ഇനിയുമൊരവധിക്ക് കാക്കാതെ ഈ പുതുവർഷപ്പുലരിയെ ഒരു മാറ്റത്തിന്റെ പടിവാതിലായി നമുക്ക് സ്വീകരിക്കാം. നമ്മുടെ നന്മകളേ നമുക്ക് മിച്ചമുണ്ടാകൂ എന്നകാര്യം മറക്കാതിരിക്കുക.

ഇനിയുമൊരുപാട് പുതുവർഷങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാൻ ഭാഗ്യമുണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഏവർക്കും പടിക്കൽ വിചാരവേദിയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!.