2007, ജൂലൈ 5, വ്യാഴാഴ്‌ച

നാടിന് ലഹരിപിടിക്കുന്നു!. നാടുനന്നാക്കേണ്ടവര്‍ വീണ മീട്ടുന്നു!!...

ദുശ്ശീലങ്ങള്‍ മാന്ന്യതയുടെ ലക്ഷണമായികാണുന്ന കാലമായി മാറിയിരിക്കുകയാണിന്ന്. വലിയും കുടിയുമൊന്നുമില്ലാത്തവന്‍ അപരിഷ്കൃതനായി മുദ്രയടിക്കപ്പെടുന്നു.

മുമ്പ്‌ വിവാഹാലോചനകള്‍ നടക്കുമ്പോള്‍ ചെക്കന്‌ അല്‍പ്പം വെള്ളമടിയുണ്ടെന്നറിഞ്ഞാല്‍ അവനെത്രവലിയ പണക്കാരണാണെങ്കിലും വേണ്ടെന്ന് പറഞ്ഞിരുന്ന സ്ഥാനത്ത്‌ ഇന്ന് ചെറുപ്പക്കാരായാല്‍ അല്ലറചില്ലറ ദുശ്ശീലങ്ങളെല്ലാം ഉണ്ടാകും എന്ന് അഭിപ്രായപ്പെടുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങളെത്തിയിരിക്കുന്നു.

സ്വന്തം മകള്‍ക്ക്‌ അല്ലെങ്കില്‍ സഹോദരിക്ക്‌ ഒരു കുടിയനെ ഭര്‍ത്താവായികിട്ടുന്നതില്‍ ഉല്‍ക്കണ്ഠയില്ലാത്തവരായി നമ്മില്‍പലരും മാറിയിരിക്കുന്നു.

നമ്മുടെ നാട്ടില്‍ മിക്ക വിവാഹതലേരാത്രികളിലും അതീവ രഹസ്യമായും കാരണവന്മാരുടെ കണ്ണ്‌വെട്ടിച്ചും ചിലയിടങ്ങലില്‍ അല്‍പ്പസ്വല്‍പ്പം പരസ്യമായും മദ്യസല്‍ക്കാരങ്ങല്‍ നടത്തുന്നത്‌ പതിവായിട്ട്‌ നാളുകളേറെയായി. മുമ്പ്‌ ഒരാള്‍ തന്റെ വിവാഹം ക്ഷണിക്കാന്‍ ഇത്തരം ചെറുപ്പക്കാരുടെ അടുത്ത്‌ ചെന്നാല്‍ 'ഫുള്ളുണ്ടോ എന്നാല്‍ ഞങ്ങള്‍ വരാം' എന്നായിരുന്നു മറുപടി. ഇന്നത്‌ മാറി 'കെയ്‌സുണ്ടോ' എന്ന് ചോദിക്കുന്നിടത്തെത്തിയിരിക്കുന്നു. അതായത്‌ വിവാഹതലേന്ന് ഇവര്‍ക്കുവേണ്ടി ഒരുകെയ്സ്‌ മദ്യം കരുതണമെന്നതാണ്‌ ഇന്നത്തെ അലിഖിതനിയമം. പലചെറുപ്പക്കാരും മദ്യസേവയില്‍ ഹരിശ്രീ കുറിക്കുന്നതും ഇത്തരം വിവാഹതലേപാര്‍ട്ടികളില്‍നിന്നാണ്‌. കൂട്ടുകാര്‍ക്കിടയില്‍ ഞാനും മോശക്കാരനല്ല എന്ന് തെളിയിക്കേണ്ട അഭിമാനത്തിന്റെ പ്രശ്നമായാണ്‌ പലരും ഇതിനെ കാണുന്നത്‌.

ഇത്‌ വായിക്കുന്ന കാരണവന്മാര്‍ ഞെട്ടിയെന്നിരിക്കും നമ്മുടെ നാട്ടിലെ കാര്യംതന്നെയാണോ ഈപറയുന്നത്‌? എന്നവര്‍ അമ്പരക്കുന്നുണ്ടാകും. നിങ്ങള്‍ ഞെട്ടിയേതീരൂ. നിങ്ങളുടെമുന്നില്‍ മാന്ന്യരായി നടക്കുന്ന പലരുടെയും നിങ്ങള്‍കാണാത്തമുഖമാണിത്‌. യുവത്വത്തിന്റെ പുതിയ ട്രെന്റാണിതെല്ലാം.

സിഗരറ്റ്‌ വലിയോട്‌ പരിഷ്കൃതരായ പലചെറുപ്പക്കാരും വിമുഖത കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. കാരണം സിഗരറ്റ്‌ പരത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍, നാറ്റം തുടങ്ങിയവയെക്കുറിച്ച്‌ ബോധവാന്മാരായതുകൊണ്ടോ രഹസ്യമാക്കി വെക്കാന്‍ പറ്റാത്ത ഈ ദുശ്ശീലം ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഇല്ലാത്തതുകൊണ്ടോആയിരിക്കാം ഇങ്ങിനെ സംഭവിച്ചത്‌.

എന്നാല്‍ സിനിമകളില്‍നിന്നും പരസ്യങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്‌ ആരും കാണാതെ രണ്ട്‌ 'വീശിയാല്‍'ഞാനും എല്ലാത്തിനും പോന്നവനായി എന്ന ധാരണയും കൂട്ടുകാര്‍ക്കിടയില്‍ പേന്തുന്ന പെഗ്ഗിന്റെ എണ്ണം കൂടിയാല്‍ കിട്ടുന്ന കുപ്രസിദ്ധിയും പലരെയും മദ്യപാനത്തിലേക്കാകര്‍ഷിക്കുന്നു എന്നതാണ്‌ വസ്തുത. മിക്കവരും പറയുന്ന ന്യായവും രസകരമാണ്‌. 'എയ്‌! ഞാനങ്ങനെ ശീലമാക്കീട്ടൊന്നുല്ല്യ എടക്ക്‌ കമ്പനിക്ക്‌ എപ്പോഴേങ്കിലും ഒന്ന് '. ഈകമ്പനികള്‍ പിന്നീട്‌ ഇടക്കിടക്ക്‌ കൂടേണ്ടി വരുന്നതും പതുക്കെ പതുക്കെ തന്റെ ദുഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമെല്ലാം മദ്യ സേവ കൂടിയേതീരൂ എന്നനിലയിലേക്കെത്തുകയും ചെയ്യുന്നു.

മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മദ്യത്തിനെതിരായുള്ള ദൈവ ശാസന നന്നായി അറിയുന്നവരും പഠിച്ചവരുമാണ്‌ ഈ കമ്പനികൂടുന്നവരില്‍ അധികമാളുകളും എന്നതാണ്‌ ദുഖകരം. മദ്യപാനത്തിന്‌ യഥാര്‍ത്ഥ ശിക്ഷനല്‍കുന്നവന്‍ സര്‍വ്വ ശക്തനാണെന്നറിഞ്ഞിട്ടും അവര്‍ അവനെ ഭയപ്പെടാതെ അവനേക്കാള്‍ എത്രയോ ചെറിയ ശിക്ഷ നല്‍കാന്‍ കഴിയുന്ന നാട്ടുകാരെയോ വീട്ടുകാരെയോ ഭയപ്പെടുന്നു. കഠിനമായും ശാശ്വതമായും ശിക്ഷിക്കുന്ന ദൈവം ഇതെല്ലാം കണുന്നു എന്ന കാര്യം വിസ്മരിക്കുന്നു. കമ്പനിക്ക്‌ കുടിച്ചാലും കുടിശീലമാക്കിയാലും അവനില്‍ നിന്നും ഇളവുകളൊന്നും ലഭിക്കുകയില്ല എന്നകാര്യവും അവര്‍‌ക്കോര്‍മ്മ വരുന്നില്ല.

ധാര്‍മ്മികമായി വളരെ ഉന്നതിയില്‍ നിന്നിരുന്ന നമ്മുടെ നാട്ടിലെ യുവാക്കളില്‍ നല്ലൊരു വിഭാഗം ലഹരിയുടെ പുതുമേഖലകള്‍ തേടുകയാണ്‌. ചേളാരി നഗരമായി രൂപാന്തരപ്പെട്ടതോടെ മദ്യ-മയക്കുമരുന്നിന്റെ കൂടി കേന്ദ്രമായി മാറിയതിന്റെ ഫലം നമ്മുടെ നാടിനെകൂടി മലീമസമാക്കിക്കൊണ്ടിരിക്കുന്നു. നാടിനെ നശിപ്പിക്കുന്ന ഈ വിപത്തുകള്‍ കൊണ്ടുവരുന്നവരെയും വിതരണം ചെയ്യുന്നവരെയും കയ്യോടെ പിടികൂടി കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ഇതിന്റെ യെല്ലാം എജന്റായി പ്രവര്‍ത്തിക്കുന്നവരെയും വിവാഹ തലേ രാത്രികളില്‍ മദ്യസല്‍ക്കാരം നടത്തുന്നവരേയും നിരീക്ഷിച്ച്‌ മാതൃകാപരമായി ശിക്ഷിക്കാന്‍ ആര്‍ജ്ജവമുള്ളവര്‍ നമ്മുടെ നാട്ടില്‍ വളര്‍ന്നുവരേണ്ടിയിരിക്കുന്നു.

വിഭാഗീയത തലക്ക്‍പിടിച്ച്‌ മറുവിഭാഗം ചെയ്യുന്ന ചെറുതെറ്റുകളോ അവരുടെ നാക്കില്‍നിന്ന് മുമ്പെപ്പൊഴോ വീണുപോയ പിഴവുകളോ പോലും തേടിപ്പിടിച്ച്‌ കവലയില്‍ മൈക്ക്‌ കെട്ടി ഛര്‍ദ്ദിച്ച്‌ വിഷ്വല്‍ മീഡിയവരേ ഉപയോഗിച്ച്‌ വിഴുപ്പലക്കാന്‍ നാം കാണിക്കുന്ന മിടുക്കിന്റെ ചെറിയൊരംശം മതി നമ്മുടെ നാട്‌ നന്നാവാന്‍!.

അല്ലെങ്കിലും നാട്‌ നന്നാവാന്‍ ഇവിടെ ആര്‍ക്കാണ്‌ താല്‍പ്പര്യം?. എങ്ങിനെയെങ്കിലും എതിരാളിയെ കൊച്ചാക്കണം സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കണം അതിലപ്പുറമെന്ത്‌ പൊതുപ്രവര്‍ത്തനം?

നമ്മുടെ മനസ്സുകള്‍ ചീഞ്ഞുനാറിയിരിക്കുന്നു. സ്വന്തം കണ്‍മുന്നിലെ ജീര്‍‌ണ്ണതകള്‍ നോക്കാതെ ഒരു ഫലവുമില്ലാത്ത ഈ തര്‍ക്കങ്ങള്‍കൊണ്ട്‌ നമ്മളെന്ത്‌ നേടി?

ചിലര്‍ അവനവന്റെ മക്കളോ കുടുമ്പാംഗങ്ങളോ അത്തരം ചീത്തപ്രവര്‍ത്തിയൊന്നും ചെയ്യുന്നില്ലെന്ന് തെറ്റിദ്ധരിക്കുന്നു. അതെല്ലാം ആരാന്റെ മക്കളല്ലെ അവരെങ്ങിനെയെങ്കിലും ആയിക്കോട്ടെ നമുക്കൊന്നുമില്ല എന്ന് ചിന്തിക്കുന്നു. നാട്‌ മുഴുവന്‍ ചീഞ്ഞ്നാറുമ്പോള്‍ സ്വന്തം സിംഹാസനം മാത്രം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിച്ച്‌ അവസാനം പുഴുക്കടിയേറ്റ്‌ മരിച്ച പരീക്ഷിത്ത്‌ രാജാവിന്റെ ഗതിയായിരിക്കും ഇത്തരക്കാര്‍ക്കുണ്ടാവുക. അതുകൊണ്ട്‌ നമ്മെളെല്ലാം ഈവിപത്തിനെതിരെ ഉണര്‍‌ന്നേ പറ്റൂ.

ഇനി കയ്യിലെ കാശും മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുംപോലെ കുടിച്ചിട്ട്‌ എന്ത്‌ നേടുന്നു എന്ന് നോക്കാം. സിഗരറ്റും മദ്യവും മനുഷ്യനെ അടിമയാക്കുന്ന കാര്യത്തില്‍ തുല്ല്യരാണ്‌. ആദ്യമാദ്യം അത്‌ ചിലരസങ്ങളെല്ലാം നല്‍കുന്നുണ്ട്‌ എന്ന് തോന്നിക്കും പിന്നെപിന്നെ അതൊരു സുഖവും നല്‍കുന്നില്ല. പക്ഷേ അതില്ലാതിരുന്നാല്‍ അസ്വസ്ഥതകള്‍ തോന്നിക്കും. തന്റെ പ്രശ്നങ്ങള്‍ക്കെല്ലാം അത്‌കഴിച്ചാല്‍ പരിഹാരമുണ്ടാകുമെന്ന് തോന്നിക്കും. പ്രശ്നം സങ്കീര്‍‌ണ്ണമാവുകയല്ലാതെ മദ്യം പ്രശ്നപരിഹാരമാകുന്നില്ല. എന്നാല്‍ അതൊരു പ്രലോഭനമായി മനുഷ്യനെ വേട്ടയാടും. അങ്ങനെ പതുക്കെപതുക്കെ മദ്യം മനുഷ്യനെ തന്റെ അടിമയാക്കിമാറ്റും. ഒരു ഒഴിയാബാധപോലെ അതവനെ പിന്തുടരും.

കണ്ണിറുക്കി മൂക്ക്‌പൊത്തി തീവിഴുങ്ങുംപോലെ ഇത്‌ വിഴുങ്ങി ഉള്ള ബോധവും നഷ്ടപ്പെടുത്തി ചിലപ്പോള്‍ വാളുവെച്ച്‌ തലവേദനയും വാങ്ങി മാനം കപ്പല്‌കയറ്റിവിട്ടിട്ട്‌ എന്ത്‌ സായൂജ്യമാണ്‌ ലഭിക്കുന്നത്‌?. മദ്യം നിരോധിച്ച ദൈവത്തെ വെല്ലു‌വിളിച്ച സായൂജ്യമോ? അതോ തന്നെ മദ്യത്തിനടിമയാക്കിയ പിശാചിനെ സന്തോഷിപ്പിച്ച ആനന്ദമോ?

ഈതലവേദന നല്‍കുന്ന അല്‍പ്പനേരം മാത്രം ലഹരിനല്‍കുന്ന വസ്തുവല്ല യഥാര്‍ത്ഥ മദ്യം . യഥാര്‍ത്ഥമദ്യം നമു‍ക്കായി ദൈവം സ്വര്‍‌ഗ്ഗത്തില്‍ ഒരുക്കിയിട്ടുണ്ട്‌. അതുലഭിക്കുവാന്‍ നിങ്ങള്‍ ഭൂമിയിലെ ഈ നികൃഷ്ടമദ്യം ഉപേക്ഷിക്കണമെന്ന് പറയുമ്പോള്‍ അനശ്വരമായ സ്വര്‍‌ഗ്ഗത്തേക്കാളും അവിടുത്തെ സമാധാനത്തേക്കാളും ഞങ്ങള്‍ക്ക്‌ വലുത്‌ ഈ അല്‍പ്പനേരത്തെ ഇക്കിളിയാണ്‌ എന്ന് കരുതുന്നവന്‍ കുടിക്കട്ടെ! കുടിച്ച്‌ നശിക്കട്ടെ!. പക്ഷെ ഇതൊരു കീഴ്‌വഴക്കമോ ആചാരമോ ആക്കി മാറ്റി നിഷ്കളങ്കരായ യുവാക്കളെ ലഹരിയിലേക്ക് വലിച്ചിഴക്കരുത്. അവരെ ലഹരിക്കടിമകളാക്കാന്‍ നാം സമ്മതിക്കരുത്‌. കൂട്ടത്തില്‍ ഒരുത്തന്‍മദ്യപാനിയായാല്‍ ആകൂട്ടുകെട്ട് മൊത്തം മദ്യത്തിലേക്ക് പോകാന്‍ സമയം അധികം വേണ്ടിവരില്ല.

മദ്യം പോലെ മയക്കുമരുന്നും നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കുന്നു എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പാന്‍പരാഗ്‌ മുതല്‍ ബ്രൗണ്‍ ഷുഗര്‍ വരെ ഈകൊച്ചുനാട്ടില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്‌. ചെറിയൊരു സംഘമാണിതെന്ന് കരുതി നാം ഇത്‌ അവഗണിച്ചുകൂടാ. മുമ്പ്‌ മദ്യപിച്ചിരുന്നവരും ചെറിയൊരു സംഘമായിരുന്നു എന്നത്‌ നാം മറക്കരുത്‌. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രായോഗികമായ ചെറുത്ത്‌നില്‍പ്പ്‌ ജനകീയ കൂട്ടായ്മയാണ്‌. അതുകൊണ്ട്‌ നാമെല്ലാം ഉറക്കം വെടിഞ്ഞ്‌ ഇതിനെതിരെ രംഗത്ത്‌ വരണം.

തമ്മിലടിച്ച്‌ ദുഷിച്ച നമ്മുടെ മനസ്സ്‌ യഥാര്‍ത്ഥ ശത്രുവിനെതിരിച്ചരിഞ്ഞ് അതിനെതിരെ രംഗത്തിറങ്ങട്ടെ. ഒറ്റക്കെട്ടായി പ്രയത്നിച്ചാല്‍ നമുക്ക്‌ മമ്മുടെ നാടിനെ രക്ഷിക്കാം.

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

പടിക്കലും സമീപ നാടുകളിലും നടന്നുകൊണ്ടിരിക്കുന്ന പലരും പ്രതികരിക്കാന്‍ മടിക്കുന്ന അധോലോക പ്രവര്‍ത്തനങളെക്കുറിച്ചാണ് വിചാരവേദി ഉണര്‍ത്തുന്നത്. നമ്മുടെ നാട്ടുകാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകിക്കൂടാ
ഇസ്മായില്‍ പടിക്കല്‍

അജ്ഞാതന്‍ പറഞ്ഞു...

ellaavarudeyum kannuthurappikkenda kaaryamaanith ellaavarum otakkettaayi prathikaricchaale nammude nadine lahariyil ninnum rakshikkaan kazhiyoo

Jafer moosalodi padikkal

അജ്ഞാതന്‍ പറഞ്ഞു...

ലഹരി നുണയാത്തവരായി ആരുണ്ട്‌ എന്ന് ചോതിക്കുന്നതായിരിക്കും ഉചിതം. മാറി മറി വരുന്ന സര്‍ക്കാരുകളും പുതു തലമുറയുടെ പുത്തന്‍ സംസ്കാരവും മധ്യമെന്ന വിഷത്തെ മധുരമുള്ള പാനീയമായി ചിത്രീകരിച്ച്‌ അര്‍ദ്ധപട്ടിണിക്കാരായ സമൂഹത്തിന്റെ കഞ്ഞിക്കുമ്പിളില്‍ വിളമ്പാന്‍ ശ്രമിക്കുന്നു. സായഹ്നങ്ങളെ ആനന്തകരമാക്കാന്‍ ഒരുപെഗ്ഗടിക്കാത്ത കണവനെ ആര്‍ക്‌ക്‍വേണം!!എന്നാണ്‌ പുതു തലമുറയേ പഠിപ്പിക്കുന്നതും പഠിച്ച്‌ കൊണ്ടിരിക്കുന്നതും. (മലയാളത്തിന്റെ അഭിമാന താരമായ മോഹന്‍ലാല്‍ ഏഷ്യനെറ്റില്‍ ലഹരിയുടെ പ്രചാരകനായിമാറിയതില്‍ ആത്മാഭിമാനമുള്ള എല്ലാ പെണ്‍ങ്കൊടികള്‍ക്ക് വേണ്ടിയും ഞാന്‍ പ്ര്തികരിക്കാന്‍ ഈ വേദി ഉപയോഗപ്പെടുത്തുന്നതില്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുഷിപ്പുണ്ടാകില്ലാ എന്ന് കരുതുന്നു.
പ്രമീള പടിക്കല്‍(കൊച്ചി)ദുബൈ.

Rashid Padikkal പറഞ്ഞു...

പടിക്കല്‍ വിചാരവേദിയുടെ ഒരോ ലേഖനങളും ഒന്നിനൊന്ന് മെച്ചപ്പെടുന്നുടുന്ട്.നാടിന്
ലഹരിപിടിക്കുന്നു എന്ന ലേഖനം വളരെ നന്നായിരുന്നു വിവരണം കുടിപ്പോയി എന്നു തോന്നുന്നു. എല്ലാ ആശസകളും നേരുന്നു. റാഷിദ് പടിക്കല്‍

rumana | റുമാന പറഞ്ഞു...

ആനുകാലിക വിഷയങളെ ആസ്പതമാക്കി വിചാരവേദിയുടെ താളുകള്‍ സമ്പന്നമാകുമ്പോള്‍ പടിക്കല്‍ നിവാസികളായ ഞങള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. ഇങിനേയൊരു കൂട്ടായ്മക്ക് രൂപം കൊടുക്കാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച സാലിം കാക്കും സുബിക്കാക്കും അഭിനന്തനങള്‍.
റുമാന പടിക്കല്‍

അജ്ഞാതന്‍ പറഞ്ഞു...

കോയമോന്‍ കൈതകത്ത്‌ [വെളിമുക്ക്‌]അബുദാബി 0097150.5122871

ചെറുപ്പത്തില്‍ മദ്രസ്സെയില്‍നാം പടിചിരുന്നനാളില്‍ സിനിമകാണാന്‍ പാടില്ലാ എന്നു ഉസ്താദുമാര്‍ നമ്മെ പടിപ്പിച്ചിരുന്നു
ഇന്നു കുട്ടികളുമൊത്ത്‌ ഒന്നിഛിരുന്നുസിനിമയും സീരിയലുകളും കാണുന്നു മദ്രസ്സയില്‍നിന്നും സ്ത്രീകള്‍ അന്യ പുരുഷനെ കാണാന്‍ പാടില്ല
സ്ത്രീകളുടെ ഔറത്ത്‌ ഇന്നതൊക്കെയാണു എന്നു പടിപ്പിക്കുന്നു അതേദിവസം തന്നെ വീട്ടിലെത്തി വൈകുന്നേരം ട്ടീവിയില്‍ കാണുന്ന പടങ്ങളിള്‍ [സീര്യലുകളില്‍
അന്യ പുരുഷന്റെ കൂടെ അര്‍ധ നഗ്നരായി കറങ്ങുന്നതും ചാടിപ്പോകുന്നതും വീട്ടിലിരുന്നു കാണുന്നു
ഏതാണു ശരിയെന്നറിയാതെ ആകുരുന്നു മനസ്സുകലില്‍ സത്യത്തിന്റെ വേലിയേറ്റവും അസത്യത്തിന്റെ വേലിയിറക്കവും ഒരേസമയത്തനുഭവപ്പെടുന്നതിനാല്‍ അടിത്തറക്കിളക്കം പറ്റുന്നു ഭാവിയില്‍ വികൃതമനസ്സോടെ ശരിയേത്‌ തെറ്റേത്‌ എന്നറ്യാതെ അവര്‍ വളരുന്നു കുഞ്ഞുങ്ങളുടെ മനസ്സ്‌ വിര്‍ത്തിയുള്ള ഗ്ലാസ്സ്പോലെയാണു
അതില്‍ സത്തിയത്തിന്റെ കളറൊഴിച്ചാലും അസതിയത്തിന്റെ കറുത്ത ചായമൊഴിച്ചാലും ആദിയം ഒഴിക്കുന്ന കളറുകള്‍ അതില്‍ പറ്റി പ്പിടിക്കുന്നു
അത്ജീവിക്കുന്നിടത്തോളം ആമനസ്സുകളില്‍ നിലകൊള്ളുകയും ചെയ്യുന്നു കറിയില്‍ ഉപ്പും മുളകുമാകേണ്ട ദീനി പടനത്തിനു ചിലരിപ്പോള്‍ കരിവേപ്പിലയുടെസ്താനം മാത്രമാണു നല്‍കുന്നത്‌ പേരിനു മദ്രസ്സയില്‍ചേര്‍ക്കൂം അതും വേണ്ടശ്രദ്ധയില്ലാതെ അതിന്റെ പോരായ്മ യാണുനാം അനുഭവിഛരിയുന്നതിപ്പോള്‍
മദ്യത്തിനും മറ്റനാചാരങ്ങള്‍ക്കും അടിമകളാകുന്ന കാരണങ്ങള്‍ അതിലൊന്നാണു രോഗം വന്നിട്ട്‌ ചികില്‍സിക്കാതെ രോഗം വരാതെ സൂക്ഷിചാല്‍ നന്നു

കോയമോന്‍ കൈതകത്ത്‌ [വെളിമുക്ക്‌]അബുധാബി