2008, ജനുവരി 7, തിങ്കളാഴ്‌ച

ബീരാന്റെ കഥ

പുതുതലമുറ ആഡംബര ഭ്രമത്തിന്റെ പിടിയിലാണ്‌. കഞ്ഞികുടിക്കാന്‍ ഗതിയില്ലാത്തവനും ത്രീജി മൊബൈ‌ലും പുതുപുത്തന്‍ ബൈക്കുമെല്ലാം സ്വന്തമാക്കാനുള്ള പരക്കം പാച്ചിലിലാണ്‌.
എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള ത്വര പലരെയും കൊള്ള-മോഷണ സംഘങ്ങളില്‍ കണ്ണികളാക്കുന്നു. ചിലര്‍ സ്വന്തമായി മോഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നു. സ്വന്തക്കാരും അയല്‍വാസികളുമെല്ലാം ഇങ്ങിനെ മോഷണത്തിനിരയാകുന്നു. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്നപതിരില്ലാത്ത സത്യം ആഡംബരഭ്രമത്തിന്റെ പ്രലോഭനത്തില്‍ ഇവര്‍ മറന്നുപോകുന്നു. മോഷ്ടിച്ചിട്ടും പിടിച്ചുപറിച്ചിട്ടുമെല്ലാം ആരെങ്കിലും മനസ്സമാധാനത്തോടെ അത്‌ അനുഭവിച്ചിട്ടുണ്ടോ?എന്ന ചോദ്യമൊന്നും ഇത്തരക്കാരുടെ ബധിരകര്‍‌ണ്ണങ്ങളില്‍ പതിയില്ല. അടുത്തിടെ കേരളത്തില്‍ നടന്ന മിക്ക മോഷണങ്ങളുടെയും പിന്നിലെ ലക്ഷ്യം ആഡംബര ജീവിതമായിരുന്നു എന്ന് വാര്‍ത്തകള്‍‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. എന്തായാലും നമുക്ക്‌ ആഡംബരഭ്രമത്തിന്റെ ദുരന്തപ്രതീകമായ ബീരാന്റെ കഥ കേള്‍ക്കാം.
ബീരാന്‍.
ലോക്കപ്പിനകത്തിരുന്ന് ബീരാന്‍ നാട്ടുകാരുടെയും പോലീസിന്റെയും അടികൊണ്ട്‌ വീര്‍ത്ത തന്റെ ശരീരത്തിലേക്ക്‌ നോക്കി. നടുനിവര്‍ത്താന്‍ വയ്യ!. നീരുകെട്ടാത്തൊരു ഭാഗവും ബാക്കിയില്ല. ഇത്രക്കും കരുണയില്ലാതെ എല്ലാവരും കൂടി എന്നെ പെരുമാറിയല്ലോ! മുമ്പ് എന്നോട്‌ ഏറെ സ്‌നേഹത്തോടെ പെരുമാറിയവരാണല്ലോ എന്നെ ഈവിധം പെരുമാറിയത്‌? ലോക്കപ്പിന്‌ മുന്നില്‍ കാവല്‍നില്‍ക്കുന്ന പോലീസുകാരന്‍ ഏതോ പുഴുത്തപട്ടിയെന്നപോലെ തന്നെ നോക്കുന്നു. ആക്രൂരമുഖത്തേക്ക്‌ നോക്കാനാവാതെ അവന്‍ തറയില്‍ ഒരുമൂലയില്‍ കണ്ണടച്ചിരുന്നു.ഓര്‍മ്മകള്‍ തന്നെ ഇവിടെ എത്തിച്ച വഴികള്‍ പരതി.

ആമൊയ്തീനാണിതിനെല്ലാം കാരണം. അവന്‍ എന്റെ ചങ്ങാതിയായതിന്‌ ശേഷമാണ് ഞാന്‍ ഞാനല്ലാതായത്‌.
അന്നാണ്‌ മൊയ്തീന്റെ കയ്യില്‍ ഞാനാ യന്ത്രം കണ്ടത്‌. നെറച്ചും സുച്ചുകളുള്ള സുച്ചുകളില്‍ ഞെക്കിയാല്‍ അക്കങ്ങളും അക്ഷരങ്ങളും കാണുന്ന ആയന്ത്രം! അതിലൂടെ അവന്‍ ഏഴാനാകാശത്തും മലക്കൂത്തുസ്സമാഇലുമെല്ലാമുള്ളവരോടെല്ലാം സംസാരിക്കുന്നു. നാലാള്‍ കൂടുന്നിടത്തും നെറച്ചും പെണ്ണുങ്ങളുള്ള ബസ് റ്റോപ്പിലുമെല്ലാം അവന്‍ അത്‌ ഞെക്കി ആരോടൊക്കെയോ കിന്നാരം പറയുന്നു!. പെണ്‍കുട്ടികള്‍ക്കെല്ലാം നമ്പര്‍ കൊടുക്കുന്നു. എപ്പോഴും ഒരുകൈ ചെവിയിലും വച്ചുകൊണ്ടുള്ള ആനടത്തം എന്നെ അസൂയാലുവാക്കി. അതൊന്ന് എനിക്കും സ്വന്തമാക്കണ മെന്ന ആഗ്രഹം മൊയ്തീനെ അറിയിച്ചപ്പോഴാണ്‌ അതിന്റെ മുടിഞ്ഞ വിലയെക്കുറിച്ചറിഞ്ഞത്‌.

ബാപ്പ മരിച്ചതില്‍ പിന്നെ കുടുംബത്തിന്റെ മൊത്തം ഭാരം താങ്ങുന്ന എനിക്കൊരിക്കലും അത്‌ വാങ്ങാനാവില്ല. ഒരുദിവസം ജോലിക്ക്‌ പോയില്ലെങ്കില്‍ പിറ്റേദിവസം വീട്ടുകാര്‍ പട്ടിണി കിടക്കേണ്ടി വരും.എന്റെ അവസ്ഥ മൊയ്തീനോട്‌ പറഞ്ഞപ്പോള്‍ മൊയ്തീന്‍ തന്നെയാണ്‌ അതിനൊരു പരിഹാരം പറഞ്ഞുതന്നത്‌. നിന്റെ ഉമ്മന്റേല്‍ സ്വര്‍‌ണ്ണമെന്തെങ്കിലുമുണ്ടെങ്കില്‍ തല്‍ക്കാലം ഊരി വാങ്ങ്‌. പിന്നെ പൈസണ്ടാകുമ്പോള്‍ പുത്യേത്‌ വാങ്ങിക്കൊടുത്താല്‍ മതിയല്ലോ.
അങ്ങനെ എന്തൊക്കെയോ പറഞ്ഞ്‌ പാവം ഉമ്മയുടെ ആകെഉണ്ടായിരുന്ന കാതിലെ കമ്മലുകള്‍ വാങ്ങിവിറ്റാണ്‌ ഞാന്‍ ആദ്യമായി ആയന്ത്രം സ്വന്തമാക്കിയത്‌. അതും കീശയിലിട്ട്‌ പിന്നെ ഞാനും ബസ് റ്റോപ്പിലും ആളുകള്‍ കൂടുന്നിടത്തുമെല്ലാം ചെവിയില്‍ കൈവച്ചുനടന്നു. ആദ്യമാദ്യം കൗതുകത്തോടെ ആളുകള്‍ നോക്കിയിരുന്നെങ്കിലും പിന്നീട്‌ സംഗതി എല്ലാവരുടെയും കയ്യില്‍ ഈയന്ത്രം എത്തിയതോടെ പുതുമ നഷ്ടപ്പെട്ടു. ആരും പ്രത്യേകം ശ്രദ്ദിക്കാതായി. മാത്രമല്ലവീട്ടില്‍ നല്ലസമൃദ്ദമായി ഭക്ഷണമുണ്ടാക്കിയിരുന്നത്‌ പറമ്പില്‍ നിന്ന് കിട്ടുന്ന കിഴങ്ങുകളോ അയല്‍പക്കത്ത്‌ നിന്ന് ഉമ്മ കടം വാങ്ങിക്കൊണ്ടുവരുന്ന കറികളോ ഒക്കെയായി മാറി.വീട്ടുകാരെ മാത്രമല്ല ഇപ്പോള്‍ മൊബെയിലിനെയും തീറ്റിപ്പോറ്റണമല്ലോ!.

അങ്ങിനെയിരിക്കെയാണ്‌ ഞാന്‍ മൊയ്തീനെ വീണ്ടും കാണുന്നത്‌. ഇത്തവണ മൊയ്തീന്റെ കയ്യിലെ പുതിയ യന്ത്രം കണ്ട്‌ ഞാന്‍ ശരിക്കും ഞെട്ടി!. ഒരു സ്വിച്ച്‌ ഞെക്കിയാല്‍ നല്ല മാപ്പളപ്പാട്ട്‌, ഹിന്ദിപ്പാട്ട്‌,സിനിമാപ്പാട്ട്‌ എന്ന് വേണ്ട ഭൂലോകത്തെ സകല പാട്ടുകളും കേള്‍ക്കാം. വേറെ ഒന്ന് ഞെക്കിയാല്‍ ടീവികാണുംപോലെ പാട്ടും സിനിമിം ഒക്കെ കാണാം. വേറെ ഒന്ന് ഞെക്കിയാല്‍ അതിലെ കേമറകൊണ്ട്‌ പോട്ടം പിടിക്കാം ഫോണിന് ഫോണും വിളിക്കാം!. അവന്‍ ആരും കാണാതെ ബസ്സിനുള്ളില്‍ നിന്ന് പിടിച്ച ചോലേലെ സീനത്തിന്റെ ഫോട്ടോ കൂടികണ്ടതോടെ എനിക്ക് അതിശയം കൊണ്ട്ബോധം പോവാറായി.
‘എടാ മൊയ്തീനെ ഇതിനെന്ത്‌ വെലണ്ട്‌?'
' പുത്യേതിന്‌ പന്ത്രണ്ടായിരത്തഞ്ഞൂറ്‌!'
അന്ന് രാത്രി ഞാന്‍‍ ഉറങ്ങിയില്ല. ആസാധനം ഒന്ന് സ്വന്തമാക്കിയാല്‍ എന്റെ ജീവിതം തന്നെ സഫലമായി. ആരും കാണാതെ ന്റെ സല്‍മത്തിന്റെ ഒരു പോട്ടം പിടിക്കാന്‍, പുതിയ ഡബ്ബാംകുത്ത്‌ പാട്ടുമിട്ട്‌ ചങ്ങായ്മാരുടെ ഇടയില്‍ മൊയ്തീനെപ്പോലെ ചെത്തിനടക്കാന്‍! എങ്ങിനെയെങ്കിലും അതൊന്ന് വാങ്ങിയേതീരൂ. ഇപ്പോഴുള്ള ഈ പഴഞ്ചന്‍ സാധനവും തൂക്കി നടക്കുന്നത്‌ തന്നെ നാണക്കേടാണ്‌. പക്ഷേ എങ്ങിനെ? എവിടുന്ന് കിട്ടും പന്ത്രണ്ടായിരത്തഞ്ഞൂറ്‌?.

ഉറക്കമില്ലാത്ത ആരാത്രിയുടെ അന്ത്യയാമത്തില്‍ എന്റെ ബുദ്ദിയില്‍ ആതന്ത്രമുദിച്ചു.അടുത്ത വീട്ടിലെ സൈനബതാത്താന്റെ കഴുത്തില്‍ ഒരു മാലയുണ്ട്‌. അതുവിറ്റാല്‍ പന്ത്രണ്ടായിരം ഉറപ്പ്‌!എങ്ങിനെയെങ്കിലും അത്‌ കൈക്കലാക്കണം. അല്ലെങ്കിലും വയസ്സായ സൈനബതാത്താക്കെന്തിനാ ഒരു മാല?. പക്ഷേ അതെങ്ങിനെകിട്ടും? ഒരുപാട്‌ ചിന്തകള്‍ക്കൊടുവില്‍ അവനൊരു തീരുമാനത്തിലെത്തി. രാത്രി അവരുടെ മുറിക്കുമുമ്പിലുള്ള പ്ലാവില്‍ കയറി ഓടടത്തി അകത്തുകടന്ന് മാലപൊട്ടിച്ച്‌ രക്ഷപ്പെടാം ഉറക്കമുണര്‍ന്ന് അവര്‍ കണ്ടാലും മുഖം മൂടി ധരിച്ചാല്‍ ആളെ മനസ്സിലാകില്ല അവര്‍ ഒച്ച വെച്ച്‌ ആളെക്കൂട്ടുമ്പോഴേക്കും പുറത്ത്‌ കടന്ന് മാലയും മുഖം മൂടി യും ഒളിപ്പിച്ച്‌ വെച്ച്‌ നാട്ടുകാരോടൊപ്പം തനിക്കും കള്ളനെ പിടിക്കാന്‍ തിരച്ചില്‍ നടത്താം ആര്‍ക്കും സംഗതി മനസ്സിലാവില്ല.
ഇതുവരേ ആരുടേയും ഒന്നും മോഷ്ടിച്ചിട്ടില്ല. ഇതുവേണോ എന്ന് മനസ്സ്‌ പലവട്ടം ചോദിച്ചതാണ്‌. പക്ഷേ അത്തരം ചിന്തകളെല്ലാം ആയന്ത്രത്തിന്റെ അതിശയത്തില്‍ മുങ്ങിപ്പോയി.
അങ്ങിനെ യാണ് അന്ന് രാത്രി സൈനബത്താത്തയുടെ വീട്ടിന്റെ ഓടിളക്കി അകത്തുകടന്നത്‌. അകത്ത്‌ കടന്നതും സൈനബത്താത്തയുടെ ഡോള്‍ബി ഡിജിറ്റല്‍ അണ്ണാക്ക്‌ തുറന്നതും ഒന്നിച്ചായിരുന്നു.
" ആള്ളോ.. കള്ളന്‍ ... കള്ളന്‍..."
നിമിശങ്ങള്‍ക്കകം എവിടെ നിന്നാണെന്നറിഞ്ഞില്ല സ്വിച്ചിട്ടപോലെ നാട്ടുകാര്‍ ഓടിക്കൂടി പുറത്തിറങ്ങും മുമ്പേ എല്ലാവരും കൂടി എന്നെ പിടികൂടി. അവര്‍ എന്റെ മേനി ഉഴുതുമറിച്ചു. കണ്ണീ ചോരയില്ലാതെ എല്ലാവരും മത്സരിച്ചു പെരുമാറി. അവസാനം മുഖം മൂടി അഴിച്ചപ്പോള്‍ എല്ലാവരും എന്നെ കണ്ട്‌ അന്തം വിട്ട്‌ നിന്നു. എന്റെ ഉമ്മ ബോധം കെട്ടു വീണു!.
ഉടനെ എത്തിയ പോലീസുകാര്‍ക്ക്‌ എന്റെ മേനിയില്‍ കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്നിട്ടും എസ്‌.ഐ തന്റെ കൈത്തരിപ്പ്‌ ലോക്കപ്പിലിട്ട്‌ തീര്‍ത്തു.
ഇനി പുറത്തിറങ്ങിയാലും ജോലിയെന്തെങ്കിലും ചെയ്യാനാകുമോ എന്നറിയില്ല.

പോലീസുകാരന്‍ കട്ടന്‍ ചായ നീട്ടിയപ്പോള്‍ ബീരാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. ഏതോ ഔദാര്യം പോലെ കിട്ടിയ ആ ചുടുചായ കുടിച്ചപ്പോള്‍ എന്തോ ഒരു ഉന്മേഷം തോന്നി. അല്‍പ്പം കഴിഞ്ഞപ്പോള്‍ പുറത്തുനിന്നും പരിചിതമായ ശബ്ദം കേട്ടു.
' എന്ത് ചെയ്യാനാ പെങ്ങളുടെ കുട്ട്യായിപ്പോയീലെ ഓളെ കണ്ണീര്‌ കാണാന്‍ വയ്യാഞ്ഞിട്ടാസാറേ'.
അതെ എന്റെ അമ്മാവന്‍ എസ്‌.ഐയോട്‌ സംസാരിക്കുകയാണ്‌. കൂടെ ഒരു രാഷ്ട്രീയ നേതാവുമുണ്ട്‌. ജാമ്മ്യത്തിലെടുക്കാന്‍ വന്നതാണ്‌. സ്റ്റേഷനില്‍ നിന്നിറങ്ങുമ്പോള്‍ നേതാവ്‌ മുനവച്ചുള്ള വാക്കുകളുരുവിട്ടുകൊണ്ടിരുന്നു.
'ജ്ജ്‌ പാര്‍ട്ടി മറ്റേതാന്ന് ഞമ്മക്കറ്യാം. ന്നാലും ഇങ്ങനെ ഒര്‌ എടങ്ങറ്‌ വരുമ്പം ഞമ്മളേണ്ടാകുള്ളൂന്ന് അനക്ക്പ്പം മനസ്സിലായില്ലേ?'
അമ്മാവന്‍ ഇടക്ക്‌ കയറിപറഞ്ഞു. 'ന്ന ഓര്‍ത്ത്ട്ടാ മൂപ്പര്‌ ഇത്‌ന്‌ നിന്നത്‌. അന്റമ്മാനെ ഓര്‍ത്ത്ട്ടാ ഞാനും ഇതിന്‌ നിന്നത്‌. ജ്ജ്‌ ചെയ്തതോന്ന്യാസത്തിന്‌ അബടത്തന്നെ കെടക്കാബേണ്ടത്‌!'.
ബീരാന്‌ ദേഹമാസകലം ചൊറിഞ്ഞ്‌ കയറി. 'എന്നെ ഓര്‍ത്തിട്ടല്ലെങ്കില്‍ പിന്നെ ങ്ങള്‌ എടങ്ങേറാവണ്ടില്ലേര്‌ന്ന്!' എന്ന് പറയാന്‍ ബീരാന്റെ നാവില്‌ വന്നതാണ്‌. പക്ഷേ അവന്‍ നിയന്ത്രിച്ചു. തെറ്റ്‌ ചെയ്തുപോയി അനുഭവിച്ചേതീരൂ.
'ജ്ജേതായാലും ബണ്ടീല്‌ കേര്‌!' അമ്മാവന്റെ ആജ്ഞ.
' ങ്ങള്‌ പോയ്ക്കോളി ഞാന്‍ വന്നോളാ!'.
'എന്താ ഞ്ഞും എബടേങ്കിലും കയറാന്‍ ബാക്കിണ്ടോ?.... പറഞ്ഞില്ലാന്ന് ബേണ്ട ഞ്ഞ് ഈപണിക്ക്‌ ഞമ്മളെ കിട്ടൂല'.
കേട്ട പാതി കേള്‍ക്കാത്ത പാതി ബീരാന്‍ നടന്നകന്നു.
'ങ്ങള്‌ ബരീന്‍' എന്നുംപറഞ്ഞ്‌ അമ്മാവന്‍ നേതാവിനെയും കൂട്ടി വന്ന ഓട്ടോയില്‍ തന്നെ തിരിച്ചുപോയി .

ബീരാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. കയ്യില്‍ പണമില്ല. നന്നായി വിശക്കുന്നു. പരിചയക്കാരാരെ ആരെയും കാണാനില്ല.
നടന്ന് ബസ്റ്റോപ്പിലെത്തി. സ്കൂളില്‍ പോകാന്‍ ബസ്സ്‌ കാത്തിരിക്കുന്ന കുട്ടികളെല്ലാം തന്നെ തുറിച്ചുനോക്കുന്നു. അത്‌ തനിക്ക്‌ തോന്നിയതായിരിക്കും ബീരാന്‍ ആശ്വസിച്ചു. അപ്പോഴാണ്‌ ബസ്‌റ്റോപ്പില്‍ പെണ്‍കുട്ടികള്‍ നില്‍ക്കുന്നതിനടുത്തായി നിര്‍ത്തിയിട്ട ബൈക്കില്‍ ചാരിനിന്ന് മൊയ്തീന്‍ മൊബെയിലില്‍ ആരോടോ സൊള്ളുന്നത്‌ കണ്ടത്‌.
അവന്‌ ആശ്വാസമായി മൊയ്തീനോട്‌ ചില്ലറകടം വാങ്ങാം. അവന്‍ നേരെ മൊയ്തീന്റെ അടുത്തേക്ക്‌ നടന്നു. അവനെ ഇനിഒരിക്കലും കാണരുതെന്ന് കരുതിയതാണ്‌ പക്ഷേ ഇപ്പോള്‍ അവനോട്‌ കടം വാങ്ങാതെ നിവൃത്തിയില്ല.
‘മൊയ്തീന്‍...‘ അവന്‍ നീട്ടിവിളിച്ചു.
അവന്‍ കേട്ടഭാവം നടിച്ചില്ല. പതുക്കെ അവന്റെ അടുത്തേക്ക്‌ നടന്നടുത്തപ്പോള്‍ പെട്ടെന്ന് അവന്‍ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്‌ത് ഓടിച്ചുപോയി.
നിരാശയേക്കാളേറെ ബീരാന്‌ അത്ഭുതമാണ്‌ തോന്നിയത്‌. ഇവനെന്ത്‌ പറ്റി? ബീരാന്‍ നേരെ അങ്ങാടിയിലേക്ക്‌ നടന്നു.
ഒരു ബാര്‍ബര്‍ ഷോപ്പിന്റെ മുന്നില്‍ മൊയ്തീന്റെ ബൈക്ക്‌ വീണ്ടും കണ്ടു. ബീരാന്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി. മൊയ്തീന്‍ കസേരയില്‍ ഞെളിഞ്ഞിരുന്ന് ആര്‍ക്കോ വിളിക്കുകയാണ്‌.
ബീരാന്‍ കയറിവരുന്നത്‌ കണ്ടതും തെല്ലസഹ്യതയോടെ മൊയ്തീന്‍ ചോദിച്ചു.
‘ഹോ!ജ്ജ് ഇവടിം എത്ത്യോ? എടാ നമ്മളെരണ്ടാളെയും കൂടി ആബസ്റ്റോപ്പില്‍ വെച്ച്‌ ആരെങ്കിലും കണ്ടിരുന്നെങ്കില്‍ പിന്നെ പോയി തൂങ്ങിച്ചാവുന്നതാകും നല്ലത്‌‘.
ബീരാന്‌ കാര്യം മനസ്സിലായി. താന്‍ പിടിക്കപ്പെട്ടത്‌ ഇതിനകം നാട്ടില്‍ എല്ലാവരും അറിഞ്ഞിരിക്കുന്നു!. എനിക്ക്‌ നാട്ടില്‍ കള്ളനെന്ന് പേര്‌ വന്നിരിക്കുന്നു!.
വിശപ്പിന്റെ കൂടെ ശരീരമാകെ തളര്‍ച്ചയും ബാധിക്കുന്നതായി അവന്‌ തോന്നി. വളരെ ദയനീയമായി അവന്‍ മൊയ്തീനോട്‌ തന്റെ ആവശ്യം അറിയിച്ചു.
‘ നിന്റെ കയ്യില്‌ പൈസണ്ടേങ്കില്‍ എന്തെങ്കിലും കൊണ്ടാ. ഒന്നും കഴിച്ചിട്ടില്ല. നാളെ തിരിച്ചുതരാം‘.
മൊയ്തീന്റെ മറുപടി പുഛത്തോടെ യായിരുന്നു. ‘ന്റേയ്‌ല്‌ ആകെ നൂറുര്‍പ്പ്യണ്ട്‌. അത്‌ ഞാന്‍ മൊബെയില്‌ റീചാര്‍ജ്ജ്‌ ചെയ്യാന്‍ വച്ചതാണ്‌. അത്‌ തരാന്‍ പറ്റൂല. അത്യാവശ്യായിട്ട്‌ ന്‍ക്ക്‌ കൊറേ കോള്‌ ചെയ്യാനുണ്ട്‌’. എന്നും പറഞ്ഞ്‌ മൊയ്തീന്‍ വീണ്ടും ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തുപോയി.
ബീരാന്റെ ഉള്ളില്‍ പക പതഞ്ഞ്‌പൊങ്ങി. അവനെ തടഞ്ഞ്‌ നിര്‍ത്തി മാറ്‌ പിടിച്ച്‌ ‘എടാ ജ്ജ്‌ കാരണാടാ ഞാനീഗതീലായത്‌!, അന്നപ്പോലത്തോരെക്കൊണ്ട്‌ ഞമ്മക്കൊന്നും ഇവട ജീവിക്കാന്‍ പറ്റാണ്ടായി!. പൈച്ചിട്ട്‌ വയ്യാത്തോന്‌ ഒരു പത്തുറുപ്പ്യ കൊടുക്കുന്നതിലും വല്‌താണോടാ അന്റെമ്മാമാന്റെ അട്യേന്തരം മൊബെയിലില്‌ വിളിച്ച്‌ പറയല്‌?’ എന്നട്ടഹസിക്കാന്‍ തോന്നി. പക്ഷേ അവന്‍ സ്വയം നിയന്ത്രിച്ചു.
അവന്‍ തിരിച്ച്‌ എന്നോട്‌ ചിലത്‌ ചോദിച്ചാലോ?
‘ഞാന്‍ നിന്നോട്‌ പോയി കക്കാന്‍ പറഞ്ഞോ?’
‘ഞാനിങ്ങനെ നടക്ക്ണ്‌ കണ്ട്‌ ജ്ജെന്തിനാ അതുപോലെ നടക്കാന്‍ നോക്കീത്‌?’
‘കായില്ല്യേങ്കില് അതിന്റെ നെലക്ക്‌ നില്‍ക്കണ്ടേ?’
എന്നെല്ലാം അവന്‍ ചോദിച്ചാല്‍ ഞാനെന്ത്‌ മറുപടിപറയും? എല്ലാം എന്റെ പിഴവാണ്‌ മറ്റുള്ളവനെപ്പോലെ നടക്കാന്‍ ഞാന്‍ നോക്കി. എന്റെ നിലമറന്നു. എനിക്ക്‌ ഞാനായി അന്തസ്സോടെ ജീവിക്കാമായിരുന്നു. എന്നിട്ടും ഞാനെന്താണോ അതല്ലഞാനെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ പരക്കം പാഞ്ഞു. ആപാച്ചിലാണ്‌ എന്നെ ഇവിടെകൊണ്ട്‌ ചെന്നെത്തിച്ചത്‌. എനിക്കെന്തിനാണ്‌ മൊബൈല്‍? ഒരുആവശ്യവുമില്ലാഞ്ഞിട്ടും ഞാന്‍ മറ്റുള്ളവരെ അനുകരിച്ച്‌ അതും തൂക്കി നടന്നു. ഉള്ളത്‌ പോരാഞ്ഞിട്ട്‌ പുതിയ മോഡല്‍ വാങ്ങാന്‍ നടന്നു. എന്റെ വീട്ടുകാര്‍ക്ക്‌ ചെലവാക്കേണ്ട പണം കുത്തക കമ്പനികള്‍ക്ക്‌ കൊടുത്തു എന്തിന്‌?
കിട്ടുന്ന പണം എന്റെ വീട്ടുകാര്‍ക്ക്‌ വേണ്ടിചെലവാക്കി അവരുടെ സന്തോഷം എന്റെ സന്തോഷമായികണ്ടിരുന്ന കാലം ഞാനെന്തിന്‌ നഷ്ടപ്പെടുത്തി?ഇന്ന് വീട്ടില്‍ എന്തായിരിക്കും അവസ്ഥ?

നിന്ന നില്‍പ്പില്‍ ചിന്താമഗ്നനായ ബീരാന്‍ പുറത്തൊരു തലോടലേറ്റപ്പോഴാണ്‌ ചിന്തയില്‍നിന്നുണര്‍ന്നത്‌. ബാര്‍ബര്‍ മജീദാണ്‌.
‘എന്തുപറ്റി? ഇന്നൊന്നും കഴിച്ചില്ലേ?’
‘ഇല്ലാ അതിനാഞാന്‍ അവനോട്‌ കടം ചോദിച്ചത്‌’. ബീരാന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
‘സാരമില്ല ഇന്നാ നീപോയി വല്ലതും കഴിച്ചിട്ട്‌ വാ’. ബാര്‍ബര്‍ മജീദ്‌ ഒരു ഇരുപത്‌ രൂപാ നോട്ട്‌ ബീരാന്‌ നേരെ നീട്ടി.
നിറകണ്ണുകളോടെ ബീരാന്‍ അതുവാങ്ങി അടുത്ത ഹോട്ടലിനടുത്തേക്ക്‌ നടന്നു.
വീണ്ടും അവന്റെ ചിന്തയില്‍ മറ്റൊരുകാര്യം തെളിഞ്ഞുവന്നു. ഇപ്പോള്‍ ഈ പണം കൊണ്ട്‌ വിശപ്പിന്‌ ചെറിയൊരാശ്വാസം കിട്ടും പക്ഷേ വീണ്ടും എത്രപേരോട്‌ കൈനീട്ടും? വീട്ടില്‍ ചെല്ലാനുള്ള ധൈര്യം ഇനിയും വന്നിട്ടില്ല. ചെന്നാലും അവിടുള്ളവരുടെ പട്ടിണികിടന്ന മുഖം കാണാനെനിക്ക്‌ വയ്യ.

മേസ്തിരിയെ ചെന്ന് കണ്ടാല്‍ അയാള്‍ വല്ലതും തരും . നാളെമുതല്‍ അയാള്‍ക്കൊപ്പം മുടങ്ങാതെ ജോലിക്ക്‌ പോവണം ഇനിയൊരിക്കലും ഇത്തരം കെണികളില്‍ ചെന്ന് ചാടാതെ കുടുംബം നോക്കി മാന്ന്യനായി ജീവിക്കണം. മേസ്തിരിക്കെന്നെ നല്ല ഇഷ്ടമാണ്‌. അദ്ദേഹത്തിന്റെ വീട്ടില്‍ പലതവണ ഞാന്‍ പോയിട്ടുണ്ട്‌ പോകുമ്പോഴെല്ലാം ഒരു ചെറിയ മിഠായിപ്പൊതിയും കയ്യില്‍ കരുതും മേസ്തിരിക്ക്‌ രണ്ട്‌ ചെറിയ മക്കളുണ്ട്‌ അവര്‍‌ക്കെന്നെന്നെ വലിയ ഇഷ്ടമാണ്‌ ഞാന്‍ ചെന്നാല്‍ അവര്‍ ഓടി എന്റെ അടുത്തെത്തും മിഠായിപ്പൊതി തിരയും.

പിന്നെ ഒന്നും ചിന്തിച്ചില്ല ബാര്‍ബര്‍ തന്നപണത്തിന്‌ കുറച്ച്‌ മിഠായിയും വാങ്ങി മേസ്തിരിയുടെ വീട്ടിലേക്ക്‌ നടന്നു. മിഠായിക്കായി ഓടിവരുന്ന മേസ്തിരിയുടെ മക്കളെ ഓര്‍ത്തപ്പോള്‍ മനസ്സിലെ സങ്കടപര്‍വ്വമെല്ലാം മഞ്ഞായി ഉരുകി ഒലിച്ചുപോയി.
നടന്ന് മേസ്തിരിയുടെ വീടിനു മുന്നിലെത്തി. കുട്ടികള്‍ വീട്ടുമുറ്റത്ത്‌ കളിക്കുന്നുണ്ട്‌. ബീരാന്‍ തൊണ്ടയനക്കി.
അവനെകണ്ടതും കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ ഉടന്‍ കളിനിര്‍ത്തി പേടിച്ചരണ്ട പോലെ വീട്ടിനകത്തേക്കോടി. രണ്ടാളും ഉറക്കെ വിളിച്ചുപറഞ്ഞു.
‘ ഉമ്മാ ബീരാന്‍കാക്ക വര്‌ണ്‌ണ്ട്‌!’
അകത്ത്‌ നിന്നും കുട്ടികളുടെ ഉമ്മയുടെ ശബ്ദം കേട്ടു. ‘ഏത്‌ ബീരാങ്കാക്കയാ മക്കളേ?’
‘കള്ളന്‍!...കള്ളന്‍ ബീരാങ്കാക്ക!’

മേസ്തിരിയുടെ ഭാര്യ പേടിച്ചരണ്ട രണ്ട്‌ കുട്ടികളെയും കൂട്ടി മുറ്റത്തിറങ്ങി നോക്കിയിട്ടും ബീരാനെ കണ്ടില്ല. ഗൈറ്റിനു സമീപം കിടന്ന ആപൊതിയെടുത്ത്‌ കുട്ടികള്‍ തുറന്ന് നോക്കി.
കുറേ മിഠായികള്‍!. .