2007, ജൂലൈ 15, ഞായറാഴ്‌ച

വേണോ നമുക്കീ മരണത്തിന്റെ ഇരുചക്ര രഥം?

ഹെല്‍മെറ്റ്‌ ധരിക്കണോ വേണ്ടയോ എന്ന ചര്‍ച്ചയേക്കാള്‍ ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമാണ്‌ സദാസമയവും വാഹനങ്ങള്‍ ഇരമ്പിയോടുന്ന നാഷണല്‍ ഹൈവേ പതിനേഴിന്റെ ഇരുവശങ്ങളിലുമായി ജീവിക്കുന്ന പടിക്കല്‍കാര്‍ക്ക്‌ ബൈക്ക്‌ വേണോ വേണ്ടയോ എന്നത്‌.

പി.കെ. റഹീം മാസ്‌റ്ററെപ്പോലെയുള്ള നിസ്വാര്‍ത്ഥരായ പൊതുപ്രവര്‍ത്തകരെയടക്കം നമുക്ക്‌ നഷ്ടപ്പെടുവാനും നിരവധി യുവത്വങ്ങള്‍ അംഗവൈകല്യങ്ങളാല്‍ നരകിക്കുവാനും കാരണമായ രണ്ടേരണ്ട്‌ ചക്രത്തിന്മേലുള്ള ഈ ഞാണിന്മേല്‍കളി നമുക്കുവേണോ?

വീരസാഹസങ്ങള്‍ വിനോദങ്ങളാകുന്ന യുവത്വത്തിന്റെ ചോരത്തിളപ്പില്‍ കാണിക്കുന്ന സാഹസങ്ങള്‍ സ്വന്തം കുടുംബത്തെ തോരാകണ്ണീരിലാഴ്ത്തുമെന്നോ ഒരുപക്ഷെ സ്വന്തം ജീവിതം ഇരുളടഞ്ഞതാക്കുമെന്നോ പലരും ചിന്തിക്കാറില്ല.

'ഒരിക്കലും എത്താതിരിക്കുന്നതിലും നല്ലതല്ലേ അല്‍പ്പം വൈകിയെത്തുന്നത്‌?' എന്ന ട്രാഫിക്‌ മുന്നറിയിപ്പ്‌ മിക്കവരും സ്വന്തത്തോട്‌ ചോദിക്കാറുമില്ല.

ഇരുചക്രത്തിലാണ്‌ താന്‍ സഞ്ചരിക്കുന്നതെന്ന ബോധമില്ലാതെ മിന്നല്‍പിണറുകളായി പെണ്‍കിടാങ്ങളുടെ ഖല്‍ബുകളിലേക്ക്‌ തുളഞ്ഞുകയറാന്‍ വെമ്പുന്നവരെയും,തിരക്കിട്ട ജീവിതയാത്രയില്‍ എത്തിപ്പെടാനാവാത്തയിടങ്ങളിലെല്ലാം എത്തിപ്പെടാന്‍ ബൈക്കുകളെ ആശ്രയിക്കുന്നവരെയും,ബിസിനസ്സിന്റെ ഗോഥയില്‍ ഇരുചക്രരഥത്തിലേറി യുദ്ധം നയിക്കുന്നവരെയുമെല്ലാം ആയിര‍മായിരം പ്രതീക്ഷകളുടെ കനകസിംഹാസനത്തില്‍നിന്ന് മരണത്തിന്റെ നഷ്ടപ്പെടലിലേക്ക്‌ വലിച്ചെറിഞ്ഞുകൊണ്ട്‌ ബൈക്കുകള്‍ കൊലച്ചിരി ചിരിക്കുന്നു.

ദിവസവും ബൈക്കപകടവാര്‍ത്തകള്‍ പത്രത്തില്‍ വായിക്കുന്നവരും, പലപ്പോഴും നേരിട്ട്‌ കണ്ടിട്ടുള്ളവരും, ബൈക്കപകടത്തിന്‌ ഇരയായി ജീവന്‍ തിരിച്ചുകിട്ടിയവരുമെല്ലാം വീണ്ടും ബൈക്കിലേറി പറപറക്കുന്നത്‌ നമുക്ക്‌ കാണാം.

മഴയത്തോ വെയിലത്തോ സുഖകരമല്ലാത്ത യാത്രനല്‍കുന്ന, മിക്ക അപകടങ്ങളിലും ഒരു കണ്ണിയായി കാണപ്പെടുന്ന ഈ മരണവണ്ടി നല്‍കുന്ന ചെറിയ സൗകര്യം മാത്രം നോക്കി അതിനെ സ്വന്തമാക്കാനുള്ള ത്വര നമ്മുടെ യുവാക്കള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

ടാക്സികള്‍ വിളിച്ച്‌ അത്യാവശ്യയാത്രകള്‍ ചെയ്യേണ്ടിവന്നാലും ബൈക്കിനെ തീറ്റിപോറ്റാനുള്ള ചെലവ്‌ വച്ചുനോക്കുമ്പോള്‍ അതൊരിക്കലും സാമ്പത്തിക നഷ്ടമായിരിക്കില്ല.

വിലക്കുറവും ആകര്‍ഷണീയതയും,യുവത്വത്തിന്റെ എന്നും നിലനില്‍ക്കുന്ന ട്രെന്റ്‌ എന്ന ഖ്യാതിയും പെട്ടെന്ന് എവിടെയും പാഞ്ഞെത്താനുള്ള സൗകര്യവും ബൈക്കിനുണ്ടാകും. എന്നാല്‍ ഈഗുണങ്ങളെ യെല്ലാം മറികടക്കുന്നതാണ്‌ അതിന്റെ ദോഷങ്ങള്‍. കാരണം ബൈക്കിന്റെ ഏറ്റവും അടുത്ത ചങ്ങാതി മരണമാണ്‌.

ബൈക്കുകളില്‍ പരക്കം പായുന്നവര്‍ മാത്രമല്ല വളരെ ശ്രദ്ധയോടെ ബൈക്ക്‌ ഓടിക്കുന്നവരുടെ ജീവന്‍ വരെ നടുറോഡില്‍ ഹോമിക്കപ്പെടുന്നു.

എല്ലാവാഹനങ്ങളും അപകടങ്ങളുണ്ടാക്കുന്നില്ലേ? എന്തിനാണ്‌ ബൈക്കിനെ മാത്രം കുറ്റപ്പെടുത്തുന്നത്‌? എന്ന് ചോദിക്കുന്നവരുണ്ടാകും. ഒരിക്കലും മറ്റുവാഹനങ്ങള്‍പോലെയല്ല ബൈക്ക്‌. അതിന്റെ പുറത്ത്‌ കയറിയതുമുതല്‍ ഇറങ്ങുംവരെ ശരീരം മുഴുവന്‍ ബാലന്‍സ്‌ ചെയ്ത്‌ യാത്രചെയ്യേണ്ടതും ആയന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ പൂര്‍‌ണ്ണ ശ്രദ്ധയോടെ നിയന്ത്രിക്കേണ്ടതുമായ വെറും രണ്ട്‌ ചക്രത്തില്‍ ചലിക്കുന്നവാഹനമാണിത്‌.

അല്‍പ്പം പ്രാക്ടീസ്‌ ലഭിച്ചാല്‍ അനായാസം ഇത്‌ ചെയ്യാനാകുമെങ്കിലും ഏതുസമയവും എന്തും സംഭവിക്കാം.ചെറിയൊരു അശ്രദ്ധമാത്രം മതി അപകടം സംഭവിക്കാന്‍!.

മാത്രമല്ല പരിധിക്കപ്പുറത്തെവേഗതയിലോടുന്ന ബൈക്കിനെ പെട്ടെന്ന് പിടിച്ചുനിര്‍ത്താനാവില്ല. വലിയവാഹനങ്ങളോടിക്കുന്നവര്‍ ഈ കൊച്ചുബൈക്കിനെ വേണ്ടപോലെ ഗൗനിക്കുകയുമില്ല. ഇതുമൂലം എത്രയോ അപകടങ്ങളുണ്ടായിരിക്കുന്നു.

വാഹനങ്ങള്‍ ചീറിപ്പായുന്ന നമ്മുടെ ദേശീയപാതയിലാണ്‌ ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്നത്‌. ബൈക്ക്‌ ഇടിക്കുമ്പോള്‍ അതില്‍ യാത്രചെയ്യുന്നവര്‍ മറ്റുവാഹനങ്ങളിലെപോലെ സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ തെറിച്ചുപോവുകയും മരിക്കുകയോ മാരകമായി ക്ഷതമേല്‍ക്കുകയോ ചെയ്യാം. മറ്റുവാഹനങ്ങളെ അപേക്ഷിച്ച്‌ ചെറിയ അപകടം മതി ബൈക്ക് യാത്രക്കാരന്റെ ജീവന്‍ നഷ്ടമാവാന്‍. ഇതെല്ലാം ബൈക്കിനെ അപകടത്തിന്റെ കാര്യത്തില്‍ മറ്റുവാഹനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നു.

ബൈക്കും കൊണ്ട്‌ പറക്കുന്നവരുടെയെല്ലാം ഉള്ളില്‍ തന്റെ ഡ്രൈവിംഗിന്റെ കൃത്യതയെക്കുറിച്ചുള്ള അമിതവിശ്വാസമായിരിക്കും. പക്ഷെ അത്‌ തെറ്റായിരുന്നെന്ന് മനസ്സിലാകുമ്പോഴേക്കും ഒരുപക്ഷേ വീണ്ടും ബൈക്കോടിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും.

സ്‌നേഹനിധിയായ പിതാവോ,സഹോദരനോ തന്റെ പ്രിയപ്പെട്ട മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഏറെ സ്‌നേഹത്തോടെ സമ്മാനിക്കുന്ന ബൈക്കുകള്‍ അവരുടെ കൊലക്കയറായിരുന്നു എന്ന് തിരിച്ചരിയുമ്പോഴേക്കും നഷ്ടപ്പെടേണ്ടത്‌ നഷ്ടപ്പെട്ടിരിക്കും.

അതുകൊണ്ട്‌ ബൈക്ക്‌ വാങ്ങുകയോ വാങ്ങിക്കൊടുക്കുകയോ ചെയ്യുന്നതിന്‌ മുമ്പ്‌ ഏറ്റവും ചുരുങ്ങിയത്‌ ഒരു നൂറ്‌ വട്ടമെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.

വാല്‍കഷ്ണം:- എത്ര അപകടങ്ങള്‍ കണ്ടാലും കൊണ്ടാലും പിന്നെയും ജനം ബൈക്ക്‌ വാങ്ങും. അവര്‍ക്ക്‌ പറയാനുള്ളത്‌ ഇതാണ്‌.
'അപകടം പറ്റുന്നതും മരണപ്പെടുന്നതുമെല്ലാം അവരവരുടെ വിധിയാണ്, ബൈക്കില്‍ കയറിയില്ലെങ്കിലും അപകടപ്പെടാം'.
കഴുത്തില്‍ കയറിട്ട്‌ തൂങ്ങിയാല്‍ മരിക്കും എന്ന് എല്ലാവര്‍ക്കും അറിയാം അങ്ങിനെ മരിക്കുന്നതും മരിക്കുന്നവരുടെ വിധിതന്നെയായിരിക്കുമല്ലോ!.

4 അഭിപ്രായങ്ങൾ:

rumana | റുമാന പറഞ്ഞു...

ക്രത്യമായ് ടൈറ്റ് ഒര്‍മയില്ലെങ്കിലും ഏകദേഷം 6 വര്‍ഷങള്‍ക്ക് മുമ്പ് ഒരു ഹജ്ജ് കാലത്താണ് റഹീം കായേ ഞാന്‍ അവസാനമായി കണ്ടത്.ശാന്തഷീലനായ റഹീം മാസ്റ്ററുടെ വെക്തിത്വം പടിക്കല്‍ നിവാവികള്‍ക്കും അദ്ദേഹത്തിന്റെ ശിഷ്യര്‍ക്കും വലിയ ഒരു പാഠം തന്നെ യായിരുന്നു.കോഴിക്കോട് ജില്ലയുടെയും മലപ്പുറം ജില്ലയുടെയും അത്ര്ത്തിയായ ഇടിമുഴിക്കലില്‍ വെച്ച് ഞങളുടെ അയല്‍‌വാസിയായ റഹീം മാസ്ടര്‍ ബൈക്ക് ആക്സിഡന്റില്‍ പെട്ട് മരണമടഞു എന്നറിഞപ്പോള്‍ മാസങള്‍ക്ക് മുമ്പ് ഹജ്ജിന്ന് വന്നപ്പോള്‍ “ഇനിയെന്നാണ് നമ്മളൊക്കേ കാണുക“ എന്ന് ഒരു മുന്‍ വിധി പോലെ ജിദ്ദയിലെ അദ്ദേഹത്തിന്റെ ജേഷ്ടന്റെ വീട്ടിവെച്ച് പറഞതാണ് ഓര്‍മവന്നത്.പടിക്കല്‍ വിചാരവേദി ഈ ലേഖനത്തോടെ ഓര്‍മിപ്പിച്ചത് റഹീകായുടെ കുറെ നല്ല ഓര്‍മകളായിരുന്നു. അദ്ദേഹത്തിന്റെ ശാന്തമായ ഉറക്കത്തിന്ന് ഭംഗം വരുത്താതെ ഇത്രയും ഓര്‍മിപ്പിച്ചതിന്ന് വേദിക്ക് നന്ദി. ഒപ്പം റഹീം മാസ്റ്റര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ബൈക്കുകള്‍ അപകടകാരികളാണ് എന്ന് എല്ലാവരും സമ്മതിക്കുമെങ്കിലും അത് സ്വന്തമാക്കാന്‍ കൊതിക്കാത്ത യുവാക്കള്‍ കുറവായിരിക്കും .സാഹസികത യുവാക്കളുടെ രക്തത്തിലലിഞ്ഞതുകൊണ്ടായിരിക്കാം ഇത് സംഭവിക്കുന്നത്.അവരുടെ ആഗ്രഹത്തിന് മുന്നില്‍ മാതാപിതാക്കള്‍ പോലും നിസ്സഹായരായി നില്‍ക്കേണ്ട അവസ്ഥയാണിന്നുള്ളത്. ഇതുപോലെ യുവാക്കളെയും അവരുടെ മാതാപിതാക്കളെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ലേഖനം കാലികപ്രസക്തമാണ്.
muhammedasgarkm@yahoo.co.in

rajesh പറഞ്ഞു...

""പ്രിയപ്പെട്ട ഇരുചക്ര വാഹനക്കാരാ ""എന്ന എന്റെ ബ്ലോഗില്‍ നിന്ന് http://rajeshinteblog.blogspot.com/2007/04/blog-post.html


കണ്ടു കണ്ട്‌ മടുത്തതു കൊണ്ടാണ്‌ ഇതെഴുതുന്നത്‌.

ഈ സാധനത്തിന്‌ 2 വീലേ ഉള്ളു എന്നും ചരിഞ്ഞാല്‍ ഇതു തറയില്‍ വീഴും എന്നും ഇതുവരെ താങ്കള്‍ക്ക്‌ മനസ്സിലായിട്ടില്ല.

ഓടിത്തുടങ്ങി ഏതാനും സെക്കന്റുകള്‍ കഴിഞ്ഞാലേ ബാലന്‍സ്‌ കിട്ടുകയുള്ളു എന്നും അതിനു മുന്‍പ്‌ മിക്കവാറും എല്ലാവര്‍ക്കും ഒരു ചെറിയ ആട്ടവും ചരിയലും ഉണ്ടെന്നും അറിയാമെങ്കിലും താങ്കള്‍ ഇപ്പോഴും വലിയ വണ്ടികളുടെ തൊട്ടുമുന്നില്‍ പോയി നില്‍ക്കുകയും, അതിന്റെ മുന്നില്‍ നടത്തുന്ന സര്‍ക്കസിന്റെ ഫലമായി മറിഞ്ഞു വീഴുകയും ചെയ്യുന്നു.

ആനയുടെ മുകളില്‍ എന്ന മട്ടില്‍ "സിംഹാസനത്തില്‍" ഇരിക്കുന്ന ബസ്‌/ ലോറി ഡ്രൈവര്‍ക്ക്‌ തൊട്ടു മുന്നില്‍ താഴെ നില്‍ക്കുന്ന ഇരു ചക്ര വാഹനത്തെ കാണാന്‍ പറ്റില്ല എന്നുള്ള സത്യം പലരും ചതഞ്ഞരഞ്ഞിട്ടും താങ്കള്‍ മനസിലാക്കുന്നില്ല.

ഇടത്തു വശത്തുകൂടിയുള്ള മുന്നില്‍ കേറ്റം അപകടം പിടിച്ചതാണ്‌ എന്ന്‌ ഇനി ആരെങ്കിലും പ്രത്യേകം പറഞ്ഞു തന്നാലേ മനസ്സിലാകുകയുള്ളോ? വലത്തു വശത്ത്‌ പോലും rear view mirror ഉപയോഗിക്കാത്ത നമ്മുടെ കേരളത്തില്‍,ഡ്രൈവര്‍ക്ക്‌ കാണാന്‍ പറ്റാത്ത വിധത്തിലുള്ള ഈ മുന്നേറ്റം നടത്തിയിട്ടുള്ള പലരും ഇന്ന് നമ്മോടൊപ്പം ഇല്ല എന്നുള്ളത്‌ താങ്കള്‍ക്ക്‌ അറിയാഞ്ഞിട്ടല്ലല്ലോ? ഡ്രൈവര്‍ കാണാതെ മുന്നിലെത്തിയാല്‍ എന്തെങ്കിലും സമ്മാനം വച്ചിട്ടുണ്ടോ?

മുന്‍പില്‍ പോകുന്ന വണ്ടി slow ചെയ്യുന്നതിന്‌ പല കാരണങ്ങള്‍ കാണുമെന്നും (ആരെങ്കിലും എടുത്തു ചാടിക്കാണും, അല്ലെങ്കില്‍ കുഴി കാണും) അത്‌ മുന്നില്‍ക്കേറാന്‍ ഉള്ള സുവര്‍ണാവസരം ആയിക്കാണുന്നത്‌ ശുദ്ധ മണ്ടത്തരമാണെന്നും താങ്കള്‍ക്ക്‌ അറിഞ്ഞുകൂടാത്തത്‌ കൊണ്ടാണോ മുന്‍പിലത്തെ വണ്ടി ഒന്നു പതുക്കെയായാലുടന്‍ താങ്കള്‍ അതിന്റെ മുന്നില്‍ക്കേറാന്‍ വേണ്ടി ഈ കോപ്രായങ്ങള്‍ കാണിക്കുന്നത്‌ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌.

ദൂരെ ആരെങ്കിലും റോഡ്‌ ക്രോസ്‌ ചെയ്യാന്‍ നില്‍ക്കുന്നത്‌ കണ്ടാല്‍ ഉടന്‍ സ്പീഡ്‌ കൂട്ടി അവനെ ക്രോസ്‌ ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നത്ശുദ്ധ പോക്രിത്തരം ആണെന്ന് എന്നാണ്‌ താങ്കള്‍ക്ക്‌ ഒന്നു മനസിലാകുന്നത്‌? താങ്കളുടെ ഒരു സെക്കന്റിന്‌ ഇത്രയും വിലയോ? അയാള്‍ ക്രോസ്‌ ചെയ്ത്‌ കഴിഞ്ഞ്‌ താങ്കള്‍ കടന്നു പോയാല്‍ എന്തെങ്കിലും തേഞ്ഞു പോകുമോ??

rajesh പറഞ്ഞു...

Sorry. നല്ല പോസ്റ്റ്‌ എന്നുകൂടി പറയാന്‍ വിട്ടുപോയി.;-)