2007, ജൂൺ 26, ചൊവ്വാഴ്ച

ബഹുമാനപ്പെട്ട ‘ഞാന്‍‘ അവര്‍കള്‍

നമ്മുടെ നാട്ടിലെ മിക്കവരെയും ബാധിച്ച ഒരു സ്വഭാവ വൈകൃതമാണ്‌ ഞാന്‍ എന്ന വികാരം. 'ജ്ജ്‌ ന്നതെയച്ചും അറ്യൂലാ', 'ജ്ജ്‌ ന്തേ ന്നക്കുറിച്ച്‌ വിജാരിച്ചത്‌?' 'ഞാനാരാന്നാ അന്റ വിജാരം?'തുടങ്ങിയ നാം നിത്യേന കേട്ടുകൊണ്ടിരിക്കുന്ന ഞാനെന്ന വാലില്ലാത്തവര്‍ നമുക്കിടയില്‍ വളരെ വിരളമായിരിക്കും.

എന്തിനും ഏതിനും ഞാന്‍ അവര്‍കളായിരിക്കണമെന്ന് പലര്‍ക്കും നിര്‍ബന്ധമാണ്‌.'ഓന്‍ അങ്ങനെ ഒരുകാര്യം തൊടങ്ങീട്ട്‌ ഓന്‍ ന്നോട്‌ ചോയ്ച്ചീലാ', 'ന്ന ഓന്‍ ബെക്കണ്ടോടത്ത്‌ ബെക്ക്‍‍ണ്‌ ല്ല്യാ' തുടങ്ങിയ പരാതികള്‍ പലപ്പോഴും കേള്‍ക്കുന്നവരാണ്‌ നാം.ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണമെന്നത്‌ ശരിയാണ്‌. പക്ഷേ ഇങ്ങനെ ബഹുമാനം ഇരന്നുവാങ്ങുന്നത്‌ ലജ്ജാവഹമല്ലേ?.

സത്യത്തില്‍ ഓരോമനുഷ്യനും ഓരോ സ്വതന്ത്രജീവിയാണെന്നത്‌ അംഗീകരിക്കാത്ത അപരിഷ്‌കൃതമായ വളരെ ഇടുങ്ങിയ മനസിന്റെ വികൃതിയാണിത്‌. ദൈവം കനിഞ്ഞുനല്‍കിയ സമ്പത്തോ ആരോഗ്യമോ വിദ്യാഭ്യാസമോ നമ്മെ കേമന്മാരാക്കുമോ?.

മാരകമായ ഒരുരോഗം നല്‍കി ദൈവം പരീക്ഷിച്ചാല്‍ ചികില്‍സിച്ച്‌ കുത്തുപാളയെടുത്ത്‌ പോകാവുന്നതോ ഭൂമിയുടെ പാളികളിലൊരു ചെറിയ ഇളക്കം തട്ടിയാല്‍ തകര്‍ന്ന് തരിപ്പണമാകുന്നതോ ആയ സമ്പത്തിന്റെ പേരിലാണോ നാം അഹങ്കരിക്കുന്നത്‌?.

ഒരു കൊതുക്‌ കടിച്ചാല്‍ വെടിതീരുന്ന, നേരെ നടന്നുപോകുമ്പോള്‍ ഒന്ന് മടക്കിചവിട്ടിയാല്‍ ഞൊണ്ടിനടക്കേണ്ടി വരുന്ന ആരോഗ്യമാണോ നമ്മെ അഹങ്കാരികളാക്കുന്നത്‌?.

നാലക്ഷരം പഠിച്ചതിന്റെ പേരില്‍ അഹങ്കരിക്കുന്നവരാണ്‌ പമ്പരവിഢികള്‍. അറിവിന്റെ ക്ഷേത്രകവാടം സ്വന്തം അജ്ഞതയെക്കുറിച്ചുള്ള തിരിച്ചറിവാണെന്നറിയാത്തവരാണവര്‍. എനിക്കൊന്നുമറിയില്ലെന്ന് സമ്മതിക്കാന്‍ നല്ല അറിവ്‌ വേണം എനിക്കറിയുന്നതിനേക്കാളേറെ അറിയാത്തവയാണെന്നറിയുന്നവനാണ്‌ അറിവുള്ളവന്‍. അവന്‌ അഹങ്കരിക്കാനാവില്ല.

പിന്നെ എന്തിന്റെ പേരിലാണ്‌ നാം അഹങ്കരിക്കുന്നത്‌? ഭൂമിയില്‍ അഹങ്കരിച്ചുനടന്നവരുടെയെല്ലാം അന്ത്യം ദയനീയമായിരുന്നു എന്നതിന്‌ നമുക്കുമുമ്പില്‍ എത്ര തെളിവുകളുണ്ട്‌?.

മറ്റുള്ളവര്‍ തന്നെ ഒരു മഹാനായികാണണമെന്ന് ബുദ്ധിയുള്ളവരാരും കരുതുകയില്ല. ഒരിക്കല്‍ പുകഴ്ത്തിയവര്‍ മറ്റൊരവസരത്തില്‍ തരം താഴ്ത്തുകയും പുഛിക്കുകയും ചെയ്യാന്‍ നിസ്സാരമായ കാരണങ്ങള്‍ മതി. അതുകൊണ്ട്‌ എന്തെങ്കിലും സല്‍പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ദൈവിക പ്രീതിക്കപ്പുറം സമൂഹത്തില്‍ നിന്നൊന്നും പ്രതീക്ഷിക്കരുത്‌.

ദൈവിക പ്രീതി പ്രതീക്ഷിക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും അത്‌ ലഭിക്കും. സമൂഹം തന്നെ മഹാനായികാണണമെന്ന് കരുതുന്നവര്‍ പലപ്പോഴും പരിഹാസ്യരാവുകയാണുണ്ടാവുക.

അതുപോലെത്തന്നെയാണ്‌ കുടുംബത്തെ സേവിക്കുന്നതും. മക്കള്‍ക്കോ കുടുംബ മിത്രാദികള്‍ക്കോ വാരിക്കോരി ക്കൊടുക്കുമ്പോള്‍ ഒരിക്കലും ഇതിന്‌ ഇവര്‍ തനിക്ക്‌ പ്രത്യുപകാരം ചെയ്യുമെന്നോ ഇവരെല്ലാം എന്നും ഇതിനെല്ലാം നന്ദിയുള്ളവരായിരിക്കുമെന്നോ കരുതാന്‍ പാടില്ല. ദൈവം തന്നെ ഏല്‍പ്പിച്ച കടമയാണ്‌ ഞാന്‍ നിര്‍വ്വഹിക്കുന്നതെന്നും ഇതിന്‌ ദൈവം പ്രതിഫലം നല്‍കുമെന്നും മാത്രമേ കരുതാവൂ.

കുടുംബത്തില്‍ നിന്നും തിരിച്ച്‌ പ്രതിഫലം പ്രതീക്ഷിക്കുന്നവര്‍ക്ക്‌ മിക്കപ്പോഴും നിരാശമാത്രമായിരിക്കും ലഭിക്കുക അവസാനം മക്കളെയും കുടുംബത്തെയും വെറുത്ത്‌ മരിക്കേണ്ടി വന്നവര്‍ ഒരുപാടുണ്ട്‌.

മറ്റുള്ളവരുടെ പ്രശംസ ലക്ഷ്യമാക്കിയോ സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ ലക്ഷ്യമാക്കിയോ ആവരുത്‌ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‌ വേണ്ടി നമുക്കാവുന്നത്‌ ചെയ്യണം അനീതികള്‍ക്കെതിരെ പ്രതികരിക്കണം സഹായം വേണ്ടവരെ സഹായിക്കണം അതിന്‌ പ്രതിഫലമായി ദൈവപ്രീതിയും നന്മചെയ്താലുള്ള സംതൃപ്തിയും മാത്രമേ പ്രതീക്ഷിക്കാവൂ.

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ബഹുമാനപ്പെട്ട ഞാന്‍ അവര്‍കള്‍ എനിക്കിഷ്ടപ്പെട്ടു. മൂന്ന് വര്‍ഷങള്‍ക്ക് മുന്‍ബ് പ്രവാസം മതിയാക്കി നാട്ടില്‍ വേരുറപ്പിക്കാമെന്ന് കരുതി മടങിയതായിരുന്നു ഞാന്‍ . മനം മടൂപ്പിക്കുന്ന നാട്ടുനടപ്പുകളും ബഹുമാനം ഇരന്നു വാങുന്ന നാട്ടുപ്രമാണിമാരുടെയും ആദിക്യത്തില്‍ വലഞ് പോകൂന്നത് കൂടുതലായും പ്രവാസികളാണ് എന്നതാണ് സത്യം. പടിക്കല്‍ വിചാരവേദി മനം മടുപ്പിക്കുന്ന മാമൂലുകള്‍ക്കെതിരെ പോരാടുമെന്ന് കരുതുന്നു.
അല്‍കോബാ‍റില്‍ ന്‍nന്നും
മുഹമ്മദ് റിയാസ്,പേട്ട.

അജ്ഞാതന്‍ പറഞ്ഞു...

വിചാരവേദി യുടെ ബ്ലോഗ് മലയാളം ബ്ലോഗ് റോളില്‍ ചേര്‍ത്താല്‍ വളരെ നന്നായിരുന്നു. കാരണം ഇതില്‍ പറയുന്ന കാര്യങ്ങള്‍ വെറും പടിക്കല്‍ കാര്‍ക്ക് മാത്രമല്ല എല്ലാദേശക്കാര്‍ക്കും ഉപകാരപ്രതമാണ്.നമ്മില്‍ പലരും വച്ചുപുലര്‍ത്തുന്നതും പലരില്‍ നിന്നും നാം അനുഭവിക്കുന്നതുമായ മനോവൈകല്യങ്ങള്‍ക്കെതിരെ യാണ് വിചാരവേദി വാളോങ്ങുന്നത്. ഇനിയും തുടരുക അഭിനന്ദനങ്ങള്‍...
mohammedasgarkm@yahoo.co.in