2007, നവംബർ 12, തിങ്കളാഴ്‌ച

ഉപേക്ഷിക്കൂ... ഈ വിഭാഗീയവെറി!

മനുഷ്യര്‍ വ്യത്യസ്ഥകോണുകളില്‍ ചിന്തിക്കുന്നവരാണ്‌. ഒരാളുടെ ചിന്തയുമായി മറ്റൊരാളുടെ ചിന്ത യോജിക്കണമെന്നില്ല.

അമ്മയെതല്ലിയവനെതല്ലിയാലും അതില്‍ രണ്ടഭിപ്രായമുണ്ടാകും എന്ന് നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുതന്നെയുണ്ട്‌. അതുകൊണ്ടുതന്നെ ഏതൊരുമതമായാലും പ്രത്യായശാസ്ത്രമായാലും രാഷ്ട്രീയമായാലും അതിന്റെയെല്ലാം ഉള്ളില്‍ വിഭാഗീയതകള്‍ സ്വാഭാവികമാണ്‌.

വിശാലമായ കാഴ്ചപ്പാടുകളും അനുഷ്ടാനങ്ങളും ആചാരങ്ങളും നിയമങ്ങളുമുള്ള മതമാകുമ്പോള്‍ തീര്‍ച്ചയായും അതില്‍ വിവിധ ചിന്താധാരകള്‍ ഉടലെടുക്കും. അതുകൊണ്ടുതന്നെ ഇത്തരം വിഭാഗീയതകളെ അസഹിഷ്ണുതയോടെ കാണുന്നത്‌ യുക്തിസഹമല്ല.

എന്റെവിശ്വാസമേ ഭൂമിയില്‍ എല്ലാവര്‍ക്കും പാടുള്ളൂ അല്ലാത്തവരെല്ലാം നശിക്കേണ്ടതാണ്‌ എന്ന് കരുതുന്നതാണ്‌ ഫാഷിസം. നെഞ്ചത്ത്‌ കൈവച്ചുനോക്കൂ നമ്മുടെയെല്ലാം ഉള്ളില്‍ ഇത്തരം ഒരു ഫാഷിസ്റ്റ്‌ ഇല്ലേ? ഉണ്ടെന്നാണ്‌ ഉത്തരമെങ്കില്‍ നാം സ്വയം ചികിത്സിക്കാന്‍ ഇനിയും വൈകിക്കൂടാ.

തന്റെ സഹജീവി മറ്റൊരു ആശയം വച്ചുപുലര്‍ത്തുന്നത്‌ പൂര്‍‌ണ്ണമായും അവന്റെ ആശയം ശരിയാണ്‌ എന്ന വിശ്വാസത്തിലായിരിക്കും. നമ്മുടെ ചിന്തയില്‍ ഒരുപക്ഷേ അവന്റെ ആശയം പിന്തിരിപ്പനായിരിക്കാം. അതുപോലെ അവന്റെ ചിന്തയില്‍ നമ്മുടെ ആശയവും പിന്തിരിപ്പനായിരിക്കാം. ഇത്‌ ഒരിക്കലും രണ്ട്‌കൂട്ടരുടെയും ചിന്തയിലെ വൈകല്യമല്ല. ഓരോരുത്തര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ രണ്ട്‌ വിധത്തിലായതുകൊണ്ടാണ്‌.

അപ്പോള്‍ രണ്ട്‌ ആശയങ്ങള്‍ തമ്മില്‍ സ്വാഭാവികമായും ആശയസംഘട്ടനമുണ്ടാകാം പക്ഷേ ഇത്‌ ആശയപരമായി മാത്രമായിരിക്കണം. ഒരിക്കലും വ്യക്തിപരമായിരിക്കരുത്‌. പരസ്പര സ്‌നേഹബന്ധത്തെയോ ബഹുമാനത്തെയോ ഇത്‌ ബാധിക്കരുത്‌.

സംവാദങ്ങള്‍ ആരോഗ്യകരമാണ്‌ പക്ഷേ അത്‌ വെല്ലുവിളികളാവരുത്‌. സ്വന്തം ആശയം മറ്റുള്ളവരില്‍ പ്രബോധനം ചെയ്യലാവാം എന്നാല്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കലാവരുത്‌. മറുവിഭാഗത്തെ അധിക്ഷേപിക്കലാവരുത്‌.

നമ്മുടെ നാട്ടില്‍ ഈ വിഭാഗീയത സംഘട്ടനാത്മകമായിരിക്കുന്നു. ഇതര ആശയക്കാരനെ കാണുന്നത്‌ പോലും പലര്‍ക്കും വെറുപ്പാണ്‌. ഒരാളെ പരിചയപ്പെടുമ്പോള്‍ അയാളാരാണെന്നതിനേക്കാളേറെ അവനേത്‌ വിഭാഗക്കാരനാണ്‌ എന്നന്വേഷിക്കുന്നവരായിരിക്കുന്നു നമ്മളില്‍ പലരും. സഹായം വേണ്ടവനെ സഹായിക്കുന്നവര്‍‌പോലും വിഭാഗീയത നോക്കുന്നു. എന്തിന്‌ അപകടപ്പെടുകയോ മരണപ്പെടുകയോ ചെയ്താല്‍ പോലും അവന്‍ തന്റെവിഭാഗക്കാരനല്ലെങ്കില്‍ സന്തോഷിക്കുന്ന ദുഷിച്ചമനസ്സുള്ളവര്‍ വരേ നമുക്കിടയിലുണ്ട്‌.

ഏതുവിഭാഗക്കാരനായാലും അവന്‍ നമ്മുടെ നാട്ടുകാരനോ അയല്‍ വാസിയോ ആണ്‌, സര്‍വ്വോപരി അവനൊരു മനുഷ്യനാണ്‌ എന്ന് ചിന്തിക്കുന്ന മനുഷ്യത്വമുള്ള ഒരു മനസ്സ്‌ നമുക്കെല്ലാം ഉണ്ടാകേണ്ടിയിരിക്കുന്നു.

ഏത്‌ മനുഷ്യനും ഏത്‌ വിശ്വാസവും വച്ച്‌ പുലര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ട്‌. മറ്റൊരുത്തന്റെ വിശ്വാസം പിഴച്ചതാണെങ്കില്‍ അതിന്‌ നമുക്ക്‌ ഉത്തരവാദിത്തമില്ല. വേണമെങ്കില്‍ നമുക്ക്‌ നമ്മുടേത്‌ ശരിയാണെന്ന് പറഞ്ഞുകൊടുക്കാം. അതവന്‌ സ്വീകാര്യമല്ലെങ്കില്‍ അതവന്റെ സ്വന്തം കാര്യമായി നമുക്ക്‌ കണക്കാക്കാം. അതിനപ്പുറം അവനെ ഭീഷണിപ്പെടുത്താനോ അധിക്ഷേപിക്കാനോ ആക്രമിക്കാനോ നമുക്ക്‌ അവകാശമില്ല.

അവന്റെ വിശ്വാസം പിഴച്ചതാണെങ്കില്‍ നഷ്ടം അവനല്ലേ? നമുക്കെന്ത്‌ ചേതം? പിന്നെന്തിനാണ്‌ നാം പരസ്പരം കടിച്ചുകീറുന്നത്‌? വിദ്വേഷത്തോടെ അന്യനെനോക്കുന്നത്‌? അവരും നമ്മളുമായി അകലുന്നത്‌?.

യഥാര്‍ത്ഥ സംവാദങ്ങള്‍ വിവിധ ആശയങ്ങള്‍ തമ്മിലുണ്ടാകുന്നത്‌ ഗുണകരമാണ്‌. എന്നാല്‍ അത് പരസ്പരം താറടിക്കാനോ ചെളിവാരി എറിയുവാനോ ആവരുത്‌. പ്രതിപക്ഷബഹുമാനത്തോടെയും സ്‌നേഹത്തോടെയും ആവണം . മറ്റുള്ളവര്‍ക്ക്‌ സത്യം തിരിച്ചറിയുവാനുള്ള വേദികളാവണമത്‌. അല്ലാതെ ഓരോരുത്തരുടേയും മൃഗീയ വാസനകളെത്രത്തോളമെന്ന് കാണിക്കുവാനുള്ള വേദികളാവരുത്‌. ഇങ്ങനെ എഴുതാന്‍ കാരണം അടുത്തകാലത്തായി പലയിടങ്ങളിലും നടന്ന സംവാദങ്ങളുടെ അവസ്ഥ കണ്ടതുകൊണ്ടാണ്‌ (കാണാത്തവര്‍ക്ക് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സംവാദങ്ങളുടെ ഒരു ഏകദേശരൂപം പിടികിട്ടും യൂട്യൂബ് കാണുന്നവര്‍ ഈതമ്മിലടിക്കുന്ന വിഭാഗങ്ങള്‍ മാത്രമല്ല എന്നകാര്യം അത്തരം വീഡിയോകള്‍ അപ്‌ലോഡ് ചെയ്തവരൊന്നും ചിന്തിക്കാഞ്ഞിട്ടല്ല. അന്യനെ താറടിക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തരുത് എന്നചിന്തയാണവരെ അതിന് പ്രേരിപ്പിച്ചത്. )

സത്യം മനസ്സിലാക്കണമെന്ന ഉദ്ദേശത്തോടെ‌ ഏതെങ്കിലും ഒരു സംവാദം നടന്നിട്ടുണ്ടോ? പുറമെ വാചകമടി അങ്ങിനെയൊക്കെ ആയിരിക്കുമെങ്കിലും യഥാര്‍ത്ഥ ഉദ്ദേശം അവനവന്‌ ജയിക്കണം എന്നത്‌ മാത്രമല്ലേ? അതിന്‌ സഭ്യതയുടെ ഏത്‌ സീമയും ലംഘിക്കുവാന്‍ ആര്‍ക്കും ഒരു മടിയും ഉണ്ടാകുന്നില്ല.ഇത്തരം സംവാദങ്ങള്‍ അതില്‍ സംവദിക്കുന്നവരെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തുകയേ ഉള്ളൂ.

എല്ലാവരോടും ‘സഹിഷ്ണുത‘യോടെ(ഇഷ്ടമില്ലാത്തതിനെ ഇഷ്ടമില്ലാതെതന്നെ അംഗീകരിച്ചുകൊണ്ട്) ജീവിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല. അതുകൊണ്ട്‌ വിഭാഗീയ വിഷം മനസ്സിലേറ്റി മറ്റുള്ളവരെ ശത്രുക്കളായി കാണാതിരിക്കുക. നമ്മളെല്ലാം ഒന്നാണ്‌. നമുക്കിടയിലുള്ള വിവിധ വിശ്വാസങ്ങള്‍ നമ്മുടെഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്‌. നമ്മുടെ സ്വാതന്ത്ര്യം അന്യന്റെ മൂക്കിന്റെ തുമ്പത്തവസാനിക്കണം. പരസ്പരം ശത്രുത വെച്ച്‌ പുലര്‍ത്താതെ സ്‌നേഹത്തോടെ സമാധാനത്തോടെ നമുക്ക്‌ ജീവിക്കാം.

---------------------------------------

7 അഭിപ്രായങ്ങൾ:

Padikkal vicharavedi പറഞ്ഞു...

സംവാദങ്ങള്‍ ആരോഗ്യകരമാണ്‌ പക്ഷേ അത്‌ വെല്ലുവിളികളാവരുത്‌. സ്വന്തം ആശയം മറ്റുള്ളവരില്‍ പ്രബോധനം ചെയ്യലാവാം എന്നാല്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കലാവരുത്‌. മറുവിഭാഗത്തെ അധിക്ഷേപിക്കലാവരുത്‌.

നമ്മുടെ നാട്ടില്‍ ഈ വിഭാഗീയത സംഘട്ടനാത്മകമായിരിക്കുന്നു. ഇതര ആശയക്കാരനെ കാണുന്നത്‌ പോലും പലര്‍ക്കും വെറുപ്പാണ്‌. ഒരാളെ പരിചയപ്പെടുമ്പോള്‍ അയാളാരാണെന്നതിനേക്കാളേറെ അവനേത്‌ വിഭാഗക്കാരനാണ്‌ എന്നന്വേഷിക്കുന്നവരായിരിക്കുന്നു നമ്മളില്‍ പലരും. സഹായം വേണ്ടവനെ സഹായിക്കുന്നവര്‍‌പോലും വിഭാഗീയത നോക്കുന്നു. എന്തിന്‌ അപകടപ്പെടുകയോ മരണപ്പെടുകയോ ചെയ്താല്‍ പോലും അവന്‍ തന്റെവിഭാഗക്കാരനല്ലെങ്കില്‍ സന്തോഷിക്കുന്ന ദുഷിച്ചമനസ്സുള്ളവര്‍ വരേ നമുക്കിടയിലുണ്ട്‌.

അജ്ഞാതന്‍ പറഞ്ഞു...

പൂച്ചക്കാര് മണികെട്ടും? എന്ന് പറയുമ്പോലെ ഈവിഷയം നാട്ടിലെ ഇത്തരം കലഹങ്ങളുണ്ടാക്കുന്നവരോട് ആര് പറയും എന്ന് ശങ്കിച്ചുനില്‍ക്കുന്നവരില്‍ പെട്ടവനാണ് ഞാന്‍. കാരണം ഇത്തരക്കാറ് ഞങളുടെ നാടിനെ നിയന്ത്രിക്കുന്ന തമ്പുരാക്കന്മാരാണ്. എന്തായാലും പടിക്കല്‍ വിചാരവേദിക്കാര്‍ സത്യം വിളിച്ചുപറയുന്നു. ഇനിയും പറയുക.ഭയപ്പെടാതെ മുന്നേറുക. അഭിനന്ദനങള്‍.
muhammedasgarkm@yahoo.co.in

അജ്ഞാതന്‍ പറഞ്ഞു...

പടിക്കല്‍ വിചാരവേദിയുടെ ഈ ഉണര്‍ത്ത് സന്ദര്‍ഭോചിതമായിരിക്കുന്നു. നാട്ടുകവലകളില്‍ മൈക്ക് കെട്ടി വിഴുപ്പലക്കിയിരുന്നവര്‍ ഇപ്പോള്‍ ഇന്റെര്‍നെറ്റിലും (യൂട്യൂബ്) വിഴുപ്പലക്കാന്‍ തുടങ്ങിയിരിക്കുന്നു. കിട്ടുന്ന എല്ലാ അവസരങ്ങളും ഇവര്‍ ഇതിനായി ഉപയോഗിക്കും. വിചാര വേദിക്കാരെ പോലെ കുറച്ചുപേര്‍ക്കെങ്കിലും ഇങ്ങനെ ഒരു നല്ലബുദ്ദിതോന്നിയിരുന്നെങ്കില്‍!....
abdulsalam710@yaboo.com

അജ്ഞാതന്‍ പറഞ്ഞു...

ee samvadangalude video kaanaan enthaanu cheyyendath?
please write some links

majeed kooriyad

Padikkal vicharavedi പറഞ്ഞു...

പ്രിയ സുഹ്ര്ത്ത് മജീദ് കൂരിയാട് ആവശ്യപ്പെട്ട പ്രകാരം സംവദങളുടെ yotub Address

“ http://www.youtube.com/results?search_query=samvadam&search=Search ”

ഇത് ചെറിയ ഒരു ഭാഗം മാത്രമാണ് , ഇതിലേറെ വളിച്ചതും പുളിച്ചതും yotubഇല്‍ സെര്‍ച്ച് ചെയ്താല്‍ കാണാനാവുന്നതാണ്.കൂടുതല്‍ ആവശ്യമെങ്കില്‍ മെയീല്‍ അയക്കുക (padikkalvicharavedi@gmail.com)

യു.കെ.മുള്ളന്‍‌മടക്കല്‍ പറഞ്ഞു...

വിചാരവേദി യൂണികോഡിന്റെ വിഡ്‌ജെറ്റ് എന്തിനാണ് എടുത്ത് കളഞ്ഞത്? പുതിയ സന്ദര്‍ശകര്‍ക്ക് അത് കൂടുതല്‍ ഉപകാരപ്രതമാകുമായിരുന്നു.

Padikkal vicharavedi പറഞ്ഞു...

സത്യത്തില്‍ അങ്ങിനെ ഒരു വിഡ്‌ജെറ്റിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അല്‍പ്പം പരിചയമുള്ളവര്‍ക്കെല്ലം എഴുത്തിനിടക്ക് ചതുരക്കട്ടയോ അല്ലെങ്കില്‍ ചോദ്യചിഹ്നങ്ങളോ വ്യക്തമാവാത്ത കുറേ അക്ഷരങ്ങളോ കാണുമ്പോള്‍ അത് വേണ്ട ഫോണ്ടില്ലാത്തതിന്റെ പ്രശ്നമാണെന്ന് മനസ്സിലാകും. അപ്പോള്‍ ബ്ലോഗിന്റെ മുകളില്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്ക് നല്‍കിയാല്‍ അവര്‍ അവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്‌തുകൊള്ളും. എന്നാല്‍ പരിചയമില്ലാത്തവര്‍ക്ക് വിഡ്‌ജറ്റ് നല്‍കുന്ന നിര്‍‌ദ്ദേശങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് അത് ഉപേക്ഷിച്ചത്.
ഫോണ്ട് ഇന്‍സ്റ്റലേഷന്‍ മുതല്‍ മലയാളത്തിലെഴുതാനുള്ള വിവിധ മാര്‍‌ഗ്ഗങ്ങളെല്ലാം പ്രതിപാതിക്കുന്ന വിചാരവേദിയുടെ How to write Malayalam? എന്ന പോസ്റ്റിലേക്ക് ലിങ്ക് മുകളില്‍തന്നെ കൊടുത്തിരിക്കുന്നു.അതല്ലെ കൂടുതല്‍ നല്ലത്?