2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

പുരികം പ്ലക്കിംഗ്

അടുത്ത കാലത്ത് നമ്മുടെ അയല്‍ ദേശത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ കഥാ ആവിഷ്കാരം.

പുരികം പ്ലക്കിംഗ്.
ആഴ്ചകള്‍ക്ക് മുമ്പ്മാത്രം വിവാഹിതരായ മിഥുനങ്ങള്‍ ഹണിമൂണിന്റെഭാഗമായ സര്‍ക്കീട്ടിനിടയില്‍ .
ഇവര്‍ ടൌണ്‍ യാത്രയിലാണ്....
സുന്ദരിയുടെ കൈ ചേര്‍ത്തുപിടിച്ച് തലയുയര്‍ത്തിപ്പിടിച്ച് ഗര്‍വ്വോടെ വരന്‍ ശ്രീമാന്‍ നടക്കവെ, പെട്ടെന്ന് സുന്ദരി അവനെ തോണ്ടി.
ബ്യൂട്ടീപാര്‍ലറിനു മുന്നിലായിരുന്നു അവരപ്പോള്‍ .
‘ഞാനെന്റെ പുരികം ഒന്ന് പ്ലക്ക് ചെയ്തോട്ടെ’ എന്ന തേനൊലിപ്പന്‍ അഭ്യര്‍ത്ഥനക്ക് മുമ്പില്‍ കണവന്‍ പച്ചക്കൊടികാട്ടി.
അവളുടെ തിളങ്ങുന്ന വാനിറ്റി ബാഗ് ഏറ്റുവാങ്ങിയ ശേഷം അവന്‍ ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ വെയ്‌റ്റുചെയ്തു.
നിമിഷങ്ങള്‍ മിനുറ്റുകളും ഒരുപാടു മിനുറ്റുകള്‍ ചേര്‍ന്ന് മണിക്കൂറുകളുമായിട്ടും പ്ലക്ക് ചെയ്യാന്‍ പോയ പുരികവും തലയും പുറത്തുവന്നില്ല.
വീണ്ടും കുറേ നേരങ്ങള്‍ ......
പൊങ്ങച്ച സഞ്ചിയും കയ്യിലേന്തി മാന്യ വസ്ത്രം ധരിച്ച വിഢിയായി സൌന്ദര്യ വര്‍ദ്ദക പീടികയുടെ കോലായില്‍ അവന്‍ കാത്തുനിന്നു.
ഏതാണ്ട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വല്ലാത്തൊരു കേശ, വദന,പുരിക,അധര,നയന സൌന്ദര്യവുമായി സുന്ദരി എത്തിയപ്പോള്‍ അതുവരെ കാത്തിരുന്നതിന്റെ മുഷിപ്പ് മാറി അവന്.
അവള്‍ അപ്സരസ്സിനെപ്പോലെ സുന്ദരിയായിരിക്കുന്നു. (ഒന്ന് കുളിക്കുംവരെ മാത്രം)
നേര്‍ത്ത പുഞ്ചിരിയുമായി അവള്‍ ബില്ലുകൈമാറി.
അവന്‍ ബോധം കെട്ടുവീണില്ല എന്നതു സത്യം. എങ്കിലും അതിന്റെ അടുത്തെത്തുന്ന അവസ്ഥകള്‍ അവനില്‍ ഉടലെടുത്തു. ബില്ല് വെറും 2400 ക ഒണ്‍ലി!.
പുരികം മിനുക്കാന്‍ പോയവള്‍ മൊത്തത്തില്‍ മിനുങ്ങിയപ്പോള്‍ ഭര്‍ത്താവ് ഫ്ലാറ്റ്!.
ബില്ലുകണ്ട നിമിഷം അവന്റെ സംസാര ശേഷി നഷ്ടപ്പെട്ടു. അഥവാ ഒരക്ഷരം അവന്‍ മിണ്ടിയില്ല. നിശ്ശബ്ദനായി ബില്ലുപേചെയ്തു.
ഹണിമൂണ്‍ വെട്ടിച്ചുരുക്കി നേരെ വീട്ടിലെത്തി ഭാര്യയുടെ വസ്ത്രങ്ങള്‍ , ചെരിപ്പ്,കുട,etc... എന്നിവ നിശബ്ദമായി പേക്ക് ചെയ്തു.
നിശ്ശബ്ദനായിത്തന്നെ അവളെയും കൂട്ടി അവളുടെ വീട്ടിലേക്ക് വെച്ചടിച്ചു.
തിരിച്ചുവരുമ്പോള്‍ ബൈക്കിനുപുറകില്‍ അവള്‍ ഉണ്ടായിരുന്നില്ല.
ശുഭം മംഗളം.....