2010, ജനുവരി 1, വെള്ളിയാഴ്‌ച

പുതുവത്സരാശംസകൾ!.....


പുതിയൊരു പുതുവർഷം കൂടി....
നിനവിന്റെ കൈലോസിൽ സന്തോഷ സന്താപങ്ങളുടെ നൂറു നൂറു പൂക്കൾ തുന്നിച്ചേർത്ത് ഒരു വർഷം കൂടി നമ്മെ വിട്ടുപോയി.

പകലോന്റെ കോപം തളർത്തിയ ഗ്രീഷ്മവും മഴനൂലുകളിൽ സംഗീതം പെയ്ത പെരുമഴക്കാലവും പൂക്കളുടെ കളിചിരികളിലുണർന്ന വസന്തവുമെല്ലാം കടന്ന് രണ്ടായിരത്തി ഒൻപത് എത്രപെട്ടെന്നാണ് നമ്മോട് യാത്ര ചോദിച്ചത്?.

ഒരായിരം പുതുപ്രതീക്ഷകളുടെ കനകച്ചെപ്പായ് രണ്ടായിരത്തിപത്ത് നമ്മുടെ മുന്നിൽ തുറക്കപ്പെടുകയാണ്. സന്തോഷകരമായ ഒരു പുതുവർഷത്തിനായി നമുക്ക് പ്രാർത്ഥിക്കാം. ഓരോ ചുവടും നമുക്ക് കരുതലോടെ മുന്നോട്ട് വെക്കാം.
ചതിക്കുഴികളേറെയുള്ളതാണ് നമ്മുടെ പാത. ചതിയോ വഞ്ചനയോ തീവ്രവാദമോ തീവ്രവാദ വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ ഭരണകൂടഭീകരതയോ മറ്റു അത്യാഹിതങ്ങളോ ഒന്നും നമ്മുടെ സ്വസ്ഥത കെടുത്താതിരിക്കട്ടെ.

ആണ്ടറുതികൾ ഭാവിയുടെ പ്രതീക്ഷകളുടെ പടിവാതിലുകളെന്നതിനേക്കാളേറെ നഷ്ടകാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ഒരു തിരിഞ്ഞുനോട്ടം നമുക്ക് നടത്താം. പോയവർഷത്തിലെ നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും നന്മതിന്മകളും ഒന്ന് കൂട്ടിക്കിഴിച്ചു നോക്കാം. ശിഷ്ടം പാപത്തിന്റെ നഷ്ടക്കണക്കുകൾ മാത്രമാണെങ്കിൽ ഇനിയുമൊരവധിക്ക് കാക്കാതെ ഈ പുതുവർഷപ്പുലരിയെ ഒരു മാറ്റത്തിന്റെ പടിവാതിലായി നമുക്ക് സ്വീകരിക്കാം. നമ്മുടെ നന്മകളേ നമുക്ക് മിച്ചമുണ്ടാകൂ എന്നകാര്യം മറക്കാതിരിക്കുക.

ഇനിയുമൊരുപാട് പുതുവർഷങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാൻ ഭാഗ്യമുണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഏവർക്കും പടിക്കൽ വിചാരവേദിയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!.

അഭിപ്രായങ്ങളൊന്നുമില്ല: