2007, ഓഗസ്റ്റ് 15, ബുധനാഴ്‌ച

വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം.



സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെജീവിതം

പാരതന്ത്ര്യം മാനികള്‍ക്കു-

മൃതിയേക്കാള്‍ ഭയാനകം!


അറുപത്‌ സംവത്സരങ്ങള്‍ക്ക്‌ മുമ്പ്‌ അവര്‍ കെട്ടുകെട്ടി. ഒരു നൂറ്റാണ്ടിലധികം നമ്മെ അടിമകളാക്കി,നമ്മുടെ ധനം കൊള്ളയടിച്ച്‌ നമ്മെ തമ്മിലടിപ്പിച്ച്‌ ഭരിച്ച വെള്ളപ്പരിഷകള്‍ നാടുവിട്ടു!

നമ്മുടെ പഴയ ഭരണാധികാരികളുടെ പിടിപ്പുകേട്‌ മുതലെടുത്ത്‌ നമ്മുടെ ഭരണം കയ്യാളിയ അവരെ പുറത്താക്കാന്‍ നമ്മുടെ മുന്‍‌ഗാമികള്‍ രക്തവും ജീവനുമൊരുപാട്‌ നല്‍കേണ്ടിവന്നു. തൊള്ളായിരത്തി ഇരുപത്തിഒന്നില്‍ നമ്മുടെ നാട്ടുകാര്‍ വരേ ധീരോദാത്തമായ വീരസമരങ്ങള്‍ കാഴ്ച്ചവെച്ചു.

വയലുകളിലും വഴിയോരത്തും ഗുഡ്‌സ്‌ വാഗണിലുമെല്ലാം നമ്മുടെ പിതാമഹന്മാരുടെ മൃതശരീരങ്ങള്‍ കുന്നുകൂടി, ചോരച്ചാലുകളൊഴുകി,

പിന്നീട്‌ ഇന്ത്യയുടെ നാനാഭാഗത്തും ജാതി, മത, വര്‍‌ഗ്ഗ, ദേശ, ഭാഷാ, വര്‍‌ണ്ണ വ്യത്യാസമില്ലാതെ അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തിന്റെ അണക്കാന്‍ശ്രമിക്കുംതോറും ആളിക്കത്തിയ തീജ്വാലകള്‍ക്ക്‌ ഒരു വന്ദ്യ വയോദികന്‍ ലാളിത്യത്തിന്റെയും സഹനത്തിന്റെയു എണ്ണകൂടി പകര്‍ന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ വെള്ളപ്പിശാചുകള്‍ക്ക്‌ നാടുവിടേണ്ടി വന്നു.

ഇനിയുള്ള നാളുകളില്‍ ഈ ജനത സമാധാനത്തോടെ ജീവിക്കാതിരിക്കാനുള്ള സകല വര്‍‌ഗ്ഗീയ കൂടോത്രങ്ങളും ചെയ്തുവെച്ചുകൊണ്ട്‌ 1947 ആഗസ്ത്‌14 ന്‌ അര്‍ദ്ധരാത്രി കുറുക്കന്മാര്‍ ഓരിയിടുന്ന സമയത്ത്‌ നമ്മുടെ കയ്യില്‍ സ്വാതന്ത്ര്യം വച്ചുതന്നുകൊണ്ട്‌ അവര്‍ സ്ഥലം വിട്ടു.

വെട്ടിമുറിക്കപ്പെട്ടെങ്കിലും ചോരച്ചാലുകള്‍ ഒരുപാട്‌ ചിന്തപ്പെട്ടെങ്കിലും സ്വതന്ത്രമായ മണ്ണിലാണ്‌ ജീവിക്കുന്നതെന്ന ആശ്വാസത്തോടെ നമുക്ക്‌ കുറേനാള്‍ ജീവിക്കാനായി. പക്ഷേ നാം വീണ്ടും പഴയ പാരതന്ത്ര്യത്തിലേക്ക്‌ തിരിച്ചുപോവുകയാണോ?.

ലോക ബാങ്കിന്റെയും ഗാട്ട്‌ കരാറിന്റെയും കാണാചരടുകളില്‍ നമ്മെ ബന്ധനസ്ഥനാക്കിയ ഒരു കിളവന്‍ നമ്മുടെ ഭരണ ചക്രം കറക്കുന്നവനായിരിക്കുന്നു. ഒരു രാഷ്ട്രീയക്കാരന്‍ പോലുമായിരുന്നില്ലാത്ത ഈഉദ്യോഗസ്ഥ ദുഷ്‌പ്രഭുവിനെ നമ്മുടെ ഭരണ സിരാകേന്ദ്രത്തിലെത്തിച്ചതിന്‌ പിന്നിലെ യാങ്കികളുടെ പങ്ക്‌ ഇന്ന് അനാവൃതമായിക്കൊണ്ടിരിക്കുന്നു.

അയാള്‍ ധനകാര്യം കയ്യാളിയപ്പോള്‍ തന്നെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പകുതി നമുക്ക്‌ നഷ്ടപ്പെട്ടു. ഇപ്പോള്‍ അത്‌ പൂര്‍ത്തിയാക്കിയേ അടങ്ങൂ എന്ന വാശിയിലാണയാളെന്ന് തോന്നുന്നു. ആരൊക്കെ പിന്തുണ പിന്‍‌വലിച്ചാലും എന്തൊക്കെ സംഭവിച്ചാലും യാങ്കികള്‍ക്ക്‌ നമ്മുടെ പരമാധികാരം പണയപ്പെടുത്തുന്ന പുതിയ കരാറുമായി മുന്നോട്ട്‌ തന്നെ പോകുമെന്നയാള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇപ്പോള്‍ ഇടഞ്ഞ ഇടവും വലവുമെല്ലാം അയാള്‍ക്കും അയാളെ നിയന്ത്രിക്കുന്ന അധിനിവേഷ ഷൈലോക്കുമാര്‍ക്കും മുന്നില്‍ ഓഛാനിച്ച്‌ നില്‍ക്കുകയേ ഉള്ളൂ. കണ്ണില്‍ പൊടിയിടാനുള്ള പൊറാട്ടുനാടകങ്ങളാണെല്ലാം.

അതെ! ഒരിക്കല്‍ കൂടി നമ്മുടെ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടുകൊണ്ട്‌ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാന്‍ പോകുന്നു. ഇന്ന് നാം അനുഭവിക്കുന്ന ഈ പരിമിത സ്വാതന്ത്ര്യം കൂടി ഇനിയെത്രനാള്‍? എന്ന ആശങ്കയോടെ ഏവര്‍ക്കും നേരുന്നു

സ്വാതന്ത്ര്യ ദിനാശംസകള്‍!

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

അതേ നമുക്കാശങ്കപ്പെടാനേകഴിയൂ... എല്ലാം സൂപ്പര്‍പവ്വറെന്നഹങ്കരിക്കുന്ന അമേരിക്കയുടെ ഇങ്കിതങ്ങള്‍ക്കനുസരിച്ചേ നടക്കുന്നുള്ളൂ... അധിനിവേശത്തിന്റെ പ്രതിരോധമായി വര്‍ത്തിച്ചിരുന്ന ഇടതുപക്ഷം കൂടി വെറും വായത്തങ്ങള്‍ക്കപ്പുറത്ത് ശക്തമായ നടപടികളിലേക്ക് നീങ്ങുന്നില്ല. നീങ്ങിയാല്‍ ഫാസിസ്റ്റുകളുടെ കയ്യിലേക്ക് അധികാരമെത്തിയേക്കാമെന്ന ആശങ്ക അവരെ നിശ്ശബ്ദമാക്കുന്നതായിരിക്കാം ഇതിനു കാരണം . പക്ഷേ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെരിഞ്ഞ ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്ത് വരേ അധിനിവേശ കൂട്ടിക്കൊടുപ്പുകാരെത്തിയ ഈ അവസ്ഥയില്‍ നമുക്കെന്തുചെയ്യാന്‍ കഴിയും?
ഈശ്വരോ രക്ഷതു... അല്ലാതെന്തുചെയ്യാന്‍!
muhammedasgarkm@yahoo.co.in

Rashid Padikkal പറഞ്ഞു...

എല്ലാ പടിക്കല്‍ വിചാരവേദി സന്ദര്‍ശകര്‍ക്കും ഈ സഹോദരന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍!

അജ്ഞാതന്‍ പറഞ്ഞു...

എല്ലാംവെടക്കാക്കി തനിക്കാക്കുന്ന വല്യേട്ടന്റെ നീരാളിപ്പിടുത്തത്തിലേക്ക്‌ ലോകം അമര്‍ന്നു കൊണ്ടിരിക്കുന്നകാഴ്ച്ചയാണു എങ്ങും നാം കണ്ടു കൊണ്ടിരിക്കുന്നതു
ഒന്നുച്ചത്തില്‍ ശബ്ദിക്കാന്‍ കൂടികഴിയാതെ ലോകം കണ്ണില്‍ കണ്ണില്‍ നോക്കി നെടു വീര്‍പ്പിടുന്നു വീര്യമുണ്ടായിരുന്ന നേതാക്ക്ന്മാര്‍ പലരും മണ്ണടിഞ്ഞു പോയി

വീര്യം നഷ്ട്ടപെട്ട കുറേ നേതാക്കന്മാര്‍ റോബോട്ടുകളെപ്പോലെ
ആരുടെയോ കയ്യിലെ റിമോട്ടു ചലിപ്പിക്ക്ക്കുന്നതിനനുസരിച്ചു യന്ത്രം കണക്കെ നീങ്ങിക്കൊണ്ടിരിക്കുന്നു ഒച്ചവെക്കുന്നവന്റിഛ മാത്രം നടക്കുന്നു
തൊണ്ടയടച്ച പാവങ്ങള്‍ക്കെവിടെന്നാണൊച്ച സ്വാതന്ത്ര്യമെന്ന അമ്ര്യതം ലോകത്തിനു ലഭിക്കുന്നതെന്നാണാവൊ koyamon@hotmail.com

അജ്ഞാതന്‍ പറഞ്ഞു...

പടിക്കല്‍ വിചാര വേദിയില്‍ സന്ദര്‍ഷിക്കുന്ന എല്ലാവര്‍ക്കും എന്റെ ആഷംഷകല്‍
rubyneb@yahoo.co.in