
പുതിയ പ്രതീക്ഷകളും ആശങ്കകളും മനസ്സിലൊതുക്കി രണ്ടായിരത്തി എട്ട് നമുക്ക് മുന്നില്‍ മന്ദസ്മിതം തൂകി നില്‍ക്കുന്നു.
ഗിരികളും ഗര്‍ത്തങ്ങളും സമതലങ്ങളും മറികടന്ന് നമ്മുടെ ജീവിതയാത്ര ഒരുവര്‍ഷം കൂടി പൂര്‍ത്തിയാക്കിയിരിക്കുന്നു. പുതിയ ശുഭപ്രതീക്ഷയുടെ പുതുപുലരികളിലേക്ക് നമുക്ക് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാം.
മദ്യലഹരിയില്‍ ഉന്മത്തരായി ആഭാസനൃത്തം ചവിട്ടി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന വിഢികളെ നമുക്ക് കാണാം. മദ്യവില്‍പ്പന പുതുവത്സരാഘോഷനാളുകളില്‍ സകല റെക്കോര്‍ഡുകളും മറികടക്കുന്നത് നമ്മുടെനാടിന്റെ പോക്കിനെക്കുറിച്ച് നമ്മെ വ്യാകുലപ്പെടുത്തുന്നു. ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തിനായി ഇത്തരക്കാര്‍ ഏത് പിശാചിനെയാണാവോ ഉപാസിക്കുന്നത്?.
ഒരുപുതുവത്സരാഘോഷം പടര്‍ത്തിയ തീ ഒരുവന്‍ വര്‍ഗ്ഗീയകലാപവും കൂട്ടക്കൊലയുമെല്ലാമായിമാറിയ സംഭവം നമ്മുടെ നാട്ടില്‍നിന്നധികം ദൂരമില്ലാത്ത ഒരു ദേശത്ത് നടന്നത് ഇത്തരം വഴിവിട്ട ആഘോഷങ്ങള്‍ നമ്മെ എവിടെകൊണ്ട് ചെന്നെത്തിക്കുമെന്ന് നമ്മെ ചിന്തിപ്പിക്കണം.
സത്യത്തില്‍ സാധാരണയില്‍ കവിഞ്ഞ ഒരാഘോഷവും പുതുവത്സരദിനം അര്‍ഹിക്കുന്നില്ല. പക്ഷെ നമുക്കെല്ലാം അതൊരു ഓര്‍മ്മപ്പെടുത്തല്‍ ദിനമാവണം.
നമ്മുടെ ജീവിതത്തില്‍ നിന്നും ഒരു വര്‍ഷംകൂടി പടിയിറങ്ങിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലിന്റെ ദിനം, ആയുസ്സില്‍ ഒരിക്കലും തിരികെലഭിക്കാത്ത ഒരുവര്‍ഷം കൂടി നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിയലിന്റെ ദിനം. ധൂര്‍ത്തും അസാന്മാര്‍ഗ്ഗികതയും കൊണ്ട് കൂത്താടേണ്ട ദിനമല്ലഇത്.
പോയ വര്‍ഷം നാം എന്തെല്ലാം ചെയ്തുവെന്ന് കണക്കെടുക്കേണ്ട സമയമാണിത്, വരും വര്‍ഷം എങ്ങിനെ ജീവിക്കണമെന്ന് പ്ലാന്‍ ചെയ്യേണ്ട ദിനമാണിത്.
പോയ വര്‍ഷത്തെ എല്ലാ അനുഭവങ്ങളും വിചിന്തനം ചെയ്യുക. നന്മയില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടോ? തെറ്റുകള്‍ പറ്റിയിട്ടുണ്ടോ? വഞ്ചിതരായിട്ടുണ്ടോ? ധൂര്‍ത്തോ അസാന്മാര്‍ഗ്ഗികതയോ സംഭവിച്ചിട്ടുണ്ടോ? എങ്കില്‍ ഇതൊന്നും പുതിയ വര്‍ഷം ആവര്‍ത്തിക്കുകയില്ലെന്ന് നമുക്ക് ശപഥം ചെയ്യാം. പോയവര്‍ഷം ചെയ്തതിനേക്കാളേറെ നന്മകള്‍ പുതിയവര്‍ഷം ചെയ്യുമെന്ന് നമുക്ക് തീര്‍ച്ചപ്പെടുത്താം. അങ്ങിനെ നിറഞ്ഞമനസോടെ വിശുദ്ധിയോടെ നമുക്കീ പുതുവര്‍ഷത്തെ വരവേല്‍ക്കാം.
അത്യാഹിതങ്ങളോ, ദുര്‍നിമിത്തങ്ങളോ ഇല്ലാത്ത ഒരു പുതുവര്‍ഷം സര്‍വ്വശക്തന്‍ നമുക്ക് പ്രധാനം ചെയ്യട്ടെ! പ്രതിസന്ധികളും അരക്ഷിതാവസ്ഥകളുമില്ലാത്ത സന്തോഷകരമായ ഒരു പുതുവര്‍ഷം നല്‍കി കരുണാമയന്‍ നമ്മെ അനുഗ്രഹിക്കട്ടെ!.
ഏവര്‍ക്കും പടിക്കല്‍ വിചാരവേദിയുടെ നവവത്സരാശംസകള്‍!