2007, നവംബർ 9, വെള്ളിയാഴ്‌ച

ഹര്‍ത്താല്‍ ദുരിതം

വളരെ ആശാവഹമായ ഒരു കാര്യമായിരുന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് കോടതി ബന്ദ്‌ നിരോധിച്ചത്‌.

പക്ഷേ അത്‌ ചാരായം നിരോധിച്ചപ്പോള്‍ ചാരായം പായ്കറ്റിലായ പോലെ ബന്ദിനെ ഹര്‍ത്താലെന്ന പുതിയപായ്കറ്റിലാക്കി നമ്മുടെ രാഷ്ട്രീയക്കാരും മറ്റും ഇടക്കിടെ ജനത്തിനെ ബുദ്ദിമുട്ടിക്കാന്‍ പ്രയോഗിക്കുന്നു.

തങ്ങളുടെ ശക്തികാണിക്കുവാനും സാന്നിധ്യമറിയിക്കുവാനും ഇടക്കിടെ ഇങ്ങിനെ ചിലകലാപരിപാടികള്‍ നടത്തണമെന്നാണ്‌ അവര്‍ ധരിച്ചുവശായിരിക്കുന്നത്‌.

സത്യത്തില്‍ ഒരു ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഒരുപാട്‌ ജനപിന്തുണയൊന്നും വേണ്ട. അവിടെയും ഇവിടെയുമായി രണ്ട്‌ കല്ലെടുത്തെറിഞ്ഞാല്‍ മതി,അല്ലെങ്കില്‍ എറിയുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ മതി. ഈ ഒരു ഭീഷണിയില്ലെങ്കില്‍ കേരളത്തില്‍ ഒരുബന്ദ്‌ പോലും വിജയിക്കില്ല.

ചില്ലിക്കാശ്‌ ചെലവില്ലാതെ വിയര്‍‌പ്പൊഴുക്കാതെ കേവലം ഒരുപത്രക്കുറിപ്പിലൂടെ ഏത്‌ ഈര്‍ക്കിളിപാര്‍ട്ടിക്കും വിജയിപ്പിക്കാവുന്ന പ്രാകൃതമായ ഒരു സമരതോന്ന്യാസമായി അധപതിച്ചിരിക്കുന്നു ഹര്‍ത്താലുകള്‍.

ഈഹര്‍ത്താലുകള്‍ കൊണ്ട്‌ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ കഷ്ടപ്പാടല്ലാതെ എന്തെങ്കിലും ഒരു ഗുണം ഉണ്ടായിട്ടുണ്ടോ?

ഒരുഹര്‍ത്താല്‍ കൊണ്ട്‌ എന്തുമാത്രം നഷ്ടമാണ്‌ നമ്മുടെ സര്‍ക്കാറിനും സാമ്പത്തിക മേഖലക്കും ഉണ്ടാകുന്നത്‌? കിട്ടുന്ന വരുമാനം കൊണ്ട്‌ സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ ശംബളം കൊടുക്കാന്‍ പോലും തികയാതെ കടമെടുക്കുന്ന ഒരു സര്‍ക്കാറാണ്‌ നമ്മുടേത്‌.

കരാറുകാര്‍ക്ക്‌ കൊടുക്കാന്‍ പണമില്ല, സര്‍ക്കാറാശുപത്രികളില്‍ മരുന്നില്ല,ദുരിതാശ്വാസത്തിന്‌ വകയില്ല,ഇങ്ങിനെകഷ്ടപ്പെടുന്നസര്‍ക്കാറാണ്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടതും വലതുമായി നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നത്‌.

ഭരണയന്ത്രം തിരിക്കുന്നവര്‍ നാം നിയോഗിച്ച തൊഴിലാളികളാണ്‌. സത്യത്തില്‍ ഭരണകര്‍ത്താക്കള്‍ നമ്മളാകുന്ന ജനങ്ങളാണ്‌. അതുകൊണ്ട്‌ നാംതന്നെ നമുക്ക്‌ നഷ്ടങ്ങള്‍ വരുത്തിക്കൂടാ.

സമരങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുനേരെയും സ്ഥാപനങ്ങള്‍ക്ക്‌ നേരെയും അക്രമം അഴിച്ചുവിടല്‍ ചിലര്‍ക്ക്‌ പുണ്യകര്‍മ്മം പോലെയാണ്‌. ആര്‍ക്കാണിതിന്റെ നഷ്ടമെന്ന് ചിന്തിക്കാന്‍ തലച്ചോറുകള്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ പണയപ്പെടുത്തിയവര്‍ക്കൊന്നുമാകുന്നില്ല.

കെ. എസ്‌. ആര്‍.ടി. സി.ബസ്സ്‌ ഒരുദിവസം ഓടിയില്ലെങ്കില്‍ അതിന്റെ നഷ്ടം നമുക്ക് തന്നെയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നാല്‍ തൊഴിലാളികള്‍ക്ക്‌ പണിയെടുക്കാതെ ശംബളം കൊടുക്കാന്‍ നമ്മുടെയെല്ലാം നികുതിപ്പണത്തില്‍ നിന്നാണ്‌ പണം പോകുന്നത്‌. ഓരോ ഹര്‍ത്താലിനും ഇതുപോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടവും ഒടുക്കേണ്ടത്‌ നമ്മള്‍ തന്നെ.

അങ്ങനെ വികസനത്തിന്‌ പണമില്ലാതെ ഭരണകര്‍ത്താക്കള്‍ നമ്മളെത്തന്നെ ലോകബാങ്കിനും ഐ.എം.എഫിനും എ.ഡി.ബി ക്കുമെല്ലാം പണയം വെച്ച്‌ തല്‍ക്കാലം രക്ഷപ്പെടും. ഇതിന്റെയെല്ലാം പരിണതഫലം അനുഭവിക്കേണ്ടത്‌ നമ്മളെല്ലാവരുമായിരിക്കും.

അതുകൊണ്ട്‌ ആര്‌ ആഹ്വാനം ചെയ്താലും ഹര്‍ത്താല്‍ വിജയിപ്പിക്കുക എന്ന ഇരിക്കും കൊമ്പ്‌ മുറിക്കുന്ന പണി നാം നിര്‍ത്തേണ്ടിയിരിക്കുന്നു. ഓരോ ഹര്‍ത്താല്‍ പ്രഖ്യാപനവും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായികണ്ട് നാം അതിനെതിരെ പ്രതികരിക്കെണ്ടിയിരിക്കുന്നു.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവന്റെയൊന്നും അമ്മയോ ഭാര്യയോ ഒന്നും ചികിത്സകിട്ടാതെ നടുറോഡില്‍ കിടന്ന് മരിക്കേണ്ടി വരില്ല. നഷ്ടങ്ങളെന്നും ഇവര്‍ കഴുതകളെന്ന് വിളിക്കുന്ന ജനത്തിന്‌ മാത്രമായിരിക്കും.

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

സംഗതി ഹര്‍ത്താലായതുകൊണ്ട് അല്‍പ്പം മസാലചേര്‍ക്കാന്‍ മാര്‍ഗമില്ലാത്തതുകൊണ്ടായിരിക്കാം ചര്‍ച്ചക്കൊരു എരിവില്ല. വിനീതന്റെ പൊടിപോലും കാണാനില്ല.
എല്ലാവരും ചിന്തിക്കേണ്ട കാര്യമാണ് ഈ പോസ്റ്റ്. ഇന്നത്തെപത്രത്തില്‍ കണ്ടു ലോകബാങ്ക് സഹായം വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന്. രണ്ട് ഹര്‍ത്താലുകള്‍ ഇനി അതിനെതിരെയും നടക്കട്ടെ! കേരളം ഭ്രാന്താലയം! വിവേകാനന്ദന്‍ പറഞ്ഞതെത്ര ശരി?.
muhammedasgarkm@yahoo.co.in

rumana | റുമാന പറഞ്ഞു...

ജന നന്മക്ക്‌ വേണ്ടി കോടതികളിലൂടെ പുറപ്പെടിവിക്കുന്ന നീതിന്യായ വ്യവസ്ഥകളില്‍ പഴുതുകള്‍ കണ്ടെത്തി എങ്ങിനേ കോടതികളേയും ജനങ്ങളെയും വെല്ലുവിളിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഇന്ന് നടക്കുന്ന ഹര്‍ത്താലെന്ന ബന്ദ്‌ എന്നകാര്യത്തില്‍ അതിന്ന് ആഹ്വോനം ചെയ്യുന്ന നേതാക്കള്‍ക്ക്‌ പോലും സംശയമില്ല എന്നതിന്റെ തെളിവാണല്ലോ പല മീഡിയകളിലൂടെയും പാര്‍ട്ടി നേതാക്കന്മാര്‍ " വെക്തിപരമായി ഞാന്‍ ഈ ഹര്‍ത്താലിന്നും അത്‌ നടപ്പാക്കിയ രീതിയേയും അനുകൂലിക്കുന്നില്ലാ എന്നും ജനഹിതമല്ലാത്ത ഈ പേകൂത്ത്‌ അവസാനിപ്പിച്ച്‌ മറ്റൊരു ബദല്‍ രീതി കൈകെള്ളണമെന്ന്" ആവശ്യപ്പെടുകയും ചെയ്യുന്നത്‌
ഇങ്ങിനെ മീഡിയകളിലൂടെ പൊതു പ്രവര്‍ത്തകരായ നമ്മുടെ നേതാക്കള്‍ പറഞ്ഞുതുടങ്ങി എന്നതില്‍ നമുക്ക്‌ ആശ്വസിക്കാം , കാരണം ഇക്കാലമത്രയും ബന്ദും ഹര്‍ത്താലും നിത്യ തൊഴിലാക്കിമാറ്റിയിരുന്ന വിഭാഗങ്ങളില്‍ ആള്‍ ചോര്‍ച്ച സംഭവിക്കുന്നു എന്ന് മനസിലാക്കി ജനഹിതമല്ലാത്ത ഈ മാമാങ്കത്തിന്ന് കൂട്ട്‌ നിന്നാല്‍ സമീപ ഭാവിയില്‍ തന്റെ ഭാവിക്ക്‌ സാരമായ കോട്ടം വരുത്താന്‍ ബന്ദുകൊണ്ടും ഹര്‍ത്താലുകൊണ്ടും പൊറുതിമുട്ടിയ സാധാരണക്കാര്‍ക്ക്‌ കഴിയുമെന്ന തിരിച്ചരിവ്‌ എല്ലാ നേതാക്കള്‍ക്കും മനസിലായിതുടങ്ങിയിരിക്കുന്നു എന്നത്‌ തന്നെ.
പശ്ചിമബംഗാളിലെ മുഖ്യമന്ത്രി ഭട്ടാചാര്യ പറഞ്ഞ " കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം മുറുകേപിടിക്കേണ്ടകാലം" കഴിഞ്ഞു എന്നത്‌ സ്വീകരിക്കാന്‍ കേരളത്തിലെ ചില നേതാക്കള്‍ വെക്തിപരമായി മുന്നോട്ട്‌ വരുന്നതിന്റെ സൂചനകളാണ്‌ നാമിന്ന് കാണുന്ന രാഷ്ട്രീയ കരണം മറിച്ചിലുകളും പ്രത്യയശാസ്ത്രത്തിലെ വെള്ളം ചേര്‍ക്കലും.അതുകൊണ്ട്‌ തന്നെ ചില നല്ല സൂചനകളുടെ തുടക്കമായി കാലഹരണപ്പെട്ട പലതും വലിച്ചെറിഞ്ഞ്‌ കാലഹരണമില്ലാത്ത മാറ്റം വന്ന് കൊണ്ടിരിക്കുമ്പോള്‍
സമീപ ഭാവിയില്‍ നമുക്ക്‌ കാണാനാകുന്നത്‌ ബന്ദുകളും ഹര്‍ത്താലുകളും രൂപം മാറി ഒരു പ്രതിഷേത പ്രകടനത്തില്‍ ഒതുങ്ങുന്നതായിരിക്കും എന്ന് നമുക്ക്‌ പ്രത്യാശിക്കാം.

vineethan പറഞ്ഞു...

????