2007, ജൂലൈ 24, ചൊവ്വാഴ്ച

തലയടിയുടെ പടിക്കല്‍ചരിതം.

തലയടി എന്നത്‌ ഒരു തൃശൂര്‍ ശൈലിയാണ്‌. അതായത്‌ തങ്ങള്‍ തിന്നതിന്റെ പണം മറ്റൊരുത്തനെക്കൊണ്ട്‌ കൊടുപ്പിക്കുന്ന ഏര്‍പ്പാട്‌. ഈ ഓസിതീറ്റക്ക്‌ ഇരയാകാത്തവര്‍ പടിക്കലങ്ങാടിയില്‍ വിരളമായിരിക്കും.

തലയടിയുടെ ആശാന്മാര്‍ക്കും ഇടക്ക്‌ തലവെച്ചുകൊടുക്കേണ്ടി വരുമെങ്കിലും നിത്യവും പലരില്‍നിന്നുമായി അതിന്റെ മുതലും പലിശയും കൂട്ടുപലിശയുമെല്ലാം അവര്‍ ഈടാക്കിയിരിക്കും.

നമ്മുടെ അയല്‍നാട്ടിലെ ഹോട്ടല്‍ വ്യാപാരത്തെ താങ്ങിനിര്‍ത്തുന്നത്‌ ഈ തലയടിസംഘങ്ങളാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഓരോ കാരണങ്ങള്‍ കണ്ടെത്തി തങ്ങളുടെ തീറ്റയുടെ ചെലവ്‌ തലയിലിടാന്‍ ഒരു ഇരയെയും തേടി നടക്കുന്ന സൗഹൃതകൊള്ളക്കാര്‍ക്ക്‌ തങ്ങള്‍ തിന്നുന്നതിന്റെ പണം കൊടുക്കേണ്ടിവരുന്നവന്‍ അത്‌ മനസ്സില്‍ ശപിച്ചുകൊണ്ടാണോ കൊടുക്കുന്നത്‌ എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല. തങ്ങളുടെ ആമാശയത്തില്‍ ഒരുത്തന്റെ മുതല്‌ കൂടി കയറിയതിലുള്ള ആശ്വാസത്തിലായിരിക്കും അവര്‍.

ഭാര്യ പെറ്റതിന്‌മുതല്‍ ബാപ്പമരിച്ചതിന്‌ വരേ ചെലവ്‌ ചെയ്യിക്കുന്നു.(ബാപ്പ മരിച്ചില്ലെ? ഇനി സ്വത്തെല്ലാം നിനക്കല്ലെ? എന്നുംചോദിച്ച്‌ ചെലവ്‌ ചെയ്യിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്‌.)

ഇനി ഒരു ഇരയെയും കിട്ടിയില്ലെങ്കില്‍ തലയടിക്കാര്‍ പുതിയ തന്ത്രം പയറ്റും. 'സൂപ്പറിടല്‍!' കൂടെയുള്ളവരുടെയെല്ലാം പേരെഴുതി നറുക്കിടും അതില്‍ ആര്‍ക്കാണോ നറുക്ക്‌ വീണത്‌ അയാള്‍ വേണം അവിടെയുള്ളവര്‍ടെ മുഴുവന്‍ തീറ്റയുടെചെലവും വഹിക്കാന്‍! നാണക്കേട്‌ ഭയന്ന് നറുക്ക്‌ വീണവന്‍ ചെലവ്‌ ചെയ്യേണ്ടിവരുന്നു.

ഒരുപക്ഷെ നറുക്ക്‌ വീണവന്‍ നാളെ വീട്ടിലേക്ക്‌ അരിവാങ്ങാന്‍ വെച്ചപണമായിരിക്കുംഹോട്ടലില്‍ കൊടുക്കേണ്ടിവരുന്നത്‌. എല്ലാവരും ഹോട്ടലിലിരുന്ന് കടിച്ചുകീറുമ്പോള്‍ നാളെ അരിവാങ്ങാന്‍ എവിടുന്ന് കടം വാങ്ങുമെന്നറിയാതെ പിടക്കുന്ന ഒരു ഹൃദയം അവര്‍ക്കിടയിലുണ്ടാകും.

മറ്റുള്ളവരുടെ കഫം തിന്നുന്ന, സൗഹൃദത്തിന്‌ വിലപറയുന്ന ഈ ഏര്‍പ്പാട്‌ നാം നിര്‍‌ത്തേണ്ടിയിരിക്കുന്നു.

ആവശ്യമില്ലാതെ അജീനാമോട്ടോ പോലുള്ള വിഷപദാര്‍ത്ഥങ്ങളടങ്ങിയ ഹോട്ടല്‍ ഭക്ഷണമാണെന്നറിയാമെങ്കിലും വെറുതെകിട്ടിയാല്‍കുമ്മായവും തിന്നുന്ന ഈ ആര്‍ത്തി നാം നിര്‍ത്തിയേതീരൂ.

മനസ്സറിഞ്ഞ്‌ ആരെങ്കിലും മറ്റുള്ളവരെ സല്‍ക്കരിക്കുന്നതോ,കൂട്ടുകാരന്റെ സാമ്പത്തികസ്ഥിതി അറിഞ്ഞ്‌ ബില്ല് പേ ചെയ്യുന്നതോ അല്ല തലയടി. നിര്‍ബന്ധിച്ചോ ആവശ്യപ്പെട്ടോ മറ്റൊരുത്തനെ കൊണ്ട്‌ ബില്‍ പേ ചെയ്യിക്കുന്നതാണ്‌. കൊടുത്തില്ലെങ്കില്‍ നാണക്കേടല്ലേ എന്നോര്‍ത്ത്‌ ഇരയാക്കപ്പെടുന്നവന്‍ പണം കൊടുക്കേണ്ടി വരുന്നു.

തന്മൂലം നമ്മുടെ സൗഹൃദങ്ങള്‍ ചെലവേറിയതാകുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കുന്നവര്‍ പിശുക്കന്മാരായി മുദ്രയടിക്കപ്പെടുന്നു. നാട്ടില്‍ കഷ്ടപ്പെട്ട്‌ അധ്വാനിക്കുന്നവന്റെ പണം ഒന്നിനും തികയാതെവരുന്നു. ഈ ദുരവസ്ഥ നാമൊന്ന് മനസ്സ്‌ വെച്ചാല്‍ നമുക്ക്‌ മാറ്റിയെടുക്കാന്‍ പറ്റുന്നതല്ലെ?.

അനാവശ്യമായ ഇത്തരം ശാപ്പാടുകള്‍ മൂലം ആരോഗ്യവും സമ്പത്തും സ്‌നേഹവും നഷ്ടപ്പെടുത്തണോ?
അതിക്രൂരമായി ഇങ്ങനെ ഇരയാക്കപ്പെട്ട ശേഷം പടിക്കലെ എല്ലാകമ്പനികളുമായും ബന്ധം വിഛേദിച്ച്‌ ഇന്നും കഴിയുന്ന ഒരുകാലത്തെ പടിക്കലെ സൗഹൃദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന ഒരു മാന്യ ദേഹത്തെ ഈവേളയില്‍ അനുസ്മരിക്കുകയാണ്‌. ഇന്നും അദ്ധേഹം മനസ്സില്‍ ആദുരനുഭവം കൊണ്ടുനടക്കുന്നുണ്ടെങ്കില്‍ സൗഹൃദത്തിന്റെ പേരില്‍ അവനോട്‌ നമ്മില്‍ ചിലര്‍ ചെയ്തത്‌ എന്തുമാത്രം കൊടിയപാപമായിരുന്നു എന്ന് നാം ഓര്‍ക്കണം. ഒരിക്കലും പണം കൊടുക്കേണ്ടിവന്നതായിരിക്കില്ല അദ്ധേഹത്തെ വേദനിപ്പിച്ചത്‌ തന്നെ ഇരയാക്കിയതിലെ ചതി തിരിച്ചറിഞ്ഞതായിരിക്കണം.

അതുകൊണ്ട്‌ നമ്മുടെ നാട്ടിലെ സൗഹൃദങ്ങള്‍ ഊഷ്മളമായി നിലനില്‍ക്കാന്‍ ഈ ചൂഷണം നാം നിര്‍‌ത്തേണ്ടിയിരിക്കുന്നു. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ അവനവന്റെ പണം അവനവന്‍ കൊടുക്കട്ടെ. അതൊരു കുറച്ചിലായി കാണേണ്ടതില്ല. സ്വന്തം ബില്ല് അന്യനെക്കൊണ്ട്‌ പേചെയ്യിക്കാതിരിക്കുക. സുഹൃത്ത് സാമ്പത്തിക പരാധീനത അനുഭവിക്കുന്നവനല്ലെങ്കില്‍ അവന്റെ ബില്ല് കയറി പേചെയ്യാതെയുമിരിക്കുക. അങ്ങനെ ഇതൊരു നാട്ടുനടപ്പായി മാറട്ടെ.

വാല്‍കഷണം:- എം.ടി. തന്റെ ഒരുകഥയില്‍ ഒരു സുഹൃത്തിനെ പരിചയപ്പെടുത്തുന്നുണ്ട്‌. അദ്ധേഹം തന്റെ സുഹൃത്തിനോടൊന്നിച്ച്‌ ബസ്‌ യാത്രചെയ്യുമ്പോള്‍ സുഹൃത്തിന്റെ ബസ്‌ചാര്‍ജ്ജായ എട്ടണകൂടി കണ്ടെക്ടറെ ഏല്‍പ്പിച്ചു. ബസ്സിറങ്ങി രണ്ടുപേരും നടന്നുപോകുമ്പോള്‍ സുഹൃത്ത്‌ തന്റെ ബസ്‌ചാര്‍ജ്ജായ എട്ടണ അദ്ധേഹത്തിനു കൊടുക്കുന്നു. വാങ്ങാന്‍ കൂട്ടാക്കാത്ത അദ്ധേഹത്തെ അത്‌ നിര്‍ബന്ധപൂര്‍വ്വം ഏല്‍പ്പിച്ചുകൊണ്ട്‌ സുഹൃത്ത്‌ പറയും
'സ്‌നേഹത്തിലേ എനിക്ക്‌ വിശ്വാസമുള്ളൂ. കടപ്പാടുകള്‍ വേണ്ടാ...
എട്ടണയായാലും കടപ്പാടാണ്‌. നമ്മള്‍തമ്മിലായാല്‍ കൂടി!'.

2007, ജൂലൈ 15, ഞായറാഴ്‌ച

വേണോ നമുക്കീ മരണത്തിന്റെ ഇരുചക്ര രഥം?

ഹെല്‍മെറ്റ്‌ ധരിക്കണോ വേണ്ടയോ എന്ന ചര്‍ച്ചയേക്കാള്‍ ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമാണ്‌ സദാസമയവും വാഹനങ്ങള്‍ ഇരമ്പിയോടുന്ന നാഷണല്‍ ഹൈവേ പതിനേഴിന്റെ ഇരുവശങ്ങളിലുമായി ജീവിക്കുന്ന പടിക്കല്‍കാര്‍ക്ക്‌ ബൈക്ക്‌ വേണോ വേണ്ടയോ എന്നത്‌.

പി.കെ. റഹീം മാസ്‌റ്ററെപ്പോലെയുള്ള നിസ്വാര്‍ത്ഥരായ പൊതുപ്രവര്‍ത്തകരെയടക്കം നമുക്ക്‌ നഷ്ടപ്പെടുവാനും നിരവധി യുവത്വങ്ങള്‍ അംഗവൈകല്യങ്ങളാല്‍ നരകിക്കുവാനും കാരണമായ രണ്ടേരണ്ട്‌ ചക്രത്തിന്മേലുള്ള ഈ ഞാണിന്മേല്‍കളി നമുക്കുവേണോ?

വീരസാഹസങ്ങള്‍ വിനോദങ്ങളാകുന്ന യുവത്വത്തിന്റെ ചോരത്തിളപ്പില്‍ കാണിക്കുന്ന സാഹസങ്ങള്‍ സ്വന്തം കുടുംബത്തെ തോരാകണ്ണീരിലാഴ്ത്തുമെന്നോ ഒരുപക്ഷെ സ്വന്തം ജീവിതം ഇരുളടഞ്ഞതാക്കുമെന്നോ പലരും ചിന്തിക്കാറില്ല.

'ഒരിക്കലും എത്താതിരിക്കുന്നതിലും നല്ലതല്ലേ അല്‍പ്പം വൈകിയെത്തുന്നത്‌?' എന്ന ട്രാഫിക്‌ മുന്നറിയിപ്പ്‌ മിക്കവരും സ്വന്തത്തോട്‌ ചോദിക്കാറുമില്ല.

ഇരുചക്രത്തിലാണ്‌ താന്‍ സഞ്ചരിക്കുന്നതെന്ന ബോധമില്ലാതെ മിന്നല്‍പിണറുകളായി പെണ്‍കിടാങ്ങളുടെ ഖല്‍ബുകളിലേക്ക്‌ തുളഞ്ഞുകയറാന്‍ വെമ്പുന്നവരെയും,തിരക്കിട്ട ജീവിതയാത്രയില്‍ എത്തിപ്പെടാനാവാത്തയിടങ്ങളിലെല്ലാം എത്തിപ്പെടാന്‍ ബൈക്കുകളെ ആശ്രയിക്കുന്നവരെയും,ബിസിനസ്സിന്റെ ഗോഥയില്‍ ഇരുചക്രരഥത്തിലേറി യുദ്ധം നയിക്കുന്നവരെയുമെല്ലാം ആയിര‍മായിരം പ്രതീക്ഷകളുടെ കനകസിംഹാസനത്തില്‍നിന്ന് മരണത്തിന്റെ നഷ്ടപ്പെടലിലേക്ക്‌ വലിച്ചെറിഞ്ഞുകൊണ്ട്‌ ബൈക്കുകള്‍ കൊലച്ചിരി ചിരിക്കുന്നു.

ദിവസവും ബൈക്കപകടവാര്‍ത്തകള്‍ പത്രത്തില്‍ വായിക്കുന്നവരും, പലപ്പോഴും നേരിട്ട്‌ കണ്ടിട്ടുള്ളവരും, ബൈക്കപകടത്തിന്‌ ഇരയായി ജീവന്‍ തിരിച്ചുകിട്ടിയവരുമെല്ലാം വീണ്ടും ബൈക്കിലേറി പറപറക്കുന്നത്‌ നമുക്ക്‌ കാണാം.

മഴയത്തോ വെയിലത്തോ സുഖകരമല്ലാത്ത യാത്രനല്‍കുന്ന, മിക്ക അപകടങ്ങളിലും ഒരു കണ്ണിയായി കാണപ്പെടുന്ന ഈ മരണവണ്ടി നല്‍കുന്ന ചെറിയ സൗകര്യം മാത്രം നോക്കി അതിനെ സ്വന്തമാക്കാനുള്ള ത്വര നമ്മുടെ യുവാക്കള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

ടാക്സികള്‍ വിളിച്ച്‌ അത്യാവശ്യയാത്രകള്‍ ചെയ്യേണ്ടിവന്നാലും ബൈക്കിനെ തീറ്റിപോറ്റാനുള്ള ചെലവ്‌ വച്ചുനോക്കുമ്പോള്‍ അതൊരിക്കലും സാമ്പത്തിക നഷ്ടമായിരിക്കില്ല.

വിലക്കുറവും ആകര്‍ഷണീയതയും,യുവത്വത്തിന്റെ എന്നും നിലനില്‍ക്കുന്ന ട്രെന്റ്‌ എന്ന ഖ്യാതിയും പെട്ടെന്ന് എവിടെയും പാഞ്ഞെത്താനുള്ള സൗകര്യവും ബൈക്കിനുണ്ടാകും. എന്നാല്‍ ഈഗുണങ്ങളെ യെല്ലാം മറികടക്കുന്നതാണ്‌ അതിന്റെ ദോഷങ്ങള്‍. കാരണം ബൈക്കിന്റെ ഏറ്റവും അടുത്ത ചങ്ങാതി മരണമാണ്‌.

ബൈക്കുകളില്‍ പരക്കം പായുന്നവര്‍ മാത്രമല്ല വളരെ ശ്രദ്ധയോടെ ബൈക്ക്‌ ഓടിക്കുന്നവരുടെ ജീവന്‍ വരെ നടുറോഡില്‍ ഹോമിക്കപ്പെടുന്നു.

എല്ലാവാഹനങ്ങളും അപകടങ്ങളുണ്ടാക്കുന്നില്ലേ? എന്തിനാണ്‌ ബൈക്കിനെ മാത്രം കുറ്റപ്പെടുത്തുന്നത്‌? എന്ന് ചോദിക്കുന്നവരുണ്ടാകും. ഒരിക്കലും മറ്റുവാഹനങ്ങള്‍പോലെയല്ല ബൈക്ക്‌. അതിന്റെ പുറത്ത്‌ കയറിയതുമുതല്‍ ഇറങ്ങുംവരെ ശരീരം മുഴുവന്‍ ബാലന്‍സ്‌ ചെയ്ത്‌ യാത്രചെയ്യേണ്ടതും ആയന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ പൂര്‍‌ണ്ണ ശ്രദ്ധയോടെ നിയന്ത്രിക്കേണ്ടതുമായ വെറും രണ്ട്‌ ചക്രത്തില്‍ ചലിക്കുന്നവാഹനമാണിത്‌.

അല്‍പ്പം പ്രാക്ടീസ്‌ ലഭിച്ചാല്‍ അനായാസം ഇത്‌ ചെയ്യാനാകുമെങ്കിലും ഏതുസമയവും എന്തും സംഭവിക്കാം.ചെറിയൊരു അശ്രദ്ധമാത്രം മതി അപകടം സംഭവിക്കാന്‍!.

മാത്രമല്ല പരിധിക്കപ്പുറത്തെവേഗതയിലോടുന്ന ബൈക്കിനെ പെട്ടെന്ന് പിടിച്ചുനിര്‍ത്താനാവില്ല. വലിയവാഹനങ്ങളോടിക്കുന്നവര്‍ ഈ കൊച്ചുബൈക്കിനെ വേണ്ടപോലെ ഗൗനിക്കുകയുമില്ല. ഇതുമൂലം എത്രയോ അപകടങ്ങളുണ്ടായിരിക്കുന്നു.

വാഹനങ്ങള്‍ ചീറിപ്പായുന്ന നമ്മുടെ ദേശീയപാതയിലാണ്‌ ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്നത്‌. ബൈക്ക്‌ ഇടിക്കുമ്പോള്‍ അതില്‍ യാത്രചെയ്യുന്നവര്‍ മറ്റുവാഹനങ്ങളിലെപോലെ സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ തെറിച്ചുപോവുകയും മരിക്കുകയോ മാരകമായി ക്ഷതമേല്‍ക്കുകയോ ചെയ്യാം. മറ്റുവാഹനങ്ങളെ അപേക്ഷിച്ച്‌ ചെറിയ അപകടം മതി ബൈക്ക് യാത്രക്കാരന്റെ ജീവന്‍ നഷ്ടമാവാന്‍. ഇതെല്ലാം ബൈക്കിനെ അപകടത്തിന്റെ കാര്യത്തില്‍ മറ്റുവാഹനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നു.

ബൈക്കും കൊണ്ട്‌ പറക്കുന്നവരുടെയെല്ലാം ഉള്ളില്‍ തന്റെ ഡ്രൈവിംഗിന്റെ കൃത്യതയെക്കുറിച്ചുള്ള അമിതവിശ്വാസമായിരിക്കും. പക്ഷെ അത്‌ തെറ്റായിരുന്നെന്ന് മനസ്സിലാകുമ്പോഴേക്കും ഒരുപക്ഷേ വീണ്ടും ബൈക്കോടിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും.

സ്‌നേഹനിധിയായ പിതാവോ,സഹോദരനോ തന്റെ പ്രിയപ്പെട്ട മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഏറെ സ്‌നേഹത്തോടെ സമ്മാനിക്കുന്ന ബൈക്കുകള്‍ അവരുടെ കൊലക്കയറായിരുന്നു എന്ന് തിരിച്ചരിയുമ്പോഴേക്കും നഷ്ടപ്പെടേണ്ടത്‌ നഷ്ടപ്പെട്ടിരിക്കും.

അതുകൊണ്ട്‌ ബൈക്ക്‌ വാങ്ങുകയോ വാങ്ങിക്കൊടുക്കുകയോ ചെയ്യുന്നതിന്‌ മുമ്പ്‌ ഏറ്റവും ചുരുങ്ങിയത്‌ ഒരു നൂറ്‌ വട്ടമെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.

വാല്‍കഷ്ണം:- എത്ര അപകടങ്ങള്‍ കണ്ടാലും കൊണ്ടാലും പിന്നെയും ജനം ബൈക്ക്‌ വാങ്ങും. അവര്‍ക്ക്‌ പറയാനുള്ളത്‌ ഇതാണ്‌.
'അപകടം പറ്റുന്നതും മരണപ്പെടുന്നതുമെല്ലാം അവരവരുടെ വിധിയാണ്, ബൈക്കില്‍ കയറിയില്ലെങ്കിലും അപകടപ്പെടാം'.
കഴുത്തില്‍ കയറിട്ട്‌ തൂങ്ങിയാല്‍ മരിക്കും എന്ന് എല്ലാവര്‍ക്കും അറിയാം അങ്ങിനെ മരിക്കുന്നതും മരിക്കുന്നവരുടെ വിധിതന്നെയായിരിക്കുമല്ലോ!.

2007, ജൂലൈ 5, വ്യാഴാഴ്‌ച

നാടിന് ലഹരിപിടിക്കുന്നു!. നാടുനന്നാക്കേണ്ടവര്‍ വീണ മീട്ടുന്നു!!...

ദുശ്ശീലങ്ങള്‍ മാന്ന്യതയുടെ ലക്ഷണമായികാണുന്ന കാലമായി മാറിയിരിക്കുകയാണിന്ന്. വലിയും കുടിയുമൊന്നുമില്ലാത്തവന്‍ അപരിഷ്കൃതനായി മുദ്രയടിക്കപ്പെടുന്നു.

മുമ്പ്‌ വിവാഹാലോചനകള്‍ നടക്കുമ്പോള്‍ ചെക്കന്‌ അല്‍പ്പം വെള്ളമടിയുണ്ടെന്നറിഞ്ഞാല്‍ അവനെത്രവലിയ പണക്കാരണാണെങ്കിലും വേണ്ടെന്ന് പറഞ്ഞിരുന്ന സ്ഥാനത്ത്‌ ഇന്ന് ചെറുപ്പക്കാരായാല്‍ അല്ലറചില്ലറ ദുശ്ശീലങ്ങളെല്ലാം ഉണ്ടാകും എന്ന് അഭിപ്രായപ്പെടുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങളെത്തിയിരിക്കുന്നു.

സ്വന്തം മകള്‍ക്ക്‌ അല്ലെങ്കില്‍ സഹോദരിക്ക്‌ ഒരു കുടിയനെ ഭര്‍ത്താവായികിട്ടുന്നതില്‍ ഉല്‍ക്കണ്ഠയില്ലാത്തവരായി നമ്മില്‍പലരും മാറിയിരിക്കുന്നു.

നമ്മുടെ നാട്ടില്‍ മിക്ക വിവാഹതലേരാത്രികളിലും അതീവ രഹസ്യമായും കാരണവന്മാരുടെ കണ്ണ്‌വെട്ടിച്ചും ചിലയിടങ്ങലില്‍ അല്‍പ്പസ്വല്‍പ്പം പരസ്യമായും മദ്യസല്‍ക്കാരങ്ങല്‍ നടത്തുന്നത്‌ പതിവായിട്ട്‌ നാളുകളേറെയായി. മുമ്പ്‌ ഒരാള്‍ തന്റെ വിവാഹം ക്ഷണിക്കാന്‍ ഇത്തരം ചെറുപ്പക്കാരുടെ അടുത്ത്‌ ചെന്നാല്‍ 'ഫുള്ളുണ്ടോ എന്നാല്‍ ഞങ്ങള്‍ വരാം' എന്നായിരുന്നു മറുപടി. ഇന്നത്‌ മാറി 'കെയ്‌സുണ്ടോ' എന്ന് ചോദിക്കുന്നിടത്തെത്തിയിരിക്കുന്നു. അതായത്‌ വിവാഹതലേന്ന് ഇവര്‍ക്കുവേണ്ടി ഒരുകെയ്സ്‌ മദ്യം കരുതണമെന്നതാണ്‌ ഇന്നത്തെ അലിഖിതനിയമം. പലചെറുപ്പക്കാരും മദ്യസേവയില്‍ ഹരിശ്രീ കുറിക്കുന്നതും ഇത്തരം വിവാഹതലേപാര്‍ട്ടികളില്‍നിന്നാണ്‌. കൂട്ടുകാര്‍ക്കിടയില്‍ ഞാനും മോശക്കാരനല്ല എന്ന് തെളിയിക്കേണ്ട അഭിമാനത്തിന്റെ പ്രശ്നമായാണ്‌ പലരും ഇതിനെ കാണുന്നത്‌.

ഇത്‌ വായിക്കുന്ന കാരണവന്മാര്‍ ഞെട്ടിയെന്നിരിക്കും നമ്മുടെ നാട്ടിലെ കാര്യംതന്നെയാണോ ഈപറയുന്നത്‌? എന്നവര്‍ അമ്പരക്കുന്നുണ്ടാകും. നിങ്ങള്‍ ഞെട്ടിയേതീരൂ. നിങ്ങളുടെമുന്നില്‍ മാന്ന്യരായി നടക്കുന്ന പലരുടെയും നിങ്ങള്‍കാണാത്തമുഖമാണിത്‌. യുവത്വത്തിന്റെ പുതിയ ട്രെന്റാണിതെല്ലാം.

സിഗരറ്റ്‌ വലിയോട്‌ പരിഷ്കൃതരായ പലചെറുപ്പക്കാരും വിമുഖത കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. കാരണം സിഗരറ്റ്‌ പരത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍, നാറ്റം തുടങ്ങിയവയെക്കുറിച്ച്‌ ബോധവാന്മാരായതുകൊണ്ടോ രഹസ്യമാക്കി വെക്കാന്‍ പറ്റാത്ത ഈ ദുശ്ശീലം ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഇല്ലാത്തതുകൊണ്ടോആയിരിക്കാം ഇങ്ങിനെ സംഭവിച്ചത്‌.

എന്നാല്‍ സിനിമകളില്‍നിന്നും പരസ്യങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്‌ ആരും കാണാതെ രണ്ട്‌ 'വീശിയാല്‍'ഞാനും എല്ലാത്തിനും പോന്നവനായി എന്ന ധാരണയും കൂട്ടുകാര്‍ക്കിടയില്‍ പേന്തുന്ന പെഗ്ഗിന്റെ എണ്ണം കൂടിയാല്‍ കിട്ടുന്ന കുപ്രസിദ്ധിയും പലരെയും മദ്യപാനത്തിലേക്കാകര്‍ഷിക്കുന്നു എന്നതാണ്‌ വസ്തുത. മിക്കവരും പറയുന്ന ന്യായവും രസകരമാണ്‌. 'എയ്‌! ഞാനങ്ങനെ ശീലമാക്കീട്ടൊന്നുല്ല്യ എടക്ക്‌ കമ്പനിക്ക്‌ എപ്പോഴേങ്കിലും ഒന്ന് '. ഈകമ്പനികള്‍ പിന്നീട്‌ ഇടക്കിടക്ക്‌ കൂടേണ്ടി വരുന്നതും പതുക്കെ പതുക്കെ തന്റെ ദുഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമെല്ലാം മദ്യ സേവ കൂടിയേതീരൂ എന്നനിലയിലേക്കെത്തുകയും ചെയ്യുന്നു.

മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മദ്യത്തിനെതിരായുള്ള ദൈവ ശാസന നന്നായി അറിയുന്നവരും പഠിച്ചവരുമാണ്‌ ഈ കമ്പനികൂടുന്നവരില്‍ അധികമാളുകളും എന്നതാണ്‌ ദുഖകരം. മദ്യപാനത്തിന്‌ യഥാര്‍ത്ഥ ശിക്ഷനല്‍കുന്നവന്‍ സര്‍വ്വ ശക്തനാണെന്നറിഞ്ഞിട്ടും അവര്‍ അവനെ ഭയപ്പെടാതെ അവനേക്കാള്‍ എത്രയോ ചെറിയ ശിക്ഷ നല്‍കാന്‍ കഴിയുന്ന നാട്ടുകാരെയോ വീട്ടുകാരെയോ ഭയപ്പെടുന്നു. കഠിനമായും ശാശ്വതമായും ശിക്ഷിക്കുന്ന ദൈവം ഇതെല്ലാം കണുന്നു എന്ന കാര്യം വിസ്മരിക്കുന്നു. കമ്പനിക്ക്‌ കുടിച്ചാലും കുടിശീലമാക്കിയാലും അവനില്‍ നിന്നും ഇളവുകളൊന്നും ലഭിക്കുകയില്ല എന്നകാര്യവും അവര്‍‌ക്കോര്‍മ്മ വരുന്നില്ല.

ധാര്‍മ്മികമായി വളരെ ഉന്നതിയില്‍ നിന്നിരുന്ന നമ്മുടെ നാട്ടിലെ യുവാക്കളില്‍ നല്ലൊരു വിഭാഗം ലഹരിയുടെ പുതുമേഖലകള്‍ തേടുകയാണ്‌. ചേളാരി നഗരമായി രൂപാന്തരപ്പെട്ടതോടെ മദ്യ-മയക്കുമരുന്നിന്റെ കൂടി കേന്ദ്രമായി മാറിയതിന്റെ ഫലം നമ്മുടെ നാടിനെകൂടി മലീമസമാക്കിക്കൊണ്ടിരിക്കുന്നു. നാടിനെ നശിപ്പിക്കുന്ന ഈ വിപത്തുകള്‍ കൊണ്ടുവരുന്നവരെയും വിതരണം ചെയ്യുന്നവരെയും കയ്യോടെ പിടികൂടി കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ഇതിന്റെ യെല്ലാം എജന്റായി പ്രവര്‍ത്തിക്കുന്നവരെയും വിവാഹ തലേ രാത്രികളില്‍ മദ്യസല്‍ക്കാരം നടത്തുന്നവരേയും നിരീക്ഷിച്ച്‌ മാതൃകാപരമായി ശിക്ഷിക്കാന്‍ ആര്‍ജ്ജവമുള്ളവര്‍ നമ്മുടെ നാട്ടില്‍ വളര്‍ന്നുവരേണ്ടിയിരിക്കുന്നു.

വിഭാഗീയത തലക്ക്‍പിടിച്ച്‌ മറുവിഭാഗം ചെയ്യുന്ന ചെറുതെറ്റുകളോ അവരുടെ നാക്കില്‍നിന്ന് മുമ്പെപ്പൊഴോ വീണുപോയ പിഴവുകളോ പോലും തേടിപ്പിടിച്ച്‌ കവലയില്‍ മൈക്ക്‌ കെട്ടി ഛര്‍ദ്ദിച്ച്‌ വിഷ്വല്‍ മീഡിയവരേ ഉപയോഗിച്ച്‌ വിഴുപ്പലക്കാന്‍ നാം കാണിക്കുന്ന മിടുക്കിന്റെ ചെറിയൊരംശം മതി നമ്മുടെ നാട്‌ നന്നാവാന്‍!.

അല്ലെങ്കിലും നാട്‌ നന്നാവാന്‍ ഇവിടെ ആര്‍ക്കാണ്‌ താല്‍പ്പര്യം?. എങ്ങിനെയെങ്കിലും എതിരാളിയെ കൊച്ചാക്കണം സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കണം അതിലപ്പുറമെന്ത്‌ പൊതുപ്രവര്‍ത്തനം?

നമ്മുടെ മനസ്സുകള്‍ ചീഞ്ഞുനാറിയിരിക്കുന്നു. സ്വന്തം കണ്‍മുന്നിലെ ജീര്‍‌ണ്ണതകള്‍ നോക്കാതെ ഒരു ഫലവുമില്ലാത്ത ഈ തര്‍ക്കങ്ങള്‍കൊണ്ട്‌ നമ്മളെന്ത്‌ നേടി?

ചിലര്‍ അവനവന്റെ മക്കളോ കുടുമ്പാംഗങ്ങളോ അത്തരം ചീത്തപ്രവര്‍ത്തിയൊന്നും ചെയ്യുന്നില്ലെന്ന് തെറ്റിദ്ധരിക്കുന്നു. അതെല്ലാം ആരാന്റെ മക്കളല്ലെ അവരെങ്ങിനെയെങ്കിലും ആയിക്കോട്ടെ നമുക്കൊന്നുമില്ല എന്ന് ചിന്തിക്കുന്നു. നാട്‌ മുഴുവന്‍ ചീഞ്ഞ്നാറുമ്പോള്‍ സ്വന്തം സിംഹാസനം മാത്രം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിച്ച്‌ അവസാനം പുഴുക്കടിയേറ്റ്‌ മരിച്ച പരീക്ഷിത്ത്‌ രാജാവിന്റെ ഗതിയായിരിക്കും ഇത്തരക്കാര്‍ക്കുണ്ടാവുക. അതുകൊണ്ട്‌ നമ്മെളെല്ലാം ഈവിപത്തിനെതിരെ ഉണര്‍‌ന്നേ പറ്റൂ.

ഇനി കയ്യിലെ കാശും മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുംപോലെ കുടിച്ചിട്ട്‌ എന്ത്‌ നേടുന്നു എന്ന് നോക്കാം. സിഗരറ്റും മദ്യവും മനുഷ്യനെ അടിമയാക്കുന്ന കാര്യത്തില്‍ തുല്ല്യരാണ്‌. ആദ്യമാദ്യം അത്‌ ചിലരസങ്ങളെല്ലാം നല്‍കുന്നുണ്ട്‌ എന്ന് തോന്നിക്കും പിന്നെപിന്നെ അതൊരു സുഖവും നല്‍കുന്നില്ല. പക്ഷേ അതില്ലാതിരുന്നാല്‍ അസ്വസ്ഥതകള്‍ തോന്നിക്കും. തന്റെ പ്രശ്നങ്ങള്‍ക്കെല്ലാം അത്‌കഴിച്ചാല്‍ പരിഹാരമുണ്ടാകുമെന്ന് തോന്നിക്കും. പ്രശ്നം സങ്കീര്‍‌ണ്ണമാവുകയല്ലാതെ മദ്യം പ്രശ്നപരിഹാരമാകുന്നില്ല. എന്നാല്‍ അതൊരു പ്രലോഭനമായി മനുഷ്യനെ വേട്ടയാടും. അങ്ങനെ പതുക്കെപതുക്കെ മദ്യം മനുഷ്യനെ തന്റെ അടിമയാക്കിമാറ്റും. ഒരു ഒഴിയാബാധപോലെ അതവനെ പിന്തുടരും.

കണ്ണിറുക്കി മൂക്ക്‌പൊത്തി തീവിഴുങ്ങുംപോലെ ഇത്‌ വിഴുങ്ങി ഉള്ള ബോധവും നഷ്ടപ്പെടുത്തി ചിലപ്പോള്‍ വാളുവെച്ച്‌ തലവേദനയും വാങ്ങി മാനം കപ്പല്‌കയറ്റിവിട്ടിട്ട്‌ എന്ത്‌ സായൂജ്യമാണ്‌ ലഭിക്കുന്നത്‌?. മദ്യം നിരോധിച്ച ദൈവത്തെ വെല്ലു‌വിളിച്ച സായൂജ്യമോ? അതോ തന്നെ മദ്യത്തിനടിമയാക്കിയ പിശാചിനെ സന്തോഷിപ്പിച്ച ആനന്ദമോ?

ഈതലവേദന നല്‍കുന്ന അല്‍പ്പനേരം മാത്രം ലഹരിനല്‍കുന്ന വസ്തുവല്ല യഥാര്‍ത്ഥ മദ്യം . യഥാര്‍ത്ഥമദ്യം നമു‍ക്കായി ദൈവം സ്വര്‍‌ഗ്ഗത്തില്‍ ഒരുക്കിയിട്ടുണ്ട്‌. അതുലഭിക്കുവാന്‍ നിങ്ങള്‍ ഭൂമിയിലെ ഈ നികൃഷ്ടമദ്യം ഉപേക്ഷിക്കണമെന്ന് പറയുമ്പോള്‍ അനശ്വരമായ സ്വര്‍‌ഗ്ഗത്തേക്കാളും അവിടുത്തെ സമാധാനത്തേക്കാളും ഞങ്ങള്‍ക്ക്‌ വലുത്‌ ഈ അല്‍പ്പനേരത്തെ ഇക്കിളിയാണ്‌ എന്ന് കരുതുന്നവന്‍ കുടിക്കട്ടെ! കുടിച്ച്‌ നശിക്കട്ടെ!. പക്ഷെ ഇതൊരു കീഴ്‌വഴക്കമോ ആചാരമോ ആക്കി മാറ്റി നിഷ്കളങ്കരായ യുവാക്കളെ ലഹരിയിലേക്ക് വലിച്ചിഴക്കരുത്. അവരെ ലഹരിക്കടിമകളാക്കാന്‍ നാം സമ്മതിക്കരുത്‌. കൂട്ടത്തില്‍ ഒരുത്തന്‍മദ്യപാനിയായാല്‍ ആകൂട്ടുകെട്ട് മൊത്തം മദ്യത്തിലേക്ക് പോകാന്‍ സമയം അധികം വേണ്ടിവരില്ല.

മദ്യം പോലെ മയക്കുമരുന്നും നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കുന്നു എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പാന്‍പരാഗ്‌ മുതല്‍ ബ്രൗണ്‍ ഷുഗര്‍ വരെ ഈകൊച്ചുനാട്ടില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്‌. ചെറിയൊരു സംഘമാണിതെന്ന് കരുതി നാം ഇത്‌ അവഗണിച്ചുകൂടാ. മുമ്പ്‌ മദ്യപിച്ചിരുന്നവരും ചെറിയൊരു സംഘമായിരുന്നു എന്നത്‌ നാം മറക്കരുത്‌. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രായോഗികമായ ചെറുത്ത്‌നില്‍പ്പ്‌ ജനകീയ കൂട്ടായ്മയാണ്‌. അതുകൊണ്ട്‌ നാമെല്ലാം ഉറക്കം വെടിഞ്ഞ്‌ ഇതിനെതിരെ രംഗത്ത്‌ വരണം.

തമ്മിലടിച്ച്‌ ദുഷിച്ച നമ്മുടെ മനസ്സ്‌ യഥാര്‍ത്ഥ ശത്രുവിനെതിരിച്ചരിഞ്ഞ് അതിനെതിരെ രംഗത്തിറങ്ങട്ടെ. ഒറ്റക്കെട്ടായി പ്രയത്നിച്ചാല്‍ നമുക്ക്‌ മമ്മുടെ നാടിനെ രക്ഷിക്കാം.

2007, ജൂലൈ 1, ഞായറാഴ്‌ച

ഒളിക്യാമറക്കാലം

ആധുനികയുഗം വിവരസാങ്കേതിക വിദ്യയുടെയും ഇലക്‌‍ട്രോണിക്‌‍സ്‌ ഉപകരണങ്ങളുടെയും മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കുമ്പോള്‍ നാം സദാ നമ്മുടെ കണ്ണുകള്‍ തുറന്നുവച്ചേതീരൂ. മനുഷ്യരെ നന്മയിലെത്തിക്കുന്നതും ഉപകാരപ്രതവുമായ പലതും ഈ മേഖലയിലുണ്ടെങ്കിലും അതിനേക്കാലേറെ മനുഷ്യനെ ചീത്തയാക്കുന്ന കാര്യങ്ങളാണ്‌ വിവര സാങ്കേതികരംഗത്ത്‌ വളര്‍ന്നുവരുന്നത്‌. മൂല്യച്യുതികളാണ്‌ പുതുലോകത്തിന്റെ മൂല്യങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്‌.

കമ്പ്യൂട്ടറും ഇന്റര്‍‌നെറ്റുമെല്ലാം പുതുയുഗത്തില്‍ ഒഴിച്ചുകൂടാനാകാത്തവയായി വളര്‍ന്നുവരികയായതിനാല്‍ നമ്മുടെ മക്കള്‍ക്കും അത്തരം വിദ്യനല്‍കല്‍ അത്യാവശ്യമായിവരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശ്രദ്ധ സദാസമയവും അവരില്‍ പതിയേണ്ടിയിരിക്കുന്നു. അവര്‍ വിസിറ്റ്‌ ചെയ്യുന്ന സൈറ്റുകള്‍ അവര്‍ചാറ്റുചെയ്യുന്ന സുഹൃത്തുക്കള്‍ എല്ലാം രഹസ്യമായി നിരീക്ഷിച്ചേപറ്റൂ.

സദാസമയം കമ്പ്യൂട്ടറിനുമുമ്പിലിരിക്കുന്ന മക്കളെ അവര്‍നന്നായിപഠിക്കുകയാണെന്ന് കരുതി ശ്രദ്ധിക്കാതിരിക്കരുത്‌. നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആളില്ലാത്തവരാണ്‌ അധാര്‍മ്മികതയുടെയും കുറ്റകൃത്യങ്ങളുടെയും ലോകത്തെത്തിപ്പെടുന്നത്‌.

ഇലക്‌‍ട്രോണിക്‌ വ്യവസായം നമുക്കെത്തിക്കുന്ന പുതിയപുതിയ കണ്ടുപിടുത്തങ്ങള്‍ പുതുതലമുറ അനാരോഗ്യകരമായ നിലയില്‍ ദുരുപയോഗം ചെയ്യുന്നു എന്നുനാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മൊബെയില്‍ ഫോണുകളും അവയില്‍ ഘടിപ്പിച്ചതും അല്ലാത്തതുമായ ക്യാമറകളും ഇന്ന് നമ്മുടെ സ്വകാര്യതകളെ വരെ ഒപ്പിയെടുത്ത്‌ മാലോകരെ കാണിച്ചേക്കാം .വിളഞ്ഞ ഏതെങ്കിലും ഒരു വിത്തിന്റെ കയ്യില്‍ ഇത്തരം ഉപകരണം കിട്ടിയാല്‍ എവിടെയും ഇത്‌ സംഭവിക്കാം. നമ്മള്‍ സുരക്ഷിതമെന്നുകരുതുന്ന നമ്മുടെ ചുമര്‍‌കെട്ടുകള്‍ക്കുള്ളിലുള്ള സ്വകാര്യതപോലും നമുക്കന്യമായിക്കൊണ്ടിരിക്കുന്നു.

നിഷ്കളങ്കരായ ഗ്രാമീണപെണ്‍കുട്ടികളുടെയും അമ്മമാരുടെയുമെല്ലാം മാനം ഇന്റര്‍നെറ്റിലൂടെ വിറ്റഴിക്കപ്പെടുന്നുവെന്ന് നാം ഞെട്ടലോടെ അറിയുന്നു. അറിവ്‌ കൂടുംതോറും മനുഷ്യന്‍ അധപതിച്ചുകൊണ്ടിരിക്കുന്നു.

സെക്സ്‌ ടൂറിസത്തിന്‌ വേരുറപ്പിക്കുവാന്‍ ഗ്രാമീണ നിഷ്കളങ്കതയെ പാകപ്പെടുത്തുവാന്‍ പറന്നുനടക്കുന്ന കഴുകദംഷ്ടങ്ങള്‍ക്ക്‌ കൈമെയ്‌ മറന്ന് സഹായം ചെയ്യുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇതിനെ നിയന്ത്രിക്കുകയോ അവര്‍ക്കതിന്‌ കഴിയുകയോ ഇല്ല. നമ്മള്‍ ഓരോരുത്തരും അതിന്‌ തയ്യാറാകണം.

സ്വന്തം മക്കളെമാത്രമല്ല നമ്മുടെ സമൂഹത്തെ തന്നെ ധാര്‍മ്മികമായി ഉദ്ധരിക്കാന്‍ നാം പാടുപെടേണ്ടിയിരിക്കുന്നു. കുട്ടികളിലെ അക്രമ അശ്ലീല വാസനകളെ 'സ്മാര്‍ട്ട്‌നെസ്‌' ആയികാണാതെ കര്‍ശനമായി നിയന്ത്രിക്കണം അല്ലെങ്കില്‍ അവര്‍ നമുക്ക്‌ കൈവിട്ടുപോകും സമൂഹത്തിനുമുമ്പില്‍ ഒരുചോദ്യചിഹ്നമായി അവര്‍മാറും.

ഇന്റര്‍‌നെറ്റിനെയും ആധുനികരീതികളെയും കുറ്റപ്പെടുത്തി നാം ഒരിക്കലും കൈകഴുകരുത്‌. ഇന്റര്‍‌നെറ്റ്‌ പുതുയുഗത്തിന്റെ അനിവാര്യതയാണ്‌.പുതുയുഗജീവികളിലെ ഭൂരിപക്ഷത്തിന്റെ അധാര്‍മ്മികത അതില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഇനിയുള്ളകാലത്ത്‌ നന്‍മപകര്‍ന്നുനല്‍കാനും ഇതിനോളം നല്ല മാ‌ര്‍‌ഗ്ഗം വേറെയില്ല എന്നും നാം മനസ്സിലാക്കണം.നല്ലതും ചീത്തയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്റര്‍‌നെറ്റിലുണ്ട്‌. നല്ലത്‌ മാത്രം തിരഞ്ഞെടുക്കുക. തിന്മയെ കയ്യൊഴിയുക,അതിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക.

നമ്മുടെ മക്കളെ നന്മയുടെ വഴിയെ നടത്തുക, നാം നേര്‍വഴിക്ക്‌ നടന്നുകൊണ്ട്‌ അവരെ കൂടെനടത്തുക. നമ്മുടെ സമൂഹത്തെയും അങ്ങനെ നടത്താന്‍ പരിശ്രമിക്കുക.