2008, നവംബർ 27, വ്യാഴാഴ്‌ച

മൊബൈല്‍ നീലതരംഗം

നമ്മുടെ അയല്‍ ദേശങ്ങളില്‍ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ മൊബൈല്‍ ഫോണുകളിലേക്ക് പകര്‍ത്തിവില്‍പ്പനനടത്തുന്ന നിരവധി മൊബൈല്‍ കടക്കാരെ പോലീസ് അറസ്റ്റ് ചെയ്തത് വായിച്ച് നമ്മളാരും ഞെട്ടിയില്ല.

കാരണം നമുക്കെല്ലാം അറിയാവുന്ന കാര്യമായിരുന്നല്ലോ ഈകച്ചവടം!.

കാലിനടിയിലെ ചുവപ്പ് മാറാത്ത കുട്ടികള്‍ മുതല്‍ ബലിക്കാക്ക കൊതിയോടെ നോട്ടമിട്ട കുഴിയിലേക്ക് കാലെടുത്ത് വെക്കാനിരിക്കുന്നവര്‍ വരേ ഈ ക്ലിപ്പുകളുടെ ഉപഭോക്താക്കളാണെന്ന് പോലീസിനുമുമ്പില്‍ പ്രതികള്‍ വെളിപ്പെടുത്തിയപ്പോഴും നമ്മൊളൊന്നും ഞെട്ടിയില്ല. കാരണം നമ്മുടെ മനസ്സ് ഇതിനെല്ലാം പാകപ്പെട്ടുകഴിഞ്ഞു.

സ്കൂളുകളിലും കോളേജുകളിലുമെല്ലാം മൊബൈല്‍ വ്യാപകമാവുകയും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്യുകയാണിപ്പോള്‍!.

കുരുന്നിലേ രതിവൈകൃതങ്ങള്‍ കണ്ട് ശീലിക്കുന്ന നമ്മുടെ ഭാവിതലമുറ നമ്മുടെ നാട്ടിലുണ്ടാക്കാനിടയുള്ള ലൈംഗിക അരാജകത്വത്തെകുറിച്ചെവിടെയും ചര്‍ച്ചയില്ല.

ഇതെല്ലാം പുതിയ കാലത്തിന്റെ പുരോഗതികളായി കാണുന്ന നാം സത്യത്തില്‍ കാറ്റ് വിതക്കുകയാണ്. കൊടുങ്കാറ്റായി ഇത് കൊയ്തെടുക്കേണ്ടി വരുമെന്ന സത്യം നാം മറക്കരുത്.

ലാഭക്കൊതിമൂത്ത നമ്മളില്‍ പലരും മുറിച്ചുകൊണ്ടിരിക്കുന്നത് സ്വന്തം ഇരിക്കും‌കൊമ്പാണ്.

അന്ന്യര്‍ക്ക് വിറ്റ് കാശ്‌വാങ്ങുന്ന ക്ലിപ്പുകള്‍ സ്വന്തം മക്കളുടേയോ സഹോദരങ്ങളുടേയോ കയ്യില്‍തന്നെ എത്തിപ്പെട്ടേക്കാമെന്ന് പലരും ചിന്തിക്കുന്നില്ല.

മതപരമായി അറിവുള്ളവര്‍ പോലും ഇതിന്റെ ഭവിഷത്തിനെ ചില്ലിക്കാശിന്റെ ലാഭത്തിനുമുന്നില്‍ മറന്നുപോകുന്നു.

താന്‍ വില്‍ക്കുന്ന ഓരോക്ലിപ്പും നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് പോലെ പലരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വ്യാപിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന ദൈവികശിക്ഷയുടെ നല്ലൊരുപങ്ക് ഇത് കൈമാറ്റം ചെയ്ത ഓരോകണ്ണിക്കും ലഭിക്കുമെന്ന സത്യം എത്രപേര്‍ ഓര്‍ക്കുന്നുണ്ട്?

ഇനി എല്ലാം നിര്‍ത്തി നന്നാവാന്‍ തീരുമാനിച്ചാലും ഈ പങ്ക് അവന് കിട്ടിക്കൊണ്ടിരിക്കും. മരിച്ച് ഖബറില്‍ ചെന്നാലും പാപം തീരാതെ കിട്ടിക്കൊണ്ടിരിക്കുന്ന മറ്റെന്ത് ജോലിയാണുള്ളത്?

കൌമാരക്കാര്‍ക്ക് ലൈംഗികത കൌതുകമാണ്. അവരുടെ നാശത്തിന് പോലും കാരണവാവുന്ന ഈകൌതുകത്തെ മുതലെടുത്ത് അവരിലേക്ക് രതിവൈകൃതങ്ങളെത്തിക്കാന്‍ ശ്രമിക്കുന്നവരെ നാം ശക്തമായി തടഞ്ഞേതീരൂ.

സമൂഹത്തിനു മുന്നില്‍ മാന്ന്യന്മാരായി വിലസുന്ന ചില ‘കമ്പ്യൂട്ടറിസ്റ്റു‘കളുമാണീവൃത്തികെട്ട ജോലിചെയ്യുന്നതെന്നത് നാം ശ്രദ്ദിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ഇവരെ നിലക്ക് നിര്‍ത്തിയേതീരൂ.

അതിനുമുമ്പ് നാം ഓരോരുത്തരും ചെയ്യേണ്ടത് ത്രീ.ജി. സൌകര്യങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ കൌമാരക്കാര്‍ക്ക് നല്‍കാതിരിക്കുകയാണ്. സ്നേഹത്തോടെ നാം നല്‍കുന്ന മൊബൈല്‍ ഫോണ്‍ അവരെ തമ്മാടികളാക്കാന്‍ ഇടയുണ്ട് എന്നത് നാം മറക്കാതിരിക്കുക.

ടീവിയിലായാലും കമ്പ്യൂട്ടറിലായാലും കുട്ടികള്‍ കാണുന്ന വീഡിയോകളും മറ്റുപരിപാടികളും മുതിര്‍ന്നവര്‍ സെന്‍സര്‍ ചെയ്തശേഷം മാത്രമായിരിക്കാന്‍ ശ്രദ്ദിക്കുക.