2009, നവംബർ 16, തിങ്കളാഴ്‌ച

അനുശോചനങ്ങൾ

നമ്മുടെ നാടിനെനടുക്കി ഏവരെയും തീരാദുഃഖത്തിലാഴ്ത്തി രണ്ടു സുഹൃത്തുക്കൾ നമ്മെ വിട്ടുപോയി. കുതിച്ചുചാടിയ മലവെള്ളത്തിൽഅവരുടെ നിലവിളികളലിഞ്ഞുചേർന്നു.

നാടിന്റെ പൊന്നോമനകളുടെ വേർപാട് വിശ്വസിക്കാനാവാതെ കേട്ടത്അസത്യമാവണേ എന്ന് ഒരു ഗ്രാമമൊന്നിച്ചു പ്രാർത്ഥിച്ചു. അവസാനം യാഥാർത്ഥ്യം അംഗീകരിക്കേണ്ടിവന്നപ്പോൾ അനേകം

കണ്ണുകൾ നിറഞ്ഞൊഴുകി, അനേകം കണ്ഠങ്ങളിൽ നിന്ന് നിലവിളികളുയർന്നു. തേങ്ങാത്ത ഹൃദയങ്ങളില്ല.
സൗഹൃദത്തിന്റെ യുവസംഗമങ്ങളായി പടിക്കലിന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്ന, ഒരുകാലത്ത് കലാ കായിക-സാമൂഹിക രംഗത്ത് പടിക്കലിന്റെ അഭിമാനമായി ഉയർന്നു നിന്നിരുന്ന ‘യുവസംഗമം ക്ലബ്ബി‘ന്റെ കരുത്തരായ പ്രവർത്തകരായിരുന്ന നൗഷാദും ഫസ്‌ലുവും ഇനിയൊരിക്കലും കൂട്ടുകാരോടൊത്തുചേരാനാവാതെ ഭൂമിയെന്ന ഈ ഇടത്താവളമുപേക്ഷിച്ചു പോയി.

വിവാഹ ജീവിതം തുടങ്ങിയിട്ട് അധികമൊന്നുമാവാത്ത അവരുടെ വേർപാട് വൈധവ്യവും അനാഥത്വവും നൽകിയവരുടെ മുഖങ്ങൾ നമ്മുടെ ഓരോരുത്തരുടെയും നെഞ്ചിൽ നീറ്റലായി നിലനിൽക്കുന്നു.

പക്ഷേ എന്തുചയ്യാം സർവ്വശക്തന്റെ വിധിഅതായിരുന്നു. നമുക്കെല്ലാം നടക്കേണ്ട വഴിയിലൂടെ അവരെ സൃഷ്ടാവ് മുൻപേ നടത്തി എന്നുമാത്രം.

ഏത് ഭൂമിയിൽ വെച്ചാണ് ഓരോരുത്തരുടെയും അന്ത്യമെന്ന് നിങ്ങൾക്കാർക്കുമറിയില്ല’ എന്നർത്ഥം വരുന്ന സർവ്വശക്തന്റെ വചനം അവൻ നമ്മെ ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുന്നു.

ഓരോരുത്തർക്കും കണക്കാക്കിയ ഭൂമികയിലേക്ക് സമയമെത്തുമ്പോൾ മൃത്യുവിനെ പുൽകാൻ അവനെത്തിക്കുകതന്നെ ചെയ്യും.

ജീവിതസാഹചര്യങ്ങളിലെ മുഷിപ്പ് മാറ്റാൻ ആശ്വാസതീരങ്ങൾ തേടുമ്പോഴോ, ജോലിയോ വിദ്യയോതേടി അതിരുകൾ താണ്ടുമ്പോഴോ വെറുതെ വീട്ടിലിരിക്കുമ്പോഴൊ എപ്പോഴാണ് നമ്മുടെ അന്ത്യസമയവും നമുക്ക് കണക്കാക്കിയ അന്ത്യ സ്ഥലവും ഒന്നിക്കുക എന്ന് നമുക്കാർക്കുമറിയില്ല. അതുകൊണ്ട് തിന്മകൾ ഉപേക്ഷിച്ച് പരമാവധി നന്മകൾ ചെയ്ത് ഏത് സമയവും മടക്കയാത്രക്ക് നമുക്ക് തയ്യാറായി നിൽക്കാം.

ഈ ജീവിതത്തിന്റെ നിസ്സാരത മനസ്സിലാക്കാൻ നാമിനിയും വൈകിക്കൂടാ. ഏത് സെക്കന്റിലും അവസാനിക്കാവുന്ന ഈജീവിതത്തേക്കാൾ ഒരിക്കലും അവസാനിക്കാത്ത പാരത്രിക ജീവിതത്തിനു വേണ്ടി നാം കൂടുതൽ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഓരോ അത്യാഹിതങ്ങളും അല്ലാഹു നമുക്ക് തരുന്ന ഉണർത്തലുകളാണെന്ന കാര്യം നാം വിസ്മരിക്കരുത്. അതുകൊണ്ട് ഈ നിസ്സാരജീവിതത്തിന്റെ നിരർത്ഥകമായ ഗുണങ്ങൾക്കും സുഖങ്ങൾക്കും വേണ്ടി യഥാർത്ഥജീവിതം നാം നഷ്ടപ്പെടുത്താതിരിക്കുക.

നമ്മുടെ മുൻപേ നടന്ന ഈ സുഹൃത്തുക്കൾക്ക് വേണ്ടി നമുക്ക് സർവ്വശക്തനോട് പ്രാർത്ഥിക്കാം.

കരുണാമയനായ അല്ലാഹു അവർക്ക് മഗ്‌ഫിറത്ത് നൽകട്ടെ. നമ്മെയും അവരെയും അവന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ. അവർകാരണം അനാഥമായ അവരുടെ കുടുംബങ്ങൾക്ക് അല്ലാഹു ക്ഷമയും ക്ഷേമവും നൽകട്ടെ. ഏറ്റവും നല്ല സംരക്ഷകനായ അല്ലാഹുവിന്റെ സംരക്ഷണം അവർക്കുണ്ടാവട്ടെ. പ്രിയപ്പെട്ട കൂട്ടുകാർ നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് അല്ലാഹു സമാധാനവും നന്മയും വർഷിക്കട്ടെ!

3 അഭിപ്രായങ്ങൾ:

rumana | റുമാന പറഞ്ഞു...

‘മറവി മുറിവുണക്കട്ടെ..’

Jose പറഞ്ഞു...

I pray for the

Jose പറഞ്ഞു...

I pray for the sould may rest in peach. We can just pray for them. The younger generation should understand and learn from this.