2007, ജൂൺ 24, ഞായറാഴ്‌ച

ഒരു പെരുമഴക്കാലം കൂടി

നാട്ടില്‍ നല്ല മഴയാണ്‌.മഴവെള്ളത്തില്‍ കടലാസുതോണിയിറക്കിയ കാലവും,നിറഞ്ഞൊലിക്കുന്ന അരിച്ചാലിന്റെ ഓരത്തുകൂടെ കുഞ്ഞിക്കുടയും ചൂടി സ്കൂള്‍വിട്ടുവന്നിരുന്നകാലവുമെല്ലാം കൊടും ചൂടില്‍ പൊരിയുമ്പോഴും പ്രവാസിയുടെ മനസ്സിലേക്ക്‌ വിരുന്നുവരുന്ന കാലം.നാട്ടിലെ മഴ പ്രവാസിയുടെ മനസ്സിലാണ്‌ പെയ്തിറങ്ങുന്നത്‌.

ചേളാരി ചന്തയില്‍ നിന്നും വിത്തും തൈകളും വാങ്ങികൊണ്ടുവന്ന് നട്ടുപിടിപ്പിക്കാന്‍... കളിയാട്ടത്തിന്‌ പോകാന്‍... അങ്ങനെ അവന്റെ ആഗ്രഹങ്ങളുടെ പെരുമഴതുടരുകയാണ്‌.മഴകൊണ്ട്‌ പനിപിടിച്ചാല്‍ ചുട്ടപപ്പടവും കുറിയരിക്കഞ്ഞിയും കുടിച്ച്‌ പനി ആസ്വദിച്ചത്‌... ഭരണിയിലുപ്പിട്ട്‌ വച്ച ഉപ്പുമാങ്ങകൂട്ടി വറുതിയുടെ കര്‍ക്കിടത്തെ വരവേറ്റത്‌...അങ്ങിനെ അവന്റെ നഷ്ടസ്വര്‍ഗ്ഗങ്ങള്‍ ഏണ്ണിയാലൊടുങ്ങാത്തതാണ്‌.

'അതും ഇതും ഓര്‍ത്തിരിക്കാതെ നാല്‌ ചക്രം കൂടുതലുണ്ടാക്കാനുള്ള വഴിനോക്കെടാ' എന്ന് മറ്റുള്ളവരെ ഉപദേശിക്കുന്നവര്‍പോലും ഇടക്കിടെ ഇങ്ങിനെ ചില ഓര്‍മ്മകളില്‍ വീണുപോകുകയും വെറും ചക്രമുണ്ടാക്കുന്ന ജീവിതത്തോട്‌ അല്‍പ്പസമയത്തേക്കെങ്കിലും അവര്‍ക്ക്‌ മടുപ്പ്‌ തോന്നിയിട്ടുമുണ്ടാകാം.

ഇവിടെ വിശ്രമത്തിന്‍ അല്‍പ്പസമയം കിട്ടിയാല്‍ അത്‌ പൂര്‍‌ണ്ണമായി ഉറങ്ങിത്തീര്‍ത്ത്‌ ബാക്കിസമയം മുഴുവന്‍ ജോലിചെയ്ത്‌ ജലദോഷം മുതല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരെ പെനഡോളില്‍ അവസാനിപ്പിച്ച്‌ സമയവും ക്രമവും നോക്കാതെ കിട്ടിയത്‌ വാരിവലിച്ച്‌ തിന്ന് പരോളിലിറങ്ങുന്ന ജയില്‍പുള്ളിയെപ്പോലെ നാട്ടിലെത്തുന്ന ഏതാനും ദിനങ്ങള്‍മാത്രം ജീവിച്ചാല്‍ മതിയെന്ന് തീരുമാനിച്ചവരാണ്‌ പ്രവാസികളില്‍ നല്ലൊരു വിഭാഗവും. മനസ്സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും അവന്‍ നിഴല്‍ പോലെ കൊണ്ടുനടക്കാന്‍ പഠിച്ചിരിക്കുന്നു.അവസാനം മിക്കവരുടെയും സമ്പാദ്യത്തില്‍ കൂടുതലും രോഗങ്ങളായിരിമാറുന്നു.ഗള്‍ഫില്‍ നില്‍ക്കുന്ന വര്‍ഷങ്ങള്‍ കൂടുംതോറും കഴിക്കുന്ന മരുന്ന് കെട്ടിന്റെ ഭാരവും കൂടിവരുന്നു. ഇത്‌ അവരുടെ നിസ്സഹായത അവരില്‍ അടിച്ചേല്‍പ്പിച്ചതാകാം. പക്ഷെ പിരിമുറുക്കങ്ങളെ മനസ്സിലേറ്റാതെ സന്തോഷത്തോടെ പ്രശ്നങ്ങളെ നേരിടാന്‍ ശീലിക്കുകയും എന്തൊക്കെ സംഭവിച്ചാലും അതെല്ലാം സര്‍വ്വശക്തന്റെ മുന്‍ തീരുമാനപ്രകാരമാണ്‌ നടക്കുന്നതെന്ന് ചിന്തിക്കുകയും ഏതാപത്തിലും അവന്റെ സഹായം പ്രതീക്ഷിക്കുകയും ചെയ്താല്‍ നമ്മുടെ മനസ്സില്‍ എപ്പോഴും സന്തോഷം കളിയാടും നാട്ടുകാരുടെയും കൂട്ടുകാരുടെയും കൂട്ടായ്മകളില്‍ പങ്കാളികളായാല്‍ നാം ഒറ്റക്കല്ലെന്ന ബോധം നമ്മുടെ മനസ്സിനെ നിര്‍ഭയമാക്കും . നാമെല്ലാം അങ്ങനെ പക്വമായമനസ്സിന്റെ ഉടമകളായിത്തീരട്ടെ.

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

കര്‍ക്കിടമാസത്തിലെ കലിയനെ കാത്തിരുന്ന കാലമാണ് മനസില്‍ ഓടിയെത്തിയത്. കഴിഞ പോയ ആകാലത്തിന്റെ മധുരമായ ഓര്‍മകള്‍ അയവിറയ്ക്കാന്ഉം മുരടിച്ച് കോണ്ടിരിക്കുന്ന മനസുകളില്‍ പെരുമഴക്കാലത്തെ കുളിര് കോരിയിടുവാനും പടിക്കല്‍ വിചാരവേദിക്ക് കഴിഞു എന്നതില്‍ അഭിമാനിക്കാം.പടിക്കല്‍ നിവാസികളുടെ ഈ ഒത്തൊരുമയെ ഞങള്‍ ബഹുമാനപരുസരം വീക്ഷിക്കുകയാണ്.എല്ലാവിധ ആശംസകളും.
മുസ്ഥഫ (oxford computer center- ramanattukara)

Rashid Padikkal പറഞ്ഞു...

പെരുമഴക്കാലത്തേ കോരിത്തരിപ്പിക്കുന്ന നല്ല ഓര്‍മകളില്‍ തുടങ്ങി പ്രവാസത്തിന്റെ വേദനിപ്പിക്കുന്ന
ഓര്‍മകളില്‍ അവസാനിച്ചു. നാടും മനസ്സും നന്നായിരുന്നെങ്കില്‍ പ്രവാസം നമുക്കന്യമാകുമയിരുന്നു.
വേദനിക്കാന്‍ മാത്രം വിധിക്കപ്പെട്ട പ്രവാസികളെ നമുക്കും വേണ്ടേ ഒരു പെരുമഴക്കാലം.

റാഷിദ്‌ പടിക്കല്‍

അജ്ഞാതന്‍ പറഞ്ഞു...

പടിക്കല്‍ വീചാരവേദീക്ക് എല്ലാ വീധ ഭാവുകങളും

നേരുന്നു
അന്‍വര്‍ സാദത്ത് പാലത്തിങങല്‍

കൊയപ്പന്‍ ചേരി

Padikkal vicharavedi പറഞ്ഞു...

സ്വാഗതം അന്‍‌വര്‍സാദത്ത്. ബ്ലോഗ് വായിച്ചതിനും അഭിപ്രായ മെഴുതിയതിനുംനന്ദി. താങ്കളുടെ ഇ.മെയില്‍ കൂടി അറിയിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് താങ്കളുമായി ബന്ധപ്പെടാമായിരുന്നു.
മുസ്തഫ, റാഷിദ് വളരെ നന്ദി. വീണ്ടും വരിക.